നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പലഹാരം തയാറാക്കാം.

ചേരുവകൾ

  • ഗോതമ്പുപൊടി - 2 കപ്പ്
  • പുഴുങ്ങിയ മുട്ട - 3
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • പച്ചമുളക് - 2
  • സവാള - 2
  • മുളകുപൊടി -  1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടേബിൾസ്പൂൺ
  • ഗരംമസാല -  1/4 ടേബിൾസ്പൂൺ
  • ഉപ്പ്
  • കറിവേപ്പില 

തയാറാക്കുന്ന വിധം

ഗോതമ്പുപൊടിയിൽ ചൂട് വെള്ളം ഒഴിച്ച് അൽപം ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക. പൂരി ഉണ്ടാക്കുന്ന പരുവത്തിൽ മാവ് നന്നായി കുഴച്ച്  ചെറിയ ഉരുളകളാക്കി എടുക്കുക. ഇനി മസാലയ്ക്കു വേണ്ട ചേരുവകൾ തയാറാക്കാം. എണ്ണ ചൂടായി കഴിഞ്ഞ് 1/2 ടേബിൾസ്പൂൺ കടുക് പൊട്ടിച്ചതിനുശേഷം അരിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, സവാള, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് 1 ടേബിൾസ്പൂൺ മുളകുപൊടി, 1/2 ടേബിൾസ്പൂൺ മല്ലിപ്പൊടി, 1/4 ടേബിൾസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് ഇളക്കുക. ഇനി പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചെറുതായി അരിഞ്ഞ് ഇതിലേക്കു ചേർക്കുക. 

ഉരുട്ടി വെച്ചിരിക്കുന്ന ഗോതമ്പുമാവ് ഒരു വലിയ പൂരിയുടെ വലിപ്പത്തിൽ പരത്തിയെടുക്കുക. ഇനി അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മസാല നിറച്ചു എണ്ണയിലിട്ട് വറത്ത് എടുക്കുക.

English Summary: Easy Evening Snack