തന്തൂർ അടുപ്പിൽ പാകപ്പെടുത്തി എടുക്കുന്ന ചിക്കൻ രുചി.ചിക്കൻ കഷ്ണങ്ങൾ കട്ടി തൈരിലും തന്തൂരി മസാലയിലും നന്നായി കുഴച്ചെടുത്ത് കുറച്ചു നേരം വയ്ക്കണം. തന്തൂരി മസാലയിൽ സാധാരണ രീതിയിൽ കുരുമുളക്, മുളക് പൊടി എന്നിവചേർത്ത ഒരു മിശ്രിതമാണ്. സാധാരണ നല്ല നിറം കിട്ടുന്നതിനു വേണ്ടി കാശ്മീരി മുളക് പൊടി ഉപയോഗിക്കുന്നു. കൂടാതെ മഞ്ഞൾപൊടിയും ഉപയോഗിക്കുന്നു. ഈ മസാല നന്നായി പിടിച്ച ചിക്കൻ തന്തുർ അടുപ്പിൽ നന്നായി പൊരിച്ചെടുക്കുന്നു. ചിക്കൻ വലിയ കഷണങ്ങളായിട്ടാണ് ഇതിൽ ഉപയോഗിക്കുന്നത്. തന്തൂർ അടുപ്പ് ഇല്ലാതെ ഈ രുചി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

1. ചിക്കൻ -500 ഗ്രാം
2. കട്ട തൈര് - 3 ടേബിൾസ്പൂൺ
3. കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
4. മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
5. കുരുമുളക് പൊടി - 1 ടീസ്പൂൺ
6. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 11/2 സ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്
8. ഓയിൽ - 1 ടീസ്പൂൺ
9. ബട്ടർ - 1 ടീസ്പൂൺ
10. ചാർക്കോൾ അല്ലെങ്കിൽ ചിരട്ടക്കരി - 1 കഷ്ണം

തയാറാക്കുന്ന വിധം 

  • വരഞ്ഞെടുത്ത ചിക്കൻ കഷ്ണങ്ങളിൽ തൈര്, കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചു 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.
  • ഒരു പാൻ ചുടാക്കി അതിലേക്ക് ഓയിലും ബട്ടറും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ഇടാം.
  • ഓരോ വശവും 2 മിനിറ്റ് വീതം തിരിച്ചും മറച്ചും ഇട്ട് 15 മിനിറ്റ് പാകം ചെയ്യാം. 
  • ചിക്കൻ വെന്തു കഴിഞ്ഞാൽ ചാർക്കോൾ കത്തിച്ചു ഒരു സ്റ്റീൽ ഗ്ലാസിൽ ഇട്ട് പാനിന്റെ നടുവിൽ വച്ച് കൊടുക്കാം .അതിലേക്കു പെട്ടെന്നുതന്നെ 1/4 ടീസ്പൂൺ ഓയിൽ ഒഴിച്ച് ഒരു പാത്രം കൊണ്ട് അടയ്ക്കുക, തന്തൂരി രുചി ലഭിക്കാൻ വേണ്ടിയാണിത്.
  • രണ്ടു മിനിറ്റ് കഴിഞ്ഞാൽ തുറക്കാം.

English Summary: Make the best Indian restaurant style stunning grilled chicken tandoori recipe.