രണ്ട് തരം വെജ് പനീർ റോൾസ്... ജോലിക്ക് പോകുന്നവർക്ക് ലഞ്ച് ബോക്സ്‌ വിഭവം ആയിട്ടോ കുട്ടികൾക്ക് സ്നാക്ക്സായും കൊടുക്കാം. പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്ന രുചികരമായ ഒന്നാണിത് 

1.ചില്ലി പനീർ റോൾ 

ചേരുവകൾ :

1.പനീർ - 1കപ്പ്‌
2.സവാള നീളത്തിൽ അരിഞ്ഞത് - 1/2 എണ്ണം
3.കാപ്സിക്കം  നീളത്തിൽ അരിഞ്ഞത്  - 1/2 എണ്ണം
4.വെളുത്തുള്ളി പച്ചമുളക് അരിഞ്ഞത് - 1 ടീസ്പൂൺ
5.എണ്ണ - 1.5 ടീസ്പൂൺ
6.സോയാസോസ് - 1/4ടീസ്പൂൺ
7.തക്കാളിസോസ് - 1/2 ടീസ്പൂൺ
8.റെഡ്ചില്ലി സോസ് - 1/2 ടീസ്പൂൺ
9.കുരുമുളക് പൊടി - 1/2 ടീസ്പൂൺ

പറാത്ത ഉണ്ടാക്കുന്നതിന് :

ഒരു കപ്പ് ഗോതമ്പു പൊടിയും, ഒരു കപ്പ് മൈദയും, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ച് 10 മിനിറ്റ് വയ്ക്കുക. അതിനു ശേഷം ചപ്പാത്തി പോലെ പരത്തി കല്ലിൽ ചുട്ടെടുക്കുക. 

തയാറാക്കുന്ന വിധം :

ഒരു പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളക് അരിഞ്ഞതും ഇട്ട് വഴറ്റുക. അതിലേക്കു സവാള, കാപ്സിക്കം എന്നിവ ഇട്ട് 2 മിനിട്ട് വഴറ്റുക.അതിലേക്കു എല്ലാ സോസും ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കുക. കുരുമുളക് പൊടി ഇട്ട് ഇളക്കിയ ശേഷം പനീർ ഇട്ട് ഇളക്കി യോജിപ്പിക്കുക. പറാത്തയുടെ നടുവിൽ ആയി ചില്ലി പനീർ വച്ചു റോൾ ചെയ്യുക.

2.പനീർ ടിക്ക റോൾ :

ചേരുവകൾ :

1.പനീർ - 1കപ്പ്
2.സവാള - 1/2 എണ്ണം  അരിഞ്ഞത്
3.കാപ്സിക്കം - 1/2 എണ്ണം അരിഞ്ഞത്
4.തൈര് - 3 ടീസ്പൂൺ
5.മുളകുപൊടി - 1/4 ടീസ്പൂൺ
6.മല്ലിപൊടി - 1/4 ടീസ്പൂൺ
7.ജീരക പൊടി - 1/4 ടീസ്പൂൺ
8.ഗരം മസാല - 1/4 ടീസ്പൂൺ
9.ഉപ്പ് - ആവശ്യത്തിന്
10.എണ്ണ - 2 ടീസ്പൂൺ  

പറാത്ത മുളകിൽ പറഞ്ഞ പോലെ ഉണ്ടാക്കി എടുക്കുക. 

തയാറാക്കുന്ന വിധം :

തൈര് നന്നായി ഇളക്കിയ ശേഷം 5 മുതൽ 8 വരെയുള്ള ചേരുവകൾ ഇട്ട ശേഷം കുറച്ചു ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു പനീർ ഇട്ട് ഇളക്കി 10 മിനിറ്റ് വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി പനീർ മിക്സ്‌ ഇട്ട് ഇളക്കി ഒന്നു വറ്റിച്ചെടുക്കുക. സവാള, കാപ്സിക്കം എന്നിവ ഇട്ട് 2 മിനിറ്റു ഇളക്കുക. പറാത്ത യുടെ നടുവിൽ വച്ചു റോൾ ചെയ്യുക. 

English Summary: Paneer Rolls, Chilli Paneer Roll, Lunch Box Recipe