വയനാട്ടിലെ കൃഷിക്കാർ കീടനാശിനിയെപ്പറ്റി കേട്ടുതുടങ്ങിയിട്ടില്ലാത്ത, മണ്ണിന് തന്ന് മതിവന്നിട്ടില്ലാത്ത എന്റെ ബാല്യകാലത്ത് വീട്ടുപറമ്പിൽ കാല മുളച്ചുണ്ടായ വള്ളിയിലുണ്ടായ കടുംപച്ച നിറത്തിലുള്ള ഇളയ മത്തൻ ഒന്നേകാലിഞ്ച് വീതിയിൽ ഏറ്റവും കുറഞ്ഞ സ്വർണക്കനത്തിൽ ഒരേ അളവിൽ മുറിച്ച്, പച്ചപ്പയറിട്ട്, ഇടവിളയായി ഇഞ്ചിത്തടത്തിൽ നട്ട പച്ചമുളക് രണ്ടായി നെടുനീളത്തിൽക്കീറി, പാകത്തിനുപ്പിട്ട്, തേങ്ങാപ്പാലൊഴിച്ച് അമ്മ വച്ച ഓലനാണ് എന്റെ ഇഷ്ട വിഭവം. കറിവേപ്പിലകൂട്ടി അമ്മതന്നെ അമ്മിയിലരച്ച തേങ്ങാസമ്മന്തി നാക്കിലയുടെ മൂലയിൽ വിളമ്പി നന്നായി വെന്തു മലർന്ന ഗന്ധകശാലയരിയുടെ കൊച്ചു പർവതത്തിന്റെ തടത്തിൽ അമ്മ വിളമ്പിത്തരുമ്പോഴായിരുന്നു അതിനേറ്റവും സ്വാദ്. 

മേശയിൽക്കയ്യൂന്നി, ‘‘പണ്ടു മുലപ്പാൽ കുടിക്കുമ്പോൾ തന്റെ ശരീരം അവന്റെ ശരീരമായി പരിണമിക്കുന്നത് കണ്ണെടുക്കാതെ നോക്കിയിരു ന്നതുപോലെ ആകെ ഒരു വെമ്പലായി കുറേശ്ശേക്കുറേശ്ശേയായി മറ്റൊരു പാത്രത്തിൽ നിറയുന്നതായി അറിഞ്ഞ്’’ അമ്മ നിൽക്കുമ്പോഴതിന് സ്വാദ് വർധിച്ചുകൊണ്ടിരുന്നു. 

പ്രാതലിനൊന്നുമില്ലാതിരുന്ന ദിവസങ്ങളിൽ, വീട്ടിൽ അമ്മയും ഞാനുമല്ലാതെ മറ്റാരുമില്ലാത്ത ദിവസങ്ങളിൽ, നേരംതെറ്റി വിളമ്പിക്കിട്ടുമ്പോൾ അതിനു ലഭിച്ചിരുന്ന സ്വാദിന്റെ ലഘുച്ഛായയേ ഇപ്പോൾ കഴിക്കുന്ന ഓലനുള്ളു. പക്ഷെ, മറ്റെല്ലാം നീക്കിവച്ച്, കുറച്ചുകൂടി ഓലൻ‍ വിളമ്പിച്ച് അതുമാത്രം കൂട്ടി സദ്യ ഉണ്ണാനുള്ള വെമ്പൽ ഞാൻ കഷ്ടപ്പെട്ടാണ് നിയന്ത്രിക്കുന്നത്. എങ്കിലും എപ്പോഴും ഈ ക്ഷീണകാലത്തിലും ഗൃഹാതുരത്വത്തിൽ എത്തിക്കാനുള്ള കെൽപ് ഓലന് കുറഞ്ഞില്ല.

തയാറാക്കിയത് : ശ്രീപ്രസാദ്