മലയാളിയുടെ അടുക്കളയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് നേന്ത്രപ്പഴം. പച്ചക്കായകൊണ്ടുള്ള കറികൾ തുടങ്ങി ചിപ്സായും പായസമായുമെല്ലാം വേഷം മാറുന്ന നേന്ത്രപ്പഴം നമുക്കെന്നും പ്രിയപ്പെട്ടതാണ്. നേന്ത്രപ്പഴം കൊണ്ടുള്ള ആരോഗ്യകരമായ ഒരു നാലുമണി പലഹാരമാണ് പഴം നിറച്ചത്. പല നാടുകളിൽ പല പേരിലും രൂപത്തിലും ഉണ്ടാക്കിയെടുക്കുന്ന ഈ വിഭവത്തിന്റെ സ്വാദ് ഒരിക്കൽ കഴിച്ചവർ മറക്കാനിടയില്ല.  വളരെക്കുറച്ച് ചേരുവകൾകൊണ്ട് നിമിഷ നേരം കൊണ്ട് പഴം നിറച്ചത് തയാറാക്കിയെടുക്കാൻ കഴിയും.

ആവശ്യമുള്ള സാധനങ്ങൾ

  • നേന്ത്രപ്പഴം– 3 എണ്ണം
  • തേങ്ങ– ചിരവിയെടുത്തത് ആവശ്യത്തിന്
  • നെയ്യ്– 1 ടേബിൾ സ്പൂൺ 
  • പഞ്ചസാര– 2 ടേബിൾ സ്പൂൺ
  • ഉണക്കമുന്തിരി – 10 ഗ്രാം
  • ഏലക്കായ്– 3 എണ്ണം

തയാറാക്കുന്ന വിധം

അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് പഴം നിറച്ചതിന് നല്ലത്. പഴത്തിനുള്ളിൽ നിറയ്ക്കാനുള്ള തേങ്ങ കൂട്ട് ആദ്യം തയാറാക്കാം. പാത്രത്തിൽ അൽപം നെയ്യ് ഒഴിച്ചു ചൂടായ ശേഷം തേങ്ങ ചേർത്തു കൊടുക്കാം. ചൂടാവാൻ തുടങ്ങുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്തു കൊടുക്കാം. പഞ്ചസാര ചേർത്ത ഉടനെ ഉണക്കമുന്തിരിയും ഏലക്കായും ചേർത്ത് വാങ്ങി വയ്ക്കാം. തേങ്ങയുടെ നിറം മാറേണ്ട ആവശ്യമില്ല. അതിനു ശേഷം നേന്ത്രപ്പഴം നെടുകെ കീറി തേങ്ങ നിറച്ചു കൊടുക്കാം. തേങ്ങ നിറച്ച ശേഷം  പുറത്തു പോകാതിരിക്കാൻ അരിപ്പൊടി മാവ് കൊണ്ട് കീറിയ സ്ഥലം അടയ്ക്കുക.  മറ്റ് പലഹാരങ്ങൾ പൊലെ എണ്ണയിൽ മുക്കിപ്പൊരിക്കാതെ അൽപം നെയ്യിൽ പഴം പൊരിച്ചെടുക്കുക. അരിമാവ് വെന്തുവരുന്നതാണ് കണക്ക്. പുറം പൊരിഞ്ഞ് വന്നാല്‍ പാത്രത്തിൽ നിന്നു മാറ്റാം. ബാക്കിയുള്ളവ മുകളിൽ വിതറി ചൂടോടെ ഉപയോഗിക്കാം.