പായസ മധുരമില്ലാത്തൊരു വിഷുപ്പുലരിയെക്കുറിച്ച‌് ഓർക്കാനാവുമോ? മലയാളിയുടെ സദ്യവട്ടത്തിൽ പ്രഥമ സ്ഥാനമാണ് പായസത്തിന‌്. എന്തും മധുരമായി അവസാനിപ്പിക്കണമെന്നാണ് കേരളീയരുടെ വിശ്വാസം. കണിയുടെയും കൈനീട്ടത്തിന്റെയും നൈർമല്യം നിറയുന്ന വിഷുപ്പുലരിയിലെ രുചിപ്പെരുമയ്ക്ക് കൂട്ട‌ാവാൻ വ്യത്യസ്തമായ കാരമൽ പാലട പായസം പരിചയപ്പെടാം

ചേരുവകൾ

  • പാൽ –3 ലീറ്റർ
  • അട - 200 ഗ്രാം
  • പഞ്ചസാര – 600 ഗ്രാം
  • നെയ്യ് -50 എംഎൽ
  • അണ്ടിപ്പരിപ്പ് - 50 ഗ്രാം

തയാറാക്കുന്ന വിധം

കാരമലിന്റെ ഫ്ലേവറിൽ ഒരുഗ്രൻ പാലട. ചുവട് കട്ടിയുള്ള പാത്രത്തിൽ 3 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത‌ു  കൊടുക്കുക. പഞ്ചസാര അലിഞ്ഞു കാരമലിന്റെ നിറം വരുമ്പോൾ പാൽ ചേർത്ത‌ു കൊടുക്കുക. കാരമൽ പാലിലേക്ക് അലിഞ്ഞു ചേരുമ്പോൾ അതിലേക്ക് വേവിച്ചു കഴുകി വച്ച അട ചേർക്കുക. പാലും അടയും കുറുകി വരുമ്പോൾ പഞ്ചസാരയും നെയ്യും ചേർക്കാം. നന്നായി കുറുകിയാൽ ഇറക്കി വച്ച് നെയ്യിൽ അണ്ടിപ്പരിപ്പ‌ു വറുത്തിടാം. ഇളം പിങ്ക് നിറത്തിൽ കാരമൽ പാലട തയാർ.