ശരീരത്തിലെ ജലാംശം നിയന്ത്രിക്കാനായി ധാരാളം വെള്ളം കുടിക്കേണ്ട സമയമാണിത്. കൊടും ചൂടിൽ തണുത്തത് എന്തെങ്കിലും കുടിക്കാനായിരിക്കും എല്ലാവരുടെയും ആഗ്രഹം. യാത്രയ്ക്കിടെ പുറത്തു നിന്നു വാങ്ങിക്കുടിക്കുന്ന പാനീയങ്ങളെ അൽപം ശ്രദ്ധിക്കണം. ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്ന സമയമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാല്‍ വൃത്തിയുള്ള കടകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. കഴിവതും തിളപ്പിച്ചാറ്റിയ ശുദ്ധജലം കൂടെ കൊണ്ടു പോകാൻ ശ്രമിക്കുക.

ഉള്ളം തണുപ്പിക്കുന്ന വ്യത്യസ്തമായ പാനീയങ്ങള്‍ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാമെന്നിരിക്കെ അതിനായി നാട് ചുറ്റേണ്ട ആവശ്യമുണ്ടോ?.

ഹീങ്ക് സംഭാരം

1 നല്ല പുളിയുള്ള തൈര് ഉടച്ചത് – 2 കപ്പ്
2 വെള്ളം– 8 കപ്പ്
3 കായപ്പൊടി– അര ടീസ്പൂൺ
4 ഉപ്പ്– പാകത്തിന്

ഒന്നു മുതൽ 4 വരെയുള്ള ചേരുവകൾ 

നന്നായി ചേർത്തിളക്കി ഉപയോഗിക്കാം.

ജിഞ്ചർ സംഭാരം

       1  തൈര് നന്നായി മിക്സിയിൽ അടിച്ചെടുത്തത്– 2 കപ്പ്
       2  തണുത്ത വെള്ളം – 8 കപ്പ്
       3 ഇ‍ഞ്ചി നീര് – 5 സ്പൂൺ
       4 കറിവേപ്പില ചതച്ചത്, ഉപ്പ്– പാകത്തിന്

ഒന്നും രണ്ടും ചേരുവകൾ ചേർത്ത് ഇളക്കിവയ്ക്കുക. ആവശ്യമുള്ളപ്പോൾ 3,4 ചേരുവകൾ ചേർത്ത് ഉപയോഗിക്കുക.

കാന്ത‌ാരി സംഭാരം

1 ഉടച്ച മോര്–2 കപ്പ്
2 ഐസിട്ട വെള്ളം– 8 കപ്പ്
3 കാന്താരി ചതച്ചത്,ചെറിയ ഉള്ളി ചതച്ചത്, ഉപ്പ്– പാകത്തിന്

ഒന്നു മുതൽ മൂന്നു വരെയുള്ള ചേരുവകൾ ചേർത്തിളക്കി ഉപയോഗിക്കുക.

പൊതിന സംഭാരം

1 അധികം പുളിക്കാത്ത മോര് – 2 കപ്പ്
2 നാരങ്ങാനീര് – ഒരു നാരങ്ങയുടെ
3 തണുത്ത വെള്ളം – 8 കപ്പ്
4 കശ്‌കശ് കുതിർത്തത് – 2 സ്പൂൺ
5 പൊതിനയില ചതച്ചതും ഉപ്പും – പാകത്തിന്

കശ്‌കശ് വെള്ളത്തിലിട്ട് 10 മിനിട്ട് വയ്ക്കുക. ഇതിലേക്ക് ബാക്കിയെല്ലാ ചേരുവകളും ചേർത്തിളക്കി ഉപയോഗിക്കാം.