സാധാരണക്കാന്റെ ഇഷ്ടവിഭവമാണ് മത്തി, അയല തുടങ്ങിയ മീനുകൾ. കേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന മത്സ്യങ്ങൾക്ക്  ഇനി കുറേക്കാലത്തേക്ക് വിലകൂടും. ഒരു കിലോ മത്തിക്ക് 300 രൂപയ്ക്കടുത്താണ് വില! പണ്ടുകാലത്ത് മൺചട്ടിയിൽ വിറകടുപ്പിലെ തീയിൽ മുകളിൽ ചിരട്ടക്കനലിട്ട് ഉണ്ടാക്കിയിരുന്നൊരു വിഭവം പരിചയപ്പെട്ടാലോ? മത്തി തീക്കലം എന്നാണിതിന്റെ പേര്!

മത്തി തീക്കലം

ആവശ്യമായ സാധനങ്ങൾ:

  • മത്തി – 500 ഗ്രാം
  • തേങ്ങ ചിരകിയത് – അര കപ്പ്
  • സവാള – 2 എണ്ണം (വലുത്)
  • ഉണക്കനെല്ലിക്ക – 5–6 എണ്ണം (കുരുകളഞ്ഞ് കുതിർത്തത്)
  • പെരും ജീരകം – ഒരു നുള്ള്
  • മുളകുപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • വറ്റൽമുളക് – 7–8 എണ്ണം (മുറിച്ചത്)
  • ഉലുവ – കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • കറിവേപ്പില – ഒരു തണ്ട്
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്നവിധം:

∙ മത്തി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ഉണക്ക നെല്ലിക്ക, പെരുംജീരകം, തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ അരച്ചെടുക്കുക. ഇത് ആവശ്യത്തിന് ഉപ്പും ചേർത്ത് മത്തിയിൽ തേച്ചുപിടിപ്പിക്കുക.

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവയും കായമുളകും കറിവേപ്പിലയും വഴറ്റുക. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ഉള്ളിയും ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.

∙ ഒരു മൺചട്ടിയിൽ മത്തിയും ഈ മിശ്രിതവും ചേർത്ത് ചെറുതീയിൽ അടച്ചുവച്ചു വേവിക്കണം. മൂടിയുടെ മുകളിൽ തീക്കനൽ ഇടണം (ഗ്യാസിലാണെങ്കിൽ ചട്ടുകമോ പാത്രമോ ചൂടാക്കി മൂടിയുടെ മുകളിൽ വയ്ക്കാം). ഇടവിട്ട് ഇളക്കി ആവശ്യമെങ്കിൽ വെളിച്ചെണ്ണ തൂവി വറ്റിച്ചെടുക്കാം. ചോറിന്റെയും പത്തിരിയുടെയും കൂടെ കഴിക്കാം.