സാധാരണക്കാരുടെ ഇഷ്ടമത്സ്യമാണു മത്തി. ഒമേഗ –3 ഫാറ്റി ആസിഡിനാൽ സമ്പന്നമായ മത്തി ഹൃദയാരോഗ്യം നിലനിർത്താൻ ഉത്തമമാണ്. മത്തികൊണ്ട് രുചികരമായൊരു ഹരിയാലി മത്തിക്കറി തയാറാക്കിയാലോ?

ചേരുവകൾ – 1

വലിയ നല്ലയിനം മത്തി –10–12 എണ്ണം (ഇതു വൃത്തിയാക്കി വയറുഭാഗത്ത് തെറിച്ചു നിൽക്കുന്ന മുള്ളുകൾ കളഞ്ഞ്, ഇടയ്ക്കൊന്നു വരഞ്ഞു വയ്ക്കണം. ഉപ്പും മഞ്ഞൾപ്പൊടിയുമിട്ട് ഉരച്ചു കഴുകുന്നത് ഉളുമ്പു നാറ്റം കളയാൻ നല്ലതാണ്)
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
ചെറുനാരങ്ങാ നീര് – ഒന്നര ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്

ചേരുവകൾ – 2

കാന്താരി – 8–10 ണ്ണം (പകരം നാല് പച്ചമുളക് ആയാലും മതി)
ഇഞ്ചി – മുക്കാൽ ഇഞ്ച് കഷണം ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി – 7–8 ചുള
വെളുത്തുള്ളി– 15 എണ്ണം
കുരുമുളക് – ഒരു ടേബിള്‍ സ്പൂൺ (പച്ചക്കുരുമുളക് ആയാൽ വളരെ നല്ലത്)
പച്ചമാങ്ങാ കഷണങ്ങള്‍ – ഒരു ഇടത്തരം മാങ്ങയുടേത്
വാളൻപുളിയുടെ തളിരില – മുക്കാൽ കപ്പ്
കറിവേപ്പില, പൊതിന, മല്ലിയില ഇവ മൂന്നും കൂടി അരിഞ്ഞെടുത്തത് – ഒരു കപ്പ്
വെളിച്ചെണ്ണ – അര കപ്പ്
പെരുംജീരകം, ഉലുവ – കാൽ ടീസ്പൂൺ വീതം

പാകപ്പെടുത്തുന്ന വിധം

ആദ്യത്തെ ചേരുവകൾ യോജിപ്പിച്ചു മത്തിയിൽ പുരട്ടി വയ്ക്കുക. രണ്ടാമത്തെ ചേരുവകൾ ചതച്ചെടുക്കണം (കൂടുതൽ അരഞ്ഞു പോയാൽ കറിയുടെ രുചി കുറയും). വായവട്ടമുള്ള ഒരു മൺചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പെരും ജീരകവും ഉലുവയും മൂപ്പിച്ചു ചതച്ചെ ടുത്ത കൂട്ടുകൾ ചേർത്തു കുറച്ചു നേരം വഴറ്റണം. ഇതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളവും കുറച്ച് ഉപ്പുമിട്ട്, പുരട്ടി വച്ച മത്തി യിട്ട് ഇളക്കി അഞ്ചു മിനിറ്റ് അടച്ചുവച്ചു തീ കുറച്ചു വയ്ക്കുക. അടപ്പു മാറ്റി പുളിയിലത്തളിരും അരിഞ്ഞു വച്ച മറ്റ് ഇലകളും കറിക്കു മുകളിൽ വിതറിയിട്ട് വീണ്ടും അൽപനേരം വയ്ക്കണം. ഇതിലേക്കു പച്ചവെളിച്ചെണ്ണ രണ്ടു േടബിൾ സ്പൂൺ ചേർത്ത് മീൻ കഷണങ്ങൾ ഉടയാതെ ചട്ടി ചുറ്റിച്ച് ഇറക്കി വയ്ക്കണം.

പച്ചമാങ്ങയ്ക്കു പകരം ഇരുമ്പൻ പുളി അഥവാ വിലുമ്പിപ്പുളി 4–5 എണ്ണം ചതച്ചെടുത്തതോ വാളൻപുളി പിഴിഞ്ഞെടുത്തതോ ചേർത്തും ഹരിയാലി മത്തിക്കറി പാകപ്പെടുത്തി എടുക്കാം.