നാരങ്ങാക്കറി

നാക്കിലയുടെ അറ്റത്തു മുൻനിരയിലാണു നാരങ്ങാക്കറിയുടെ സ്ഥാനം. കറിനാരങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന നാരങ്ങാക്കറിയും അച്ചാറും തമ്മിൽ വ്യത്യാസമുണ്ട്. ഇതിൽ അച്ചാർപൊടിയും കായവും ആവശ്യമില്ല. അച്ചാറു പോലെ വിളമ്പരുത്. ഇലയിൽ കറി പോലെ കൊടുക്കാം. അച്ചാർ പോലെ നാരങ്ങാക്കറി കേടുവരാതിരിക്കില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ചു തീർക്കണം. 

കറിനാരങ്ങ ചെറുകഷ്ണങ്ങളാക്കി ഉപ്പും മഞ്ഞളും ചേർത്തു വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും പൊട്ടിക്കുക. ചെറുതായി മുറിച്ച പച്ചമുളകും ഇഞ്ചിയും ഇതിലേക്കു ചേർത്തു വഴറ്റാം. ശേഷം കറിനാരങ്ങ ചേർത്തു വേവിക്കാം. ഇതിലേക്കു മുളകുപൊടി ചേർക്കുക. ആവശ്യത്തിനു വെള്ളമൊഴിച്ചു തിളപ്പിച്ച ശേഷം ഉപ്പു നോക്കി വാങ്ങിവയ്ക്കാം.