ഓണാട്ടുകരക്കാരുടെ സ്പെഷൽ വിഭവമാണ് കൊഞ്ചുംമാങ്ങ. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തേടനുബന്ധിച്ച് എല്ലാ വീടുകളിലും കൊഞ്ചുംമാങ്ങ തയാറാക്കാറുണ്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ബന്ധമുള്ള ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

∙ ഉണങ്ങിയ കൊഞ്ച് വൃത്തിയാക്കിയത് 100 ഗ്രാം
∙ തേങ്ങ ഒരു കപ്പ്
∙ ചുവന്നുള്ളി ഒരെണ്ണം
∙ മാങ്ങ – രണ്ട് എണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞത് (പുളിയുള്ള നാട്ടുമാങ്ങ ഉത്തമം)
∙ മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
∙ മല്ലിപ്പൊടി – അര ടീസ്പൂൺ
∙ മുളക് പൊടി – ഒന്നര ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

കൊഞ്ച് നന്നായി വറുത്ത് എടുക്കുക(എണ്ണ ഉപയോഗിക്കേണ്ടതില്ല). നന്നായി മൊരിഞ്ഞുവന്നശേഷം ചെറുതായി പൊടിച്ച് എടുക്കുക. കൂടുതൽ പൊടിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കല്ലുകൊണ്ടോ ചിരട്ടകൊണ്ടോ പൊടിച്ചെടുക്കാം. ശേഷം തേങ്ങ, ചുവന്നുളളി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ നന്നായി ചതച്ച് അരപ്പാക്കി എടുക്കുക. ഒരു കറിച്ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് പൊടിച്ചെടുത്ത കൊഞ്ച്, കഷണങ്ങളായി അരിഞ്ഞ മാങ്ങ, അരപ്പ് എന്നിവ ചേർത്ത് വയ്ക്കുക. മുക്കാൽ ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേർത്ത് ഇളക്കി അടച്ചുവച്ച് നന്നായി വേവിച്ച് എടുക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. 4– 5 മിനിറ്റുകൊണ്ട് നന്നായി വെന്ത് പാകമായിക്കിട്ടും. ഇതിൽ അൽപം പച്ചവെളിച്ചെണ്ണ തൂകി ഇളക്കിയെടുത്ത് ചോറിനൊപ്പം വിളമ്പാം.