വാഴയുടെ ചുവട്ടിൽ മുളച്ചുവരുന്ന കുഞ്ഞുവാഴകളെ വളരാൻ ആരും അനുവദിക്കാറില്ല. എങ്കിൽപ്പിന്നെ അവയെ തോരനാക്കിയാലോ. രുചി വളരുന്നതു കാണാം. 

ചേരുവകൾ

 ചെറിയ വാഴ, ഇലകളും മേൽപ്പോളയും നീക്കി കഴുകി കൊത്തിയരിഞ്ഞത് – 1 കപ്പ്
 തുവരപ്പരിപ്പ് വേവിച്ചത് – 1 കപ്പ്
 തേങ്ങ – ആവശ്യത്തിന്
 പച്ചമുളക് – 2
 ജീരകം – ഒരു നുള്ള്
 വെളുത്തുള്ളി – 3 അല്ലി
 വെളിച്ചെണ്ണ – 3 ടീസ്പൂൺ

തയാറാക്കുന്ന വിധം

തേങ്ങ, പച്ചമുളക്, ജീരകം, വെളുത്തുള്ളി എന്നിവ ഒന്നിച്ചു ചതച്ചെടുക്കുക. പാത്രത്തിൽ എണ്ണയൊഴിച്ചു കടുകു താളിക്കുക. വാഴത്തൈ അരിഞ്ഞതും ഉപ്പും ചേർത്തു ചെറുതീയിൽ അടച്ചുവച്ചു വേവിക്കുക. ജലാംശം വറ്റിയശേഷം, വേവിച്ച തുവരപ്പരിപ്പിടാം. ഇളക്കിയശേഷം തേങ്ങാക്കൂട്ട് ചേർക്കുക. കറിവേപ്പില ചേർത്തു വാങ്ങാം.