ഒരു മൈക്രോവേവ് അവ്ൻ ഉണ്ടെങ്കിൽ ഈസിയായി ഉണ്ടാക്കിയെടുക്കാം നമുക്ക് പഴം കൊണ്ടൊരു അട. ഇല വാട്ടാനും പരത്താനും കുമ്പിൾ കുത്താനുമൊന്നും നഗരവാസികൾക്ക് ഇലയുമുണ്ടാവില്ല, സമയവുമുണ്ടാവില്ല. അതിനാൽ ഈ വഴിയൊന്നു പരീക്ഷിക്കാം.

രണ്ട് ഏത്തപ്പഴവും മധുരമനുസരിച്ച് ശർക്കരപ്പാനിയും അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും അയവിന് അൽപ്പം തേങ്ങാപ്പാലും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. തുടർന്ന് നാല് ടേബിൾ സ്പൂൺ നേർത്ത അരിപ്പൊടി ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിക്കാം (ഇഡ്ഡലിമാവിന്റെ പരുവമാണ് വേണ്ടത്. അരിപ്പൊടി ചേർക്കുന്നത് അതിനനുസരിച്ച് ക്രമീകരിക്കാം). ഇനി ഈ കൂട്ട് എണ്ണ തടവിയ മൈക്രോവേവ് സേഫായ ഏതെങ്കിലും പരന്ന പാത്രത്തിലാക്കി നാല് മിനിറ്റ് ഹൈ പവറിൽ വേവിക്കുക. നല്ല രസികൻ അട റെഡി.