ഓണത്തിന് മധുരമെന്നു പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്ന രുചിയോർമ പായസത്തിന്റേതാകും. ഈ പായസക്കൂട്ടിലേക്കുള്ള വഴി ചെറുതായൊന്നു മാറ്റിപ്പിടിച്ചാൽ രുചികരമായ പുഡിങ് തയാറാക്കാം. അതാണ് വട്ടലപ്പം. ശ്രീലങ്കക്കാരുടെ ഇഷ്ട വിഭവമാണ് വട്ടലപ്പം. വിശേഷ ദിവസങ്ങളിൽ അവർ വീട്ടിൽ തയാറാക്കുന്ന സ്പെഷൽ മധുര വിഭവമാണിത്. വട്ടലപ്പത്തിന്റെ രുചിവഴികൾ ഷെഫ് അശ്വനി ഗീത ഗോപാലകൃഷ്ണൻ പങ്കുവയ്ക്കുന്നു. വിഡിയോ കാണാം. 

ആവശ്യമുള്ള സാധനങ്ങൾ

  • തേങ്ങാപ്പാൽ– 300 മില്ലിലിറ്റർ
  • മുട്ട– 4 എണ്ണം
  • ശർക്കര പാനി– 300 മില്ലിലിറ്റർ
  • ജാതിക്ക പൊടിച്ചത്– 1 നുള്ള്
  • ഏലയ്ക്ക– 2 എണ്ണം
  • കറുവപ്പട്ട പൊടിച്ചത്– 1 നുള്ള്
  • കിസ്മിസ്, അണ്ടിപ്പരിപ്പ്– ആവശ്യത്തിന്
  • ബ്രൗൺ ഷുഗർ– 1 ടീസ്പൂൺ
  • ബട്ടർ– 1 ടീസ്പൂൺ
  • വെള്ളം– 400 മില്ലിലിറ്റർ

തയാറാക്കുന്ന വിധം

ആദ്യം ശർക്കര പാനി തയാറാക്കണം. ശർക്കര പാനി തിളച്ചു വരുമ്പോൾ അതിലേക്ക് ജാതിക്ക, ഏലയ്ക്ക, കറുവപ്പട്ട എന്നിവ പൊടിച്ചത് ചേർത്തിളക്കുക. നന്നായി കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക. ഇത് അരിച്ചെടുക്കണം. അതിനുശേഷം നാലു മുട്ടയെടുത്ത് നന്നായി പതച്ചെടുക്കണം. ഇതിലേക്ക് തേങ്ങാപ്പാലും തയാറാക്കി വച്ചിരിക്കുന്ന ശർക്കര പാനിയും ചേർത്തിളക്കുക. വട്ടലപ്പത്തിന്റെ മാവ് തയാറായി. ഇനി ഇഡ്ഡലിത്തട്ടിലോ ഇഷ്ടമുള്ള ആകൃതിയിലുള്ള മൗൾഡുകളിലോ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം. മാവ് ഒഴിക്കുന്നതിന് മുൻപ് തട്ട് നന്നായി വെണ്ണ പുരട്ടി എടുക്കണം. അതിലേക്ക് കിസ്മിസും അണ്ടിപ്പരിപ്പും ആവശ്യത്തിന് ഇടാവുന്നതാണ്. ഇങ്ങനെ തയാറാക്കുന്ന തട്ടിലേക്കാണ് വട്ടലപ്പത്തിന്റെ മാവ് ഒഴിക്കേണ്ടത്. സ്റ്റീമറിൽ 20 മിനിറ്റ് ആവി കയറ്റിയാൽ വട്ടലപ്പം തയ്യാറാകും. ഇതു തണുപ്പിച്ചതിനു ശേഷം അതിഥികൾക്കായി വിളമ്പാം.