ഒരപ്പം നമ്മുടെ നട്ടിലെ ഒരു നാടൻ മധുരവിഭവമാണ്. ക്രിസ്മസ്, പള്ളിപ്പെരുന്നാൾ അവസരങ്ങളിൽ തലേ ദിവസം വീടുകളിൽ തയാറാക്കി വയ്ക്കുന്നൊരു മധുരപലഹാരമാണിത്.  ബേക്കിങ് ഉപകരണങ്ങളുടെ വരവിനു മുൻപ് വിറകടുപ്പിലായിരുന്നു ഒരപ്പം പാകം ചെയ്തെടുത്തിരുന്നത്. ഗോവൻ മധുരം ബെബിൻകയുടെ (Bebinca) രുചിയോട് ഇതിന് ചില സാമ്യങ്ങൾ ഉണ്ട്.

ചേരുവകൾ

  • അരിപ്പൊടി – 1 കപ്പ്
  • പഞ്ചസാര – 1 കപ്പ്
  • കട്ടി തേങ്ങാപ്പാൽ – 2 1/2 കപ്പ്
  • മുട്ട – 3
  • നെയ്യ് – 2 ടേബിൾ സ്പൂൺ
  • കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

∙ അരിപ്പൊടി വറുത്തെടുക്കുക.

∙ ഒരു ബൗളിൽ മുട്ട, തേങ്ങാപ്പാൽ, പഞ്ചസാര എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടിയും ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

∙ അവ്ൻ 180 ഡിഗ്രിയിൽ 10  മിനിറ്റ് പ്രീ–ഹീറ്റ് ചെയ്യുക. തയാറാക്കിയ മാവ് ബേക്കിങ് ടിന്നിൽ ഒഴിച്ച് മുകളിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വച്ച് അലങ്കരിച്ച് 50 മിനിറ്റ് ബേക്ക് ചെയ്യാം. ബ്രൗൺ നിറം ആകുന്നതു വരെയാണ് ബേക്ക് ചെയ്യേണ്ടത്. തണുത്ത ശേഷം കഴിക്കാം.

Note - തേങ്ങാപ്പാലിനു പകരം  വെളിച്ചെണ്ണയും ശർക്കരപ്പാനിയും ഉപയോഗിച്ചാണ് ചില സ്ഥലങ്ങളിൽ ഒരപ്പം തയാറാക്കുന്നത്.