ഭക്ഷണം ആസ്വാദ്യകരമാകുന്നതു പോലെ അലർജിയുമാകാം ചിലപ്പോൾ. വിവിധതരം ഭക്ഷണങ്ങൾ ആസ്വദിക്കാനാവാതെ ഒഴിവാക്കുന്നവർ ലോകത്തെമ്പാടുമുണ്ട്. സ്വന്തം ശരീരത്തിന് ഏതു ഭക്ഷണം അലർജിയുണ്ടാക്കുമെന്ന് അറിവില്ലാത്തവരും ഏറെ. അലർജി ഉണ്ടാക്കാൻ ഇടയുള്ളതും ഒന്നു സൂക്ഷിക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇതാ..പുറന്തോടുള്ള ഭക്ഷണ വിഭവങ്ങൾ പലർ‌ക്കും അലർജിയുണ്ടാക്കുന്നവയാണ്. ചെമ്മീൻ, ഞണ്ട്, കൊഞ്ച് തുടങ്ങിയവയും വാൽനട്ട്, ആൽമണ്ട് തുടങ്ങിയ നട്ടുകളും ചിലരിൽ അസുഖമുണ്ടാക്കുന്നു. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്ന പ്രിസർവേറ്റീവുകൾ, മോണോസോഡിയം ഗ്ലൂട്ടമേറ്റ്, ഡൈ തുടങ്ങിയ വസ്തുക്കൾ അടങ്ങിയ ഭക്ഷണത്തെ ശ്രദ്ധിക്കാം.

ശ്രദ്ധിക്കേണ്ടവ

  • ഗ്ലൂട്ടൻ എന്ന വസ്തു അടങ്ങിയ ഭക്ഷണ സാധനങ്ങളായ ഗോതമ്പ്, ബാർലി, റവ, പാസ്ത. ചിലതരം റൊട്ടികൾ, ന്യൂഡിൽസ് എന്നിവ അലർജിയായി വന്നേക്കാം. കുട്ടികളിൽ കണ്ടു വരുന്നതാണ് കടലവിഭവങ്ങൾ മൂലമുണ്ടാകുന്ന അലർജി. പീനട്ട് ബട്ടർ, പീനട്ട് എണ്ണ, നിലകടലയുടെ അംശം കലർന്ന കേക്ക്, ബൺ എന്നിവയും ശ്രദ്ധിക്കണം.
  • സോയ വിഭവങ്ങൾ കൊണ്ടും ചിലർക്ക് അലർജി വന്നേക്കാം. സോയ‌ാ പാൽ, സോയാ ബീൻസ്, സോയ‌ാ സോസ്, സോയാബീൻ എണ്ണ എന്നിവയും ഇത്തരക്കാർ ശ്രദ്ധിക്കണം.
  • പാൽ ചിലർക്ക് അലർജിയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാൽ പൊടി, ലാക്ടോസ്, ചീസുകൾ, തൈര് (മാംസാഹാരവുമായി ചേർന്നാൽ) തുടങ്ങിയവ കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.