ആവിപറക്കുന്ന ചൂടോടെ നീലനിറത്തിൽ ഗ്ലാസിൽ ഇരിക്കുന്ന സംഭവം എന്താണെന്ന് ചോദിക്കുമ്പോൾ കേൾക്കുകയാണ് ഇതാണ്  ബ്ലൂ ടീ അല്ലെങ്കിൽ ബട്ടർഫ്ലൈ പി ഫ്ലവർ ടീ.

എന്താണ് ഈ ഈ ബ്ലൂ ടീ എന്നല്ലേ. തലപുകയ്ക്കണ്ട. നമ്മുടെ പറമ്പിലൊക്കെ  ധാരാളമായി കണ്ടുവരുന്ന ശംഖുപുഷ്പ്പത്തിൽ നിന്ന് ഉണ്ടാക്കുന്നതാണ് ഈ നീലച്ചായ. കഫീൻ  അടങ്ങിയിട്ടില്ലാത്ത ഔഷധച്ചായ ആയിട്ടാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നീലച്ചായയെ കണ്ടുവരുന്നത്. തായ്‌ലന്റ്,വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ ഇത് തണുപ്പിച്ച് തേനും നാരങ്ങയും ചേർത്ത് ലെമണേഡ‌്  രൂപത്തിലും കഴിക്കാറുണ്ട്. ആരെയും ആകർഷിക്കുന്ന നിറം തന്നെയാണ് നീലച്ചായയുടെ ഹൈലൈറ്റ്.  ഈ വിവരങ്ങൾ ശേഖരിച്ചു ഫാസിൽ ഷാഹിദ് എന്ന മലപ്പുറംകാരൻ തയാറാക്കിയ നീലച്ചായയുടെയും ലെമണേഡിന്റെയും  പാചകക്കുറിപ്പുകൾ ഇതാ–

നീലച്ചായ ( ശംഖുപുഷ്പം ചായ )

ആവശ്യമുള്ള സാധനങ്ങൾ

  • വെള്ളം – ഒരു കപ്പ് 
  • ശംഖുപുഷ്പം – 10എണ്ണം 
  • തേൻ – രണ്ടു ടീസ്പൂൺ 
  • പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്നത് :

ഒരു കപ്പ് വെള്ളം തിളപ്പിച്ചു  അതിൽ ,കഴുകി വൃത്തിയാക്കിയ ശംഖുപുഷ്പം ഇട്ട് ഇറക്കിവയ്ക്കുക. വെള്ളം നീല നിറം ആയാൽ പൂവ് എടുത്തു മാറ്റി തേൻ ചേർത്ത് കുടിക്കാം. 

നീലച്ചായയുടെ ഔഷധ ഗുണങ്ങൾ 

മുടിക്കും ചർമത്തിനും ആരോഗ്യ‌ം നൽകും. ബുദ്ധി വികാസത്തിനും മാനസിക സമ്മർദം കുറയ്ക്കാനും വിഷാദ രോഗം അകറ്റാനും  സഹായകമാണ് . ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള നീലച്ചായ കാൻസർ ഉണ്ടാക്കുന്ന കോശങ്ങളെ പ്രതിരോധിക്കാനും സഹായകമാണ് എന്നു പറയുന്നു.

ശംഖുപുഷ്പം ലെമണേഡ്

ആവശ്യമുള്ള സാധനങ്ങൾ

  • ശംഖുപുഷ്പം –10 എണ്ണം 
  • വെള്ളം – ഒരു കപ്പ് 
  • നാരങ്ങ നീര് - രണ്ടു ടേബിൾ  സ്പൂൺ 
  • തേൻ,ഐസ്‌ക്യൂബ്  – ആവശ്യത്തിന് 

തയാറാക്കുന്ന വിധം: 

  • വെള്ളം നന്നായി തിളപ്പിച്ചു അതിലേക്ക് കഴുകി വൃത്തിയാക്കിയ  പൂവുകൾ  ഇട്ട് ഇളക്കി നന്നായി നീല നിറം ആയാൽ പൂക്കൾ എടുത്തു മാറ്റി വെള്ളം തണുപ്പിക്കാൻവയ്ക്കുക.
  • ശേഷം ഒരു സെർവിങ് ഗ്ലാസ്‌ എടുത്തു അതിൽ നാരങ്ങ നീരും തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു ഗ്ലാസിന്റെ മുകൾഭാഗം വരെ ഐസ് ക്യൂബ്സ് ഇടുക. 
  • ശേഷം ചൂടാറിയ, നേരത്തെ എടുത്തുവച്ച ശംഖുപുഷ്പ വെള്ളം ചേർക്കുക.നാരങ്ങ നീര് ചേരുന്നതോടെ നീലയായ വെള്ളത്തിന്റെ നിറം മാറി പർപ്പിൾ ആയി വരുന്നത്  കാണാം.

English Summary: Butterfly Pee Flower Tea Recipe