ചൂട് കാലത്ത് ഉള്ളം കുളിർപ്പിക്കാൻ മുൻപന്തിയിലാണ് തണ്ണീർമത്തൻ, ചപ്പാത്തി അപ്പം പൊറോട്ട എന്നിവയ്ക്കൊപ്പം രുചികരമായ കറിയായി തണ്ണിർ മത്തനെ മാറ്റുന്നതെങ്ങനെയെന്നു നോക്കാം. രാജസ്ഥാൻ സ്പെഷൽ രുചിക്കൂട്ടാണിത്.

ചേരുവകൾ

  • തണ്ണിമത്തൻ  (കുരു മാറ്റിയത്) - 1 (ചതുരകഷണങ്ങളാക്കിയത്)
  • എണ്ണ - 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - 3
  • കടുക്  -1 ടീസ്പൂൺ
  • മഞ്ഞൾ പൊടി  - 1/4 ടീസ്പൂൺ
  • മുളക് പൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • പുളി    –  ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ 
  • ഉപ്പ് -    ആവശ്യത്തിന് 
  • മല്ലിയില അറിഞ്ഞത്  - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു കപ്പ് തണ്ണീർമത്തൻ ജ്യൂസാക്കുക. പാത്രം ചൂടാകുമ്പോൾ എണ്ണ ഒഴിച്ചുകൊടുക്കുക. കടുക് ഇട്ട് പൊട്ടി കഴിയുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ചെറുതായി ചൂടാകുമ്പോൾ തണ്ണിമത്തൻ ജ്യൂസ്, ഉപ്പ്  എന്നിവ ചേർക്കാം. ഇതിലേക്ക്  പുളി പിഴിഞ്ഞതും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക, അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ബാക്കിയുള്ള തണ്ണിമത്തൻ ചേർത്ത്  5 മിനിറ്റ് ഇളക്കി മല്ലിയില വിതറി ഉപയോഗിക്കാം.

English Summary: Watermelon Curry