കൂന്തൽ രുചികരമായി പാകം ചെയ്തെടുക്കാൻ വളരെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി,  കൂന്തൽ കൂടുതൽ വെന്തുപോയാൽ റബർ പോലെയാകും അതുകൊണ്ട് വെള്ളം അധികമുണ്ടെന്നു തോന്നിയാൽ തീ കൂട്ടി, തുറന്നുവച്ച് ഇളക്കി വെള്ളം വറ്റിച്ചെടുക്കാൻ ശ്രദ്ധിക്കണം.

ചേരുവകൾ 

  • കൂന്തൽ – 1 കിലോഗ്രാം
  • സവാള - 2 മീഡിയം സൈസ്
  • തക്കാളി - 1വലുത് കുരുകളഞ്ഞത് 
  • ഇഞ്ചി -1 കഷണം 
  • വെളുത്തുള്ളി - 5-6 അല്ലി
  • പച്ചമുളക് - 1
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ 
  • ഗരംമസാല - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • ജീരകപ്പൊടി -  3-4 നുള്ള്
  • ഉപ്പ്,കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറിവേപ്പിലയും മൂപ്പിക്കുക. അതിലേക്ക് നീളത്തിൽ അരിഞ്ഞുവച്ചിരിക്കുന്ന സവാള ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർത്ത് 3-4 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച്, എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. തക്കാളി വെന്തു ഉടഞ്ഞു വരുമ്പോൾ വൃത്തിയാക്കി മുറിച്ചു വച്ചിരിക്കുന്ന കൂന്തൽ ചേർത്ത് മീഡിയം തീയിൽ മൂടിവച്ചു വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റി കൂന്തൽ നന്നായി വെന്തുകഴിയുമ്പോൾ (ഏകദേശം 15 മിനിറ്റ്) ഫ്ളയിം ഓഫ് ചെയ്തു പച്ചവെളിച്ചെണ്ണയൊഴിച്ചു 2 മിനിറ്റ് മൂടിവയ്ക്കുക. ചൂടോടുകൂടി വിളമ്പാം. 

English Summary: Koonthal Roast Recipe