ഒരു ശരാശരി മലയാളിയുടെ ദിവസത്തെ ഉണർത്തുന്നത് ഒരുകപ്പ് ചൂടുചായയാണ്. ഒരു ചായ രാവിലെ കിട്ടിയില്ലെങ്കിൽ എന്തൊക്കെയോ നഷ്‌ടമായതുപോലെ. അലസമായ ദിവസത്തെ ഉണർത്തുന്ന ഉഷാർ പാനീയമാണു ചായയെന്നു ചായകുടിയൻമാരുടെ വാക്കുകൾ.

മസാലച്ചായ, ഗ്രീൻ ടീ,ലെമൺ ടീ...

കേരളത്തിൽനിന്നു വ്യത്യസ്‌തമായി ഉത്തരേന്ത്യയിൽ ചായയിൽ ഇഞ്ചി ഉൾപ്പെടെയുള്ളവ ചേർക്കുക പതിവാണ്. കേരളത്തിൽ ചായ, പാൽ, വെള്ളം എന്നിവ സമം അനുപാതത്തിലാണെങ്കിൽ തമിഴ്‌നാട്ടിൽ പാൽ കൂടുതലാണ്. കർണാടകയിൽ പാലിൽ പൊടിയിട്ടു കഴിക്കും. പക്ഷേ, ഒരു ഗ്ലാസിന്റെ പകുതി മാത്രമേ ചായ ഉണ്ടാകൂ. ദഹനസംബന്ധിയായ അസുഖങ്ങൾ അകറ്റാൻ മികച്ച പാനിയമാണ് ലെമൺ ടീ. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കുന്ന നാരങ്ങയാണിതിലെ താരം. ലെമൺ ടീ എപ്പോൾ കുടിച്ചാലും നല്ലതാണ്. തടികുറയ്ക്കാൻ മാത്രമല്ല പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് ലെമൺ ടീ.

മസാലച്ചായ, ഏലക്കച്ചായ, ഇഞ്ചിച്ചായ, കുരുമുളകുചായ, കറുവപ്പട്ടച്ചായ എന്നിവയും വാനില ടീ, ചോക്‌ലേറ്റ് ടീ, സുലൈമാനി ടീ, ലെമൺ ഗ്രാസ് ടീ എന്നിവയും വൻപ്രചാരത്തിലാണ്. ചായയുടെ യഥാർഥ രുചിയും ഗുണവും കിട്ടണമെങ്കിൽ പാലിനെ മാറ്റിനിർത്തി കട്ടൻചായതന്നെ കുടിക്കണം. ഒരു പരിപ്പുവടയും കട്ടൻചായയും മാത്രം മതി ആശയങ്ങൾ വിരിയാനെന്നു പഴങ്കഥ.

ലെമൺ ടീ

  • ചായപ്പൊടി – ഒരു സ്‌പൂൺ
  • നാരങ്ങാ നീര് – ഒരു സ്‌പൂൺ
  • പുതിനയില – 10 എണ്ണം
  • പഞ്ചസാര – ഒരു സ്‌പൂൺ

തയാറാക്കുന്ന വിധം

ഒരു കപ്പ് തിളച്ച വെള്ളത്തിൽ ചായപ്പൊടിയും പുതിനയിലയും ചേർത്ത് അടച്ചു വയ്‌ക്കുക. ഇത് അരിച്ചെടുത്ത് നാരങ്ങാ നീരും പഞ്ചസാരയും ചേർത്തു ചൂടോടെ ഉപയോഗിക്കുക.

English Summer : Mint Lemon Tea