ഇഞ്ചിയും കറിവേപ്പിലയും അണിയറയിൽ നിൽക്കുന്നവരാണ്. ഓരോ വിഭവത്തിനും പ്രത്യേക വാസനയും രുചിയും സമ്മാനിച്ചു നിശബ്‌ദം കഴിയുന്നവർ. ആവശ്യമില്ലാത്തതിനെല്ലാം ‘കറിവേപ്പില പോലെ’ എന്നാണ് വിശേഷണം. എന്നാൽ എടുത്തുകളയാനുള്ളതാണോ കറിവേപ്പില? അല്ലേയല്ല. നാരുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിങ്ങനെ നമുക്കു ഗുണമുള്ള വസ്‌തുക്കൾ ഒട്ടേറെയുണ്ട് കറിവേപ്പിലയിൽ. മോരിൽ കറിവേപ്പില അരച്ചുചേർത്ത സംഭാരം ദഹനപ്രശ്‌നങ്ങൾ മാറാൻ നല്ലതാണ്. കറിവേപ്പിലയിട്ടു ചൂടാക്കിയ എണ്ണ മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. അകാല നര തടയാനും ഇതു നന്നെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. കറിവേപ്പില ചവച്ചു വെള്ളം കൊണ്ടു കുലുക്കുഴിയുന്നത് ഒന്നാന്തരം മൗത്ത് വാഷുമാണ്. ഇലകൾ അരച്ചു കഴിക്കുന്നത് ഛർദി മാറാൻ സഹായിക്കും. നീരെടുത്തു കഴിക്കുകയുമാവാം. ആയുർവേദത്തിൽ വിവിധ ഔഷധങ്ങളുടെ ഭാഗമാണു കറിവേപ്പില.

എന്നാൽ കറിവേപ്പില കൊണ്ടു തന്നെ ഒരു കറി ആയാലോ? ഒപ്പം ഇഞ്ചിയുടെ സ്വാദുള്ള പക്കാവടയും. 

കറിവേപ്പില കറി

ആവശ്യമുള്ളത്

  • കറിവേപ്പില 50 ഗ്രാം( ഒരു പിടി)
  • ചെറിയ ഉള്ളി 100 ഗ്രാം
  • വെളുത്തുള്ളി ആറ് അല്ലി
  • ചുവന്ന മുളക് നാലെണ്ണം
  • കുരുമുളക് കാൽ ടീസ്‌പൂൺ
  • പുളി ഒരു നെല്ലിക്ക വലിപ്പത്തിൽ
  • ഉപ്പ് പാകത്തിന്
  • എണ്ണ പാകത്തിന്
  • കടുക്, ഉഴുന്നുപരിപ്പ്, കായപ്പൊടി വറവിടാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

കറിവേപ്പില, ചുവന്ന മുളക്, കുരുമുളക് എന്നിവ അൽപം എണ്ണയിൽ ചൂടാക്കി എടുക്കുക. ഇതിനുശേഷം കറിവേപ്പില, പുളി, ചുവന്ന മുളക്, കുരുമുളക്, ഉപ്പ് ഇവ ഒന്നിച്ചിട്ടു നേർമയായി അരച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടായ ശേഷം കടുക്, ഉഴുന്നു പരിപ്പ്, കായപ്പൊടി ഇവ ചേർത്തു വറവിടുക.

ചെറിയ ഉള്ളിയും വെളുത്തുള്ളിയും അരിഞ്ഞത് ഇട്ടു വഴറ്റുക. അരച്ച കൂട്ട് ഇതിൽ ചേർത്തു തിളച്ചു കട്ടിയായ ശേഷം വാങ്ങുക. നല്ലെണ്ണയൊഴിച്ചാൽ കറിക്കു സ്വാദേറും.

ഇഞ്ചി പക്കാവട

ആവശ്യമുള്ളത്

  • ഇഞ്ചി (ചിരകിയത്) 50 ഗ്രാം
  • കടലമാവ് 250 ഗ്രാം
  • അരിപ്പൊടി അൽപം
  • ഉള്ളി അരിഞ്ഞത് കുറച്ച്
  • ഉപ്പ് പാകത്തിന്
  • അപ്പക്കാരം ഒരു നുള്ള്
  • എണ്ണ ആവശ്യത്തിന്
  • കറിവേപ്പിലയും മല്ലിയിലയും – (ചെറുതായി അരിഞ്ഞത്) ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇഞ്ചി, കടലപ്പൊടി, അരിപ്പൊടി, ഉപ്പ്, അപ്പക്കാരം എന്നിവ പാകത്തിനു വെള്ളം ഒഴിച്ചു കുഴയ്‌ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കൂട്ട് സ്‌പൂണിലെടുത്തു കുറേശ്ശെയായി ഒഴിക്കുക. നന്നായി വെന്തശേഷം കോരിയെടുക്കുക.

English Summary: Curry Leaves, Curry Recipe