ഇന്നു കേരളീയർ അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗങ്ങളിൽ പ്രധാനിയാണ് ഹൃദ്രോഗം. പ്രമേഹമുള്ളവരും ഉയർന്ന കൊള സ്ട്രോൾ നില രക്തത്തിൽ നിലനിർത്തുന്നവരും പൊണ്ണത്തടി യുള്ളവരും ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വേഗം അടിമയാകുന്നു. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ആഹാരത്തിൽ പോലും അര കിലോ പച്ചക്കറികള്‍/ഇലക്കറികൾ , കാല്‍ കിലോ പഴവർ ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ ഹൃദ്രോഗം  തടയാം. ഉപ്പ് കഴിയുന്നത്ര കുറയ്ക്കണം. ഉപ്പിലിട്ടവ, വറ്റലുകൾ, ഫാസ്റ്റ് ഫുഡുകൾ, ബേക്കറി സാധനങ്ങൾ എന്നിവ കുറയ്ക്കുന്ന താണ് ഏറ്റവും ഉത്തമം. ഹൃദ്രോഗികൾക്ക് കഴിക്കാൻ പറ്റുന്നൊരു മീൻ കറിയുടെ രുചിക്കൂട്ട് പരിചയപ്പെടാം.

തേങ്ങയില്ലാത്ത എണ്ണ കുറച്ച മീൻകറി

ചേരുവകൾ

  • മീൻ - 50 ഗ്രാം (രണ്ടു കഷണം ദശയുള്ള മീൻ)
  • തക്കാളി - ഒരെണ്ണം
  • ചെറിയ ഉള്ളി - 10 എണ്ണം
  • ഇഞ്ചി - ഒരു കഷണം
  • വെളുത്തുള്ളി - മൂന്ന് അല്ലി
  • കുരുമുളക് പൊടി -        ഒരു ടീസ്പൂൺ
  • ഉലുവ - അര ടീസ്പൂൺ
  • എണ്ണ - ഒരു ടീസ്പൂൺ
  • പുളി - ഒരു നെല്ലിക്കാ വലുപ്പം
  • മുളകുപൊടി - രണ്ടു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -         അര ടീസ്പൂൺ
  • മല്ലിപ്പൊടി - ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ഒന്നര കപ്പ്
  • കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ എന്നിവ വഴറ്റുക. ഉലുവാ പൊട്ടുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവയിട്ടു തീ കുറച്ചു വഴറ്റുക. ഇതിലേക്കു തക്കാളി നാലായി മുറിച്ചതും ചേർത്തു വഴറ്റുക. നിറം മാറുമ്പോൾ ഉപ്പും വെള്ളവും ചേർത്തു തിളയ്ക്കുമ്പോൾ മീൻ അതിലിട്ട് ആവശ്യത്തിനു കുറുകുമ്പോൾ കറിവേപ്പിലയും ചേർത്തു തീയണച്ച് അടച്ചു വയ്ക്കുക.

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍

  • ഊർജം 55 കി. കലോറി
  • മാംസ്യാംശം 6 ഗ്രാം
  • കൊഴുപ്പ് 6 ഗ്രാം
  • സോഡിയം 43 മില്ലി ഗ്രാം
  • പൊട്ടാസിയം 196 മില്ലി ഗ്രാം

English Summary: Healthy Fish Curry Recipe