നാടൻ പായസം കുടിച്ച് മടുത്തെങ്കിൽ ഒരു പുതുമക്കായി ഇറ്റാലിയൻ രുചിയിൽ പായസം ആസ്വദിക്കാം.. അതേ പാൽ മക്രോണി പ്രഥമൻ!! 

ചേരുവകൾ

  • മക്രോണി പാസ്ത – 100 ഗ്രാം
  • പാൽ – 1 1/2 ലിറ്റർ
  • പഞ്ചസാര – 200 ഗ്രാം
  • ഏലയ്ക്ക പൊടി – 1 നുള്ള്
  • നെയ്യ് – 400 മില്ലി
  • അണ്ടിപ്പരിപ്പ് – 50 ഗ്രാം
  • ഉണക്കമുന്തിരി – 20 ഗ്രാം
  • മിൽക്ക് മെയ്ഡ് / കണ്ടെൻസ്ഡ് മിൽക്ക് – 50 മില്ലി

തയാറാക്കുന്ന വിധം

100 ഗ്രാം മക്രോണി പാസ്ത ഒരു ലിറ്റർ വെള്ളത്തിൽ വേവിച്ച് ഊറ്റി അൽപ്പം നെയ്പുരട്ടി മാറ്റി വയ്ക്കുക(ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയാണ് നെയ് പുരട്ടുന്നത്). ഒരു കട്ടിയുള്ള പാത്രത്തിൽ ഒന്നര ലിറ്റർ പാലൊഴിച്ച് പാട വരാതെ തുടരെ ഇളക്കി ആവശ്യത്തിന് പഞ്ചസാരയും കുറച്ച് മിൽക്ക് മെയ്ഡും ചേർത്ത് പാല് കുറുകി വരുമ്പോൾ വേവിച്ച പാസ്തയും ഏലക്കാപൊടിയും ചേർത്ത് പ്രഥമൻ പരുവത്തിൽ വാങ്ങി വയ്ക്കുക. അതിലേക്ക് നെയ്യിൽ താളിച്ച അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഇളം ചൂടോടെ കഴിക്കുക..!

ശ്രദ്ധിക്കാൻ

  • വിപണിയിൽ ലഭ്യമായ മറ്റു പാസ്തകളും ഉപയോഗിക്കാം
  • പായസത്തിന് കൂടുതൽ രുചിക്കായി ചവ്വരി വേവിച്ച് ചേർക്കാം. അല്ലെങ്കിൽ ഏത്തപ്പഴം പൊടിയായി അരിഞ്ഞു ചേർത്തും രുചികരമായ പായസം തയാറാക്കാം. 

English Summary: Macaroni Pasta Dessert