വേനൽക്കാലം പടിവാതിൽക്കലെത്തി. ശരീരത്തിലെ ജലാംശം നിയന്ത്രിക്കാനായി ധാരാളം വെള്ളം കുടിക്കേണ്ട സമയമാണിത്. കൊടും ചൂടിൽ തണുത്തത് എന്തെങ്കിലും കുടിക്കാനായിരിക്കും എല്ലാവരുടെയും ആഗ്രഹം. യാത്രയ്ക്കിടെ പുറത്തു നിന്നു വാങ്ങിക്കുടിക്കുന്ന പാനീയങ്ങളെ അൽപം ശ്രദ്ധിക്കണം. ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്ന സമയമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാല്‍ വൃത്തിയുള്ള കടകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. കഴിവതും തിളപ്പിച്ചാറ്റിയ ശുദ്ധജലം കൂടെ കൊണ്ടു പോകാൻ ശ്രമിക്കുക.

ഉള്ളം തണുപ്പിക്കുന്ന വ്യത്യസ്തമായ പാനീയങ്ങള്‍ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാമെന്നിരിക്കെ അതിനായി നാട് ചുറ്റേണ്ട ആവശ്യമുണ്ടോ?.

നെല്ലിക്ക സംഭാരം

വേനലിൽ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് നെല്ലിക്ക സംഭാരം. വീട്ടിൽ നിന്നു കിട്ടുന്ന വിഭവങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ നിർമിക്കാവുന്ന ആരോഗ്യ പാനീയമാണ് നെല്ലിക്ക സംഭാരം.

ആവശ്യമുള്ള സാധനങ്ങൾ

  • നെല്ലിക്ക– 5 വലുത്
  • പച്ചമുളക്–1
  • ഇഞ്ചി – ചെറിയ കഷ്ണം
  • കറിവേപ്പില– 5 ഇതള്‍
  • ചെറുനാരങ്ങ നീര് – 1/2 ടി സ്പൂൺ
  • ഉപ്പ് –ആവശ്യത്തിന്

നെല്ലിക്ക കുരു കളഞ്ഞതിന് ശേഷം മറ്റ് ചേരുകള്‍ ചേര്‍ത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 2 ഗ്ലാസ് തണുത്ത വെള്ളം ചേർത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

English Summary: Gooseberry Juice Recipe