സ്വാദിലും ആരോഗ്യത്തിലും മുൻപനാണെന്നു മാത്രമല്ല ഔഷധഗുണമുള്ളതാണ് പഴങ്കഞ്ഞി. പുളിച്ച ഭക്ഷണമായതുകൊണ്ട് കൂടുതൽ പോഷണവും ഊർജവും ശരീരത്തിന് ലഭിക്കുകയും ചെയ്യും. 100 ഗ്രാം ചോറിൽ 3.4 മില്ലി ഗ്രാം ഇരുമ്പിന്റെ അംശമാണുള്ളത്. എന്നാൽ ഇതേ ചോറ് 12 മണിക്കൂർ പുളിക്കുമ്പോൾ ഇത് 73.91 മില്ലിഗ്രാമാകും. രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പൊട്ടാസ്യവും നമ്മുടെ പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്. കാൻസറിനെ പോലും തടയാൻ ഒരു പരിധി വരെ പഴങ്കഞ്ഞി സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

പണ്ടു കാലത്ത് കായികാധ്വാനം കൂടുതലുള്ള പണി ചെയ്യുന്നവർ കാലത്ത് പഴങ്കഞ്ഞി കഴിച്ചിട്ടാണ് വീട്ടിൽ നിന്നിറങ്ങിയിരുന്നത്. ദിവസം മുഴുവൻ ഉന്മേഷം നൽകുന്ന പ്രാതൽ വിഭവമാണിതെന്നതു തന്നെ കാരണം. ചോറും വെള്ളവും ചേരുന്ന ഉത്തമ ഭക്ഷണമായാണ് കരുതുന്നത്. ഒരു പാത്രം പഴങ്കഞ്ഞിയിൽ 340 കലോറിയാണുള്ളത്. 340 കാലറി എന്നു കേട്ടു ഞെട്ടേണ്ട. രാവിലെ മൂന്ന് ഇഡ്ഡലി കഴിച്ചാലും ഇതേ അളവിലുള്ള കാലറിയാണ് ഉള്ളിലെത്തുന്നത്. വെള്ളത്തിന്റെ അളവ് ഏറെയുള്ളതിനാൽ ശരീരത്തിലെ ജലാംശം നിലനിൽക്കും. ശരീരത്തിനു തണുപ്പും നൽകും.


എല്ലിന്റെ ആരോഗ്യത്തിനാവശ്യമായ കാൽസ്യം, മഗ്നീഷ്യം, സെലിനിയം എന്നിവയും പഴങ്കഞ്ഞിയിലടങ്ങിയിട്ടുണ്ട്. വളരെ പെട്ടെന്നു തന്നെ ശരീരം വലിച്ചെടുക്കുന്ന പോഷകങ്ങളായ വൈറ്റമിൻ ബി6, ബി12 എന്നിവയുടെ കലവറ കൂടിയാണിത്. അതുകൊണ്ടാണ് ക്ഷീണം മാറാൻ പഴങ്കഞ്ഞി മുത്തശ്ശിവൈദ്യമായി പറയപ്പെടുന്നത്.

ദഹനപ്രക്രിയ സുഗമമാക്കുന്ന വിഭവമാണ് പഴങ്കഞ്ഞി. അസിഡിറ്റിക്കും അൾസറിനും തടയിടാനും പഴങ്കഞ്ഞി കഴിച്ചോളൂ. മലബന്ധ പ്രശ്നങ്ങളും പിന്നെ, ബുദ്ധിമുട്ടിക്കില്ല.

ചർമം സുന്ദരമാകാനും യുവത്വം നില നിർത്താനും പഴങ്കഞ്ഞി സഹായിക്കുമെന്ന് പറഞ്ഞാൽ മിക്കവരും വിശ്വസിച്ചെന്നു വരില്ല. പക്ഷേ, സംഗതി സത്യമാണ്. ആന്റി ഓക്സിഡന്റ്സ് ധാരാളമുള്ള ഈ വിഭവം കഴിക്കുന്നത് ചർമത്തിന്റെ തിളക്കം നിലനിർത്തും. ചർമത്തിന്റെ ഇലാസ്തികത കാക്കുന്ന കൊളാജന്റെ പ്രശ്നങ്ങളെ ഇവ ഉത്തേജിപ്പിക്കും. ചർമത്തിലെ അലർജി പ്രശ്നങ്ങളെ പോലും നിയന്ത്രിക്കാൻ പഴങ്കഞ്ഞിക്ക് കഴിവുണ്ട്. പഴഞ്ചോറ് പുളിക്കുമ്പോൾ ലാക്ടിക് ആസിഡ് ഉണ്ടാകുന്നുണ്ട്. പാലൂട്ടുന്ന അമ്മമാരിൽ പാൽ ധാരാളമുണ്ടാകാൻ ഈ ലാക്ടിക് ആസിഡ് സഹായിക്കും. ഇത്രയും ഗുണങ്ങളുള്ള പഴങ്കഞ്ഞിക്കൊപ്പം പോഷകഗുണമുള്ള കൂട്ടാൻ കൂടിയായാൽ കേമമായില്ലേ.

തണുത്തതായതുകൊണ്ട് പഴങ്കഞ്ഞി ഉഷ്ണരോഗങ്ങൾക്ക് പരിഹാരമാണ്. പക്ഷേ, കഫദോഷക്കാർക്കും വാതരോഗികൾക്കും പഴങ്കഞ്ഞി നല്ലതല്ല. 

English Summary: Pazhamkanji, Health Benefits