പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കു വച്ച ‘ലിട്ടി ചോഖ’ അറിയപ്പെടുന്നത് ബിഹാറിന്റെ ദേശീയ ഭക്ഷണം എന്നാണ്. മോദിയുടെ നിയോജകമണ്ഡലമായ വാരണാസിയിൽ ലിട്ടി ചോഖ താമരയിലകളിൽ വിളമ്പുന്ന കടകൾ ഉണ്ട്. കഴിഞ്ഞ ദിവസം ഡൽഹി രാജ്പഥിലെ വ്യാപാര ഭക്ഷ്യമേള സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രി ലിട്ടി ചോഖ ആസ്വദിച്ചു കഴിച്ചതും അതിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കു വച്ചതും. വിനോദ സഞ്ചാരികളെ ഉൾപ്പെടെ ആകർഷിച്ചിട്ടുള്ള നാലുമണി വിഭവം കൂടിയാണ് ലിട്ടി ചോഖ.

ലിട്ടി ചോഖ ഉണ്ടാക്കാം 

1. മാവ് കുഴയ്ക്കാൻ
ആട്ട, നെയ്യ്, ഉപ്പ്, വെള്ളം.

2.മസാല ചേരുവ ഉണ്ടാക്കാൻ
സവാള വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, അയമോദകം, കരിഞ്ചീരകം, കടലമാവ്, കടുകെണ്ണ, നാരങ്ങാനീര്.

3. ചോഖ ഉണ്ടാക്കാൻ 
ഉരുളക്കിഴങ്ങ്, കത്രിക്ക, തക്കാളി, ഉപ്പ്, വെളുത്തുള്ളി–ഇഞ്ചി പേസ്റ്റ്, നെയ്യ്, കടുകെണ്ണ, നാരങ്ങ, മല്ലിയില.

പാകം ചെയ്യുന്ന വിധം

∙ആട്ടയിൽ ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ നെയ്യും ചേർത്തു ചപ്പാത്തി പരുവത്തിൽ കുഴച്ച്  20 മിനിട്ട് മൂടി വയ്ക്കുക.

ഡൽഹിയിലെ തെരുവോരങ്ങളിൽ ലിട്ടി ചോഖ തയാറാക്കി വച്ചിരിക്കുന്നു.

∙മസാല ഉണ്ടാക്കുന്നതിനായി ഒരു കപ്പ് കടലമാവിലേക്കു ചേരുവകൾ പൊടിയായി അരിഞ്ഞ് ഇടുക. ആവശ്യത്തിനു ഉപ്പും വെള്ളവും ഒരു മുറി നാരങ്ങാ നീരും ചേർത്തു ഉരുള ആക്കാവുന്ന വിധത്തിൽ കുഴച്ച് എടുക്കുക. 

∙ആദ്യം തയാറാക്കി വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകൾ ആക്കുക. ഉരുളകളുടെ നടുഭാഗം കൈകൊണ്ട് അമർത്തി കുഴിച്ച ശേഷം മസാലക്കൂട്ട് ചെറിയ ഉരുളകൾ ആക്കി ഇതിൽ നിറയ്ക്കുക. ഈ ഉരുളകൾ ഗ്രിൽ ചെയ്ത് എടുക്കുക. ഇടയ്ക്ക് തിരിച്ചും മറിച്ചും ഇട്ടു വേണം ചുട്ട് എടുക്കാൻ.

ചോഖ ഉണ്ടാക്കാൻ

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് എടുക്കുക, ചീനച്ചട്ടിയിൽ കടുകെണ്ണ ഒഴിച്ചു ഇതിലേക്ക് കഷണങ്ങളാക്കിയ കത്രിക്ക, തക്കാളി, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്തു നന്നായി വഴറ്റി എടുക്കുക. ഉരുളക്കിഴങ്ങ് പൊടിച്ചതും  മല്ലിയിലയും, അര സ്പൂൺ നാരങ്ങ നീരും ഇതിലേക്കു ചേർത്തു യോജിപ്പിക്കുക. ഗ്രിൽ ചെയ്ത ഉരുളകൾ നെയ്യിൽ മുക്കി പാത്രത്തിൽ എടുത്ത വച്ച ശേഷം അമർത്തി പൊട്ടിച്ചു ചോഖയും ചേർത്തു കഴിക്കാം. 

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ കടയിൽ ലിട്ടിചോഖ താമര ഇലകളിൽ വിളമ്പുന്നതിനായി ഒരുക്കുന്നു (ജോജി.കെ.മാത്യു പകർത്തിയ ചിത്രം)

English Summary: Litti Chokha Recipe