മത്തി ഇപ്പോൾ ഫൈവ് സ്റ്റാർ സ്റ്റാറ്റസ് ഉള്ള വിഭവമാണ്. മത്തി ഫ്രൈ കഴിച്ചു മടുത്തെങ്കിൽ ഒരു പോംവഴിയുണ്ട്. മത്തി ഫ്രൈ കൊണ്ട് ഉഗ്രൻ രുചിയിൽ പീരവയ്ക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. ചെറിയ മത്തി - 15 എണ്ണം (ചെറിയ മത്തി)
2. തേങ്ങ - ഏകദേശം മത്തിയുടെ പകുതി അളവിൽ (കുറഞ്ഞാലും കൂടിപ്പോകരുത്)
3. പച്ചമുളക് - 4 എണ്ണം
4. ഇഞ്ചി - 1 ചെറിയ കഷണം.
5. സവാള - 1 ചെറുതിന്റെ പകുതി
6. കറിവേപ്പില -1 തണ്ട്
7. മുളകുപൊടി - 2 ടേബിൾ സ്പൂൺ
8. മഞ്ഞൾപ്പൊടി - 1/2 ടേബിൾ സ്പൂൺ
9. കുരുമുളകു പൊടി - 1 1/2 ടേബിൾ സ്പൂൺ
10. ഉപ്പ് - ആവശ്യത്തിന്
11. എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം.

കഴുകി വൃത്തിയാക്കിയ മത്തി വരഞ്ഞതിനു ശേഷം ഉപ്പ്, മുളകുപൊടി (1 1/2 ടേബിൾ സ്പൂൺ), മഞ്ഞൾപ്പൊടി, കുരുമുളകു പൊടി എന്നിവ യോജിപ്പിച്ച് പുരട്ടി വയ്ക്കുക. (വറുക്കുന്നതിന് ചെയ്യുന്നതു പോലെ )

ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് മത്തി നിരത്തി രണ്ടു വശവും വറുത്തെടുക്കുക. ഇത് നന്നായി കുത്തിപ്പൊടിച്ച് ഇളക്കുക.ശേഷം മത്തി പാനിൽ തന്നെ വകഞ്ഞുമാറ്റി ഓയിൽ ആവശ്യമെങ്കിൽ ഒഴിച്ച് കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ  ചേർത്ത് ഇളക്കി പച്ചമണം മാറുമ്പോൾ 1/2 ടേബിൾ സ്പൂൺ മുളകുപൊടി ഇട്ട് മൂപ്പിച്ച ശേഷം ചിരകിയ തേങ്ങ ചേർത്തിളക്കി ഒരു മിനിറ്റു കഴിഞ്ഞ് മാറ്റിവച്ചിരിക്കുന്ന മത്തിയും ചേർത്ത് യോജിപ്പിച്ച് ഫ്രൈ ചെയ്തെടുക്കുക. 

English Summary: Fish Fry Recipe