"ഈ സമയവും കടന്നുപോകും" അക്ബർചക്രവർത്തിക്കു വേണ്ടി ബീർബൽ എഴുതിയപോലെ നമുക്കും എഴുതി വായിക്കാം. ഈ സങ്കടങ്ങൾ അങ്ങിനെ മറികടക്കാം...വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ എപ്പോഴും എന്തെങ്കിലും ഒക്കെ കൊറിച്ചുകൊണ്ടിരിക്കാനായിരിക്കും എല്ലാവർക്കും ഇഷ്ടം. പ്രത്യേകിച്ചും കുട്ടികൾക്ക്...ഇപ്പോഴാണെങ്കിൽ കടയിൽ പോകുന്നതും സൂക്ഷിക്കേണ്ട അവസ്ഥയാണ്. എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന  ഒരു സ്നാക്സ് പരിചയപ്പെടാം. കുപ്പിയിലാക്കി അടച്ച് കുറച്ച് ദിവസം സൂക്ഷിച്ച് വയ്ക്കാവുന്നതും. ചിലവ് വളരെ കുറവുമാണ്. 

ചീട

  • അരി - 1 കപ്പ് (വെള്ളത്തിൽ കുതിർത്തത്),
  • തേങ്ങ – 1 മുറി 
  • ജീരകം –1 സ്പൂൺ 
  • ഉപ്പ് –  പാകത്തിന്‌ 
  • ചെറിയ ഉള്ളി –  4 എണ്ണം (ചേർത്തില്ലെങ്കിലും കുഴപ്പമില്ല)
  • കുരുമുളകുപൊടി – 1 സ്പൂൺ

തയാറാക്കുന്ന വിധം

  • ചേരുവകളെല്ലാം വെള്ളം ചേർക്കാതെ നന്നായി അരച്ച് എടുക്കാം.
  • വെള്ളം ചേർത്ത് അരയ്ക്കുകയാണെങ്കിൽ  കുഴയ്ക്കുമ്പോൾ കുറച്ച് അരിപ്പൊടി ചേർക്കാം.
  • ഇത് കുഴച്ച്, ചെറിയ ഉരുളകളാക്കി, കുഞ്ഞു കുഞ്ഞു ബോൾ രൂപത്തിൽ ഉരുട്ടി എടുക്കാം. ഫോർക്ക് കൊണ്ട് ഒന്ന് വരഞ്ഞ് ഒരു ഡിസൈൻ കൊടുക്കാം. എണ്ണയിൽ മൊരിയിച്ചെടുക്കാം ( എണ്ണയിൽ ഇടുമ്പോൾ അപ്പോൾത്തന്നെ ഇളക്കരുത്, അരിപ്പൊടി കൂടി കലരാൻ സാധ്യത ഉണ്ട്. കുറച്ച് സമയം കഴിഞ്ഞ് ഇളക്കി കൊടുക്കാം). ക്രിസ്പിയും രുചികരവുമായ ചീട റെഡി.

English Summary: Rice Seedai