കോവിഡ്  കാലത്ത് ഭക്ഷണം തയാറാക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. സോപ്പും വെള്ളവും കൊണ്ടോ ലിക്വിഡ് സോപ്പും വെള്ളവും കൊണ്ടോ ഇവ ലഭ്യമാകാത്ത സാഹചര്യത്തിൽ സാനിറ്റൈസർ കൊണ്ടോ കൈകൾ വൃത്തിയായി കഴുകുക. സാമൂഹിക അകലം പാലിക്കുക. സർക്കാർ നിർദേശങ്ങൾ പൂർണമായും അനുസരിക്കുക. കൂടാതെ, രോഗപ്രതിരോധത്തിന്  സഹായിക്കുന്ന ഭക്ഷണം കഴിക്കുക. ബേക്കറി പലഹാരങ്ങൾക്ക് പകരം നാട്ടിൽ സുലഭമായ ചെലവു കുറഞ്ഞ ചില ഭക്ഷണങ്ങൾ  പരിചയപ്പെടാം.

ഇത്തവണ നേന്ത്രപ്പഴം..

1. നേന്ത്രപ്പഴ ഹൽവ

1. നേന്ത്രപ്പഴം തോൽകളഞ്ഞ് നുറുക്കി മിക്സിയിൽ അരച്ചത് - 500 ഗ്രാം
2. നെയ്യ് - 150 ഗ്രാം
3. ശർക്കര ഉരുക്കിയത്- 350 ഗ്രാം
4. കശുവണ്ടി, ബദാം - 50 ഗ്രാം
5. ഏലക്കാ പൊടി - ഒരു ടീസ്പൂൺ
6 കോൺ ഫ്ലവർ - 3 സ്പൂൺ

തയാറാക്കുന്ന വിധം :

പാനിൽ കുറച്ച് നെയ് ഒഴിച്ച് നാലാമത്തെ ചേരുവകൾ വറത്തെടുക്കുക. ഈ പാനിലേക്ക് അരച്ചപഴം ഇട്ട് നന്നായി ഇളക്കുക.ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർത്തിളക്കുക, നന്നായി ഉരുകി വരുമ്പോൾ കോൺഫ്ലവർ കലക്കിയതും കുറച്ചു കുറച്ചു നെയ്യും ചേർത്തിളക്കുക. നന്നായി നെയ്യ് തെളിഞ്ഞു വരുമ്പോൾ ഏലക്കാ പൊടിയും, നെയ്യിൽ വറത്ത ചേരുവകളും ചേർത്തിളക്കുക. നെയ് പുരട്ടിയപ്ലേലേറ്റിലേക്ക് ഒഴിക്കുക നന്നായി ആറിയ ശേഷം മുറിച്ചെടുക്കുക.

2. ചെണ്ട മുറിയൻ

1. നേന്ത്രപ്പഴം - അര കിലോ
2. ശർക്കര - 200 ഗ്രാം
3. നെയ്യ് - 25 ഗ്രാം

തയാറാക്കുന്ന വിധം:

ചെണ്ടമുറിയൻ

നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങി തോൽകളഞ്ഞ് വലിയ കഷ്ണങ്ങളായി മുറിക്കുക. ശർക്കരയിൽ അല്പം വെള്ളമൊഴിച്ച് അലിയിച്ച് അരിച്ചെടുക്കുക. ചുവടു കട്ടിയുള്ള പാനിൽ അരിച്ച ശർക്കര പാനി ഒഴിച്ച് നൂൽ പാകമാകുമ്പോൾ  മുറിച്ച നേന്ത്രപ്പഴവും നെയ്യും ചേർത്ത് ചെറുതീയിൽ വെച്ച് ഇളക്കുക കഷ്ണങ്ങൾ ഉടഞ്ഞുപോകാതെ.

3. ബനാന പന്നീർ ബോൾസ്

1. നേന്ത്രപ്പഴം - 200 ഗ്രാം
2. പഞ്ചസാര - 100 ഗ്രാം
3. നാളികേരം - 100 ഗ്രാം
4. മൈദമാവ്/ ഗോതമ്പുമാവ് - 150 ഗ്രാം
5. ഏലക്കാ പൊടി, ഉപ്പ് - പാകത്തിന്
6. പനീർ - 150 ഗ്രാം
7 എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :- നേന്ത്രപ്പഴവും പഞ്ചസാരയും മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് നാളികേരം, ഗോതമ്പുമാവ്, ഏലക്കാ പൊടി എന്നിവ ചേർത്ത് ഇളക്കുക. ഈ മാവ് നാരങ്ങാ വലുപ്പത്തിൽ  എടുത്ത് മധ്യഭാഗത്ത് ഓരോ പനീർകഷ്ണങ്ങൾ വച്ചു പൊതിഞ്ഞ് എണ്ണയിൽ വറത്തുകോരുക.

4. ബനാന കേക്ക്

1. നേന്ത്രപ്പഴം - 350 ഗ്രാം
2. പഞ്ചസാര - 150 ഗ്രാം
3. തൈര് - 100 മില്ലി
4 ഒലിവ് ഓയിൽ- 100 മില്ലി
5. ഗോതമ്പുപൊടി - 200 ഗ്രാം
6. ബേക്കിങ്ങ് സോഡാ, ബേക്കിങ്ങ് പൗഡർ- അര ടീസ്പൂൺ വീതം
7. സിനമൺ പൗഡർ(പട്ട പൊടിച്ചതാണ്) – അര ടീസ്പൂൺ
8. കശുവണ്ടി - 30 ഗ്രാം
9. ബട്ടർ - 20 ഗ്രാം.

തയാറാക്കുന്ന വിധം:

ഒന്നു മുതൽ നാലുവരെയുള്ള ചേരുവകൾ നന്നായി ബീറ്റർ വച്ച് ബീറ്റുചെയ്യുക. അഞ്ചു മുതൽ ഏഴുവരെയുള്ള ചേരുവകൾ രണ്ടു പ്രാവശ്യം നന്നായി ഇളക്കി അരിച്ചെടുക്കുക.ഈ അരിച്ച മാവും ചേർത്ത് നന്നായി വീണ്ടും കുറച്ചു ബട്ടർ ചേർത്ത് ബീറ്റുചെയ്യുക. ഇതിലേക്ക് കശുവണ്ടി ചേർത്തിളക്കുക. ബേക്കിങ്ങ് ട്രേയിൽ അല്പം ബട്ടർ പുരട്ടി ഈ മാവ് ഒഴിച്ച്  180°C 50 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക..

English Summary: Banana Snacks Recipe