മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്. അടിമാലിയിൽ നിന്ന് പൂപ്പാറ ഗ്രാപ് റോഡ് വഴിയും അടിമാലി– മൂന്നാർ റോഡ് വഴിയും അടിമാലി– കല്ലാർ– മാങ്കുളം– മൂന്നാർ റോഡ് വഴിയും മൂന്നാറിലെത്താം. മൂന്നുവഴികളും കാഴ്ചകളുടെ സ്വർഗം തുറക്കും

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്. അടിമാലിയിൽ നിന്ന് പൂപ്പാറ ഗ്രാപ് റോഡ് വഴിയും അടിമാലി– മൂന്നാർ റോഡ് വഴിയും അടിമാലി– കല്ലാർ– മാങ്കുളം– മൂന്നാർ റോഡ് വഴിയും മൂന്നാറിലെത്താം. മൂന്നുവഴികളും കാഴ്ചകളുടെ സ്വർഗം തുറക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്. അടിമാലിയിൽ നിന്ന് പൂപ്പാറ ഗ്രാപ് റോഡ് വഴിയും അടിമാലി– മൂന്നാർ റോഡ് വഴിയും അടിമാലി– കല്ലാർ– മാങ്കുളം– മൂന്നാർ റോഡ് വഴിയും മൂന്നാറിലെത്താം. മൂന്നുവഴികളും കാഴ്ചകളുടെ സ്വർഗം തുറക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്. അടിമാലിയിൽ നിന്ന് പൂപ്പാറ ഗ്യാപ് റോഡ് വഴിയും അടിമാലി– മൂന്നാർ റോഡ് വഴിയും അടിമാലി– കല്ലാർ– മാങ്കുളം– മൂന്നാർ റോഡ് വഴിയും മൂന്നാറിലെത്താം. മൂന്നുവഴികളും കാഴ്ചകളുടെ സ്വർഗം തുറക്കും

∙ ഗ്യാപ് റോഡ് വഴി മൂന്നാറിലേക്ക്

ADVERTISEMENT

തുടക്കം മുതൽ ഒടുക്കം വരെ അവസാനിക്കാത്ത മനോഹര കാഴ്ചകളാണു കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ട് മുതൽ മൂന്നാർ വരെയുള്ള 41.78 കിലോമീറ്റർ റോഡിലുള്ളത്. അടിമാലിയിൽ നിന്നും ഏലക്കാടുകളും ഗ്രാമീണ റോഡുകളും കടന്ന് പൂപ്പാറയെത്തിയാൽ ഗ്യാപ് റോഡിലേക്ക് കയറാം. അരിക്കൊമ്പനെ പിടിച്ചുകെട്ടിക്കൊണ്ടുപോയ വഴി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് ഗ്യാപ് റോഡിന്റെ പെരുമ ചർച്ചയായത്. തേയിലക്കാടുകൾക്കിടയിലൂടെ നീണ്ടുകിടക്കുന്ന റോഡ് കേരളത്തിലെതന്നെ ഏറ്റവും മികച്ച യാത്രാനുഭവം നൽകുന്ന റോഡാണ്.

പൂപ്പാറയിൽ നിന്ന് പെരിയകനാലിലേക്കുള്ള വഴിമധ്യേ ആനയിറങ്കൽ ജലാശയം കാണാം. പെരിയകനാലിനും പൂപ്പാറയ്ക്കും ഇടയിലാണ് ആനയിറങ്കൽ ജലാശയവും ജലാശയത്തിന്റെ ചുറ്റുമുള്ള വനമേഖലയും. പൂപ്പാറ പിന്നിട്ടാൽ പിന്നെയും കുറച്ചു ഭാഗം കൂടി തേയിലക്കുന്നുകളുടെ സൗന്ദര്യം നുകരാൻ കഴിയും. ഏലത്തോട്ടങ്ങൾ പിന്നിട്ട് തോണ്ടിമലയിൽ എത്തിയാൽ അവിടെയും ആനയിറങ്കൽ ജലാശയത്തിന്റെ വിദൂരദൃശ്യം കാണാൻ കഴിയുന്ന ഒന്നിലധികം വ്യൂപോയിന്റുകൾ ഉണ്ട്. പെരിയകനാൽ വെള്ളച്ചാട്ടവും മൂന്നാറെത്താറാകുമ്പോഴുള്ള സിഗ്നൽ പോയിന്റും വാഹനം നിർത്തി പുറത്തിറങ്ങി കാണേണ്ട സ്ഥലങ്ങളാണ്. 

∙ മാങ്കുളം വഴിയും അടിമാലി വഴിയും മൂന്നാറിലേക്ക്

സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട മറ്റൊരു റോഡാണ് മാങ്കുളം– ലക്ഷ്മി– മൂന്നാർ. മാങ്കുളത്തുനിന്നു 25 കിലോമീറ്ററാണ് ഇതുവഴി മൂന്നാറിലേക്കുള്ളത്. വിരിപാറ വെള്ളച്ചാട്ടം, ലക്ഷ്മിക്ക് സമീപമുള്ള വ്യൂ പോയിന്റ് എന്നിവ മുഖ്യ ആകർഷണങ്ങളാണ്. എന്നാൽ, റോഡ് തകർന്നു കിടക്കുന്നതു സഞ്ചാരികളുടെയും യാത്രക്കാരുടെയും ദുരിതം വർധിക്കാൻ കാരണമായിട്ടുണ്ട്. എങ്കിലും മൂന്നാറിന്റെ യഥാർഥ സൗന്ദര്യം കാണണമെങ്കിലും ഒരിക്കലെങ്കിലും ഈ വഴി പോയിവരണം.

കുമളി–മൂന്നാർ പാതയിൽ ആനയിറങ്കൽ ഡാമിന് സമീപത്തു നിന്നുള്ള ദൃശ്യം. (ചിത്രം∙മനോരമ)
ADVERTISEMENT

ഏറ്റവും അധികം ആളുകൾ മൂന്നാർ പോയിവരുന്നത് അടിമാലി വഴിയാണ്. കല്ലാർ വെള്ളച്ചാട്ടവും വ്യൂപോയിന്റും ചെക്ഡാമുകളും തേയിലത്തോട്ടങ്ങളും ഫോട്ടോപോയിന്റും ചോക്ലേറ്റ് ഫാക്ടറികളും ഗാർഡൻ വിസിറ്റുകളും മ‍ഞ്ഞുമൂടിയ ഏലത്തോട്ടങ്ങളുമെല്ലാം ഈ വഴിയിലെ കാഴ്ചകളാണ്. കൂടാതെ സിപ് ലൈൻ പോലുള്ള സാഹസിക പരിപാടികളും വഴിമധ്യേ ഉണ്ട്. നല്ല രസികൻ ചായയും ചെറുകടികളും ലഭിക്കുന്ന കുഞ്ഞുകടകളും ശുചിമുറി സൗകര്യങ്ങളുമായി ടേക് എ ബ്രേക്ക് കേന്ദ്രങ്ങളും വഴിനീളെ ഉണ്ട്.

∙ സീറോ ഡിഗ്രി ടൗൺ

മൂന്നാറിൽ അതിശൈത്യം ആരംഭിച്ച് താപനില പൂജ്യത്തിലെത്തിയത് ജനുവരി പകുതിയോടെയാണ്. ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകു മുടി എന്നിവിടങ്ങളിലാണ് താപനില പൂജ്യത്തിലെത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. മൂന്നാർ ടൗൺ, നല്ല തണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസും ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. താപനില പൂജ്യത്തിലെത്തിയതിനെ തുടർന്ന് ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകു മുടി എന്നിവിടങ്ങളിലെ പുൽമേടുകളിൽ രാവിലെ വെള്ളം തണുത്തുറഞ്ഞ് മ‍ഞ്ഞ് രൂപപ്പെട്ട നിലയിലായിരുന്നു.

മഞ്ഞു പുതച്ച മൂന്നാർ. (ഫയൽ ചിത്രം: മനോരമ)

സാധാരണ മൂന്നാറിൽ ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന ശൈത്യകാലം ഇത്തവണ ഏറെ വൈകി ജനുവരി പാതിയോടെയാണ് ആരംഭിച്ചത്. മൂന്നാർ കാണാൻ പോകുന്നവർ പലപ്പോഴും മൂന്നാർ പട്ടണവും രാജമലയും മാട്ടുപ്പെട്ടിയും ചുറ്റിക്കണ്ടു യാത്ര അവസാനിപ്പിക്കുകയാണ്. എന്നാൽ, ഈ സ്ഥലങ്ങൾ മാത്രമല്ല മൂന്നാർ. ദേവികുളം, വട്ടവട, സൂര്യനെല്ലി, ടോപ് സ്റ്റേഷൻ, പള്ളിവാസൽ, ചിന്നക്കനാൽ...അങ്ങനെ മൂന്നാറിനു ചുറ്റുപാടും മനോഹരമായ സ്ഥലങ്ങളുണ്ട്. ഇവിടെയൊക്കെയാണ് മൂന്നാർ പട്ടണത്തെക്കാൾ തണുപ്പുമുള്ളത്. കിടുകിടാ വിറച്ചുപോകും. അത്രയും തണുപ്പ്. പ്രകൃതിസൗന്ദര്യത്തിന്റെ കാര്യം പറയാനുമില്ല. മൂന്നാറിലെ പല വിദൂര എസ്റ്റേറ്റുകളിലും സഞ്ചാരികൾക്കു താമസസൗകര്യം ഒരുക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവുകളുണ്ട്. ഇവിടെയാണ് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴാറുള്ളത്.

ADVERTISEMENT

∙ കോൾഡ് ഹിസ്റ്ററി

ഒരു സ്കോട്ടിഷ് പട്ടണത്തിന്റെ കൊച്ചു പതിപ്പാണ് ഇന്നും മൂന്നാർ. പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടി മുതിരപ്പുഴയാർ ഒഴുകുന്നു. ചരിത്രത്തിന്റെ ഏടുകളിൽ മൂന്നാറിനു നിരത്താൻ അഭിമാനകരമായ ഏടുകൾ ഏറെയുണ്ട്. 135 വർഷം മുൻപു ബ്രിട്ടിഷുകാരെ മോഹിപ്പിച്ച ആ സൗന്ദര്യം പിന്നെയും പതിറ്റാണ്ടുകൾ‌ക്കു ശേഷമാണു പുറംലോകം അറിഞ്ഞതും അതുവഴി ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമായി മൂന്നാർ മാറിയതും. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ.

മഞ്ഞ് മൂടിയ മൂന്നാർ താഴ്‌വരയിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്ന സഞ്ചാരികൾ. (ഫയൽ ചിത്രം: മനോരമ)

ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്. അതേ സമയം ബ്രിട്ടിഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചത്. പഴയ മൂന്നാറിലുള്ള സിഎസ്ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടിഷ് ഭരണ കാലത്താണ് നിർമിച്ചത്. ഈ സെമിത്തേരിയുടെ ഏറ്റവും മുകളിലാണ് എലെയ്നർ ഇസബെൽ മെയ് എന്ന ബ്രിട്ടിഷുകാരിയുടെ കല്ലറ. പ്രകൃതിയും കാലാവസ്ഥയും ഒരുക്കിയ വശ്യസൗന്ദര്യം മാത്രമല്ല മൂന്നാറിന്റെ ആകർഷണം. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയ പശ്ചിമഘട്ട മലനിരകൾ സമ്മാനിക്കുന്ന നീലക്കുറിഞ്ഞിയും വരയാടുകളും പോലുള്ള അപൂർവതകളൊക്കെ മൂന്നാറിന്റെ സ്വന്തമാണ്.

മൂന്നാർ പട്ടണത്തിൽനിന്നു 35 കിലോമീറ്റർ ദൂരെ ടോപ് സ്റ്റേഷൻ വരെ മലകളെ ചുറ്റി തീവണ്ടിച്ചക്രങ്ങൾ ഉരുണ്ടുതുടങ്ങിയത് 1908ൽ ആയിരുന്നു. ബുക്കാനനും ഹൈറേഞ്ചറും ആനമുടിയും കുണ്ടളയുമായിരുന്നു അന്നു വിറകും കൽക്കരിയും ഭക്ഷിച്ച് കിതച്ചും തീ തുപ്പിയും മല കയറിയിരുന്ന തീവണ്ടികൾ. ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ടോപ് സ്റ്റേഷനു സമീപമുണ്ട്. ഇന്നു മൂന്നാർ ടൗണിൽ കണ്ണൻ ദേവൻ കമ്പനിയുടെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം ഒരിക്കൽ റെയിൽവേ സ്റ്റേഷനായിരുന്നു. പഴമക്കാർ മഹാപ്രളയം എന്നു വിശേഷിപ്പിക്കുന്ന 99(1924)ലെ വെള്ളപ്പൊക്കം മൂന്നാറിലെ റെയിൽവേ പാളങ്ങളെയും പാലങ്ങളെയുമെല്ലാം തകർത്തെറിഞ്ഞതും ചരിത്രം.

മൂന്നാർ ടീ എസ്റ്റേറ്റിൽ തേയില നുള്ളുന്ന തൊഴിലാളികൾ. (ചിത്രം∙മനോരമ)

തേയിലത്തോട്ടങ്ങളിൽ ബ്രിട്ടിഷുകാർ ഇലക്ട്രോണിക് മാഗ്നറ്റിക് സംവിധാനത്തിലൂടെ 1908ൽ സ്ഥാപിച്ച വാർത്താവിനിമയ സംവിധാനം രാജ്യത്തിനാകെ മാതൃകയായിരുന്നു. രാജ്യത്തു മഹാഭൂരിപക്ഷം പ്രദേശങ്ങളിലും വൈദ്യുതി എത്താതിരുന്ന കാലത്ത് കേരളത്തിലെ വീടുകളിൽ 77 വർഷം മുൻപു വൈദ്യുതി എന്ന അദ്ഭുത പ്രതിഭാസം കടന്നെത്താൻ കാരണമായ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയും മൂന്നാറിന്റെ ചരിത്രവിശേഷങ്ങളിലൊന്നാണ്.

∙ പാമ്പാടുംചോലയിലെ വനയാത്ര

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് 1.318 ചതുരശ്ര കിലോമീറ്റർ മാത്രം വനപ്രദേശമുള്ള പാമ്പാടുംചോല നാഷനൽ പാർക്ക്. സംസ്‌ഥാനത്ത് ഏറ്റവും ഒടുവിലായി രൂപീകൃതമായ ദേശീയോദ്യാനങ്ങളിൽ ഒന്നും ഇതുതന്നെയാണ്. പാമ്പാടും മല എന്ന കൂറ്റൻ മല ഇവിടെയുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടാണ് ദേശീയോദ്യാനത്തിന് ഇത്തരമൊരു പേരു ലഭിച്ചത്. പാമ്പാടുംചോല ദേശീയോദ്യാനത്തിലെ ഏറ്റവും ഉയർന്ന മലയാണിത്. ഇതു കൂടാതെ ഒട്ടേറെ മലകൾ അംബരചുംബികളായി ആദിത്യകിരണങ്ങൾ നിത്യവും ഏറ്റുവാങ്ങുന്നു. ചോലക്കുറിഞ്ഞി എന്നൊരു ചെടി ഇവിടെ കാണപ്പെടുന്നുണ്ട്. അഞ്ച്, ഏഴ് വർഷം കൂടുമ്പോൾ ഇതു പൂക്കാറുണ്ട്.

കാട്ടിനുള്ളിലൂടെയുള്ള യാത്ര. യാത്രയിൽ പകർത്തിയ ജീവികളുടെ ചിത്രങ്ങളും കാണാം. (ചിത്രം∙റെജു അർനോൾഡ്.മനോരമ)

അപൂർവങ്ങളിൽ അത്യപൂർവമായ നീലഗിരി മാർട്ടിൻ(മരനായ) വസിക്കുന്ന കാടാണിത്. പാമ്പാടുംചോല നാഷനൽ പാർക്കിലെ മിക്ക ഭാഗത്തും മഴക്കാടുകളാണ്. എന്നാൽ ഇലകൊഴിയും ഈർപ്പവനത്തിലെ വൃക്ഷങ്ങളും പുൽമേടും ഇടയ്‌ക്കു കാണുന്നുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1000 മുതൽ 1700 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളാണിവ. പഴയകാലത്തെ ഒരു റോഡ് പാമ്പാടുംചോല നാഷനൽ പാർക്ക് വഴി കടന്നു പോകുന്നുണ്ട്. ഇതു പണ്ടുകാലത്ത് ഇംഗ്ലിഷുകാർ നിർമിച്ചതാണത്രെ. ഇപ്പോൾ വനം വകുപ്പു മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ദേശീയോദ്യാനത്തിലേക്കു കടക്കുന്നത് ഈ വഴിയിലൂടെയാണ്. ഇതുവഴി നടന്ന് വനം കാണാവുന്നതാണ്.

ഒരു കുന്നിൽ താമസത്തിനുള്ള കുടിൽ തയാറാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് ഇതിൽ തങ്ങാൻ കഴിയും. ആന കയറാതിരിക്കാൻ വലിയ കുഴി ചുറ്റും നിർമിച്ചിട്ടുണ്ട്. മുൻവശത്ത് അൽപം താഴെയായി ചതുപ്പു നിലമുണ്ട്. ഒപ്പം ചെറിയ തടാകവും. ഇവിടെ കാട്ടുപോത്തും ആനയും മറ്റും വെള്ളം കുടിക്കാൻ വരാറുണ്ട്. അടുത്തുള്ള വൃക്ഷങ്ങളിൽ കരിങ്കുരങ്ങും മലയണ്ണാനും ചാടിക്കളിക്കുന്നതും മുന്നിലൂടെ കാട്ടുമുയൽ പായുന്നതുമായ അത്യപൂർവവും നയനാനന്ദകരവുമായ കാഴ്‌ച ഇവിടെയിരുന്നാൽ കൺകുളിർക്കെ കാണാം. അൽപം മാറി ചെറിയൊരു തടാകമുണ്ട്. ഇവിടെയും മൃഗങ്ങൾ എത്താറുണ്ട്. കരിങ്കുരങ്ങും മലയണ്ണാനും ഇവിടെ ധാരാളമായി വരാറുണ്ട്.

ഈ വഴിയേ: മൂന്നാറാണ് ഈ ദേശീയോദ്യാനത്തിലെ അടുത്ത പട്ടണം. മൂന്നാറിൽനിന്ന് ഏതാണ്ട് 35 കിലോമീറ്റർ.  മാട്ടുപ്പെട്ടി - കുണ്ടള - ടോപ്പ് സ്‌റ്റേഷൻ വഴി. ടോപ്പ് സ്‌റ്റേഷന്റെ അടുത്തെത്തുമ്പോൾ വനത്തിന്റെ ആരംഭമാകും. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. ഇരവികുളം നാഷനൽ പാർക്കിന്റെ കീഴിലാണ്.

∙ കൊയ്യാമലയിലെ കാറ്റ് കൊണ്ടിട്ടുണ്ടോ?

കോടമഞ്ഞും തണുത്ത കാറ്റും പ്രകൃതി ഭംഗിയും കൊണ്ട് സഞ്ചാരികളുടെ മനം നിറയ്ക്കുന്ന ഇടമാണ് മൂന്നാറിൽ നിന്നും 24 കിലോമീറ്റർ ദൂരത്തുള്ള അധികമാരും അറിയാത്ത കൊയ്യാമല. തെന്മല എസ്റ്റേറ്റിൽ നിന്നും 3 കിലോമീറ്റർ വനപാതയിലൂടെ കുത്തനെയുള്ള കയറ്റം കയറി വേണം കൊയ്യാമലയിലെത്താൻ. പ്രദേശത്ത് വിവിധ തരത്തിലുള്ള ഒട്ടേറെ പേരമരങ്ങൾ (കൊയ്യാ മരം) നിൽക്കുന്നതിനാലാണ് പ്രദേശത്തിന് കൊയ്യാമല എന്ന പേര് ലഭിക്കാൻ കാരണം. ടൂറിസം സാധ്യത മുന്നിൽ കണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ വനം വകുപ്പ് ഇവിടെ വാച്ച് ടവർ സ്ഥാപിച്ചിരുന്നു.

കൊളുക്കുമലയിൽ മഞ്ഞുവീഴുന്ന കാഴ്ച (ചിത്രം∙മനോരമ)

വാച്ച് ടവറിൽ നിന്നും തമിഴ് നാട്ടിലെ വിവിധ പ്രദേശങ്ങൾ, കൊലുക്കുമല, ചെണ്ടുവര, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ കാണാൻ കഴിയും. പ്രദേശത്തിന്റെ ടൂറിസം വികസനത്തിനായി രൂപീകരിച്ച വനം സംരക്ഷണ സമിതിയിലെ (വിഎസ്എസ്) അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള തർക്കം തുടരുന്നതിനാൽ ഇവിടേക്ക് സഞ്ചാരികൾ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേയില തോട്ടം വഴി നിലവിൽ സ്വകാര്യ വാഹനങ്ങൾക്കും പ്രവേശനമില്ല.

വഴി : മൂന്നാറിൽ നിന്നും മറയൂർ റൂട്ടിൽ എട്ടാം മൈൽ വഴി തെന്മലയിലെത്താം. അവിടെ നിന്നും 3 കിലോമീറ്റർ നടന്നു വേണം കൊയ്യാമലയെത്താൻ.

∙ മൂന്നാറിന്റെ സൈലന്റ്‌വാലി

പാലക്കാട് മാത്രമല്ല ഇങ്ങ് ഇടുക്കിയിലുമുണ്ടൊരു സൈലന്റ്‌വാലി. അതും രാജ്യാന്തര വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിന്റെ മടിത്തട്ടിൽ. മഞ്ഞ് പൊഴിയുന്ന മീശപ്പുലിമലയുടെ കാൽച്ചുവട്ടിലാണ് നിശബ്ദ താഴ്‌വരയായ സൈലന്റ്‌വാലി. മൂന്നാറിൽ നിന്നു 16 കിലോമീറ്റർ ദൂരെ കണ്ണൻ ദേവൻ കമ്പനിയുടെ തേയിലത്തോട്ടങ്ങളിലൊന്നായ സൈലന്റ്‌വാലി ആ പേരിനെ അന്വർഥമാക്കുവിധം നിശബ്ദമാണ്. തമിഴ് പേശുന്ന തോട്ടം തൊഴിലാളി സ്ത്രീകളുടെ വായ് നിറച്ചുള്ള വർത്തമാനങ്ങളും മഞ്ഞുകാല കിളികളുടെ കളകളാരവങ്ങളും മാത്രമാണ് സൈലന്റ്‌വാലിയുടെ നിശബ്ദത ഭേദിക്കുന്ന വേറിട്ട ശബ്ദങ്ങൾ.‌

മഞ്ഞ് തുള്ളികൾ മൂടിയ ഇല. മൂന്നാറിൽ നിന്നുള്ള കാഴ്ച. (ചിത്രം∙മനോരമ)

മലർത്തി വച്ച കുട്ടയുടെ ആകൃതിയിൽ മൂന്നു മലകളുടെ മധ്യത്തിലെ താഴ്‌വരയായ സൈലന്റ്‌വാലിക്ക് ആ പേര് നൽകിയത് ഇവിടെ തേയിലത്തോട്ടങ്ങൾ സ്ഥാപിച്ച ബ്രിട്ടിഷുകാരാണ്. അന്നു കാട് തെളിച്ച് തോട്ടങ്ങൾ സ്ഥാപിക്കുമ്പോൾ അതോടൊപ്പം തേയില ഫാക്ടറിയും സ്ഥാപിച്ചിരുന്നു. എന്നാൽ സൈലന്റ്‌വാലിയിൽ ഫാക്ടറി ഇല്ലാതിരുന്നത് മൂലം അതിന്റെ ശബ്ദകോലാഹലങ്ങൾ ഇല്ലാതിരുന്നതാണ് ആ പേരിന് കാരണം. തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല, ഗൂഡാർവിള, ദേവികുളം എന്നിവയുടെ മധ്യത്തിലാണ് സൈലന്റ്‌വാലിയുടെ സ്ഥാനം. മീശപ്പുലിമലയിലേക്ക് പോകുന്നത് സൈലന്റ്‌വാലി വഴിയാണ്.

∙ ദേവികുളം സീതാദേവി തടാകം

ഐതിഹ്യപ്പെരുമയിൽ അഭൗമസൗന്ദര്യവുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് സീതാതടാകവും സീതമലയും. ഒരായിരം കഥകളുറങ്ങുന്ന സീതാതടാകം ദേവികുളം  ഗ്യാപ്പ് റോഡിൽനിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള തേയിലമലനിരകളിലെ ശുദ്ധജലതടാകമാണ്. രാമലക്ഷ്‌മണൻമാരോടൊത്തു സീത കാനനവാസം നടത്തിയപ്പോൾ നീരാടിയിരുന്ന കുളമാണിതെന്നാണു വിശ്വാസം. പ്രദേശവാസികളിൽ ചിലർ സീതയുടെ ജന്മസ്‌ഥലം ഈ തടാകവും സമീപത്തെ സീതാമലയുമാണെന്നു കരുതുന്നു. സീതാമലയിൽ ഉരൽരൂപത്തിലുള്ള ഒരു വലിയ പാറയുണ്ട്. ഇതിനോടു ചേർന്ന് ആരും നടാതെതന്നെ സമൃദ്ധമായി വളരുന്ന കാട്ടുമഞ്ഞൾ ഇപ്പോഴുമുണ്ട്. തടാകത്തിൽ നീരാടും മുൻപ് സീതയുടെ ദേഹത്തു തോഴിമാർ ഈ ഉരലിൽ മഞ്ഞൾ അരച്ചു പൂശിയിരുന്നത്രേ.

ദേവികുളത്തു നിന്നുള്ള ദൃശ്യം

സീത നീരാടിയിരുന്ന തടാകത്തോടു ചേർന്നു ചുവന്ന നിറത്തിലുള്ള പാറയുണ്ട്. സീത വെറ്റില ചവച്ചു തുപ്പിയതുകൊണ്ടാണ് ഈ പാറയ്‌ക്കു ചുവപ്പുനിറം വന്നതെന്നു നാട്ടുകാർ. വെറ്റിലതിന്നാംപാറ എന്നാണ് ഈ സ്‌ഥലത്തിന്റെ പേര്. സീതാതടാകത്തോടു ചേർന്നു സീതാദേവിയുടെ പ്രതിഷ്‌ഠയുള്ള പുരാതന ക്ഷേത്രമുണ്ട്. ജില്ലയിലെ ഏക സീതാക്ഷേത്രമാണിത്. മൂന്നാറിൽനിന്നു പതിനൊന്നു കിലോമീറ്റർ അകലെയാണ് ഹരിതഭംഗിയിൽ കുളിച്ചുനിൽക്കുന്ന ഈ പ്രദേശം. സീതാതടാകത്തിലേക്കു പോകുന്ന വഴി, തടാകത്തിനു മുമ്പിലായി നാലു കിലോമീറ്റർ ദൂരം പരന്നുകിടക്കുന്ന പച്ചപ്പുൽത്തകിടിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈൻമരക്കാടുകളും നിറഞ്ഞതാണ്. ഒട്ടേറെ മലയാളം, തമിഴ് സിനിമകളുടെ ലൊക്കേഷനായിട്ടുള്ള സീതാതടാകത്തിന്റെ കരയിലാണ് ത്രീ ഡോട്ട്‌സ്, ഓർഡിനറി തുടങ്ങിയ സിനികളുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. സീതാദേവി നീരാടിയിരുന്ന കുളവുമായി ബന്ധപ്പെട്ടാണു ദേവികുളമെന്ന പേരു വന്നതെന്നും പഴമക്കാർ പറയുന്നു.

ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിനു സമീപത്തെ മലനിരകളിൽ പൂത്തു നിൽക്കുന്ന പുള്ളിക്കാശിതുമ്പ.

കാണാതെ പോകരുത് ഈ കാഴ്ചകൾ

∙ ചീയപ്പാറ വെള്ളച്ചാട്ടം

നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാർ റോഡിലൂടെ താഴേക്ക് ഒഴുകുന്നു. റോഡരികിൽ നിന്നു കണ്ടാസ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാർ യാത്രയിൽ ആദ്യത്തെ ഡെസ്റ്റിനേഷനാണ്.

ചീയപ്പാറ വെള്ളച്ചാട്ടം. (Phoito credit: Instagram/ the_earth_travellers01)

∙ രാജമല

ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീലക്കുറിഞ്ഞി പൂക്കുന്ന രാജമല. വരയാടുകളുടെ വാസസ്ഥാനമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തു നിന്ന് 4 കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ 10 ഹെയർപിൻ വളവുകൾ. രാജമലയുടെ അടിവാരത്തേക്കു മൂന്നാറിൽ നിന്ന് 14 കിലോമീറ്റർ. പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. വരയാടുകളുടെ പ്രജനന കാലം ആരംഭിച്ചതിനാൽ ഫെബ്രുവരി മാസത്തിൽ ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

മൂന്നാർ രാജമലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെ വരയാട്. (ചിത്രം∙മനോരമ)

∙ ചിന്നക്കനാൽ

തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ദേവികുളം വഴി ചിന്നാർ യാത്ര രസകരമായ റോഡ് ട്രിപ്പാണ്. ആനയിറങ്കൽ അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. വ്യൂപോയിന്റാണ് ചിന്നക്കനാലിലെ മറ്റൊരു ഡെസ്റ്റിനേഷൻ.

∙ മാട്ടുപ്പെട്ടി അണക്കെട്ട്

മൂന്നാർ സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപെട്ടി അണക്കെട്ട്. താഴ്‍വരയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താൻ അണക്കെട്ടിനു സമീപത്ത് ഇക്കോ പോയിന്റുണ്ട്. മൂന്നാറിൽ നിന്നു 15 കിലോമീറ്റർ.

∙ കുണ്ടള അണക്കെട്ട്

ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കൾ വിടരുന്ന പൂന്തോട്ടമുണ്ട്.

∙ ടോപ് സ്റ്റേഷൻ

മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ കണ്ടാസ്വദിക്കാവുന്ന സ്ഥലമാണു ടോപ് സ്റ്റേഷൻ. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷൻ. തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷനിൽ സഞ്ചാരികളെ സ്വീകരിക്കാൻ ഒരു റസ്റ്ററന്റുണ്ട്. മൂന്നാറിൽ നിന്നു 36 കിലോമീറ്റർ. അകലെയാണ് ടോപ് സ്റ്റേഷൻ (മൂന്നാർ കൊടൈക്കനാൽ റോഡ്).

ഓൾഡ് മൂന്നാറിൽ തണുപ്പ് ആസ്വദി്ക്കുന്ന സഞ്ചാരികൾ. (ചിത്രം∙മനോരമ)

∙ സ്പൈസസ് ഗാർഡൻ

സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും പറുദീസയാണ് മൂന്നാറിലെ മലനിരകൾ. സുഗന്ധവ്യഞ്ജന തോട്ടം സന്ദർശിക്കുക എന്നത് മൂന്നാറിൽ എത്തുന്നവർക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. തോട്ടങ്ങൾക്കെല്ലാം തന്നെ വിശ്വാസയോഗ്യമായ മരുന്നുകളുടെ വിൽപനശാലകളുമുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന യാത്രയെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാം

∙ ബൊട്ടാണിക്കൽ ഉദ്യാനം

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവക്കാഴ്ചയൊരുക്കുന്നതാണ് മൂന്നാറിൽ ടൂറിസം വകുപ്പിന്റെ ബൊട്ടാണിക്കൽ ഉദ്യാനം. ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാറി മൂന്നാർ–ദേവികുളം റോഡിൽ കുണ്ടളയാറിന്റെ തീരത്ത് 14 ഏക്കറിലാണ് ഉദ്യാനം ഒരുക്കിയത്. പശ്ചിമഘട്ട മലനിരകളിലെ തനതു സസ്യങ്ങളും ചെടികളും ഉൾപ്പെടെ 150 ഇനം വ്യത്യസ്ത പൂച്ചെടികൾ ഉൾപ്പെടുന്ന പൂന്തോട്ടം, കുട്ടികൾക്കു കളിസ്ഥലം, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ശുചിമുറികൾ, ലഘുഭക്ഷണ ശാലകൾ, ലാൻഡ് സ്കേപിങ് എന്നിവ ഉദ്യാനത്തിലുണ്ട്.  പ്രവേശനഫീസ്: മുതിർന്നവർക്ക്– 20 രൂപ, 12 വയസ്സിനു താഴെ– 10 രൂപ.

മൂന്നാർ വട്ടവടയിലെ പച്ചക്കറിത്തോട്ടങ്ങളുടെ ദൃശ്യം. (ചിത്രം∙മനോരമ)

∙ പഴയ മൂന്നാറിലെ ഹൈഡൽ പാർക്ക്

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ വിനോദ പരിപാടികളൊരുക്കി കാത്തിരിക്കുകയാണ് പഴയ മൂന്നാറിലെ ഹൈഡൽ പാർക്ക്. വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പഴയ മൂന്നാറിലെ എട്ട് ഏക്കർ സ്ഥലത്തെ പൂന്തോട്ടവും വിശ്രമകേന്ദ്രവും നടപ്പാതകളുമായിരുന്നു ഇതുവരെയുള്ള പാർക്കിലെ ആകർഷണങ്ങൾ. എന്നാൽ കുട്ടികൾക്ക് കളിക്കുന്നതിനുൾപ്പെടെയുള്ള 14 പുതിയ ഇനം റൈഡുകളാണ് പാർക്കിൽ പുതുതായി സജ്ജമാക്കിയിരിക്കുന്നത്. എട്ട് ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്ന പാർക്കിൽ വിദേശ ഇനങ്ങളും പ്രാദേശിക ഇനങ്ങളും ഉൾപ്പെടെ നൂറിലധികം തരത്തിലുള്ള പൂക്കൾ വിരിയുന്ന ചെടികളും പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളുമുണ്ട്.

∙ ടാറ്റാ ടീ മ്യൂസിയം

കണ്ണൻദേവൻ മലകളിലെ 135 വർഷത്തെ ചരിത്രം നേർക്കാഴ്‌ചയായി സന്ദർശകർക്കു മുന്നിൽ തുറക്കും മൂന്നാറിലെ തേയില മ്യൂസിയം. 2004ൽ ആണ് ചായക്കപ്പിലെ അത്ഭുതത്തിന്റെ പിന്നാമ്പുറ യാഥാർഥ്യങ്ങൾ പുതുതലമുറയ്‌ക്കുകൂടി കണ്ടറിയാൻ തേയില വ്യവസായ രംഗത്തെ അതികായരായ ടാറ്റാ ടീ മൂന്നാറിൽ മ്യൂസിയം സ്‌ഥാപിച്ചത്. ഇന്ത്യയിൽ ആദ്യമായി തേയില എത്തിയത് 1780ലാണെങ്കിലും കണ്ണൻ ദേവൻ കുന്നുകളിൽ തേയില കൃഷിയാരംഭിച്ചത് 1878ലാണ്. ഈ കുന്നുകളുടെ അന്നു മുതലുള്ള ചരിത്രമാണ് തേയില മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.

മൂന്നാറിലെ ടീ എസ്റ്റേറ്റ് നടന്നു കാണുന്ന സഞ്ചാരികൾ. (ചിത്രം∙മനോരമ)

1908 മുതൽ 1924 വരെ കണ്ണൻ ദേവൻ മലമടക്കുകളിലൂടെ ചൂളം വിളിച്ചും കിതച്ചും ഇഴഞ്ഞും നീങ്ങിയിരുന്ന തീവണ്ടികളുടെ ചരിത്രം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അന്നത്തെ തീവണ്ടി ചക്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും പുതു തലമുറയ്‌ക്കു മുന്നിൽ തുറക്കുന്നു. 1924ലെ മഹാ പ്രളയത്തിന്റെയും 1947ലെ സ്വാതന്ത്യ്ര ദിനാഘോഷങ്ങളുടെയും ഉൾപ്പെടെ നിരവധി പുരാതന ഫോട്ടോകളാണ് മ്യൂസിയത്തിലെ മറ്റൊരാകർഷണം. പച്ചപ്പട്ടുപോലെ പരന്നു കിടക്കുന്ന തേയിലക്കൊളുന്ത് കറുത്ത തേയിലയായി മാറുന്നതെങ്ങനെയെന്ന് മ്യൂസിയത്തിലെ മിനി ഫാക്‌ടറിയിലൂടെ കാഴ്‌ചക്കാർക്ക് നേരിട്ടു മനസ്സിലാക്കാം. 

English Summary:

The Ultimate Guide to Munnar's Winter Wonderland: Snow, Sights And Adventure!