കാലിലെ പെരുവിരലിൽ നൂലിൽ കെട്ടിയിട്ട അജ്ഞാതനെന്ന കുറിപ്പുമായിട്ടെത്തിയ 162 മൃതദേഹങ്ങൾ. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിലേക്കാണ് വാഹനങ്ങളിൽ 162 ശവശരീരങ്ങൾ എത്തിയത്. മണിക്കൂറുകൾക്ക് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിലെ ഇരകളായിരുന്നു അവർ. ആ അപകടം നടന്നില്ലായിരുന്നെങ്കിൽ ഈ 162 പേരുടെ യാത്ര ഇതുപോലെ മോർച്ചറിയിൽ അവസാനിക്കില്ലായിരുന്നു.

കാലിലെ പെരുവിരലിൽ നൂലിൽ കെട്ടിയിട്ട അജ്ഞാതനെന്ന കുറിപ്പുമായിട്ടെത്തിയ 162 മൃതദേഹങ്ങൾ. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിലേക്കാണ് വാഹനങ്ങളിൽ 162 ശവശരീരങ്ങൾ എത്തിയത്. മണിക്കൂറുകൾക്ക് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിലെ ഇരകളായിരുന്നു അവർ. ആ അപകടം നടന്നില്ലായിരുന്നെങ്കിൽ ഈ 162 പേരുടെ യാത്ര ഇതുപോലെ മോർച്ചറിയിൽ അവസാനിക്കില്ലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലിലെ പെരുവിരലിൽ നൂലിൽ കെട്ടിയിട്ട അജ്ഞാതനെന്ന കുറിപ്പുമായിട്ടെത്തിയ 162 മൃതദേഹങ്ങൾ. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിലേക്കാണ് വാഹനങ്ങളിൽ 162 ശവശരീരങ്ങൾ എത്തിയത്. മണിക്കൂറുകൾക്ക് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിലെ ഇരകളായിരുന്നു അവർ. ആ അപകടം നടന്നില്ലായിരുന്നെങ്കിൽ ഈ 162 പേരുടെ യാത്ര ഇതുപോലെ മോർച്ചറിയിൽ അവസാനിക്കില്ലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലിലെ പെരുവിരലിൽ നൂലിൽ കെട്ടിയിട്ട ‘അജ്ഞാതനെ’ന്ന  കുറിപ്പുമായിട്ടെത്തിയ 162 മൃതദേഹങ്ങൾ. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിലേക്കാണ് വാഹനങ്ങളിൽ 162  മൃതദേഹങ്ങൾ എത്തിയത്. മണിക്കൂറുകൾക്ക് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിലെ ഇരകളായിരുന്നു അവർ. ആ അപകടം നടന്നില്ലായിരുന്നെങ്കിൽ ഈ 162 പേരുടെ യാത്ര  ഇതുപോലെ മോർച്ചറിയിൽ അവസാനിക്കില്ലായിരുന്നു. 

ആയിരങ്ങളാണ് പിന്നീടുള്ള ദിവസങ്ങളിൽ മോർച്ചറിയിൽ അജ്ഞാതരായ മൃതശരീരങ്ങളുടെ സന്ദർശകരായി എത്തിയത്. പറഞ്ഞും പറയാതെയും തങ്ങളെ വിട്ട് യാത്ര പോയവരെ തിരഞ്ഞ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ. മോർച്ചറിയിൽ കൊണ്ടുവന്ന 162 പേരിൽ ചിലരൊക്കെ തേടിയെത്തിയവർക്കൊപ്പം ‘മടങ്ങി. 81 മൃതശരീരങ്ങളാണ് ആദ്യദിവസങ്ങളിൽ എയിംസ് ആശുപത്രിയുടെ മോർച്ചറിയിൽനിന്ന് വീണ്ടും യാത്ര പുറപ്പെട്ടത്.

ഒ‍ഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിന്റെ മുൻവശം (Photo by Dibyangshu SARKAR / AFP)
ADVERTISEMENT

അവശേഷിച്ചവരെ തേടിയെത്തിയവർക്ക് മറ്റൊരു പരീക്ഷയും അധികൃതർ കാത്തുവച്ചിരുന്നു. ഡിഎൻഎ പരിശോധന. ഇതിലൂടെയും മോർച്ചറിയിലെ ചിലരുടെയെങ്കിലും അജ്ഞാതനെന്ന എഴുത്ത് മേൽവിലാസംകൊണ്ട് ഉറ്റവർ തിരുത്തിയെഴുതിച്ചു. 53 മൃതദേഹങ്ങളാണ് ഡിഎൻഎ പരിശോധനയിലൂടെ ബന്ധുക്കൾ വീണ്ടെടുത്തത്. എന്നിട്ടും 28 മൃതദേഹങ്ങളെ തിരഞ്ഞ് ആരുമെത്തിയില്ല. 

2023 ജൂൺ 2 വൈകുന്നേരം 7: രാജ്യത്തെ ട്രെയിനപകടങ്ങളുടെ പട്ടികയിലേക്ക് കൊറമാണ്ഡൽ എക്‌സ്പ്രസ് ഓടിക്കയറി. നാല് മാസം പിന്നിടുമ്പോൾ വീണ്ടും അപകടത്തിന്റെ ഓർമ മനസ്സിലേക്ക് കൊണ്ടുവരുന്നത് അജ്ഞാതരായ 28 മൃതദേഹങ്ങളാണ്. ഭുവനേശ്വറിലെ എയിംസ് ആശുപത്രി മോർച്ചറിയിലെ ഡീപ് ഫ്രീസർ കണ്ടെയ്‌നറുകളിൽ നാല് മാസമായി ഉറങ്ങുന്ന അവർക്ക് ഒടുവിൽ മോചനം നൽകാൻ അധികാരികൾ തീരുമാനിച്ചു. ആരും തിരക്കിയെത്താത്ത 28 മൃതശരീരങ്ങൾ ഒക്ടോബർ 10ന് സംസ്കരിച്ചു. 

ഒ‍ഡീഷ ട്രെയിനപകടം, ഡ്രോണിൽ പകർത്തിയ ചിത്രം (Photo by REUTERS)

രാജ്യത്തെ ജീവനാഡികളായി ആയിരക്കണക്കിന് ട്രെയിനുകളാണ് ഓരോ നിമിഷവും യാത്ര പുറപ്പെടുന്നത്. ഇതിൽ ഒരു ട്രെയിനിൽ മാത്രം 4 മാസമെടുത്തിട്ടും കണ്ടെത്താനാവാത്ത ഇരുപത്തിയെട്ടോളം അജ്ഞാതരുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എന്തിനാവും അവർ ആ ട്രെയിനിൽ യാത്ര ചെയ്തത്? അജ്ഞാതരായി എയിംസ് മോർച്ചറിയിലെത്തിയ 162 പേരിൽ നിന്ന് 28 പേർ മാത്രം അവശേഷിച്ചത് എങ്ങനെയാണ്? അജ്ഞാത മൃതദേഹങ്ങൾ ഉറ്റവര്‍ക്ക് തിരികെ ഏൽപിക്കാൻ എന്തൊക്കെ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയത്? എന്നിട്ടും അവശേഷിച്ച 28 പേർ ആരായിരിക്കാം? ഈ ചോദ്യങ്ങൾക്കെല്ലാം ലഭ്യമായ വിവരങ്ങൾ ഇതാണ്. 

∙ കൊറമാണ്ഡൽ എക്സ്പ്രസ്, രാജ്യം നടുങ്ങിയ ദുരന്തം

ADVERTISEMENT

ഇന്ത്യയിൽ സമീപകാലത്ത് നടന്ന ട്രെയിൻ അപകടങ്ങളിൽ ഏറ്റവും വലിയ അപകടം, അതാണ് ഒഡീഷയിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ 2023 ജൂൺ 2നുണ്ടായത്. ഷാലിമാർ-ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്‌സ്‌പ്രസ് ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരുപാളത്തിലൂടെ എത്തിയ ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിലേക്കും കൊറമാണ്ഡൽ എക്സ്പ്രസിൽനിന്ന് പാളം തെറ്റിയ ബോഗികൾ ഇടിച്ചുകയറി. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 296 പേർ മരണപ്പെട്ടതായിട്ടാണ് ഔദ്യോഗിക സ്ഥിരീകരണം. 

സമീപകാലത്തെ ഏറ്റവും വലിയ ട്രെയിനപകടത്തിൽ രക്ഷാപ്രവര്‍ത്തനവും ഊർജിതമായിരുന്നു. ഇരുനൂറിലധികം ആംബുലൻസുകളിലാണ് ഡോക്ടർമാരും നഴ്സുമാരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ബോഗിക്കുള്ളിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. എന്നാൽ അപകടത്തിൽ 288 ഓളം പേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ ജീവൻ നഷ്ടമായി. ഒഡീഷ ഫയർ സർവീസസ് ഡയറക്ടർ ജനറൽ സുധാൻഷു സാരംഗിയാണ് ഈ വിവരം നൽകിയത്.

ഒ‍ഡീഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമീപം (Photo by PIB / AFP)

രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ അപകടസ്ഥലത്തിനടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ തൊട്ടടുത്ത ദിവസം ഉച്ചയോടെ ഇറങ്ങി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സ്ഥലത്ത് ക്യാംപ് ചെയ്താണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചത്. വിവിധ വകുപ്പുകളുടെ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി, പരുക്കേറ്റ 1175 ലധികം ആളുകൾക്ക് വൈദ്യസഹായം നൽകാനും അതുവഴി ജീവൻ രക്ഷിക്കാനും കഴിഞ്ഞു. 

∙ കണ്ടെത്തിയത് 288 മൃതശരീരങ്ങൾ, അജ്‍ഞാതർ 162

ADVERTISEMENT

ബഹനാഗ ബസാറിലെ ട്രെയിനപകം നടന്ന സ്ഥലത്തുനിന്ന രക്ഷാപ്രവർത്തകർ കണ്ടെടുത്ത 288 മൃതശരീരങ്ങൾ അപടക സ്ഥലത്തിന് തൊട്ടടുക്കുള്ള സർക്കാർ സ്കൂളിലേക്കാണ് ആദ്യം കൊണ്ടുപോയത്.  മൃതശരീരങ്ങൾ സ്കൂളിലേക്ക് ഇറക്കുന്ന കാഴ്ച മനസ്സുലയ്ക്കുന്നതായിരുന്നു. അപകടത്തിൽ തലയും കൈകാലുകളും നഷ്ടമായ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സൂക്ഷിക്കുന്നതിനുള്ള താൽക്കാലിക മോർച്ചറിയായി സ്കൂൾ മാറിയതോടെ അപകടത്തിൽ കാണാതായ ഉറ്റവരെ തേടി ബന്ധുക്കൾ ആദ്യമെത്തിയതും സ്കൂള്‍ വളപ്പിലേക്കായിരുന്നു.

ഒ‍ഡീഷ ട്രെയിനപകടത്തിൽ മരിച്ചവരുടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സമീപ സ്ഥലത്തെ വിദ്യാലയത്തിൽ എത്തിച്ചപ്പോൾ (Photo by Dibyangshu SARKAR / AFP)

ഇതേത്തുടർന്ന് അപകടമുണ്ടായി രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ സ്കൂൾ കെട്ടിടത്തിൽ സൂക്ഷിച്ചു.മരിച്ചവരെ തിരിച്ചറിഞ്ഞ ബന്ധുക്കൾ രേഖകള്‍ കൈമാറി മൃതദേഹങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ബന്ധുക്കൾ തിരിച്ചറിഞ്ഞ 55 മൃതദേഹങ്ങളാണ് അപകടമുണ്ടായി മണിക്കൂറുകൾക്കകം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടുകൊടുത്തത്. ഇതിനായി പ്രദേശത്ത് താൽക്കാലിക മോർച്ചറി സൗകര്യവും ഒരുക്കിയിരുന്നു. 

അപകടത്തിനു ശേഷം രണ്ട് ദിവസത്തോളം സ്കൂളിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 162 മൃതദേഹങ്ങളാണ് ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റാൻ  തീരുമാനമായത്. ഭുവനേശ്വറിലേക്ക് മാറ്റുന്ന അജ്ഞാത മൃതദേഹങ്ങൾ  42 മണിക്കൂർ കൂടി സൂക്ഷിക്കുമെന്നും അവകാശികളെത്തിയില്ലെങ്കിൽ സംസ്കരിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് കുമാർ ജെന പറഞ്ഞിരുന്നു.

ഒ‍ഡീഷ ട്രെയിനപകടത്തിൽ മരിച്ചവരുടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ആദ്യം സൂക്ഷിച്ച വിദ്യാലയത്തിൽ നിന്ന് മാറ്റുന്നു (Photo by Dibyangshu SARKAR / AFP)

എന്നാൽ ഈ 42 മണിക്കൂറാണ് പിന്നീട് നാലു മാസ കാലയളവിലേക്ക് നീണ്ടത്. എന്തുകൊണ്ടാവും അത്? ആരും അന്വേഷിച്ചെത്താത്ത അജ്ഞാത മൃതദേഹങ്ങളെ കുറിച്ചുള്ള ദുരൂഹതയും, ട്രെയിനപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള സിബിഐ അന്വേഷണവും ഇതിന് കാരണമായേക്കാം.

∙ പ്രേതഭയത്താൽ പൊളിച്ചടുക്കിയ വിദ്യാലയം

രാജ്യത്തെ പിടിച്ചുകുലുക്കിയ ട്രെയിനപകടം ഒഡീഷയിലെ 65 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടം തകർക്കാനും കാരണമായി. ട്രെയിനപകടത്തിലല്ല പ്രേതഭയത്താലാണ് വിദ്യാലയം പൊളിച്ചടുക്കിയത്. ‘‘ഞങ്ങളുടെ സ്കൂളിൽ ചിതറിക്കിടന്ന ആ മൃതദേഹങ്ങളുടെ ഭയാനകമായ കാഴ്ച മറക്കാൻ കഴിയില്ല’’ എന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. വിദ്യാർഥികൾ ഒന്നായി ഭയന്നുവിറച്ചതോടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടത്തിലേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ തയാറായില്ല. ഇതോടെ സർക്കാർ ഇടപെട്ട് ബഹാനാഗയിലെ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി. കെട്ടിടം പഴയതാണെന്നും സുരക്ഷിതമല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന സ്‌കൂളിന്റെ ഭാഗം മാത്രമാണ് പൊളിച്ചുമാറ്റിയത്. 

∙ ‘മേൽവിലാസം’ ലഭിച്ച അജ്ഞാതർ

തിരിച്ചറിയാനാവാത്ത 162 മൃതദേഹങ്ങളാണ് ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച  മോർച്ചറിയില്‍ സൂക്ഷിക്കാൻ കൊണ്ടുവന്നത്. ഒരാഴ്ചയായപ്പോൾ അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം 82 ആയി കുറഞ്ഞു. ഇന്ത്യൻ റെയിൽവേയും ഒഡീഷ സർക്കാരും സ്വീകരിച്ച നടപടികളാണ് അജ്ഞാത മൃതദേഹങ്ങളെ തേടി ഉടമകൾ എത്താൻ സഹായിച്ചത്.

ഒഡീഷയിലേക്ക് എത്തിയ ട്രെയിൻ യാത്രികരുടെ ബന്ധുക്കൾക്ക് താമസിക്കാനും ഭക്ഷണത്തിനുമുളള സൗകര്യം സർക്കാർ ഒരുക്കിയത് ഫലം കണ്ടു. ജൂൺ 8 ആയപ്പോഴേക്കും മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം 82 ആയത് അങ്ങനെയാണ്.

യാത്രക്കാരുടെ വിവരങ്ങൾ കണ്ടെത്തിയും, അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാനായി അയൽ സംസ്ഥാനങ്ങളായ ബിഹാർ, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ചുമാണ് ഒഡീഷ സർക്കാരും ഇന്ത്യൻ റെയിൽവേ അധികൃതരും ഇത് സാധ്യമാക്കിയത്. മികച്ച കൺട്രോൾ റൂം സജ്ജീകരിച്ചതും ഒഡീഷയിലേക്ക് എത്തിയ ട്രെയിൻ യാത്രികരുടെ ബന്ധുക്കൾക്ക് താമസിക്കാനും ഭക്ഷണത്തിനുമുളള സൗകര്യം ഒരുക്കിയതും ഫലം കണ്ടു. അങ്ങനെയാണ് ജൂൺ 8 ആയപ്പോഴേക്കും മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം 82 ആയത്. 

∙ കൂടുതൽ അവകാശികൾ, ഒപ്പം പരാതികളും

ട്രെയിനപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ വീതമാണ് ഇന്ത്യൻ റെയിൽവേ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽ പലതും അപകടത്തിൽ അംഗഭംഗം വന്ന നിലയിലും തിരിച്ചറിയാനാവാത്ത അവസ്ഥയിലുമായിരുന്നു. ഇതോടെ മൃതദേഹങ്ങളിൽ ഒന്നിലധികം കുടുംബങ്ങള്‍ അവകാശവാദം  ഉയർത്തുന്ന അവസ്ഥയുണ്ടായി. ഡിഎൻഎ പരിശോധനയിലൂടെ പരാതികൾക്ക് തീർപ്പ് കൽപ്പിക്കുവാനാണ് അധികൃതർ തീരുമാനിച്ചത്.

ഒ‍ഡീഷ ട്രെയിനപകടത്തിൽ കാണാതായവരുടെ വിവരങ്ങൾക്കായി തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഫോട്ടോകൾ പരിശോധിക്കുന്ന ബന്ധുക്കൾ (Photo by Swapan Mahapatra/PTI)

എന്നിട്ടും പരാതികള്‍ ഉണ്ടായി. അപകടത്തിൽ മരിച്ച മകന്റെ മൃതദേഹം ബിഹാറിലെ കുടുംബത്തിന് കൈമാറിയെന്ന പരാതിയാണ് ബംഗാളി സ്വദേശി ഉയർത്തിയത്. ഡിഎൻഎ റിപ്പോർട്ട് വരുന്നതിന് മുൻപ് മൃതദേഹം കൈമാറുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതേത്തുടർന്നാണ് രേഖകളുൾപ്പെടെ സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രം മൃതദേഹം വിട്ടുനൽകാൻ അധികൃതർ തീരുമാനിച്ചത്.

∙ മാസം 1, മോർച്ചറിയിൽ അജ്ഞാതർ 52

ജൂലൈ ആദ്യ ആഴ്ചയായപ്പോൾ ഭുവനേശ്വറിലെ ആശുപത്രിയിൽ തയാറാക്കിയ പ്രത്യേക മോർച്ചറിയിൽ  ഉറ്റവരെ കാത്തിരുന്ന മൃതദേഹങ്ങളുടെ എണ്ണം 52 ആയി കുറഞ്ഞു. ഡിഎൻഎ സാംപിൾ നൽകിയ ഒട്ടേറെയാളുകൾ ദിവസങ്ങളോളം ഒഡീഷയിൽ താമസിക്കേണ്ടി വന്നു. ഡിഎൻഎ ഫലം ലഭിക്കുന്നതിനുള്ള കാലതാമസമായിരുന്നു കാരണം. ചില മൃതദേഹങ്ങൾക്കായി ഒന്നിലധികം അവകാശികൾ എത്തിയതോടെയാണ് നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായത്. 29 മൃതദേഹങ്ങളാണ് ഡിഎൻഎ പരിശോധയിലൂടെ ഇക്കാലയളവിൽ കൈമാറിയത്. 

∙ മാസം 2, മോർച്ചറിയിൽ അജ്ഞാതർ 29 

ഓഗസ്റ്റ് ആദ്യ വാരം, ഒഡീഷ ട്രെയിൻ അപകടം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും 29 മൃതദേഹങ്ങളാണ് മോര്‍ച്ചറിയിൽ തിരിച്ചറിയപ്പെടാനുണ്ടായിരുന്നത്. ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ലഭിച്ച 162 മൃതദേഹങ്ങളിൽ 133 മൃതദേഹങ്ങളാണ് ഡിഎൻഎ പരിശോധനയിലൂടെ ബന്ധുക്കൾക്ക് ഇതിനകം കൈമാറിയത്. അപകടം കഴിഞ്ഞ് അറുപത് ദിവസങ്ങൾ പിന്നിട്ട ശേഷവും ഉറ്റവരെത്താത്ത മൃതദേഹങ്ങൾ എന്ത് ചെയ്യണമെന്ന് തീരുമാനമെടുക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. 

ഒ‍ഡീഷ ട്രെയിനപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയുടെ മോർച്ചറിയിൽനിന്ന് കൊണ്ടുപോകുന്നു (Photo by Punit PARANJPE / AFP)

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 30 മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഭുവനേശ്വറിലേക്ക് എത്തിക്കാനായത്. ഈ സമയം മൃതദേഹങ്ങൾ ജീർണിക്കാൻ ആരംഭിച്ചതിനാൽ ഫൊറൻസിക് ലാബുകളിൽ ലഭിച്ച സാംപിളുകളിൽ ഡിഎൻഎ പരിശോധനയും വെല്ലുവിളിയായിരുന്നു. 

∙ മാസം 3, മോർച്ചറിയിൽ അജ്ഞാതർ 28

ഓഗസ്റ്റ് ആദ്യവാരം മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഒരൊറ്റ മൃതദേഹം  മാത്രമാണ് അവകാശികളെ കണ്ടെത്തി കൈമാറാൻ അധികൃതർക്ക് കഴിഞ്ഞത്. ഓഗസ്റ്റ് 20 മുതൽ അവകാശികളിൽ ഒരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞതുമില്ല. ഇതോടെ ട്രെയിനപകടങ്ങളിൽ തിരിച്ചറിയാനാവാത്ത 28 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനെ കുറിച്ച് എയിംസ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ദിലീപ് പരിദ സൂചന നൽകി. എന്നാൽ ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ട അധികൃതർ ട്രെയിൻ അപകടം അന്വേഷിക്കുന്ന സിബിഐയിൽനിന്നുള്ള അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നു. 

∙ മാസം 4, മോർച്ചറിയിൽ അജ്ഞാതർ 28

സെപ്റ്റംബർ പൂർത്തിയായി ഒക്ടോബർ ആദ്യവാരം കഴിഞ്ഞ ശേഷമാണ് എയിംസ് മോർച്ചറിയിലെ 28 അജ്ഞാത മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചത്. സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഭുവനേശ്വർ കോർപറേഷൻ അധികൃതർ ഏറ്റെടുത്ത മൃതദേഹങ്ങൾ  നഗരത്തിലെ സത്യനഗർ, ഭരത്പൂർ എന്നിവിടങ്ങളിലെ ശ്മശാനത്തിലേക്കാണ് സംസ്കാരത്തിനായി കൊണ്ടുപോയത്. 

ഒഡീഷ ട്രെയിനപകടത്തിൽ മരിച്ചവരെ തേടി തമിഴ്‌നാട്ടിൽനിന്ന് എത്തുന്നവർക്കായി ഒരുക്കിയ ഇൻഫർമേഷൻ സെന്ററിനു മുന്നിൽ ബോർഡുമായി പൊലീസ് (Photo by R.Satish BABU / AFP)

∙ ആരായിരുന്നു ആ അജ്ഞാതർ?

ഒഡീഷ ട്രെയിനപകടമുണ്ടായി മാസം നാല് കഴിഞ്ഞിട്ടും മോർച്ചറിയിൽ പൂജ്യം ഡിഗ്രിക്കും താഴെയുള്ള തണുപ്പിൽ കഴിയേണ്ടിവന്ന 28 അജ്ഞാത മൃതദേഹങ്ങൾ. ആരായിരുന്നു അവർ? രാജ്യമെമ്പാടുമുള്ള വിവിധ മാധ്യമങ്ങളിൽ ഒട്ടേറെ തവണ ഇന്ത്യൻ റെയിൽവേ പരസ്യം നൽകിയിട്ടും എന്തേ അവരെ തേടി ആരുമെത്തിയില്ല. ഒരു ഘട്ടത്തിൽ ഈ അജ്ഞാതരെ ദുരൂഹ അപകടവുമായി ചേർത്തുവച്ച് കഥകൾ മെനഞ്ഞവരുണ്ട്, അയൽരാജ്യത്തുനിന്ന് അനധികൃതമായി കടന്നുകൂടിയവരാണെന്നും ആരോപണമുയർന്നു. എന്നാൽ ഇതിനൊന്നും സ്ഥിരീകരണമുണ്ടായില്ല. ദുരൂഹ അപകടത്തിന്റെ മറ നീക്കാൻ അന്വേഷണത്തിനിറങ്ങിയ സിബിഐ കേസിൽ റെയിൽ ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കി അറസ്റ്റ് ചെയ്തത്.

ജൂൺ 2 വൈകുന്നേരം 7 മണിക്കുണ്ടായ അപകടത്തിന് മണിക്കൂറുകൾക്ക് ശേഷം അതേ പാതയിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി, കൃത്യം അഞ്ച് ദിവസത്തിന് ശേഷം കൊറമാണ്ഡൽ എക്സ്പ്രസും യാത്രയ്ക്കെത്തി. എന്നിട്ടും അപകടത്തിൽ ജീവൻ നഷ്ടമായ 28 പേർക്ക് അവർ യാത്ര പുറപ്പെട്ട ഇടത്തേക്കോ, ഇറങ്ങേണ്ടിയിരുന്ന  ലക്ഷ്യസ്ഥാനത്തോ എത്താനായില്ല. എന്തുകൊണ്ടാവും അവരെ തിരക്കാൻ, കൂട്ടിക്കൊണ്ടുപോകാൻ ആരും വരാതിരുന്നത്...

English Summary:

Unclaimed Bodies of the Balasore Train Accident Scientifically Disposed by Bhubaneswar Municipal Corporation