2023ലെ വാർത്തകളിൽ സന്തോഷമായും സങ്കടമായും നിറഞ്ഞുനിന്നവർ, ദിവസങ്ങളോളം മലയാളികളുടെ ചർച്ചകളിൽ താരമായവർ, പല സംഭവങ്ങള്‍... ഈ 365 ദിവസത്തെ സജീവമാക്കിയ ഒരായിരം വിഷയങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് കേരളത്തിൽ. അവയിൽനിന്ന് 2023ന്റെ അടയാളമായി മാറിയ 23 സംഭവങ്ങളെ തിരഞ്ഞെടുക്കുകയാണിവിടെ. അക്കൂട്ടത്തില്‍ 2022ന്റെ തുടർച്ചയായി 2023ലേക്ക് കടന്നുകയറിയ സംഭവങ്ങളുണ്ട്, 2023 ലെ കലണ്ടറിലെ ചതുരക്കളത്തിൽ ഒതുങ്ങി നിൽക്കാതെ 2024ലേക്കും പടരാൻ വെമ്പുന്ന സംഭവങ്ങളുമുണ്ട്. 2023 പടിയിറങ്ങുമ്പോൾ ഈ വർഷം പ്രധാന തലക്കെട്ടുകളായി, സംവാദങ്ങളായി നമുക്കൊപ്പം സഞ്ചരിച്ച കേരളത്തിലെ ചില സംഭവങ്ങളെ ഒരിക്കൽ കൂടി ഓർത്തെടുക്കാം...

2023ലെ വാർത്തകളിൽ സന്തോഷമായും സങ്കടമായും നിറഞ്ഞുനിന്നവർ, ദിവസങ്ങളോളം മലയാളികളുടെ ചർച്ചകളിൽ താരമായവർ, പല സംഭവങ്ങള്‍... ഈ 365 ദിവസത്തെ സജീവമാക്കിയ ഒരായിരം വിഷയങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് കേരളത്തിൽ. അവയിൽനിന്ന് 2023ന്റെ അടയാളമായി മാറിയ 23 സംഭവങ്ങളെ തിരഞ്ഞെടുക്കുകയാണിവിടെ. അക്കൂട്ടത്തില്‍ 2022ന്റെ തുടർച്ചയായി 2023ലേക്ക് കടന്നുകയറിയ സംഭവങ്ങളുണ്ട്, 2023 ലെ കലണ്ടറിലെ ചതുരക്കളത്തിൽ ഒതുങ്ങി നിൽക്കാതെ 2024ലേക്കും പടരാൻ വെമ്പുന്ന സംഭവങ്ങളുമുണ്ട്. 2023 പടിയിറങ്ങുമ്പോൾ ഈ വർഷം പ്രധാന തലക്കെട്ടുകളായി, സംവാദങ്ങളായി നമുക്കൊപ്പം സഞ്ചരിച്ച കേരളത്തിലെ ചില സംഭവങ്ങളെ ഒരിക്കൽ കൂടി ഓർത്തെടുക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023ലെ വാർത്തകളിൽ സന്തോഷമായും സങ്കടമായും നിറഞ്ഞുനിന്നവർ, ദിവസങ്ങളോളം മലയാളികളുടെ ചർച്ചകളിൽ താരമായവർ, പല സംഭവങ്ങള്‍... ഈ 365 ദിവസത്തെ സജീവമാക്കിയ ഒരായിരം വിഷയങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് കേരളത്തിൽ. അവയിൽനിന്ന് 2023ന്റെ അടയാളമായി മാറിയ 23 സംഭവങ്ങളെ തിരഞ്ഞെടുക്കുകയാണിവിടെ. അക്കൂട്ടത്തില്‍ 2022ന്റെ തുടർച്ചയായി 2023ലേക്ക് കടന്നുകയറിയ സംഭവങ്ങളുണ്ട്, 2023 ലെ കലണ്ടറിലെ ചതുരക്കളത്തിൽ ഒതുങ്ങി നിൽക്കാതെ 2024ലേക്കും പടരാൻ വെമ്പുന്ന സംഭവങ്ങളുമുണ്ട്. 2023 പടിയിറങ്ങുമ്പോൾ ഈ വർഷം പ്രധാന തലക്കെട്ടുകളായി, സംവാദങ്ങളായി നമുക്കൊപ്പം സഞ്ചരിച്ച കേരളത്തിലെ ചില സംഭവങ്ങളെ ഒരിക്കൽ കൂടി ഓർത്തെടുക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023ലെ വാർത്തകളിൽ സന്തോഷമായും സങ്കടമായും നിറഞ്ഞുനിന്നവർ, ദിവസങ്ങളോളം മലയാളികളുടെ ചർച്ചകളിൽ താരമായവർ, പല സംഭവങ്ങള്‍...  ഈ 365 ദിവസത്തെ സജീവമാക്കിയ ഒരായിരം വിഷയങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് കേരളത്തിൽ. അവയിൽനിന്ന് 2023ന്റെ അടയാളമായി മാറിയ 23  സംഭവങ്ങളെ തിരഞ്ഞെടുക്കുകയാണിവിടെ. അക്കൂട്ടത്തില്‍ 2022ന്റെ തുടർച്ചയായി 2023ലേക്ക് കടന്നുകയറിയ സംഭവങ്ങളുണ്ട്, 2023 ലെ കലണ്ടറിലെ ചതുരക്കളത്തിൽ ഒതുങ്ങി നിൽക്കാതെ 2024ലേക്കും പടരാൻ വെമ്പുന്ന സംഭവങ്ങളുമുണ്ട്. 2023 പടിയിറങ്ങുമ്പോൾ ഈ വർഷം പ്രധാന തലക്കെട്ടുകളായി, സംവാദങ്ങളായി നമുക്കൊപ്പം സഞ്ചരിച്ച കേരളത്തിലെ ചില സംഭവങ്ങളെ ഒരിക്കൽ കൂടി ഓർത്തെടുക്കാം...

1) ജനുവരിയില്‍ കുലച്ച വാഴക്കുല

ADVERTISEMENT

വാഴ വച്ചു എന്ന വാക്കിന് അര്‍ഥങ്ങൾ പലതുള്ള ന്യൂജെൻ കാലത്ത്, 2023 ജനുവരിയില്‍ ചങ്ങമ്പുഴക്കവിതയായ ‘വാഴക്കുല’ മലയാളികൾക്കിടയിൽ വീണ്ടും ചർച്ചയായി. യുവജന കമ്മിഷൻ അധ്യക്ഷ ഡോ.ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ ഉണ്ടായ ഒരു അബന്ധമായിരുന്നു വാഴക്കുലയ്ക്ക് ആവശ്യക്കാരെ കൂട്ടിയത്. ചങ്ങമ്പുഴക്കവിതയായ ‘വാഴക്കുല’ എഴുതിയതു വൈലോപ്പിള്ളിയാണെന്ന പിഎച്ച്ഡി പ്രബന്ധത്തിലെ കണ്ടെത്തലും, ഇത് തിരിച്ചറിയാതിരുന്ന  ഗൈഡിന്റെയും, ഡോക്ടറേറ്റ്  നൽകിയ കേരള സർവകലാശാലയുടെ പിടിപ്പുകേടും വാഴക്കുലയുടെ വാർത്താപ്രാധാന്യം കൂട്ടി. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലായിരുന്നു ചിന്തയുടെ പ്രബന്ധം. വാഴക്കുലയ്ക്ക് പുറമെ യുവജന കമ്മിഷൻ അധ്യക്ഷ 8.5 ലക്ഷം ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ കത്തും ജനുവരിയിൽ ഡോ.ചിന്ത ജെറോമിനെ കേരളത്തിലെ ചർച്ചാ കേന്ദ്രമാക്കി മാറ്റി.

ചിന്ത ജെറോം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം (ഫയൽ ചിത്രം: മനോരമ)

2) ഈ ഗവർണർ 2023നെ അങ്ങെടുക്കുവാ...

ഭരണസംവിധാനങ്ങളിൽ, തലസ്ഥാനത്തെ നിശ്ശബ്ദമായ ഒരിടമായിരുന്നു രാജ്ഭവന്‍, എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി എത്തിയതോടെ സ്ഥിതി മാറി. ഈ വർഷത്തെ വാർത്താ താരമാണ് ഇദ്ദേഹം. ഒരു പക്ഷേ 2022ൽ നിന്നും 2024 ലേക്കുള്ള ഈ പ്രയാണത്തിന്റെ ഇടത്താവളം മാത്രമാവും അദ്ദേഹത്തിന് 2023. ചാൻസ‌ലർ എന്ന അധികാരത്തിൽ കേരളത്തിലെ സർവകലാശാലകളിൽ ഇത്രയും ഇടപെടൽ നടത്തിയ ഗവർണർ ഉണ്ടാവുമോ എന്ന് സംശയമാണ്. സർക്കാരുമായി ഇടയ്ക്ക് പിണങ്ങിയും ഇണങ്ങിയുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം 2023ന്റെ അവസാന ഘട്ടമായതോടെ സംഘർഷഭരിതമായ അവസ്ഥയിലേക്കു പോവുകയാണ്. ഗവർണർ–സർക്കാർ സംഘർഷം കോടതി കയറുന്ന കാഴ്ചയ്ക്കും 2023 സാക്ഷിയായി. ഹൈക്കോടതിയിൽനിന്നും സുപ്രീം കോടതിയിൽനിന്നും പലകുറി ഗവർണർക്ക് തിരിച്ചടികൾ ഉണ്ടായെങ്കിലും കണ്ണൂർ വിസിയെ പുറത്താക്കിയ വിധിയുൾപ്പെടെ അദ്ദേഹം സർക്കാരിനെ പ്രതിരോധത്തിലേക്ക് വലിച്ചിടാൻ ഉപയോഗിച്ചു. ഇടത് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയുമായുള്ള ഏറ്റുമുട്ടലിലാണ് വർഷാന്ത്യത്തിൽ ഗവർണർ. സർ‍ക്കാരിനെ വിമർശിച്ച് രംഗത്ത് ഇറങ്ങുന്ന ഗവർണറുടെ നടപടിയിൽ ശരിക്കും വലഞ്ഞത് പ്രതിപക്ഷമാണ്. കാരണം പലപ്പോഴും അവരുടെ 'പണി'യാണല്ലോ ഗവർണർ ഏറ്റെടുത്തത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (ഫയൽ ചിത്രം: മനോരമ)

3) കൊച്ചിയെ ശ്വാസംമുട്ടിച്ച ബ്രഹ്മപുരം 

ADVERTISEMENT

കാട്ടുതീ കണ്ടിട്ടും കേട്ടിട്ടുമുള്ള മലയാളിക്ക് അപ്രതീക്ഷിതമായ ദുരന്തമായിരുന്നു കൊച്ചിനഗരത്തിലെ പുകപടലം. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാർച്ചിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി അണയ്ക്കാൻ 2 ആഴ്ചയാണ് എടുത്തത്. തീയണയ്ക്കുന്നതിന് സർക്കാരിന് ചെലവായത് 1.41 കോടി. കൊച്ചിയെ മൂടിയ പുകപടലത്തിൽ ഒട്ടേറെയാളുകൾ അസുഖബാധിതരായി. ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം നിലച്ചതും കൊച്ചി നഗരവാസികളെ ബുദ്ധിമുട്ടിച്ചു. നിരത്തുകളിൽ കുന്നുകൂടിയ മാലിന്യവും വാർത്തകളിൽ നിറഞ്ഞു. മാലിന്യക്കൂനയ്ക്ക് തീപിടിച്ചതിൽ അട്ടിമറിയുണ്ടെന്ന് ആരോപണമുയർന്നെങ്കിലും അതൊന്നും തെളിയിക്കാനായില്ല.      

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം (ഫയൽ ചിത്രം: മനോരമ)

4) സഭയിൽ കൈയൊടിച്ച അടി

മാർച്ചിലെ മറ്റൊരു പ്രധാന സംഭവം അരങ്ങേറിയത് നിയമസഭയിലായിരുന്നു. സ്പീക്കർക്കെതിരെ അദ്ദേഹത്തിന്റെ ഓഫിസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എംഎൽഎമാരും പഴ്സനൽ സ്റ്റാഫും ചേർന്നാണ് മർദിച്ചത്.  നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ വലിച്ചിഴച്ച നടപടി ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രതിപക്ഷ എംഎൽഎ കെകെ രമയുടെ കൈക്ക് പരുക്കേറ്റതും, പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തതും വാർത്താപ്രാധാന്യം നേടി. ഇതുപോലൊരു പ്രതിഷേധം  മുൻപ് ഉണ്ടായിട്ടില്ലെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ വാക്കുകൾ ചില പഴയ ഓർമകളിലേക്ക് മലയാളികളുടെ മനസ്സിനെ കൊണ്ടുപോയതിനും സഭ സാക്ഷിയായി. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി വിധിയും മാർ‍ച്ച് മാസമാണ് ഉണ്ടായത്. ദേവികുളം മണ്ഡലത്തിൽനിന്ന് എംഎൽഎയായി എ. രാജയെ തിരഞ്ഞെടുത്തതാണ് അസാധുവാക്കിയത്. 

5) കിട്ടിയോ മധുവിനു നീതി? 

ADVERTISEMENT

2018 ഫെബ്രുവരി 22ന് കേരളമനസ്സാക്ഷിയെ മരവിപ്പിച്ചു നടന്ന മധു കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചത് 2023 ഏപ്രിലിലാണ്. കടയിൽനിന്ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു എന്ന മുപ്പതുകാരനെ കെട്ടിയിട്ട് മർദിച്ചത്. കേസിൽ കുറ്റക്കാരായ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. മധു കൊലപാതക കേസിന്റെ വിചാരണഘട്ടത്തിൽ ഒട്ടേറെ സാക്ഷികൾ കൂറുമാറിയത് പ്രതികൾക്ക് രക്ഷയാകുമെന്ന് ആശങ്ക ഉയർന്നിരുന്നു. കൂറുമാറിയ 24 സാക്ഷികൾക്കെതിരെയും നടപടി സ്വീകരിക്കാൻ കോടതി ആവശ്യപ്പെട്ടതും വിധിന്യായത്തിന്റെ മാറ്റുകൂട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുന്ന അനിൽ ആന്റണി (Photo by PTI)

6) ദേ കോൺഗ്രസ് തറവാട്ടിൽ ബിജെപി ദേശീയ സെക്രട്ടറി!

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശം ഏവരേയും ഞെട്ടിച്ചു. ബിബിസി പുറത്തിറക്കിയ മോദിയെ കുറിച്ചുള്ള വിഡിയോയെ വിലക്കിയ കേന്ദ്ര നടപടിയെ പിന്തുണച്ചുകൊണ്ടാണ് അനിൽ ബിജെപിയിലേക്ക് നടന്നടുത്തത്. എതിർ ചേരിയിലെ മുതിർന്ന നേതാവിന്റെ മകന് ദേശീയ സെക്രട്ടറി സ്ഥാനം നൽകി ബിജെപി വരവേറ്റു. തൊട്ടുപിന്നാലെ ദേശീയ വക്താവാക്കി പാർട്ടിയുടെ മുഖമാക്കി. അടുത്തിടെ നടന്ന മിസോറം നിയമസഭാ തിരഞ്ഞെടുപ്പിലും അനിൽ ആന്റണിക്ക് നിർണായക സ്ഥാനം പാർട്ടി നൽകിയിരുന്നു. 2023 അവസാനിക്കുമ്പോൾ നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനാക്കി നിയമിച്ചു എന്ന വാർത്തയും ചർച്ചയായി. ബിജെപിയിൽനിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്കിനും 2023 സാക്ഷിയായി. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയ ഭീമൻരഘുവിന്റെ യാത്ര വേറിട്ടതായിരുന്നു. സംവിധായകൻമാരായ രാജസേനനും, രാമസിംഹനെന്ന് പേരുമാറ്റിയ അലിഅക്ബറും 2023ൽ ബിജെപി ക്യാംപിനോട് 'ബൈ' പറഞ്ഞവരിൽ പെടുന്നു. 

തിരുവനന്തപുരത്ത് വന്ദേഭാരത് എക്സപ്രസ് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by PTI)

7) കൊട്ടും കുരവയുമായി വന്ദേ ഭാരത്

കേരളത്തിനും വന്ദേഭാരത് സ്വന്തമായ വര്‍ഷമാണ് 2023. വിഷുക്കണി കാണാൻ കൊന്നപ്പൂക്കൾ പൂത്ത ഏപ്രിൽ മാസത്തിലാണ് വന്ദേഭാരത് എത്തിയത്. കേരളമണ്ണിൽ പ്രവേശിച്ചത് മുതൽ എല്ലാ സ്റ്റേഷനുകളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി എത്തിയ വന്ദേഭാരതിന്റെ സർവീസ് ഫ്ളാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. 2023 ൽ രണ്ടാമതൊരു വന്ദേഭാരത് ട്രെയിൻ സർവീസ് കൂടി കേരളത്തിന് അനുവദിച്ചതും  നേട്ടമായി. കേരളത്തിൽ ഓടുന്ന വന്ദേഭാരതിൽ യാത്ര ചെയ്യാൻ ആളുകൾ തിരക്കു കൂട്ടിയത് ഫയലിൽ ഉറങ്ങിയ സിൽവർലൈനിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയരാനും ഇടയായി.  

8∙ റോഡിലുണ്ട് എഐ ക്യാമറ, ചില്ലറയല്ല പഴി കേട്ടത് 

എഐയെക്കുറിച്ച് ലോകം ചർച്ച ചെയ്യുന്ന കാലത്താണ് കേരളത്തിൽ എഐ ക്യാമറ എത്തിയത്. ഏപ്രിൽ 20 ന് മുഖ്യമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത എഐ ക്യാമറ ജൂൺ 5 മുതലാണ് പിഴ ഈടാക്കാൻ തുടങ്ങിയത്. അഴിമതിക്കറ പുരണ്ടതാണ് ഈ ക്യാമറകളെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ സർക്കാർ വിയർത്തെങ്കിലും കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായത് എഐ ക്യാമറകളുടെ ആയുസ്സ് നീട്ടി.  പേരിൽ എഐ ഉണ്ടെങ്കിലും പിഴ നോട്ടിസ് അയയ്ക്കുന്നതിലെ പിഴവുകൾ പലപ്പോഴും ജനങ്ങളുടെ പഴി കേൾക്കാൻ ഇടയാക്കി. എഐ ക്യാമറ വന്നതോടെ റോഡപകടങ്ങൾ കുറഞ്ഞെന്നാണ് സർക്കാരിന്റെ അവകാശവാദം. 

9) കേരളത്തിന് വേണ്ട, അരിക്കൊമ്പനെ തമിഴ്നാടെടുത്തു

മനുഷ്യർ മാത്രമല്ല 2023നെ സജീവമാക്കുന്നതിൽ വന്യമൃഗങ്ങളും   പങ്കുവഹിച്ചു. കാട്ടുപന്നികൾ 'നാട്ടുമൃഗങ്ങളായി' നഗരങ്ങളും ഗ്രാമങ്ങളും സ്വന്തമാക്കിയപ്പോൾ വാർത്ത‌യിലെ താരമായ വന്യമൃഗം അരിക്കൊമ്പനായിരുന്നു. മൂന്നാറിൽ വിഹരിച്ച അരിക്കൊമ്പനെ ഏപ്രിലിലാണ് മയക്കുവെടി വച്ച് ജനവാസമില്ലാത്ത പെരിയാർ വനമേഖലയിലേക്ക് കേരള വനംവകുപ്പ് എത്തിച്ചത്. എന്നാ‍ൽ ഇവിടെനിന്ന് അതിർത്തി ഭേദിച്ച് തമിഴ്നാട്ടിൽ കയറിയ അരിക്കൊമ്പൻ മേയ് മാസത്തോടെ അവിടെയും ഭീതി പരത്തി. ഒടുവിൽ വീണ്ടും മയക്കുവെടി വച്ച് തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മണിമുത്താറിൽ എത്തിക്കുകയായിരുന്നു. ഇതോടെ വീണ്ടും ആന കേരളത്തിലേക്ക് എത്തുമോ എന്ന ആശങ്ക ഉയർന്നെങ്കിലും ഇതുവരെ അത്തരമൊരു നീക്കം അരിക്കൊമ്പന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ‍കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസ് (ഫയൽ ചിത്രം: മനോരമ)

10) നോവായി വന്ദന

വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകൻ സന്ദീപിന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. 2023 മേയില്‍ കേരളത്തെ പിടിച്ചുലച്ച കൊലപാതകമായിരുന്നു ഡോ. വന്ദനദാസിന്റെ മരണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മേയ് 10ന് പുലർച്ചെ നാലരയോടെ ദാരുണ സംഭവമുണ്ടായത്. മരണാനന്തര ബഹുമതിയായി ഡോ. വന്ദന ദാസിന് എംബിബിഎസ്‌ ഡിഗ്രി സമ്മാനിച്ച  കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ചടങ്ങും ഏറെ വികാരനിർഭരമായിരുന്നു. വന്ദന ദാസിന്റെ കൊലപാതകം സർക്കാരിന്റെ കണ്ണുതുറപ്പിച്ചു. ആരോഗ്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരായ ആക്രമണം തടയുന്നതിനുള്ള നിയമം പാസ്സാക്കി.  ആരോഗ്യ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നവർക്ക് 7 വർഷംവരെ ജയിൽ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. 

11) വിദേശത്തേക്ക് കുട്ടികൾ, പൊളിച്ചടുക്കി ഉന്നത വിദ്യാഭ്യാസം

മലയാളികൾ കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറുന്നതാണ് 2023 ചർച്ച ചെയ്ത പ്രധാന വിഷയം. പഠനത്തിനായി വിദ്യാർഥികൾ രാജ്യം വിടുന്നതും ഇക്കൂട്ടത്തിൽ പെടുന്നു. പഠനത്തിനൊപ്പം വിദേശത്ത് ജോലിയും, തുടർതാമസവുമാണ് ഇക്കൂട്ടരെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ കുട്ടികളില്ലാതെ സീറ്റുകൾ കൂട്ടമായി ഒഴിഞ്ഞുകിടക്കുന്ന റിപ്പോർട്ടുകളും ആശങ്ക ഉയർത്തി. ഇതേത്തുടർന്ന് ബിരുദ പഠനം 4  വർഷ കോഴ്സാക്കാനുള്ള സർക്കാർ തീരുമാനം ഉന്നതപഠനത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 2024  മുതലാണ് ബിരുദ പഠനം നാലു വർഷ കോഴ്സാക്കി മാറ്റുന്നത്. വിദേശത്തടക്കം തൊഴിൽമേഖലയിലും ഗുണം ചെയ്യുന്ന തരത്തിലേക്കാണു മാറ്റം. 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസും (ഫയൽ ചിത്രം: മനോരമ)

12) പുതുപ്പള്ളിയിൽ പുതുയുഗം

2023 രാജ്യത്ത് തിരഞ്ഞെടുപ്പുകളുടെ വർഷമായിരുന്നെങ്കിൽ കേരളത്തിൽ പുതുപ്പള്ളിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതുപ്പള്ളിയെ 53 വർഷം പ്രതിനിധാനം ചെയ്ത ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നായിരുന്നു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ സെപ്റ്റംബറിൽ പുതുപ്പള്ളി, ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തു. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പുതുപ്പള്ളിയിൽ കുഞ്ഞൂഞ്ഞിന് പിൻഗാമി എത്തിയത്. 

13) വീണ്ടും നിപ്പ, പ്രതിരോധം വിജയം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട്  വീണ്ടും നിപ്പയെത്തി. സെപ്റ്റംബർ 12 നാണ് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചത്. മരിച്ച രണ്ട് പേരിൽ നിപ്പ സ്ഥിരീകരിച്ചതോടെ സംസ്ഥാനം ജാഗ്രതയിലായി. മുൻപ് നിപ്പയെ നേരിട്ട അനുഭവ പാഠം ആരോഗ്യപ്രവർത്തകർക്ക് കരുത്തായി. കോവിഡ്കാ‌ലത്തെ പ്രോട്ടോക്കോളുകൾ ജനത്തിനും കാണാപ്പാഠം. അതോടെ അധികം വൈകാതെ നിപ്പയെ കേരളം ഒന്നായി  കീഴടക്കി. 

നിപ്പ പടർന്നതിനു പിന്നാലെ കോഴിക്കോട്ട് വവ്വാലുകളിൽനിന്ന് സാംപിളുകൾ ശേഖരിക്കുന്നു (ഫയൽ ചിത്രം: മനോരമ)

14) കരുവന്നൂർ‍, കണ്ടല;  ഇടതിനെ വിറപ്പിക്കാൻ ഇഡി

ഒരു സഹകരണ ബാങ്കിന്റെ പേരു ചോദിച്ചാൽ കൊച്ചു കുട്ടികൾ വരെ കരുവന്നൂർ എന്നു പറയുന്ന കാലം. അതായിരുന്നു 2023 ൽ സഹകരണ മേഖലയിലെ ബാങ്കുകൾ നേരിട്ട പ്രതിസന്ധി. സ്വര്‍ണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇഡി സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. കരുവന്നൂർ, കണ്ടല തുടങ്ങിയ ബാങ്കുകളിലെ കോടികളുടെ ക്രമക്കേടുകൾ പുറത്തെത്തിയത് കേരളത്തിലെ സഹകരണമേഖലയ്ക്കും ക്ഷീണമായി. ഒപ്പം ഭരണത്തിലുള്ള ഇടത് പാർട്ടിക്കും. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ ഇഡി ഇടതു നേതാക്കളിലേക്ക് അന്വേഷണം തിരിക്കുന്നു എന്ന സൂചനയാണ് 2023 അവസാനിക്കുമ്പോൾ ലഭിക്കുന്നത്.

കരുവന്നൂർ ബാങ്കിൽ പരിശോധന നടത്തിയ ശേഷം രേഖകളുമായി മടങ്ങുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘാംഗം. (ഫയൽ ചിത്രം : മനോരമ)

15) വിപ്ളവ സൂര്യന് 100 

ഒക്ടോബർ 20, കേരളത്തിന്റെ വിപ്ളവ സൂര്യൻ വിഎസ് അച്യുതാനന്ദന് വയസ്സ് നൂറു തികഞ്ഞു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആൾരൂപവും ആവേശവുമായി വിഎസിന്റെ പിറന്നാൾ ജനമനസ്സുകളിൽ നിലയ്ക്കാത്ത പോരാട്ടങ്ങളുടെ ഓര്‍മകൾ വീണ്ടും ഉണർത്തുന്നു. തൊഴിലാളി പ്രസ്ഥാനത്തിലൂടെ കരുത്താർജിച്ച വിഎസ് അഴിമതിക്കെതിരെയും പ്രകൃതി ചൂഷണങ്ങൾക്കെതിരെയുമുള്ള  പോരാട്ടങ്ങളിലൂടെയാണ് സാധാരണക്കാരന്റെ മനസ്സിൽ ഇടം നേടിയത്. തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ   വിശ്രമത്തിലാണ് ഇപ്പോൾ വിഎസ്. 

വി. എസ്. അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ, കെ.വി സുധാകരൻ രചിച്ച ‘ഒരു സമര നൂറ്റാണ്ട്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം: മനോരമ)

മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടി, കെ എസ് ചിത്രയ്ക്ക് 60 വയസ്സ് തികഞ്ഞതും 2023ലാണ്. വിവിധ ഭാഷകളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രിയ ഗായികയ്ക്ക് ഒട്ടേറെപ്പേരാണ് ആശംസ അയച്ചത്. 

16) തലപ്പത്തേറിയ രാഹുൽ മാങ്കൂട്ടം, തിളക്കം കുറച്ച് വിവാദം 

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തെ തിരഞ്ഞെടുത്തത് യുവ കോൺഗ്രസുകാർക്കിടയിൽ ആവേശമായി. മാധ്യമങ്ങളിലൂടെ  ഇടത് നേതാക്കളെ ചാനൽ ചർച്ചകളില്‍ നേരിട്ട് ശ്രദ്ധേയനാണ് രാഹുൽ. 2,21,986 വോട്ട് നേടിയാണ് രാഹുൽ സംഘടനാ തിരഞ്ഞെടുപ്പിൽ ഒന്നാമനായത്. എന്നാൽ ഈ വിജയത്തിളക്കത്തിന് മങ്ങലേറ്റ സംഭവങ്ങളാണ് പിന്നാലെ എത്തിയത്. തിരഞ്ഞെടുപ്പിനായി വ്യാജ ഇലക്‌ഷൻ കാർഡുകൾ നിർമിച്ചു എന്ന വെളിപ്പെടുത്തൽ പൊലീസ് അന്വേഷണത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം നവകേരള സദസ്സിനിടെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളിൽ പുതിയ ഭാരവാഹികളുടെ പങ്കും ശ്രദ്ധിക്കപ്പെട്ടു. 

രാഹുൽ മാങ്കൂട്ടത്തിൽ. ചിത്രം: ലിജോ ജോസഫ്∙മനോരമ

17)  'അടി' വച്ച്  'അടി' വച്ച് നവകേരള സദസ്സ്

കേരളത്തിന് പരിചിതമല്ലാത്ത രണ്ട് സർക്കാർ പരിപാടികൾ 2023ലുണ്ടായി. കേരളീയവും, നവകേരളസ സദസ്സുമായിരുന്നു അത്. കേരളപ്പിറവിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് അരങ്ങേറിയ കേരളീയം വരും വർഷങ്ങളിലും തുടരുമെന്നാണ് സർക്കാർ അറിയിപ്പ്. മന്ത്രിസഭയൊന്നാകെ ബസില്‍ കേരളത്തിൽ സന്ദര്‍ശനം നടത്തുന്ന നവകേരള സദസ്സ് വർഷാന്ത്യത്തിലെ വിസ്മയക്കാഴ്ചയായി. നവംബർ 18 ന് ആരംഭിച്ച യാത്ര ഡിസംബർ 23 ഓടെയാണ് തലസ്ഥാനത്ത് എത്തി സമാപിച്ചത്. ശുചിമുറിയുൾപ്പെടെ ഘടിപ്പിച്ച്  നവകേരള സദസ് യാത്രയ്ക്ക് ഉപയോഗിച്ച ബസും വാർത്താതാരമായി. ധൂർത്തിന്റെ പേരിൽ തുടങ്ങിയ സംവാദം സ്കൂള്‍ മതിലിടിച്ചുള്ള ബസിന്റെ പ്രവേശനങ്ങളാലും പ്രതിഷേധിക്കുന്നവരെ ക്രൂരമായി മർദിച്ച സിപിഎം–പൊലീസ് പ്രവൃത്തികളാലും വാർത്തകളിൽ നിറഞ്ഞു നിന്നു. നവകേരള ബസ് യാത്ര ആരംഭിച്ച ആഴ്ചകളിൽ പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിനെ മോട്ടർ വാഹന വകുപ്പ് തുടരെത്തുടരെ പിഴയിട്ട് പിടികൂടിയതും ജനശ്രദ്ധ ആകർഷിച്ചിരുന്നു. 

നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ്സിനു ശേഷം നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നു പുറപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ

18) മറിയക്കുട്ടിക്ക് ഫാൻസുണ്ടോ?

സാധാരണക്കാർക്കിടയിൽനിന്ന് പൊടുന്നനെ പ്രശസ്തരായി മാറുന്നവർ എക്കാലവും ഉണ്ടാവും. 2023 ൽ ഈ  സ്ഥാനത്തിന് അർഹത എന്തുകൊണ്ടും ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിയാണ്. ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങിയ മറിയക്കുട്ടി മുട്ടുകുത്തിച്ചത് സർക്കാർ സംവിധാനങ്ങളെ ഒന്നാകെയും, പാർട്ടി മുഖപത്രത്തെയുമാണ്. മറിയക്കുട്ടിയുടെ സമരം നാലാളറിഞ്ഞപ്പോഴാണ് അവർ ഒന്നരയേക്കർ സ്ഥലത്തിന് ഉടമയാണെന്ന തരത്തിൽ സിപിഎം മുഖപത്രം വാർത്ത എഴുതിയത്. എങ്കിൽ ആ ഒന്നരയേക്കർ എവിടെയാണെന്ന് കണ്ടെത്തി നൽകൂ എന്ന് മറിയക്കുട്ടിയും ആവശ്യപ്പെട്ടു. ഈ ചോദ്യത്തിന് മുന്നിൽ വില്ലേജ് ഓഫിസർ കൈമലർത്തി. ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞതോടെ പത്രം ഖേദം പ്രകടിപ്പിച്ച് തലയൂരി. 

ന്യൂനപക്ഷ മോർച്ച തൃശൂരിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാമെത്തിയ മറിയക്കുട്ടിയെ ക്രിസ്മസ് തൊപ്പി അണിയിച്ച് സ്വീകരിക്കുന്നു. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

19) മലയാളിത്തിളക്കമുള്ള പത്മശ്രീയും കേരളജ്യോതിയും

2023 ൽ നാല് മലയാളികൾക്കാണ് പത്മശ്രീയുടെ തിളക്കം ലഭിച്ചത്. വയനാട്ടിലെ ജൈവകൃഷി പ്രചാരകനായ ആദിവാസി കർഷകൻ ചെറുവയൽ രാമൻ, കണ്ണൂരിലെ ഭാരതി കളരിയിലെ എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ, ചരിത്രകാരൻ സി. ഐ. ഐസക്, കണ്ണൂർ ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടൻപൊതുവാൾ എന്നിവരെയാണ് പത്മശ്രീ തേടിയെത്തിയത്. 

ടി.പത്മനാഭൻ. (ചിത്രം: മനോരമ)

പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസർക്കാർ ഏർപ്പെടുത്തിയ അവാർഡുകളാണ് കേരളജ്യോതി പുരസ്കാരം. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുന്ന ഈ പുരസ്കാരങ്ങള്‍ക്ക് ഇക്കുറി ഒട്ടേറെ പ്രശസ്തരാണ് അർഹരായത്. കേരള ജ്യോതി പുരസ്‌കാരം സാഹിത്യകാരൻ ടി. പത്മനാഭനാണ് ലഭിച്ചത്.  ഇതിന് പുറമേ ജസ്റ്റിസ് എം. ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി. കേരള ശ്രീ പുരസ്‌കാരത്തിന് പണ്ഡിറ്റ് രമേശ് നാരായൺ, കെ.എം. ചന്ദ്രശേഖർ, രവി ഡി.സി, ഡോ. വി.പി. ഗംഗാധരൻ, പുനലൂർ സോമരാജൻ തുടങ്ങിയവരാണ് അർഹരായത്. 

20) ഇങ്ങനെയും സംഭവിച്ചു കേരളത്തിൽ

2023 ൽ കേരളത്തിൽ ചില അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിലൊന്നായിരുന്നു കോഴിക്കോട് ഏലത്തൂരിലെ ട്രെയിൻ തീവയ്പ്. ഏപ്രില്‍ 2 നാണ് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്‌പ്രസിൽ തീവയ്പുണ്ടായത്. മൂന്ന് യാത്രക്കാർ തീവയ്പിൽ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പൊള്ളലുമേറ്റു. ഈ സംഭവത്തിലെ പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നുമാണ് പിടികൂടിയത്. ന്യൂഡൽഹി സ്വദേശി ഷാരൂഖ് സെയ്ഫിയാണ് അറസ്റ്റിലായത്. എന്നാൽ ഇതേ ട്രെയിനിന്റെ ബോഗിക്ക് വീണ്ടും തീ പിടിച്ച സംഭവം ഏറെ ഞെട്ടലുണ്ടാക്കി. കണ്ണൂർ സ്റ്റേഷൻ യാർഡിൽ യാത്ര കഴിഞ്ഞ് നിർത്തിയിട്ടിരിക്കവേയാണ് ട്രെയിനിന്റെ ഒരു ബോഗി കത്തി നശിച്ചത്. 

ട്രെയിൻ യാത്രയ്ക്കിടെ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1 കോച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

സുരക്ഷിതമെന്ന് കരുതിയ കേരളത്തിൽ ബോംബ് സ്ഫോടനത്തിനും 2023 സാക്ഷിയായി.  കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ 8 പേർക്കാണ് ജീവൻ നഷ്ടമായത്. യഹോവയുടെ സാക്ഷികൾ നടത്തിയ കൺവൻഷനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡോമിനിക് എന്നയാൾ താമസിയാതെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. 

21) കണ്ണീരണിഞ്ഞ ദുരന്തങ്ങൾ

കേരളത്തെ കണ്ണീരണിയിച്ച ഒട്ടേറെ അപകടങ്ങളും 2023ലുണ്ടായി. ഇതിൽ മേയ് 7ന് താനൂരിലുണ്ടായ ബോട്ടപകടവും നവംബർ 27ന് കുസാറ്റിൽ ഗാനമേളയ്ക്ക് എത്തിച്ചേർന്നവർ തിക്കിലും തിരക്കിലും പെട്ടു സംഭവിച്ച  അപകടവും കേരളത്തിന്റെ കണ്ണീരായി. താനൂർ തൂവൽതീരം ബീച്ചിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർക്കാണ് ജീവൻ നഷ്ടമായത്. ഈ മേഖലയിൽ നടപ്പിലാക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കും പതിവുപോലെ താനൂർ നിമിത്തമായി. കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനസന്ധ്യയ്ക്ക് തൊട്ടുമുൻപാണ് തിക്കും തിരക്കുമുണ്ടായത്. നാലു പേരാണ് തിരക്കിൽ മരിച്ചത്. 

താനൂരിൽ അപകടത്തിൽപെട്ട ബോട്ട് (ഫയൽ ചിത്രം: മനോരമ)

22) കുരുന്നുകളെ വേദനിപ്പിക്കുന്ന കേരളം

കുരുന്നു ഹൃദയങ്ങള്‍ ഇത്രയും വേദനിച്ച വർഷം കേരളത്തിലുണ്ടായിട്ടുണ്ടോ? ആലുവയിൽ 5 വയസ്സുകാരിയെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം അതിലൊന്നാണ്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം പൊലീസ് പിടിയിലായതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം നാടറിഞ്ഞത്. 28 കാരനായ പ്രതിക്ക് മരണം വരെ തൂക്കിലേറ്റാൻ എറണാകുളം പോക്സോ കോടതി യുടെ വിധി വന്നത് നവംബർ 14ന്. 5 വയസ്സുകാരിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം നടന്ന് 41 ദിവസം കഴിഞ്ഞ് ഇതേ പട്ടണത്തിൽ‍ സെപ്റ്റംബർ 7 നും എട്ടുവയസ്സുകാരി പീഡനത്തിന് ഇരയായി. ബിഹാർ സ്വദേശിയായ എട്ടുവയസുകാരിയെ തിരുവനന്തപുരം സ്വദേശിയായ ക്രിസ്റ്റിൽ രാജാണ് പീഡിപ്പിച്ചത്. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ആലുവ തായ്‌കാട്ടുകരയിൽനിന്ന് കാണാതായ ആറു വയസ്സുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിനു സമീപത്തുനിന്ന് കൊണ്ടുപോകുന്നു (ഫയൽ ചിത്രം: മനോരമ)

നവംബർ 27 വൈകുന്നേരം മുതൽ കേരളം ഒന്നായി തിരഞ്ഞത് ഒരു 6 വയസ്സുകാരിയെ! കൊല്ലം ജില്ലയിലെ ഓയൂരിൽ, സഹോദരനൊപ്പം നടന്നുപോകവേയാണ് പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നാടാകെ ഒന്നായി തിരച്ചിലിന് ഇറങ്ങിയതോടെ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിച്ചു കടന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് തമിഴ്നാട്ടിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടികളുടെ കടബാധ്യതയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.  

കൊല്ലം ഓയൂരിൽ കുട്ടിയെ കാണാതായതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട കോടതി വിധിയും ഏറെ വാർത്താ പ്രാധാന്യം നേടി. കേസ് അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ചപറ്റിയതായി ചൂണ്ടിക്കാട്ടിയാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവമാണ് ഈ വിധിയിലേക്ക്  വഴിതെളിച്ചത്. 2023ൽ കടബാധ്യതയുൾപ്പെടെയുള്ള കാരണങ്ങളാൽ നിരവധി കൂട്ട ആത്മഹത്യകളാണ് സംസ്ഥാനത്തുണ്ടായത്. ഇവയിൽ പലതിലും നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ കവർന്ന ശേഷമാണ് രക്ഷിതാക്കൾ മരണം വരിച്ചത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് കേരളത്തെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു ഈ സംഭവങ്ങള്‍.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കോട്ടയം കാനത്തെ വീട്ടുവളപ്പിൽ സംസ്കരിക്കുമ്പോൾ മന്ത്രിമാരായ പി.പ്രസാദും കെ. രാജനും പൊട്ടിക്കരയുന്നു. (ഫയൽ ചിത്രം: മനോരമ)

23) നമ്മെ വിട്ടുപോയവരേ, നിങ്ങൾക്ക് ആദരാഞ്‍ജലികൾ

2023 ൽ എത്ര പേരെയാണ് മരണം നമുക്കിടയിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. വിട പറഞ്ഞ് പോയ ആ  മുഖങ്ങളെ നാം ഇന്നും ഓർക്കുന്നുണ്ട്. 2023 ലെ വലിയ നഷ്ടങ്ങളുടെ പട്ടികയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുണ്ട്. ദിവസങ്ങളെടുത്താണ് കേരളം അദ്ദേഹത്തിന് യാത്രാമൊഴി നൽകിയത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരായ വക്കം പുരുഷോത്തമൻ, ആനത്തലവട്ടം ആനന്ദൻ, കാനം രാജേന്ദ്രന്‍ തുടങ്ങിയവർ നമ്മെ വിട്ടുപോയതും 2023ലാണ്. സിനിമാ ലോകത്തെ വെള്ളിവെളിച്ചത്തിലും രാഷ്ട്രീയത്തിലും തിളങ്ങിയ ഇന്നസെന്റ് 2023 മാർച്ച് മാസമാണ് വിട പറഞ്ഞത്. മാമൂക്കോയ, സംവിധായൻ കെ. ജി. ജോർജ്, സിദ്ദീഖ് തുടങ്ങിയവരും ഒരിക്കലും മരിക്കാത്ത സിനിമകള്‍ ബാക്കിയാക്കി യാത്ര പറഞ്ഞു. സാഹിത്യകാരി പി. വത്സല, ഹരിത വിപ്ളവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ, സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാബീവി തുടങ്ങിയവരും 2023 ൽ‍ വിടവാങ്ങി. 

English Summary:

Round up Kerala: navakerala sadas, arikomban elephant, maria kutty, robin bus, the lead news happened in 2023