എറണാകുളം സൗത്തിൽ പോകാതെ നോർത്ത് വഴി വേണാട് എക്സ്പ്രസ് തിരിച്ചു വിടാൻ തുടങ്ങി ആഴ്ച രണ്ടായി. പക്ഷേ ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങൾ അവസാനിച്ചിട്ടില്ല. നോർത്തും സൗത്തും തമ്മിൽ റോഡ് ദൂരം, എംജി റോഡ് വഴിയാണെങ്കിലും ചിറ്റൂർ റോഡ് വഴിയാണെങ്കിലും 3 കിലോമീറ്ററിൽ കൂടാൻ വഴിയില്ല. റെയിൽ ദൂരം 2 കിലോമീറ്ററും. ഈ 2 കിലോമീറ്റർ തല തിരിഞ്ഞു പോകാൻ വേണാട് എക്സ്പ്രസ് എടുക്കുന്നത് യാത്രക്കാരന്റെ വിലയേറിയ 40 മിനിറ്റാണ്. ഇതിൽ ഏറിയ പങ്കും എറണാകുളം സൗത്തിലെ പ്ലാറ്റ്‌ഫോം ഒഴിയുന്നതും കാത്ത് മാർഷലിങ് യാഡിനു സമീപം ചേമ്പിൻ കാട്ടിൽ കിടക്കുന്ന സമയമാണ്. സൗത്തിലെത്തിയാൽ എൻജിൻ അഴിച്ചു ദിശ മാറ്റി ഘടിപ്പിക്കണം. രാവിലെ 8.00 മുതൽ 11.15 വരെയുള്ള സമയമാണ് എറണാകുളം സൗത്തിലെ ഏറ്റവും തിരക്കേറിയ സമയം. ചെന്നൈ–ആലപ്പി, യോഗനഗരി റിഷികേശ്–കൊച്ചുവേളി, നിസാമുദ്ദീൻ–എറണാകുളം മംഗള, കൊച്ചുവേളി–ഗോരഖ്പുർ രപ്തിസാഗർ, പാലക്കാട്–എറണാകുളം മെമു, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി...

എറണാകുളം സൗത്തിൽ പോകാതെ നോർത്ത് വഴി വേണാട് എക്സ്പ്രസ് തിരിച്ചു വിടാൻ തുടങ്ങി ആഴ്ച രണ്ടായി. പക്ഷേ ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങൾ അവസാനിച്ചിട്ടില്ല. നോർത്തും സൗത്തും തമ്മിൽ റോഡ് ദൂരം, എംജി റോഡ് വഴിയാണെങ്കിലും ചിറ്റൂർ റോഡ് വഴിയാണെങ്കിലും 3 കിലോമീറ്ററിൽ കൂടാൻ വഴിയില്ല. റെയിൽ ദൂരം 2 കിലോമീറ്ററും. ഈ 2 കിലോമീറ്റർ തല തിരിഞ്ഞു പോകാൻ വേണാട് എക്സ്പ്രസ് എടുക്കുന്നത് യാത്രക്കാരന്റെ വിലയേറിയ 40 മിനിറ്റാണ്. ഇതിൽ ഏറിയ പങ്കും എറണാകുളം സൗത്തിലെ പ്ലാറ്റ്‌ഫോം ഒഴിയുന്നതും കാത്ത് മാർഷലിങ് യാഡിനു സമീപം ചേമ്പിൻ കാട്ടിൽ കിടക്കുന്ന സമയമാണ്. സൗത്തിലെത്തിയാൽ എൻജിൻ അഴിച്ചു ദിശ മാറ്റി ഘടിപ്പിക്കണം. രാവിലെ 8.00 മുതൽ 11.15 വരെയുള്ള സമയമാണ് എറണാകുളം സൗത്തിലെ ഏറ്റവും തിരക്കേറിയ സമയം. ചെന്നൈ–ആലപ്പി, യോഗനഗരി റിഷികേശ്–കൊച്ചുവേളി, നിസാമുദ്ദീൻ–എറണാകുളം മംഗള, കൊച്ചുവേളി–ഗോരഖ്പുർ രപ്തിസാഗർ, പാലക്കാട്–എറണാകുളം മെമു, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം സൗത്തിൽ പോകാതെ നോർത്ത് വഴി വേണാട് എക്സ്പ്രസ് തിരിച്ചു വിടാൻ തുടങ്ങി ആഴ്ച രണ്ടായി. പക്ഷേ ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങൾ അവസാനിച്ചിട്ടില്ല. നോർത്തും സൗത്തും തമ്മിൽ റോഡ് ദൂരം, എംജി റോഡ് വഴിയാണെങ്കിലും ചിറ്റൂർ റോഡ് വഴിയാണെങ്കിലും 3 കിലോമീറ്ററിൽ കൂടാൻ വഴിയില്ല. റെയിൽ ദൂരം 2 കിലോമീറ്ററും. ഈ 2 കിലോമീറ്റർ തല തിരിഞ്ഞു പോകാൻ വേണാട് എക്സ്പ്രസ് എടുക്കുന്നത് യാത്രക്കാരന്റെ വിലയേറിയ 40 മിനിറ്റാണ്. ഇതിൽ ഏറിയ പങ്കും എറണാകുളം സൗത്തിലെ പ്ലാറ്റ്‌ഫോം ഒഴിയുന്നതും കാത്ത് മാർഷലിങ് യാഡിനു സമീപം ചേമ്പിൻ കാട്ടിൽ കിടക്കുന്ന സമയമാണ്. സൗത്തിലെത്തിയാൽ എൻജിൻ അഴിച്ചു ദിശ മാറ്റി ഘടിപ്പിക്കണം. രാവിലെ 8.00 മുതൽ 11.15 വരെയുള്ള സമയമാണ് എറണാകുളം സൗത്തിലെ ഏറ്റവും തിരക്കേറിയ സമയം. ചെന്നൈ–ആലപ്പി, യോഗനഗരി റിഷികേശ്–കൊച്ചുവേളി, നിസാമുദ്ദീൻ–എറണാകുളം മംഗള, കൊച്ചുവേളി–ഗോരഖ്പുർ രപ്തിസാഗർ, പാലക്കാട്–എറണാകുളം മെമു, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം സൗത്തിൽ പോകാതെ നോർത്ത് വഴി വേണാട് എക്സ്പ്രസ് തിരിച്ചു വിടാൻ തുടങ്ങി ആഴ്ച രണ്ടായി. പക്ഷേ ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങൾ അവസാനിച്ചിട്ടില്ല. നോർത്തും സൗത്തും തമ്മിൽ റോഡ് ദൂരം, എംജി റോഡ് വഴിയാണെങ്കിലും ചിറ്റൂർ റോഡ് വഴിയാണെങ്കിലും 3 കിലോമീറ്ററിൽ കൂടാൻ വഴിയില്ല. റെയിൽ ദൂരം 2 കിലോമീറ്ററും. ഈ 2 കിലോമീറ്റർ തല തിരിഞ്ഞു പോകാൻ വേണാട് എക്സ്പ്രസ് എടുക്കുന്നത് യാത്രക്കാരന്റെ വിലയേറിയ 40 മിനിറ്റാണ്. ഇതിൽ ഏറിയ പങ്കും എറണാകുളം സൗത്തിലെ പ്ലാറ്റ്‌ഫോം ഒഴിയുന്നതും കാത്ത് മാർഷലിങ് യാഡിനു സമീപം ചേമ്പിൻ കാട്ടിൽ കിടക്കുന്ന സമയമാണ്. സൗത്തിലെത്തിയാൽ എൻജിൻ അഴിച്ചു ദിശ മാറ്റി ഘടിപ്പിക്കണം. 

രാവിലെ 8.00 മുതൽ 11.15 വരെയുള്ള സമയമാണ് എറണാകുളം സൗത്തിലെ ഏറ്റവും  തിരക്കേറിയ സമയം. ചെന്നൈ–ആലപ്പി, യോഗനഗരി റിഷികേശ്–കൊച്ചുവേളി, നിസാമുദ്ദീൻ–എറണാകുളം മംഗള, കൊച്ചുവേളി–ഗോരഖ്പുർ രപ്തിസാഗർ, പാലക്കാട്–എറണാകുളം മെമു, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, കൊല്ലം–എറണാകുളം മെമു, തിരുവനന്തപുരം–മുംബൈ എക്സ്പ്രസ്, തിരുനെൽവേലി–ബിലാസ്പുർ, ആലപ്പുഴ–എറണാകുളം മെമു, കൊച്ചുവേളി–ഇൻഡോർ അഹല്യനഗരി, മഡ്ഗാവ്–എറണാകുളം, ഗുരുവായൂർ–എറണാകുളം പാസഞ്ചർ, ഹാട്ടിയ–എറണാകുളം, ജാംനഗർ–തിരുനെൽവേലി, ഇൻഡോർ കൊച്ചുവേളി, ഗോരഖ്പുർ–കൊച്ചുവേളി എന്നിങ്ങനെ 18 ട്രെയിനുകളാണ് ഈ സമയം സൗത്തിൽ എത്തുന്നത്. ഇതിൽ ചിലത് പ്രതിവാര സർവീസുകളാണ്. വൈകിട്ട് സ്ഥിതി ഇതിലും ഭീകരമാണ്. 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ പ്രധാന ജംക്‌ഷനിൽ ആകെയുള്ളത് 6 പ്ലാറ്റ്‌ഫോമുകൾ

ആകെ 6 പ്ലാറ്റ്‌ഫോമുകളാണ് സൗത്തിലുള്ളത്. പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും എന്നു പറഞ്ഞതു പോലെ  6 പ്ലാറ്റ്‌ഫോമുകളിൽ 3 എണ്ണത്തിനും ആവശ്യത്തിന് നീളമില്ല. പ്ലാറ്റ്‌ഫോം 1, 3, 4 എന്നിവയിൽ മാത്രമാണ് 22 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താനുള്ള സൗകര്യമുള്ളൂ. 2, 5, 6 എന്നിവയിൽ പ്ലാറ്റ്‌ഫോമിന് ആവശ്യത്തിന് നീളമില്ല. ഇതിനിടയിലാണ് വേണാട് സൗത്തിൽ വന്ന് 40 മിനിറ്റ് ഒരു പ്ലാറ്റ്‌ഫോമും എൻജിൻ തിരിക്കാൻ മറ്റൊരും ലൈനും ഉപയോഗിക്കുന്നത്. ഫലത്തിൽ 2 ലൈൻ വേണാടിന് വേണം. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി സൗത്തിൽ പ്ലാറ്റ്‌ഫോമുകളിൽ പണി നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് വേണാടിനെ നോർത്ത് വഴിയാക്കിയിരിക്കുന്നത്. 

പ്ലാറ്റ്‌ഫോമുകളുടെ മുകളിലായി വരുന്ന കോൺകോഴ്സ് നിർമാണത്തിനായി പ്ലാറ്റ്‌ഫോമിൽ പൈലിങ് ഉൾപ്പെടെ നടത്തേണ്ടതുണ്ട്. എന്നാൽ സ്റ്റേഷൻ നവീകരണം കഴിഞ്ഞാലും പ്ലാറ്റ്‌ഫോമുകളുടെ നീളം കൂടില്ല. അതിനുള്ള പദ്ധതി ഡിവിഷനിലെ എൻജിനീയറിങ് വിഭാഗം ഇതുവരെ തയാറാക്കിയിട്ടില്ല. എറണാകുളം സൗത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശബ്ദമുയർത്താത്ത സംഘടനകളാണ് ഇപ്പോൾ വേണാട് നോർത്ത് വഴിയാക്കിയതിനെ വിമർശിക്കുന്നതെന്നാണ് വൈരുധ്യം. എറണാകുളത്തെ പ്ലാറ്റ്‌ഫോം പ്രശ്നം പരിഹരിക്കാൻ പല പദ്ധതികൾ പല കാലങ്ങളിൽ ശുപാർശ ചെയ്തിട്ടും ഒന്നും നടന്നിട്ടില്ല. 

കൊച്ചിൻ ഹാർബർ ടെർമിനസ്. (ഫയൽ ചിത്രം: മനോരമ)

∙ പിറക്കാതെ പോയ മെമു ഹബ്  

ADVERTISEMENT

എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ നവീകരണമായിരുന്നു ആദ്യത്തേത്. എന്നാൽ ഓൾഡ് സ്റ്റേഷനിൽ നിന്ന് ട്രെയിനോടിച്ചാൽ പച്ചാളം പാലത്തിനു തൊട്ടുമുൻപു റെയിൽവേ ഗേറ്റ് വരുമെന്ന കാരണത്താൽ ചിലർ പാര വച്ചതോടെ പദ്ധതി മുടങ്ങി. വൈകാതെ സ്റ്റേഷന്റെ ഒരു ഭാഗം മംഗളവനത്തിന്റെ ബഫർ സോണായി പ്രഖ്യാപിച്ചതോടെ ആ വഴി അടഞ്ഞു. എന്നാൽ റെയിൽവേ സ്റ്റേഷനാണ് അവിടെ ആദ്യമുണ്ടായതെന്നും വനം പിന്നീടു വച്ചു പിടിപ്പിച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താൻ യാത്രക്കാരുടെ സംഘടനകളോ റസിഡന്റ് അസോസിയേഷനുകളോ കോടതിയിൽ പോയില്ല. ഓൾഡ് സ്റ്റേഷൻ വടക്കോട്ടുള്ള മെമു ട്രെയിനുകളുടെ ഹബ് ആക്കി മാറ്റാനായിരുന്നു അന്ന് ആലോചന.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ. (ഫയൽ ചിത്രം: മനോരമ)

∙ കൊച്ചിൻ ഹാർബർ ടെർമിനസ്: പാഴാക്കിക്കളഞ്ഞത് 7.5 കോടി 

എറണാകുളത്തെ തിരക്കു പരിഹരിക്കാൻ പഴയ കൊച്ചിൻ ഹാർബർ ടെർമിനസ് നവീകരിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇടക്കാലത്ത് ഏഴര കോടി രൂപ ചെലവിൽ പാളം നവീകരിച്ച് ഡെമു സർവീസ് ആരംഭിച്ചെങ്കിലും, വാതുരുത്തി റെയിൽവേ ഗേറ്റ് അടച്ചിടേണ്ടി വരുന്നതു വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടാണെന്നു പറഞ്ഞു പ്രതിഷേധം ഉയർന്നതോടെ 2 ദിവസം കൊണ്ട് തന്നെ ഡെമു പൂട്ടിക്കെട്ടി. വാതുരുത്തി റെയിൽവേ ഗേറ്റിന് പകരം റെയിൽവേ മേൽപാലം നിർമിക്കാനുള്ള പദ്ധതിക്ക് അനുമതി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലത്തിന്റെ അലൈൻമെന്റ് തീരുമാനിക്കാൻ പോർട്ട് ട്രസ്റ്റിന്റെ ഉടക്ക് കാരണം നടന്നിട്ടില്ല. പാലം വന്നിരുന്നെങ്കിൽ ഗേറ്റ് അടക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുമായിരുന്നു. എന്നാൽ ആർബിഡിസികെ, തർക്കം തീർക്കാൻ വിളിക്കുന്ന യോഗങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചായ കുടിച്ചും അണ്ടിപ്പരിപ്പ് തിന്നും പിരിയുന്നതല്ലാതെ തീരുമാനം മാത്രം ഉണ്ടാകുന്നില്ല. 

ഈ പാലത്തിനായി സമരം ചെയ്യാൻ ഫോർട്ട് കൊച്ചി നിവാസികൾ ഒരു തവണ രംഗത്ത് ഇറങ്ങിയതല്ലാതെ നഗരത്തിലുള്ളവരോ ട്രെയിൻ യാത്രക്കാരോ തിരിഞ്ഞു നോക്കിയിട്ടില്ല. ഹാർബർ ടെർമിനസിലേക്കു ഏതാനും ട്രെയിനുകൾ മാറ്റിയാൽ തന്നെ എറണാകുളം സൗത്തിലെ തിരക്കിനു ഏറെ പരിഹാരമാകുമായിരുന്നു. നേവൽ എയർപോർട്ടിന്റെ സാന്നിധ്യമുള്ളതിനാൽ പാത വൈദ്യുതീകരിക്കാൻ കഴിയാത്തതിനാൽ കേരളത്തിൽ അവശേഷിക്കുന്ന വൈദ്യുതീകരിക്കാത്ത ഏക സെക്‌ഷനും എറണാകുളം–കൊച്ചിൻ ഹാർബർ ടെർമിനസ് 6 കിലോമീറ്റർ പാതയാണ്. 

എറണാകുളം ഒാൾഡ് റെയിൽവേ സ്റ്റേഷൻ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ പ്ലാറ്റ്‌ഫോം നീളം കൂട്ടാൻ വഴിയുണ്ട്

ഏറ്റവും പെട്ടെന്ന് പ്ലാറ്റ്‌ഫോം നീളം കൂട്ടാൻ കഴിയുന്നത് സൗത്തിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ്. ഇവിടെ പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് നിർത്തിയിരിക്കുന്ന 3 കോച്ചുള്ള സെൽഫ് പ്രൊപ്പൽഡ് ഓക്സിലറി ടൂൾ വാനിന്റെ (സ്പാർട്ട്) സ്ഥാനം അവിടെ നിന്നു മാറ്റിയാൽ‌ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ നീളം 22 കോച്ച് പിടിക്കുന്ന രീതിയിലാക്കാൻ കഴിയുമെന്നു കാണിച്ചു ട്രാഫിക് വിഭാഗം പലവട്ടം കത്തയച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. സ്പാർട്ട് മെട്രോ തൂണിനു സമീപമുള്ള ലൈനിലേക്ക് മാറ്റാനായിരുന്നു ശുപാർ‌ശ.എന്നാൽ സ്പാർട്ട് അവിടെ നിർത്തുന്നതു സ്റ്റേഷന്റെ സൗന്ദര്യത്തെ ബാധിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെന്നു പറഞ്ഞിട്ടാണ് അതു ചെയ്യാതിരിക്കുന്നതെന്നാണ് ആക്ഷേപം. 

സ്റ്റേഷന്റെ സൗന്ദര്യമാണോ വലുത് അതോ ട്രെയിൻ ഒാപ്പറേഷൻ സുഗമമാക്കുന്നതിനാണോ പ്രാധാന്യം നൽകേണ്ടത് എന്ന് ദക്ഷിണ റെയിൽവേ ജനറൻ മാനേജർ ഈ ഉദ്യോഗസ്ഥനെ പഠിപ്പിക്കേണ്ടതുണ്ട്. സ്പാർട്ട് മാറ്റുന്നതിനു നൽകിയ ബദൽ നിർദേശവും പരിഗണിച്ചിട്ടില്ല. സ്റ്റേഷനിലെ മറ്റു 2 പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാൻ പോയിന്റ് സംവിധാനത്തിൽ പണികൾ നടത്തിയാൽ സാധിക്കുമെങ്കിലും അതിനും ഡിവിഷൻ തയാറല്ല. എറണാകുളം സ്റ്റേഷനിൽ ഇങ്ങനെയൊക്കെ മതിയെന്നാണ് ഉദ്യോഗസ്ഥരുടെ ചിന്ത. 

∙ മാർഷലിങ് യാഡിൽ ആർക്കും വേണ്ടാതെ 110 ഏക്കർ ഭൂമി

ഒാൾഡ് റെയിൽവേ സ്റ്റേഷനും ഹാർബർ ടെർമിനസും എവിടെയും എത്താതെ വന്നതോടെയാണു പൊന്നുരുന്നി മാർഷലിങ് യാഡ് ടെർമിനലാക്കി വികസിപ്പിക്കണമെന്ന് ആവശ്യം ഉയർന്നത്. കെആർ‍ഡിസിഎൽ നടത്തിയ സാധ്യതാ പഠന റിപ്പോർട്ട് ഇപ്പോളും ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് പൊടിപിടിച്ചിരിക്കയാണ്. ടെർമിനൽ നൽ‌കാൻ കഴിയില്ലെങ്കിൽ അവിടെയുള്ള 110 ഏക്കർ ഭൂമി പ്രയോജനപ്പെടുത്തി കൂടുതൽ പിറ്റ്‌ലൈനുകളും സ്റ്റേബിളിങ് ലൈനുകളും സ്ഥാപിക്കാമെങ്കിലും അതിനും പദ്ധതിയില്ല. ഏതാനും  സ്റ്റേബിളിങ് ലൈനുകൾ ലഭിച്ചാൽ രാവിലെ മുതൽ വൈകിട്ട് വരെ പ്ലാറ്റ്ഫോമിൽ കിടക്കുന്ന 3 ട്രെയിനുകൾ മാർഷലിങ് യാഡിലേക്കു മാറ്റാൻ കഴിയും. എറണാകുളം സൗത്തിൽ യാത്ര അവസാനിപ്പിക്കുന്ന മെമു ട്രെയിനുകൾ ഇടപ്പള്ളി വരെ നീട്ടിയാലും ഏതാനും പ്ലാറ്റ്ഫോമുകൾ ഒഴിവു വരും. എന്നാൽ ലോക്കോപൈലറ്റുമാർക്കുള്ള സൗകര്യങ്ങൾ അവിടെയില്ലെന്നാണ് റെയിൽവേ വാദം. ഇരുമ്പനത്തും എറണാകുളം നോർത്തിലും ടാക്സിയിലാണ് ലോക്കോപൈലറ്റുമാരെ സൗത്തിൽ നിന്ന് എത്തിക്കുന്നത്. ഇടപ്പള്ളി വരെ ടാക്സിയിൽ ലോക്കോപൈലറ്റുമാരെ എത്തിക്കാൻ എന്താണ് തടസ്സമെന്ന് യാത്രക്കാർ ചോദിക്കുന്നു. 

∙ പ്ലാറ്റ്ഫോം ഇല്ലാത്തതിന്റെ നഷ്ടങ്ങൾ

വേണാട് നോർത്ത് വഴിയാക്കിയതോടെ ഇനിയെങ്കിലും കൊച്ചിക്ക് വന്ദേഭാരത് ലഭിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചിക്ക് വന്ദേഭാരത് ലഭിക്കാൻ എല്ലാ അർഹതയും ഉണ്ടായിട്ടും പ്ലാറ്റ്‌ഫോമില്ലെന്ന കാരണത്താൽ വന്ദേഭാരത് നിഷേധിക്കപ്പെട്ടു. ആദ്യം എത്തിച്ച ട്രെയിൻ തിരികെ കൊണ്ടു പോയി, രണ്ടാമത് എത്തിച്ച ട്രെയിൻ 25 ദിവസത്തിലധികമായി കൊച്ചുവേളിയിലും കൊല്ലത്തുമായി നിർത്തിയിട്ടിരിക്കുന്നു. എറണാകുളം–ബെംഗളൂരു വന്ദേഭാരത് സർവീസിനായി റെയിൽവേയ്ക്കു മുകളിൽ കടുത്ത സമർദമുണ്ടെങ്കിലും എറണാകുളത്തെ പ്രശ്നങ്ങൾ കാരണം സർവീസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ. (ഫയൽ ചിത്രം: മനോരമ)

എറണാകുളം–വേളാങ്കണ്ണി പ്രതിദിനമാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളും ബാക്കിയാണ്. കഴിഞ്ഞ ഒാൾ ഇന്ത്യ ടൈംടേബിൾ കമ്മിറ്റി. യോഗത്തിൽ ജബൽപുരിൽ നിന്നു എറണാകുളത്തേക്ക് ആഴ്ചയിൽ 2 സർവീസിന് അനുമതി തേടിയിരുന്നെങ്കിലും എറണാകുളത്ത് പ്ലാറ്റ്‌ഫോം സൗകര്യമില്ലെന്നു പറഞ്ഞു ദക്ഷിണ റെയിൽവേ ട്രെയിൻ വെട്ടിയിരുന്നു. എറണാകുളം–അജ്മീർ മരുസാഗർ, എറണാകുളം–പട്ന ട്രെയിനുകളുടെ ഫ്രീക്വൻസി കൂട്ടാനും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണു തടസ്സം. വേണാട് നോർത്ത് വഴിയാക്കിയതോടെ വന്ദേഭാരത് അടിയന്തരമായി അനുവദിക്കണമെന്നു യാത്രക്കാർ പറയുന്നു. 8 കോച്ചുള്ള വന്ദേഭാരത് ഏത് പ്ലാറ്റ്ഫോമിലും എടുക്കാൻ കഴിയും. 

∙ വേണാടിന് പകരം മെമു

വേണാടിന് പകരം മെമു എന്നത് യാത്രക്കാരുടെ ന്യായമായ ആവശ്യമാണ്. മുന്നിലും പുറകിലും ഡ്രൈവിങ് കാബ്  ഉള്ളതിനാൽ എൻജിൻ മാറ്റേണ്ട. ഏത് ദിശയിലും ഒാടിക്കാം. പാലരുവിക്കും വേണാടിനുമിടയിൽ പുതിയ മെമു ഓടിക്കുമ്പോൾ വേണാടിന്റെ അതേ സ്റ്റോപ്പ് പാറ്റേൺ മെമുവിന് നൽകണം. തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിൽ 14 കോച്ചുകളാണുള്ളത്. ഇത് 18 ആക്കാൻ അനുമതിയുണ്ടെങ്കിലും മധുര ഡിവിഷന്റെ ട്രെയിനായതിനാൽ അവർ ഇതുവരെ കോച്ച് കൂട്ടിയിട്ടില്ല. അടിയന്തരമായി പാലരുവിയിൽ കോച്ചുകൾ കൂട്ടാൻ റെയിൽവേ തയാറാകണം. അതും ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരമാകും. വേണാട് നേരത്തേ ഷൊർണൂരിലെത്തുന്നതിനാൽ മലബാറിലേക്കുള്ള തുടർയാത്രയ്ക്കു എഗ്മൂർ–മംഗളൂരു എക്സ്പ്രസിന് (12.45) ഇപ്പോൾ കണക്‌ഷൻ ലഭിക്കുന്നുണ്ട്. ഗുരുവായൂരേക്കു പോകേണ്ടവർക്ക് തൃശൂരിലും കണക്‌ഷൻ കിട്ടും. വേണാട് 11.18ന് തൃശൂരിലെത്തും 11.35നാണ് തൃശൂർ–ഗുരുവായൂർ പാസഞ്ചർ. വേണാട് നിലമ്പൂരേക്കു നീട്ടണമെന്ന ആവശ്യവും ശക്തമാണ്. 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ. (ഫയൽ ചിത്രം: മനോരമ)

∙ കൊച്ചിക്ക് വേണം സാറ്റലൈറ്റ് ടെർമിനൽ

മറ്റു നഗരങ്ങളിലെല്ലാം സാറ്റലൈറ്റ് ടെർമിനലുകൾ വന്നിട്ടും എറണാകുളത്ത് മാത്രം ഇതുവരെ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ രണ്ടാമത്തെ ടെർമിനൽ സ്റ്റേഷൻ വന്നിട്ടില്ല. ചെന്നൈയിൽ  സെൻട്രൽ, എഗ്മൂർ, താംബരം എന്നിങ്ങനെ 3 സ്റ്റേഷനുകളും തിരുവനന്തപുരത്തു സെൻട്രലിനു പുറമേ കൊച്ചുവേളിയും ഉണ്ടെങ്കിലും  സൗത്തിനെ മാത്രം ആശ്രയിച്ചാണു മെട്രോ നഗരമായ കൊച്ചിയിലെ ട്രെയിൻ ഗതാഗതം. ഒരു പ്ലാറ്റ്ഫോം കൂടി നിർമിച്ചു എറണാകുളം നോർത്ത് സ്റ്റാർട്ടിങ് സ്റ്റേഷനാക്കാമെങ്കിലും അതും ചെയ്തിട്ടില്ല. 6 പ്ലാറ്റ്ഫോമുകളുള്ള സൗത്തിൽ നിന്ന് ആകെ 39 സർവീസുകളാണ് റെയിൽവേ ഓപറേറ്റ് ചെയ്യുന്നത്.  

എറണാകുളം സൗത്തിലെ പകൽ സമയത്തെ ട്രെയിനുകളുടെ തിരക്ക്. (ഫയൽ ചിത്രം: മനോരമ)

അതേസമയം, സൗത്തിലെ പോലെ 6 പ്ലാറ്റ്ഫോമുകളുള്ള തിരുപ്പതിയിൽ നിന്ന് 54 ട്രെയിനുകളാണ് ഓടിക്കുന്നത്. സൗത്തിലെ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടുകയും മാർഷലിങ് യാഡിൽ 2 പിറ്റ്‌ലൈനുകൾ കൂടി നിർമിച്ചാൽ 15 പുതിയ സർവീസുകൾ കൂടി സൗത്തിൽനിന്നു തന്നെ ആരംഭിക്കാൻ കഴിയും. അതിനുള്ള നടപടികളാണ് യുദ്ധകാലാടിസ്ഥാനത്തിൽ വേണ്ടത്. പതിവ് അവഗണന അവസാനിപ്പിച്ചു കൊച്ചിയിലെ റെയിൽവേ വികസനത്തിന് ഇനിയെങ്കിലും തിരുവനന്തപുരം റെയിൽവേ ഡിവിഷനും ദക്ഷിണ റെയിൽവേയും തയാറാകണം. 

English Summary:

Rerouting of the Venad Express through Ernakulam North instead of Ernakulam South