ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നെടുകെ പിളർന്നിട്ട് അറുപതാണ്ടുകൾ (1964-2024) പിന്നിട്ടിരിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1978 മുതൽ മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികളായ സിപിഐയും സിപിഎമ്മും ഇടത് ഐക്യമെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ യോജിപ്പിലാണെങ്കിലും രണ്ട്‌ പാർട്ടികളായിതന്നെ തുടരുന്നു. പ്രത്യയശാസ്ത്ര ഭിന്നതകൾ നിലനിൽക്കുന്നത് കൊണ്ട് ലയനത്തിന് ഇനിയും സമയമായില്ല പോലും! 1952ലെ പ്രഥമ പൊതു തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ദേശീയ തലത്തിൽ 9 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും കൂടി ലഭിച്ചത് 2 ശതമാനത്തിലും താഴെ വോട്ട്! 1964ൽ അവിഭക്ത പാർട്ടി പിളർന്നതിന്റെ തുടർ ചലനമെന്നോണം 1968ൽ പിറന്നു വീണ നക്സലൈറ്റ് പ്രസ്ഥാനവും ശിഥിലീകരിക്കപ്പെട്ട് ദുർബലാവസ്ഥയിൽ കിതയ്ക്കുന്നു.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നെടുകെ പിളർന്നിട്ട് അറുപതാണ്ടുകൾ (1964-2024) പിന്നിട്ടിരിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1978 മുതൽ മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികളായ സിപിഐയും സിപിഎമ്മും ഇടത് ഐക്യമെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ യോജിപ്പിലാണെങ്കിലും രണ്ട്‌ പാർട്ടികളായിതന്നെ തുടരുന്നു. പ്രത്യയശാസ്ത്ര ഭിന്നതകൾ നിലനിൽക്കുന്നത് കൊണ്ട് ലയനത്തിന് ഇനിയും സമയമായില്ല പോലും! 1952ലെ പ്രഥമ പൊതു തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ദേശീയ തലത്തിൽ 9 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും കൂടി ലഭിച്ചത് 2 ശതമാനത്തിലും താഴെ വോട്ട്! 1964ൽ അവിഭക്ത പാർട്ടി പിളർന്നതിന്റെ തുടർ ചലനമെന്നോണം 1968ൽ പിറന്നു വീണ നക്സലൈറ്റ് പ്രസ്ഥാനവും ശിഥിലീകരിക്കപ്പെട്ട് ദുർബലാവസ്ഥയിൽ കിതയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നെടുകെ പിളർന്നിട്ട് അറുപതാണ്ടുകൾ (1964-2024) പിന്നിട്ടിരിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1978 മുതൽ മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികളായ സിപിഐയും സിപിഎമ്മും ഇടത് ഐക്യമെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ യോജിപ്പിലാണെങ്കിലും രണ്ട്‌ പാർട്ടികളായിതന്നെ തുടരുന്നു. പ്രത്യയശാസ്ത്ര ഭിന്നതകൾ നിലനിൽക്കുന്നത് കൊണ്ട് ലയനത്തിന് ഇനിയും സമയമായില്ല പോലും! 1952ലെ പ്രഥമ പൊതു തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ദേശീയ തലത്തിൽ 9 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും കൂടി ലഭിച്ചത് 2 ശതമാനത്തിലും താഴെ വോട്ട്! 1964ൽ അവിഭക്ത പാർട്ടി പിളർന്നതിന്റെ തുടർ ചലനമെന്നോണം 1968ൽ പിറന്നു വീണ നക്സലൈറ്റ് പ്രസ്ഥാനവും ശിഥിലീകരിക്കപ്പെട്ട് ദുർബലാവസ്ഥയിൽ കിതയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നെടുകെ പിളർന്നിട്ട് അറുപതാണ്ടുകൾ (1964-2024) പിന്നിട്ടിരിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1978 മുതൽ മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികളായ സിപിഐയും സിപിഎമ്മും ഇടത് ഐക്യമെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ യോജിപ്പിലാണെങ്കിലും രണ്ട്‌ പാർട്ടികളായിതന്നെ തുടരുന്നു. പ്രത്യയശാസ്ത്ര ഭിന്നതകൾ നിലനിൽക്കുന്നത് കൊണ്ട് ലയനത്തിന് ഇനിയും സമയമായില്ല പോലും! 1952ലെ പ്രഥമ പൊതു തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ദേശീയ തലത്തിൽ 9 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും കൂടി ലഭിച്ചത് 2 ശതമാനത്തിലും താഴെ വോട്ട്! 

1964ൽ അവിഭക്ത പാർട്ടി പിളർന്നതിന്റെ തുടർ ചലനമെന്നോണം 1968ൽ പിറന്നു വീണ നക്സലൈറ്റ് പ്രസ്ഥാനവും ശിഥിലീകരിക്കപ്പെട്ട് ദുർബലാവസ്ഥയിൽ കിതയ്ക്കുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ധൃതഗതിയിൽ ശുഷ്കിച്ച് കൊണ്ടിരിക്കുന്ന വർത്തമാനകാല യാഥാർഥ്യത്തിൽ നിന്നു കൊണ്ടാണ് 1964ൽ സംഭവിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനെ കുറിച്ചും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചും നാം ചർച്ച ചെയ്യുന്നത്.

ഹൈദരാബാദില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പാര്‍ട്ടി സ്ഥാപകനേതാക്കളായ വി.എസ്. അച്യുതാനന്ദനും എന്‍. ശങ്കരയ്യയും (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ പിളർപ്പെന്ന വിപ്ലവ പ്രവൃത്തി!

തമിഴ്‌നാട്ടിലെ മുതിർന്ന സിപിഎം നേതാവായിരുന്ന ശങ്കരയ്യ വിടപറഞ്ഞത് ഈ അടുത്ത കാലത്താണ്. അദ്ദേഹത്തെ കുറിച്ചുള്ള പത്ര റിപ്പോർട്ടുകളിൽ എടുത്തുപറഞ്ഞ ഒരു വിശേഷണം, 1964ൽ എകെജിയോടൊപ്പം സിപിഐ നാഷനൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരണത്തിന് നേതൃത്വം നൽകിയ വിപ്ലവകാരിയെന്നാണ്. അന്ന് ഇറങ്ങിപ്പോയ 32 പേരിൽ ജീവിച്ചിരിപ്പുള്ളത് വി.എസ്.അച്യുതാനന്ദൻ മാത്രം. ഒരു പ്രസ്ഥാനത്തെ പിളർത്തുന്നത് എങ്ങനെ വിപ്ലവ പ്രവർത്തനമാകും? പിളർത്തിയവരുടെ വിപ്ലവ സ്വപ്നങ്ങൾ പൂവണിഞ്ഞുവോ? 

എന്തിനു വേണ്ടി പിളർന്നു? ഒന്ന്, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് തുടക്കകാലം തൊട്ട് ഒരു വിഭാഗത്തിനുണ്ടായ ദേശീയ പ്രസ്ഥാനത്തിന്റെ വ്യത്യസ്തങ്ങളായ മാനങ്ങളെയും ഒരു പ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് ഗാന്ധിസത്തിന്റെ വൈവിധ്യമാർന്ന സാധ്യതകളെയും സംബന്ധിച്ചുള്ള അജ്ഞതയിൽ നിന്ന് ഉടലെടുത്ത അന്ധമായ കോൺഗ്രസ് വിരോധം! 1920ലെ രണ്ടാം കമ്യൂണിസ്റ്റ് ഇന്റ‍‍ർനാഷനലിൽ അവതരിപ്പിച്ച കൊളോണിയൽ തീസിസിൽ ലെനിൻ ആവശ്യപ്പെട്ടത് ഇന്ത്യയിൽ കോളനി വിരുദ്ധ സമരങ്ങളിൽ കമ്യൂണിസ്റ്റ്പാർട്ടി ഗാന്ധിയോടൊപ്പം അണിനിരക്കണമെന്നായിരുന്നു. 

മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ തുടങ്ങിയവരുടെ ഛായാചിത്രം നോക്കിക്കാണുന്നയാൾ (Photo by AP )

എന്നാൽ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്ത എം.എൻ. റോയിയുടെ അഭിപ്രായത്തിനായിരുന്നു മേൽക്കൈ. അതുപ്രകാരം ഇന്ത്യയിൽ ആദ്യം ഇല്ലാതാക്കേണ്ടത് കോൺഗ്രസ് എന്ന ‘ബൂർഷ്വാ’ ദേശീയ പ്രസ്ഥാനത്തെ! ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആരംഭകാലം തൊട്ട് ഗ്രസിച്ച സെക്ടേറിയനിസത്തിന്റെ വേരുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സിപിഎം കോൺഗ്രസിനെ വിശകലനം ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴും, ചുരുങ്ങിയ പക്ഷം കേരളത്തിൽ, ഈ സെക്ടേറിയൻ നിലപാടിൽനിന്ന് മോചിതമായിട്ടില്ല എന്നാണ് കരുതേണ്ടത്.

6 ലക്ഷം ഗ്രാമങ്ങളുള്ള ഇന്ത്യയിൽ ഗാന്ധിജിയെ അറിയാത്ത ഒരൊറ്റ ഗ്രാമം പോലും കാണില്ല. എന്നാൽ മാർക്സിനെ അറിയുന്ന ഗ്രാമങ്ങൾ ഇതിൽ എത്ര കാണും? അതിനർഥം ഗാന്ധിയിലൂടെ, അല്ലെങ്കിൽ ഗാന്ധിസത്തിലൂടെ മാത്രമേ മാർക്സിനെ ഇന്ത്യയിലെ ദരിദ്രനാരായണരുടെ മുന്നിലേയ്ക്കെത്തിക്കാൻ കഴിയൂ എന്നാണ്. 

ADVERTISEMENT

രണ്ട്, 1960ൽ മോസ്കോവിൽ ചേർന്ന, 81 കമ്യൂണിസ്റ്റ് പാർട്ടികളുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിലപാടിന്റെ സ്വാധീന വലയത്തിൽ മുകളിൽ സൂചിപ്പിച്ച തരത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കകത്തെ അന്ധമായ കോൺഗ്രസ് വിരോധികളായവർ അകപ്പെട്ടത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും വമ്പിച്ച ഭൂഭാഗങ്ങളാണ് ലോക വിപ്ലവ കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രങ്ങളെന്നായിരുന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിലപാട്. സാമ്രാജ്യത്വത്തിന്റെ മേൽ പ്രത്യക്ഷമായ പ്രഹരമേൽപ്പിക്കാൻ കഴിവുള്ള ഈ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ആരംഭിക്കേണ്ടിയിരിക്കുന്ന ഉടൻ വിപ്ലവത്തിലാണ് ലോക വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാവിയെന്നുമുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിലപാടും അംഗീകരിച്ച സഖാക്കളാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ 1964ൽ പിളർത്തിയത്. അല്ലെന്ന് പറയാൻ സിപിഎം നേതൃത്വത്തിന് ആകുമോ ?

ആന്ധ്രയിലെ നക്‌സൽ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ളവർ (File Photo by PTI)

1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർത്താൻ സിപിഎം കൈക്കൊണ്ട ഇതേ രാഷ്ട്രീയത്തിന്റെ തുടർച്ച തന്നെയാണ് 1968ൽ നക്സലിസത്തിന് ഇന്ത്യൻ മണ്ണിൽ വളക്കൂറായി മാറിയത്. ഉടൻ വിപ്ലവം പറഞ്ഞ് സിപിഐയെ പിളർത്തിയവർ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സീറ്റ് വർധിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനപ്പുറം ഒരു വിപ്ലവവും നടത്താൻ മെനക്കെടില്ലെന്ന് ബോധ്യമായപ്പോൾ സിപിഎമ്മിന് അകത്തെ ശുദ്ധാത്മാക്കളായ ‘ഉടൻ’ വിപ്ലവകാരികളാണ് നേതൃത്വത്തോട്‌ കലഹിച്ച് നക്സൽ ബാരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇക്കാര്യവും സിപിഎമ്മിന് നിഷേധിക്കാനാകുമോ? 64ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർത്താൻ ന്യായീകരണമായി സ്വീകരിക്കപ്പെട്ട അന്ധമായ കോൺഗ്രസ് വിരോധവും ചൈനീസ് വിധേയത്വവും പരസ്യമായി തന്നെ പ്രകടിപ്പിക്കുന്ന നടപടി പിളർപ്പിലൂടെ സിപിഎം ആയി മാറിയ സഖാക്കളുടെ ഭാഗത്തു നിന്നുമുണ്ടായി. അവിശ്വസനീയമാം വിധം സെക്ടേറിയൻ നിലപാടുകളുടെ തടവറയിലായിരുന്നു അക്കാലത്ത് സിപിഎം സഖാക്കൾ. 

∙ നടപ്പാകേണ്ടിയിരുന്നത് ജോഷി ലൈൻ 

1942ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മഹാത്മാ ഗാന്ധിയുടെ നേരിട്ടുള്ള ക്ഷണമുണ്ടായിട്ടും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അതിന് തയാറാകാതിരുന്നത് ദേശീയ മുഖ്യധാരയിൽ നിന്നും പ്രസ്ഥാനത്തെ പൂർണമായും അകറ്റി. സോവിയറ്റ് യൂണിയൻ ജർമനിക്കെതിരെ പടിഞ്ഞാറൻ സഖ്യത്തിന്റെ ഭാഗമായതോടെ രണ്ടാം ലോക മഹായുദ്ധം സാമ്രാജ്യത്വ യുദ്ധത്തിൽനിന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ജനകീയ യുദ്ധമായി പരിണമിച്ചു. ഉടൻ ഇന്ത്യയിലെ ബ്രിട്ടിഷ് വിരുദ്ധ സമരങ്ങളെല്ലാം നിർത്തിവയ്ക്കുവാനുള്ള ആഹ്വാനവും കമ്യൂണിസ്റ്റ് പാർട്ടി നടത്തി. ഇന്ത്യ ഗാന്ധിജിയുടെ നേതൃത്വത്തിൽ അപ്പോഴേയ്ക്കും ബ്രിട്ടനെതിരെയുള്ള അന്തിമസമരത്തിൽ തിളയ്ക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒറ്റപ്പെടൽ ഊഹിക്കാവുന്നതേയുള്ളൂ.

സിപിഎമ്മിന്റെ പാർട്ടി പരിപാടിയുടെ വേദിയിൽനിന്ന് (File Photo by PTI)
ADVERTISEMENT

മേൽ വിവരിച്ച ഒറ്റപ്പെടലിന്റെ ക്ഷീണം കുറച്ചെങ്കിലും പരിഹരിക്കപ്പെട്ടത് 1942 മുതൽ 1948 വരെയുള്ള പി.സി. ജോഷിയുടെ ഭാവനാ പൂർണമായ നയങ്ങളും പരിപാടികളുമായിരുന്നു. ഇതിന്റെയൊക്കെ ഫലമായി വർഗ ബഹുജന സംഘടനകൾ ശക്തിപ്പെടുന്നതിനോടൊപ്പം കലാ-സാഹിത്യ മേഖലകളിലും കമ്യൂണിസ്റ്റ് പാർട്ടി വളരെയേറെ മുന്നേറി. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) പോലുള്ള സംഘടനകൾ ബോംബെ സിനിമാ രംഗമുൾപ്പെടെയുള്ള മേഖലകളിൽ ചലനങ്ങളുണ്ടാക്കി. കെ.എ.അബ്ബാസ്, കൈഫി ആസ്മി (ശബാനാ ആസ്മിയുടെ പിതാവ്) മുൽക്ക് രാജ് ആനന്ദ് തുടങ്ങിയ പ്രമുഖർ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സഹായാത്രികരായി മാറി.

മഹാത്മാ ഗാന്ധിയോടും ജവഹർലാൽ നെഹ്‌റുവിനോടും അവർ നയിച്ച ദേശീയ പ്രസ്ഥാനത്തോടും ക്രിയാത്മക സമീപനം ജോഷി വച്ചു പുലർത്തി. സ്വാതന്ത്ര്യാനന്തരം നെഹ്റുവിന്റെ പുരോഗമന നയങ്ങൾക്ക് പിന്തുണ നൽകി കമ്യൂണിസ്റ്റ് പാർട്ടി ദേശ പുനർനിർമാണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കണമെന്നുള്ളതായിരുന്നു പി.സി.ജോഷി ലൈനിന്റെ കാതൽ. സ്വാതന്ത്ര്യത്തോടെ ഇന്ത്യ ഒരു ദേശരാഷ്ട്രമായി മാറിയെന്നും ജോഷി വാദിച്ചു.

സിപിഎം നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് (ചിത്രം: മനോരമ ആർക്കൈവ്)

∙ കൽക്കട്ട തീസിസ് എന്ന വരട്ടുവാദം

പി.സി. ജോഷി ലൈൻ ഉണർത്തിവിട്ട പ്രതീക്ഷകൾ, മുന്നേറ്റങ്ങൾ എല്ലാം അട്ടിമറിക്കപ്പെട്ടത് 1948ലെ കൽക്കട്ട പാർട്ടി കോൺഗ്രസ് അംഗീകരിച്ച ബി.ടി.രണദിവയുടെ ‘കൽക്കട്ട തീസിസ്’ എന്ന ലൈൻ നടപ്പിലാക്കപ്പെട്ടതിലൂടെയായിരുന്നു. സ്വാതന്ത്ര്യാനന്തരം നടന്ന പ്രഥമ പാർട്ടി കോൺഗ്രസായിരുന്നു കൽക്കട്ട പാർട്ടി കോൺഗ്രസ്. 1947ലെ സ്വാതന്ത്ര്യ ലബ്‌ധി യഥാർഥമല്ലെന്നും മറിച്ച് അധികാര കൈമാറ്റം മാത്രമാണെന്നും പണ്ഡിറ്റ് നെഹ്‌റു ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റ് ആണെന്നുമുള്ള പ്രഖ്യാപനമായിരുന്നു ചുരുക്കത്തിൽ കൽക്കട്ട തീസിസ്. പോരാത്തതിന് നെഹ്‌റു സർക്കാരിനെ പുറത്താക്കാൻ സായുധ സമരത്തിനുള്ള ആഹ്വാനവും ചെയ്തു. വരട്ടുതത്വവാദത്തിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇതിനേക്കാൾ വലിയ മറ്റൊരു ഉദാഹരണമില്ല. 

സിപിഎമ്മിന്റെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഇനി ആറടി മണ്ണിൽ കുഴിച്ചിടുക മാത്രമേ പോംവഴിയുള്ളൂ. അവരുടെ അവസാന തുരുത്തായ കേരളത്തിൽ മുസ്‌ലിം ലീഗിനെ കൂട്ട് പിടിച്ച് കോൺഗ്രസിനെ നാമാവശേഷമാക്കാനുള്ള ഇപ്പോഴത്തെ ശ്രമം ആർഎസ്എസിനു മുന്നിൽ കേരളത്തിന്റെ വാതിൽ മലർക്കെ തുറന്നു കൊടുക്കുന്നതിൽ മാത്രമാണ് ചെന്നെത്തുക.

കൽക്കട്ട തീസിസിന്റെ വേരുകൾ ഈ ലേഖനത്തിൽ മുൻപ് സൂചിപ്പിച്ച കോളനി രാജ്യങ്ങളിൽ സ്വീകരിക്കേണ്ടുന്ന തന്ത്രങ്ങളുമായി ബന്ധപ്പെട്ടുള്ള എം.എൻ. റോയിയും ലെനിനും തമ്മിലുള്ള തർക്കങ്ങളിലാണെന്ന് കാണാൻ ബുദ്ധിമുട്ടില്ല. 1964ലെ പാർട്ടി പിളർപ്പിലും പിന്നീടിങ്ങോട്ടുള്ള സിപിഎമ്മിന്റെ നയ സമീപനങ്ങളിലും ഇതെ സെക്ടേറിയൻ നിലപാടുകളുടെ സ്വാധീനം വേണ്ടുവോളമുണ്ട്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയ്ക്കു ശേഷം ത്രീവ വലതുപക്ഷത്തിന്റെ ഭീഷണി കാണാതെ ‘ഏത് ചെകുത്താനെ കൂട്ടുപിടിച്ചും’ കോൺഗ്രസിനെ തകർക്കുമെന്ന് പ്രഖ്യാപിക്കാൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന ഇഎംഎസിന് കഴിഞ്ഞത്.

1952 ൽ ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ത്രീ (File Photo by PTI)

∙1942ഉം 1948ഉം ആവർത്തിക്കരുത് സിപിഐ

ഇന്ത്യൻ ഇടതുപക്ഷം പൊതുവേയും സിപിഐ പ്രത്യേകിച്ചും തിരിച്ചറിയേണ്ടുന്ന ഒരു കാര്യം 1942ഉം 1948ഉം ഒരിക്കൽ കൂടി ആവർത്തിക്കാൻ ഇടവരരുത് എന്നാണ്. സിപിഐക്ക് ദേശീയ മുഖ്യധാരയിലേയ്ക്ക് എത്താനുള്ള അവസരങ്ങളായിരുന്നു മേൽപ്പറഞ്ഞ രണ്ട് സന്ദർഭങ്ങളും. പ്രത്യേകിച്ച് 1947 മുതൽ നെഹ്റു നയിച്ച ദേശീയ സർക്കാരുമായി സഹകരിച്ചിരുന്നുവെങ്കിൽ. ചൈനയിൽ മാവോ സെ തുങ് സൻയാത് സെന്നിനെ അംഗീകരിച്ചതു പോലെ ഗാന്ധിജിയെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചറിഞ്ഞ് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ നായകസ്ഥാനത്ത് കണ്ടിരുന്നെങ്കിൽ, അത് ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തിന് മാത്രമല്ല ലോകത്തിലെ വിമോചന പ്രസ്ഥാനങ്ങൾക്കാകെ മാതൃകയാകുമായിരുന്നെന്ന് വിഖ്യാത മാർക്സിസ്റ്റ് ചരിത്ര പണ്ഡിതനായിരുന്ന പ്രഫ. ബിപൻചന്ദ്ര ഒരിക്കൽ ഒരഭിമുഖത്തിൽ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. 

കൽക്കട്ട തീസിസ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനേൽപിച്ച പ്രഹരം ചില്ലറയല്ല. നെഹ്‌റുവിനെ പോലെ തികച്ചും ആധുനികവാദിയായ ഒരു സോഷ്യലിസ്റ്റിനെ കൂടെ നിർത്തുന്നതിന് പകരം അദ്ദേഹത്തെ ശത്രുപാളയത്തിലേക്ക് തള്ളിയെന്ന് മാത്രമല്ല കേന്ദ്ര സർക്കാറിനെ അട്ടിമറിക്കാൻ സായുധവിപ്ലവം പ്രഖ്യാപിക്കാനുള്ള മണ്ടത്തരവും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കാട്ടി. 1948ന്റെ തുടക്കത്തിൽ ആരംഭിച്ച സായുധ വിപ്ലവം 1952 ആകുമ്പോഴേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഭീകരമായ പരുക്കേൽപ്പിച്ചു. എന്നിട്ടും 1952ലെ പൊതു തിരഞ്ഞെടുപ്പിൽ 9 ശതമാനത്തോളം വോട്ടോടെ പാർലമെന്റിൽ മുഖ്യപ്രതിപക്ഷ കക്ഷിയാകാൻ കമ്യൂണിസ്റ്റ് പാർട്ടിക്കായി.

15ാം സിപിഎം ചണ്ഡിഗഡ് പാർട്ടി കോൺഗ്രസിന്റെ പതാക ഉയർത്തുന്ന സിപിഎം നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് (മനോരമ ആർക്കൈവ്)

സ്വതന്ത്ര ഇന്ത്യയെ ഒരു നവസ്വതന്ത്ര ദേശരാഷ്ട്രമായി കണ്ട് ദേശ പുനർനിർമാണ പ്രക്രിയയിൽ ഇടത് ആശയങ്ങൾ പകർന്നു നൽകി കേന്ദ്ര സർക്കാരുമായി സഹകരിച്ചിരുന്നെങ്കിൽ നെഹ്‌റു തുറന്ന മനസ്സോടെ അതു സ്വീകരിക്കുമായിരുന്നു. അന്നത്തെ ലോക സാഹചര്യവും അതിനനുകൂലമായിരുന്നു. കാരണം നെഹ്‌റുവിന്റെ വിദേശ നയം വെറും ന്യൂട്രലിസമായിരുന്നില്ല. മറിച്ച് പോസിറ്റീവ് ന്യൂട്രലിസമായിരുന്നു. സോവിയറ്റ് ചേരിയോട് ചേർന്നു നിൽക്കുന്ന പോസിറ്റീവ് സമീപനം. നെഹ്‌റുവിന് തത്തുല്യനായി കാണേണ്ടിയിരുന്ന ഇന്തൊനീഷ്യൻ പ്രസിഡന്റ് സുകാർണോവിനോട് അവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടി എടുത്ത അതേ നിഷേധാത്മക നിലപാടിനോട് സാമ്യമുള്ള നയമായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലും സ്വീകരിച്ചത്. ഇന്തൊനീഷ്യയിൽ കമ്യൂണിസ്റ്റ് പാർട്ടി അതോടെ നാമാവശേഷമായത് ചരിത്രം. 

സി. അച്യുതമേനോൻ (ചിത്രം: മനോരമ ആർക്കൈവ്)

1960കളുടെ അവസാനത്തോടെ സിപിഐ ദേശീയ ജനാധിപത്യ ലൈൻ സ്വീകരിച്ചതോടെ വൈകിയാണെങ്കിലും നേരായ മാർഗത്തിലെത്തിയതായിരുന്നു. ഈ മാറ്റത്തിന്റെ ഫലമായിട്ടായിരുന്നു 1970കളിൽ കേരളം കണ്ട ഏറ്റവും മികച്ച ഭരണ സംവിധാനമായിരുന്ന അച്യുതമേനോൻ മന്ത്രിസഭ യാഥാർഥ്യമായത്. ഇതായിരുന്നു ഇന്ത്യയ്ക്കാകെ മാതൃകയായ യഥാർഥ ഫാഷിസ്റ്റ് വിരുദ്ധ ജനകീയ ബദൽ. സിപിഎം ആകട്ടെ ഈ കാലയളവിൽ തികഞ്ഞ സ്റ്റാലിനിസ്റ്റ്-കോൺഗ്രസ് വിരുദ്ധ ലൈനിൽ തന്നെ തുടർന്നു. 

1978ൽ അടിയന്തരാവസ്ഥയിലുണ്ടായ താൽക്കാലിക തിരിച്ചടിയെ തുടർന്ന് വീണ്ടുവിചാരമില്ലാതെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎം ബാന്ധവത്തിലേർപ്പെട്ടതോടെ സിപിഐ യുടെ ഭാവി അടയുകയാണുണ്ടായത്. സിപിഎമ്മിന് താൽകാലികമായി രാഷ്ട്രീയ നിലനിൽപ്പ് ഉണ്ടാക്കി കൊടുക്കാൻ മാത്രമാണ് ആ ബന്ധത്തിന് കഴിഞ്ഞത്. സിപിഐ ബന്ധത്തിലൂടെയല്ലാതെ കേരളത്തിൽ സിപിഎമ്മിന് അധികാരമേറാൻ ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും ഓർക്കുക. '42ഉം '48ഉം ആവർത്തിക്കാതിരിക്കാൻ സിപിഐ ജാഗ്രത പുലർത്തണം. വർഗീയ ഫാഷിസമുയർത്തുന്ന ഭീഷണി ഒട്ടും ലാഘവത്തോടെ കാണേണ്ട ഒന്നല്ല. കോൺഗ്രസ് ഉൾപ്പെടുന്ന വർഗീയ ഫാഷിസ്റ്റ് വിരുദ്ധ കോൺഫെഡറേഷൻ ദേശീയതലത്തിൽ രൂപീകരിക്കാനാണ് ഇടതുപക്ഷം ഇന്ന് ഉണർന്ന് പ്രവർത്തിക്കേണ്ടത്. 

പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ ഇഎംഎസ്, ഹർകിഷൻ സിങ് സുർജിത്, ജ്യോതിബസു തുടങ്ങിയ സിപിഎം നേതാക്കൾ (ചിത്രം: മനോരമ ആർക്കൈവ്)

∙ എന്തുകൊണ്ട് കോൺഗ്രസ്-ഇടത് ഐക്യം?

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ കേട്ട ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധവും പ്രതിലോമകരവുമായ മുദ്രാവാക്യമാണ് ബിജെപി-ആർഎസ്എസിന്റെ ‘കോൺഗ്രസ് മുക്ത ഭാരതം’! ഇതിനെ ഇഎംഎസിന്റെ, എഴുപതുകളിലും എൺപതുകളിലുമെല്ലാം ഉയർന്നു കേട്ട, ‘ഏത് ചെകുത്താനെ പിടിച്ചും കോൺഗ്രസിനെ ഇല്ലാതാക്കും’ എന്ന ആഹ്വാനവുമായി കൂട്ടി വായിക്കേണ്ടതില്ല. പക്ഷേ, ഒന്നിൽനിന്ന് മറ്റേതിലേക്കുള്ള ദൂരം അധികമില്ലെന്ന വസ്തുത ഇടതുപക്ഷം തിരിച്ചറിയണം. കോൺഗ്രസും അവർ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുമില്ലെങ്കിൽ ഇന്ത്യ ഇന്ത്യയല്ലെന്നും. ഇത്തരമൊരു നിലപാടിലേയ്ക്ക് എത്തിച്ചേരാൻ സിപിഐക്ക് എളുപ്പം സാധിക്കുമെങ്കിലും സിപിഎമ്മിന് അത് എളുപ്പമല്ല. 1964 മുതൽ ഛർദിച്ചതെല്ലാം വിഴുങ്ങേണ്ടിവരും എന്ന് ചുരുക്കം. എന്നാൽ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യമാകട്ടെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് നമ്മെ നിരന്തരം ഓർമപ്പെടുത്തുന്നു. 

6 ലക്ഷം ഗ്രാമങ്ങളുള്ള ഇന്ത്യയിൽ ഗാന്ധിജിയെ അറിയാത്ത ഒരൊറ്റ ഗ്രാമം പോലും കാണില്ല. എന്നാൽ മാർക്സിനെ അറിയുന്ന ഗ്രാമങ്ങൾ ഇതിൽ എത്ര കാണും? അതിനർഥം ഗാന്ധിയിലൂടെ, അല്ലെങ്കിൽ ഗാന്ധിസത്തിലൂടെ മാത്രമേ മാർക്സിനെ ഇന്ത്യയിലെ ദരിദ്രനാരായണരുടെ മുന്നിലേയ്ക്കെത്തിക്കാൻ കഴിയൂ എന്നാണ്. ശാസ്ത്രീയ സോഷ്യലിസം വരട്ട് തത്വവാദമല്ലാത്ത രീതിയിൽ ഗാന്ധിസവുമായി സമന്വയപ്പെടുത്തുന്നതിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ഇന്ത്യയിൽ എന്തെങ്കിലും ഭാവി കാണുന്നുള്ളൂ. സായുധ വിപ്ലവത്തിലൂടെയുള്ള ഭരണകൂട അട്ടിമറി, തൊഴിലാളി വർഗ സർവാധിപത്യം, ജനാധിപത്യ കേന്ദ്രീകൃതമായ കമ്യൂണിസ്റ്റ് പാർട്ടി, ഈ ചിന്തകൾക്കൊന്നും വർത്തമാനകാല ലോകത്തിൽ യാതൊരു പ്രസക്തിയുമില്ല. 

സിപിഎം നേതാക്കളായ ഇഎംഎസും ഇ.കെ. നായനാരും (ചിത്രം: മനോരമ ആർക്കൈവ്)

എന്നാൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് നീതി ശാസ്ത്രത്തിലെ അടിസ്ഥാന വീക്ഷണമായ വൈരുധ്യാധിഷ്ഠിത ഭൗതികവാദമുൾപ്പടെ പലതിനും സാമൂഹിക വളർച്ചകളെ, മാറ്റങ്ങളെ വ്യാഖ്യാനിക്കുന്നതിൽ നിർണായക പങ്കുണ്ട്. സാമൂഹിക- സാമ്പത്തിക വികാസങ്ങളെ വ്യാഖ്യാനിക്കുന്നതിൽ മാത്രമല്ല, അവയെ മാറ്റി മറിക്കുന്നതിനുള്ള ചിന്താപദ്ധതികൾ ആവിഷ്കരിക്കുന്നതിലും മാർക്സ് വലിയ അളവിൽ വിജയിച്ചിട്ടുണ്ടെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ മാർക്സിസത്തിന് പ്രസക്തി നഷ്ടപ്പെട്ടുവെന്ന വാദം അപ്രസക്തമാണ്.  ഗാന്ധിസത്തിൽനിന്ന് ആവേശമുൾക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയവരാൽ രൂപീകൃതമായതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെന്ന കാര്യം മറക്കരുത്. 

1939ൽ പിണറായിയിൽ സംഭവിച്ചത് ഒരു പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാകെ കമ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിച്ചതാണ്. അതിന് അവരെ പ്രേരിപ്പിച്ചത് ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ വിപ്ലവീകരിക്കാനും ആത്യന്തികമായി ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനും മാർക്സിസം - ലെനിനിസത്തിന്റെ പ്രയോഗികതയിൽ കൂടി മാത്രമേ സാധ്യമാകുകയുള്ളൂ എന്ന തിരിച്ചറിവാണ്. മാർക്സിസം-ലെനിനിസം പോലെത്തന്നെ ഗാന്ധിസവും അതിന്റെ പരിപാടികളും ദേശീയ സാമൂഹിക വിമോചനത്തിന് ഉതകുന്ന പ്രത്യയശാസ്ത്രം തന്നെയെന്ന് വിശ്വസിച്ചവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതൊക്കെ പറയുമ്പോൾ 1959ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിട്ടത് നെഹ്‌റു സർക്കാരല്ലേ എന്ന മറു ചോദ്യമല്ല പോംവഴി. അതിനുള്ള ഉത്തരം ‘ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വലിയ ജനവിഭാഗങ്ങളെ നിങ്ങളെങ്ങിനെ ശത്രു പാളയത്തിലാക്കി’ എന്ന ഇഎംഎസിനോടുള്ള പണ്ഡിറ്റ് നെഹ്റുവിന്റെ ചോദ്യത്തിൽ തന്നെയുണ്ട്!

സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പൻ(ഫയൽ ചിത്രം: മനോരമ)

∙ ‘സിപിഎമ്മിന്റെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം കുഴിച്ചുമൂടണം’

1978ൽ ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ വച്ച് സിപിഐ ഉപേക്ഷിച്ചത് കോൺഗ്രസുമായുണ്ടായിരുന്ന രാഷ്ട്രീയ ബാന്ധവം മാത്രമല്ല മറിച്ച് ‘ദേശീയ ജനാധിപത്യ വിപ്ലവ’മെന്ന സ്വന്തം നയം കൂടിയായിരുന്നു. ഇതേക്കുറിച്ച്, ദുരന്ത പൂർണമായ തീരുമാനമെന്ന് മുൻ സിപിഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പൻ ഈ ലേഖകനോട് പലവട്ടം പറഞ്ഞിട്ടുണ്ട്. സ്വന്തം നയം ഉപേക്ഷിച്ച് മറ്റൊരു പാർട്ടിയുടെ, സിപിഎമ്മിന്റെ, കൂടെ കൂടി ഇടതുപക്ഷ ഐക്യത്തിനാണ് ഇനിയങ്ങോട്ട് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞാൽ സിപിഐ സ്വയം ക്ഷീണിച്ച് ഇല്ലാതാകുന്നതിനപ്പുറം ഒന്നും സംഭവിക്കില്ലെന്നാണ് ചന്ദ്രപ്പൻ പറഞ്ഞതിന്റെ അർഥം. 

1978ൽ ഭട്ടിൻഡ കോൺഗ്രസിൽ വച്ച് നയം മാറ്റി സിപിഎമ്മുമായി ഐക്യത്തിലായ സിപിഐയുടെ ഇന്നത്തെ അവസ്ഥ എന്തായി? ദേശീയ പാർട്ടി അംഗീകാരം പോലും നഷ്ടപ്പെട്ടു. സിപിഐ 1978ന് മുൻപ് നടപ്പിലാക്കിയ കോൺഗ്രസുമായുള്ള ഐക്യവും സമരവുമെന്ന അടവു നയത്തിന് വർത്തമാനകാല ഇന്ത്യയിൽ മുൻകാലത്തേക്കാളും പ്രാധാന്യമുണ്ട്. എന്നാൽ സിപിഎമ്മിന്റെ ‘ജനകീയ ജനാധിപത്യ വിപ്ലവം’ എന്ന അടവുനയം മുഖ്യമായും അവർ പ്രയോഗിച്ചത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം പയറ്റാനാണ്. സംഘടനാപരമായി പൂർണമായും സ്റ്റാലിനിസ്റ്റായി അവർ നിലകൊണ്ടു. ഇപ്പോഴും അങ്ങനെത്തന്നെ തുടരുകയും ചെയ്യുന്നു. 

എസ്.എ. ഡാങ്കെ (ചിത്രം: മനോരമ ആർക്കൈവ്)

വർഗീയ ഫാഷിസമെന്ന തീവ്ര വലതുപക്ഷം ഇന്ത്യാമഹാരാജ്യത്തെ പൂർണമായും വിഴുങ്ങാൻ പാകത്തിൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാല അവസ്ഥയിൽ ഇടതുപക്ഷത്തോട് ഒരു ചോദ്യമുന്നയിക്കാനാഗ്രഹിക്കുന്നു. 1940കളിൽ പി. സി. ജോഷിയും 1950നു ശേഷം എസ്.എ. ഡാങ്കെയും പറഞ്ഞതിനപ്പുറം ഇന്ത്യൻ രാഷ്ട്രീയം മുന്നോട്ടു പോയോ? കോൺഗ്രസിനെയും ഗാന്ധിയേയും സമഗ്രമായി ഇനിയെങ്കിലും വിലയിരുത്തണം. ഒരു ദേശരാഷ്ട്രമെന്നനിലയിൽ ഇന്ത്യയുടെ മുഖ്യ ശത്രുവും വിപത്തും തീവ്ര വലതു പക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ആർഎസ്എസും അവരോടൊപ്പമുള്ള പിന്തിരിപ്പൻ വർഗങ്ങളും കൂടാതെ സാമ്രാജ്യത്വവും എന്നാണ് ജോഷി - ഡാങ്കെ ലൈനിന്റെ കാതലായ വശം. സിപിഎമ്മിനും സിപിഐക്കും ഇക്കാര്യത്തിൽ എന്തു മറുപടി നൽകാനുണ്ട്? 

ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനൊപ്പം മുങ്ങാനേ സിപിഐക്ക് കഴിഞ്ഞുള്ളു എന്നോർക്കണം. കേരളത്തിലും അതേ വിധി ആവർത്തിക്കാനാണോ സിപിഐയുടെ കാത്തിരിപ്പ്? ഇപ്പോഴത്തെ തെലങ്കാനയിൽനിന്നെങ്കിലും പഠിക്കണം സിപിഐ. 1982ലെ വാരാണസി സിപിഐ പാർട്ടി കോൺഗ്രസിൽ ഈ ലേഖകന്റെ പിതാവും വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന കെ. മാധവൻ അവതരിപ്പിച്ച് തള്ളപ്പെട്ട പ്രമേയം കൂടി ഇവിടെ ചർച്ച ചെയ്ത് ഈ ലേഖനം അവസാനിപ്പിക്കാം.

1957ലെ ഇഎംസ് സർക്കാരിലെ അംഗങ്ങൾ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനൊപ്പം (ചിത്രം: മനോരമ ആർക്കൈവ്)

‘‘.......Besides as a cancerous growth by endangering the sovereignty and integrity of our nation, the communal, castiest and conflict creating forces such as the BJP, Jamaat e Islami and such other parties are on the growth and they are to be seen as the main menace to the nation and the communist party will take initiative and work to create a war front of all the national and secularist parties of India against such reactionary force’’. (ഒരു ഗാന്ധിയൻ കമ്യൂണിസ്റ്റിന്റെ ഓർമകൾ– കെ.മാധവൻ, ആത്മകഥ, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, 2016, page 355)

ജോഷി-ഡാങ്കെ രാഷ്ട്രീയ ലൈനിന്റെ അന്തഃസത്ത മേൽപ്രമേയത്തിൽ കാണാം. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും സംഘർഷാത്മക ചുറ്റുപാടുകൾ സൃഷ്ടിക്കുന്നതുമായ വർഗീയ ഫാഷിസ്റ്റ് ശക്തികളെ മുഖ്യ ശത്രുക്കളായി കാണേണ്ടതും അത്തരം ഛിദ്രശക്തികളെ നേരിടാൻ എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒന്നിക്കണമെന്നുള്ള മേൽപ്രമേയം കെ.മാധവൻ സിപിഐയുടെ വാരാണാസിയിൽ നടന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചിട്ട് ഇന്നേയ്ക്ക് 42 വർഷമായി എന്നോർക്കണം. വർഗീയ ഫാഷിസത്തിനെതിരെ ജനാധിപത്യ ചേരി സൃഷ്ടിച്ച് പോരാടാനുള്ള നീണ്ട 4 ദശാബ്ദകാലമാണ് ഇന്ത്യയിലെ ഇടതുപക്ഷം പാഴാക്കിയതെന്ന് ചുരുക്കം. കെ. മാധവൻ മേൽ പ്രമേയം അവതരിപ്പിച്ചപ്പോൾ അന്ന് ലഭിച്ചത് കേവലം 3 വോട്ടുകൾ! ഇഎംഎസ് അക്കാലങ്ങളിൽ അത്രയും ‘ഏത് ചെകുത്താനെ പിടിച്ചും’ കോൺഗ്രസിനെ തകർക്കും എന്ന് പാടി നടന്ന കാലം! എന്തായി വർത്തമാനകാല ഇന്ത്യൻ അവസ്ഥ? 

മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രം: മനോരമ)

സിപിഎമ്മിന്റെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഇനി ആറടി മണ്ണിൽ കുഴിച്ചിടുക മാത്രമേ പോംവഴിയുള്ളൂ. അവരുടെ അവസാന തുരുത്തായ കേരളത്തിൽ മുസ്‌ലിം ലീഗിനെ കൂട്ട് പിടിച്ച് കോൺഗ്രസിനെ നാമാവശേഷമാക്കാനുള്ള ഇപ്പോഴത്തെ ശ്രമം ആർഎസ്എസിനു മുന്നിൽ കേരളത്തിന്റെ വാതിൽ മലർക്കെ തുറന്നു കൊടുക്കുന്നതിൽ മാത്രമാണ് ചെന്നെത്തുക. സിപിഐ ഇതെങ്കിലും തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടേ? ചന്ദ്രപ്പൻ ഈ ലേഖകനോട് പറഞ്ഞതുപോലെ സിപിഎമ്മിന് ഒപ്പം മുങ്ങാനാണോ സിപിഐയുടെ വിധി? 1964 മുതൽ 2024 വരെയുള്ള ആറു ദശാബ്ദങ്ങളുടെ അനുഭവത്തിൽ നിന്ന് സിപിഐയും സിപിഎമ്മും എന്ത് പാഠമാണ് ഉൾക്കൊണ്ടത്? ഒരു പോസ്റ്റ്മോർട്ടം ആവശ്യമാണ്!

വാൽക്കഷ്ണം: പ്രശസ്ത സാമ്പത്തിക വിദഗ്ധനും മോദി സർക്കാരിന്റെ കടുത്ത വിമർശകനുമായ ഡോ. പരകാല പ്രഭാകർ ഈ അടുത്ത കാലത്ത് കാഞ്ഞങ്ങാട് വന്നപ്പോൾ 1982ലെ വാരാണസി സിപിഐ കോൺഗ്രസിലവതരിപ്പിച്ച കെ. മാധവന്റെ മേൽ വിവരിച്ച പ്രമേയത്തെ കുറിച്ച് ഈ ലേഖകനോട് നടത്തിയ പ്രതികരണം: “Your father K. Madhavan foresaw the impending fascist threat way back in the early 1980s! Probably the RSS itself would not have fully realised its potential to grow to its present strength!” 

ഡോ. അജയകുമാർ കോടോത്ത്

(ചരിത്രകാരനാണ് ലേഖകൻ, അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary:

Drawing Lessons from the 1964 Communist Party Split: Key Insights for Left after 60 Years