പ്രതീക്ഷ തെറ്റിയില്ല. കഴിഞ്ഞയാഴ്ച ഇന്ത്യൻ ഓഹരിവിപണിക്ക് എല്ലാം ശരിയായി. 17 മാസത്തിനിടയിൽ ഏറ്റവും നേട്ടം കൈവരിച്ച ആഴ്ചയാണ് കടന്നുപോയത്. സെൻസെക്സ് 2311.45 പോയിന്റ് (4.31%) ഉയർന്ന് 56072.23ലും നിഫ്റ്റി 670.25 പോയിന്റ്(4.17%) ഉയർന്ന് 16,719.45ലും എത്തിനിൽക്കുന്നു. ആഗോള ഓഹരി വിപണികളിൽ കണ്ട

പ്രതീക്ഷ തെറ്റിയില്ല. കഴിഞ്ഞയാഴ്ച ഇന്ത്യൻ ഓഹരിവിപണിക്ക് എല്ലാം ശരിയായി. 17 മാസത്തിനിടയിൽ ഏറ്റവും നേട്ടം കൈവരിച്ച ആഴ്ചയാണ് കടന്നുപോയത്. സെൻസെക്സ് 2311.45 പോയിന്റ് (4.31%) ഉയർന്ന് 56072.23ലും നിഫ്റ്റി 670.25 പോയിന്റ്(4.17%) ഉയർന്ന് 16,719.45ലും എത്തിനിൽക്കുന്നു. ആഗോള ഓഹരി വിപണികളിൽ കണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷ തെറ്റിയില്ല. കഴിഞ്ഞയാഴ്ച ഇന്ത്യൻ ഓഹരിവിപണിക്ക് എല്ലാം ശരിയായി. 17 മാസത്തിനിടയിൽ ഏറ്റവും നേട്ടം കൈവരിച്ച ആഴ്ചയാണ് കടന്നുപോയത്. സെൻസെക്സ് 2311.45 പോയിന്റ് (4.31%) ഉയർന്ന് 56072.23ലും നിഫ്റ്റി 670.25 പോയിന്റ്(4.17%) ഉയർന്ന് 16,719.45ലും എത്തിനിൽക്കുന്നു. ആഗോള ഓഹരി വിപണികളിൽ കണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷ തെറ്റിയില്ല. കഴിഞ്ഞയാഴ്ച ഇന്ത്യൻ ഓഹരിവിപണിക്ക് എല്ലാം ശരിയായി. 17 മാസത്തിനിടയിൽ ഏറ്റവും നേട്ടം കൈവരിച്ച ആഴ്ചയാണ് കടന്നുപോയത്. സെൻസെക്സ് 2311.45 പോയിന്റ് (4.31%) ഉയർന്ന് 56072.23ലും നിഫ്റ്റി 670.25 പോയിന്റ്(4.17%) ഉയർന്ന് 16,719.45ലും എത്തിനിൽക്കുന്നു. ആഗോള ഓഹരി വിപണികളിൽ കണ്ട ശുഭസൂചനകളും തുടർച്ചയായി വിറ്റൊഴിക്കൽ നടത്തിയ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വാങ്ങൽ ആരംഭിച്ചതും ചില കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളുമെല്ലാം ഇതിനു തുണയായി. രൂപയുടെ മൂല്യം ആദ്യമായി 80 രൂപയ്ക്കു മുകളിലേക്ക് ഇടിഞ്ഞെങ്കിലും ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന ആർബിഐ വൃത്തങ്ങളുടെ വിലയിരുത്തലുകളും വിപണിയെ സ്വാധീനിച്ചു. എന്നാൽ, യുഎസ് ഫെഡറൽ റിസർവിന്റെ പുതിയ പലിശനിരക്ക് പ്രഖ്യാപനമുൾപ്പെടെ ഈയാഴ്ച വരാനിരിക്കെ വിപണികൾക്ക് നേട്ടം തുടരാനാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു. ജൂലൈയിലെ അവധി വ്യാപാര കരാറുകൾ വ്യാഴാഴ്ച അവസാനിക്കാനിരിക്കുന്നതും വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമാകാം. ഇന്ത്യയിലെ ധനക്കമ്മി കണക്കുകകളും ഈയാഴ്ച വരും

കഴിഞ്ഞയാഴ്ചയിലെ നേട്ടങ്ങളിലേക്കു നയിച്ചതെന്തൊക്കെ, ഈയാഴ്ച എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് എന്നു വിശദമായി പരിശോധിക്കാം.

ADVERTISEMENT

തിരിച്ചുവരുമോ വിദേശനിക്ഷേപം

ഇന്ത്യൻ വിപണികൾ വെള്ളിയാഴ്ചയും മികച്ച നേട്ടത്തിലാണ്(0.7%) വ്യാപാരം അവസാനിപ്പിച്ചതെങ്കിലും അതിനു ശേഷം ക്ലോസ് ചെയ്ത യുഎസിലെ ഡൗജോൺസ് 137 പോയിന്റും നാസ്ഡാക് 225 പോയിന്റും സിംഗപ്പൂർ നിഫ്റ്റി 90 പോയിന്റും നഷ്ടമാണു രേഖപ്പെടുത്തിയത്. ആഴ്ചയിലെ ആകെ കണക്കെടുത്താലും ഇന്ത്യയിലുണ്ടായതിന്റെ തത്തുല്യമായ നേട്ടം മറ്റു വിപണികളിൽ ഉണ്ടായിട്ടില്ല. 

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പണനയ പ്രഖ്യാപനമായിരുന്നു കഴിഞ്ഞയാഴ്ച വിപണി കാത്തിരുന്ന ഏറ്റവും വലിയ വാർത്ത. പ്രതീക്ഷിച്ചതുപോലെ തന്നെ 11 വർഷത്തിനിടെ ആദ്യമായി പലിശനിരക്ക് ഉയർത്തി. 0.5 %. എല്ലാവരും പ്രതീക്ഷിച്ചിരുന്നതിനാലും പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി എന്ന നിലയിലും വിപണി ഇതിനെ പോസിറ്റീവായാണ് കണ്ടത്. പലിശനിരക്കുയർത്തിയ പ്രഖ്യാപനത്തിനു ശേഷം യൂറോപ്യൻ വിപണികളെല്ലാം നേട്ടം കൈവരിക്കുകയായിരുന്നു.

ഏറെക്കാലത്തെ തുടർച്ചയായ വിറ്റൊഴിയലിനു ശേഷം കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകർ(എഫ്ഐഐ) ഇന്ത്യൻ വിപണിയിൽ വാങ്ങൽ പുനരാരംഭിച്ചതാണ് വിപണിയുടെ നേട്ടത്തിനു പിന്നിലെ മുഖ്യ കാരണങ്ങളിലൊന്ന്. 4037.29 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച അവർ വാങ്ങിയത്. തിങ്കളാഴ്ച 156 കോടി രൂപയിൽ തുടങ്ങിയ വാങ്ങൽ തുടർന്നുള്ള ദിവസങ്ങളിൽ ക്രമമായി കൂടിവരികയും വ്യാഴാഴ്ച 1,799 കോടി രൂപ വരെ എത്തിയെങ്കിലും വെള്ളിയാഴ്ച 675 കോടി രൂപയുടെ വിൽപനയാണു നടത്തിയത്. ജൂണിൽ 58,000 രൂപയോളമായിരുന്ന വിൽപന ജൂലൈ അവസാനമെത്തുമ്പോൾ ഇതുവരെ 6,400 കോടി രൂപയോളമായി കുറഞ്ഞിട്ടുണ്ട്. ഈയാഴ്ചയും വാങ്ങൽ തുടർന്നാൽ മാസങ്ങൾക്കു ശേഷം വിദേശ നിക്ഷേപകർ വിൽപനയിൽനിന്ന് വാങ്ങലിലേക്കു ചുവടുവച്ച മാസമായി ജൂലൈ മാറും. എണ്ണവിലയും മറ്റ് ഉൽപന്ന വിലകളും കുറയുന്നതും ഡോളർ ഇൻഡെക്സിലെ ഇടിവും ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ മികച്ച പാദഫലങ്ങളുമെല്ലാം ഇതിനുള്ള സാധ്യത തുറന്നിടുന്നുണ്ട്. വിപണി എങ്ങോട്ട് എന്നു നിശ്ചയിക്കുന്നതിൽ ഈയാഴ്ച പ്രധാന ഘടകം വിദേശ നിക്ഷേപകർ സ്വീകരിക്കുന്ന നിലപാടുതന്നെയായിരിക്കും.

ADVERTISEMENT

മുൻപത്തെ ആഴ്ചകളിൽ ഇടിവിനു കാര്യമായ പങ്കു വഹിച്ച ഐടി മേഖല ഉൾപ്പെടെ എല്ലാ മേഖലകളും കഴിഞ്ഞയാഴ്ചയിലെ കയറ്റത്തിനു സംഭാവന നൽകിയിട്ടുണ്ട്. 

പ്രവർത്തനഫലവുമായി നാനൂറിലേറെ കമ്പനികൾ

ഈയാഴ്ചയും വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാവുന്ന ചിലതുൾപ്പെടെ നാനൂറിലേറെ കമ്പനികളുടെ ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ വരാനുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടു പ്രഖ്യാപിച്ച റിലയൻസ് ഇൻഡസ്ട്രീസിന്റെയും ശനി, ഞായർ ദിവസങ്ങളിലായി വന്ന ഐസിഐസിഐ ബാങ്ക്, കൊടക് ബാങ്ക്, ഇൻഫോസിസ് എന്നീ കമ്പനികളുടെയും ഫലങ്ങളോടുള്ള നിക്ഷേപകരുടെ പ്രതികരണമാകും തിങ്കളാഴ്ചയുടെ തുടക്കം വിപണിയുടെ ചലനങ്ങളെ നിയന്ത്രിക്കുന്നത്. 

ഐസിഐസി ബാങ്കിന്റെ ലാഭം 50 ശതമാനത്തോളം വർധിക്കുകയും നിഷ്ക്രിയ ആസ്തികളിൽ പ്രകടമായ കുറവു വരികയും ചെയ്തു. കൊടക് ബാങ്കിന് 26 ശതമാനത്തോളം ലാഭവർധനയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിലും 46 ശതമാനത്തിന്റെ കുതിച്ചുചാട്ടമുണ്ടായെങ്കിലും അനലിസ്റ്റുകൾ അതിലേറെ പ്രതീക്ഷിച്ചിരുന്നു. ബ്ലുംബർഗ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ പ്രകാരം ലാഭം 21,615 കോടി രൂപയാകുമെന്നായിരുന്നെങ്കിലും യഥാർഥ ലാഭം 17,955 കോടി രൂപയിലൊതുങ്ങി. 

ADVERTISEMENT

ഇൻഫോസിസിന്റെ ലാഭം കഴിഞ്ഞവർഷം ജൂൺ പാദത്തെ അപേക്ഷിച്ച് 3.2% വർധിച്ച് 5360 കോടി രൂപയായി. എന്നാൽ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ലാഭം 5.7 ശതമാനം കുറഞ്ഞതാണ്. അതേസമയം, ആഗോളതലത്തിലെ പ്രതിസന്ധികളും യുഎസിലെ മാന്ദ്യഭീതിയുമെല്ലാം നിലനിൽക്കെ, കമ്പനിയുടെ വരും വർഷത്തേക്കുള്ള വരുമാന ലക്ഷ്യം നേരത്തേ കണക്കാക്കിയിരുന്ന 13–15 ശതമാനത്തിൽനിന്ന് 14–16 ശതമാനമായി ഉയർത്തുകയാണുണ്ടായത്.

മാരുതി, എച്ച്ഡിഎഫ്സി, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ബജാജ് ഓട്ടോ, എൽആൻഡ്ടി, ഐഒസി, എൻടിപിസി, ടാറ്റാ പവർ, ബയോകോൺ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ എനർജി എക്സ്ചേഞ്ച്(ഐഇഎക്സ്), ലോറസ് ലാബ്സ്, പിഎൻബി, എസ്ബിഐ കാർഡ്, എസ്ബിഐ ലൈഫ്, ടിവിഎസ് മോട്ടോഴ്സ്, ടിടികെ പ്രസ്റ്റീജ്, സിപ്ല, ഡിഎൽഎഫ് തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികളുടെ പ്രവർത്തന ഫലങ്ങളാണ് ഈയാഴ്ച വിപണി കാത്തിരിക്കുന്നത്.

യുഎസിൽ കൊക്കോ കോള, ജനറൽ ഇലക്ട്രിക്, ജനറൽ മോട്ടോഴ്സ്, മക്ഡൊണാൾഡ്സ്, ആൽഫബെറ്റ്, മൈക്രസോഫ്റ്റ്, മെറ്റാ പ്ലാറ്റ്ഫോംസ്, ആമസോൺ, ആപ്പിൾ തുടങ്ങിയ കമ്പനികളുടെ പ്രവർത്തനഫലങ്ങളും ഈയാഴ്ച പ്രഖ്യാപിക്കും.

പണപ്പെരുപ്പം ഇനിയെങ്ങോട്ട്

നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ ജിഎസ്ടി നിരക്കുവർധന നടപ്പാക്കിയത് പണപ്പെരുപ്പം കൂട്ടാനിടയുണ്ടെങ്കിലും ആർബിഐയുടെ നടപടികളും ക്രൂഡ് ഓയിൽ വില കുറയുന്നതുമെല്ലാം ചേർന്ന് പണപ്പെരുപ്പം ഇനിയും ഏറെ മുകളിലേക്കു പോകില്ലെന്നാണു പൊതുവെ കരുതപ്പെടുന്നത്. യുഎസിലെ പണപ്പെരുപ്പം നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണെങ്കിലും പലിശനിരക്ക് വർധനയുടെ കാര്യത്തിൽ അൽപം മയപ്പെടുത്തിയ പ്രസ്താവനകൾ അവിടെനിന്നു വരുന്നു. ഈയാഴ്ച പലിശനിരക്ക് ഒരു ശതമാനത്തോളം കൂട്ടിയേക്കാമെന്ന, നേരത്തേയുണ്ടായിരുന്ന ഭീതി കുറയുകയും വർധന അര ശതമാനം മുതൽ മുക്കാൽ ശതമാനം വരെയായി നിയന്ത്രിച്ചേക്കാമെന്ന സൂചനകളുമുണ്ട്.

റഷ്യയിലെ കമ്പനികൾക്ക് ക്രൂഡ് ഓയിലും കാർഷികോൽപന്നങ്ങളും യുറോപ്പിലെ കമ്പനികളുമായി ഇടപാടു നടത്തുന്നതിന് യുറോപ്യൻ യൂണിയൻ മാർച്ചിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ഭാഗികമായി ഇളവു വരുത്തിയത് വ്യാഴാഴ്ചയാണ്. ലോകമെമ്പാടുമുള്ള എണ്ണ, ഭക്ഷ്യ സുരക്ഷയ്ക്ക് കോട്ടം തട്ടാതിരിക്കാൻ ഉപരോധത്തിൽ ഇളവു വരുത്തുന്നതായാണ് യുറോപ്യൻ യൂണിയൻ കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നത്. ഇത് എണ്ണവിലയിൽ വീണ്ടും കുറവു വരുത്തിയേക്കാം. രൂപയുടെ മൂല്യം മെച്ചപ്പെടാനും ഇതുപകരിക്കും. 

5ജി സ്പെക്ട്രം ലേലനടപടിക്കു തുടക്കമിട്ടപ്പോഴുള്ള പ്രതികരണവും സർക്കാരിനു പ്രതീക്ഷ നൽകുന്നുണ്ട്. റിലയൻസ് 14,000 കോടി രൂപയും എയർടെൽ 5,500 കോടിയും ഉൾപ്പെടെ 21,800 കോടി രൂപയുടെ ഏണസ്റ്റ് മണി ഡിപ്പോസിറ്റ്(ഇഎംഡി) ആണ് ലേലത്തിനായി സമർപ്പിക്കപ്പെട്ടത്. ഇഎംഡിയുടെ 9 ഇരട്ടിവരെയുള്ള തുകയ്ക്ക് ലേലത്തിൽ പങ്കെടുക്കാമെന്നിരിക്കെ സ്പെക്ട്രം ലേലം വഴി പരമാവധി 1.96 ലക്ഷം കോടി രൂപവരെ സർക്കാരിനു ലഭിക്കാം. എന്നാൽ ഇത്രയും തുകയ്ക്കു കമ്പനികൾ സ്പെക്ട്രം ഏറ്റെടുത്തുകൊള്ളണമെന്നില്ല എന്നതും ഓർക്കേണ്ടതുണ്ട്.

രൂപ ഇടിഞ്ഞതല്ല, ഡോളർ കരുത്തനായതാണ്

ഡോളറുമായുള്ള രൂപയുടെ മൂല്യം റെക്കോർഡ് നിലവാരത്തിലേക്ക് ഇടിഞ്ഞ ആഴ്ചയാണു കഴിഞ്ഞുപോയതെങ്കിലും യഥാർഥത്തിൽ, രൂപയുടെ മൂല്യത്തിനുണ്ടായ തകർച്ച എന്ന നിലയിലല്ല, ഡോളറിന് ലോകത്തെ മറ്റെല്ലാ കറൻസികൾക്കും മേലേയുണ്ടായ മുന്നേറ്റം എന്ന നിലയിൽ കാണണമെന്നാണ് രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ വി.അനന്തനാഗേശ്വരന്റെ നിലപാട്. മദ്രാസ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതുയോഗത്തിൽ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒറ്റനോട്ടത്തിൽ തമാശയായി തോന്നാമെങ്കിലും അതു സത്യമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഡോളർ ഒഴികെയുള്ള കറൻസികളുമായി രൂപയുടെ മൂല്യം ഉയരുകയാണുണ്ടായത്. 

ഇതിനു മുൻപു രൂപ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഉണ്ടായിരുന്നതിൽനിന്നു വ്യത്യസ്തമായി ലോകത്തിലെ മറ്റു പ്രമുഖ കൻറൻസികളുമായി തട്ടിച്ചുനോക്കുമ്പോൾ രൂപയ്ക്കു നേരിട്ട ഇടിവ് കുറവാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രൂപ ഏഴു ശതമാനത്തോളം ഇടിഞ്ഞപ്പോൾ ബ്രിട്ടിഷ് പൗണ്ട്, സ്വിസ് ഫ്രാങ്ക്, യൂറോ മുതലായവയ്ക്ക് 13 ശതമാനത്തോളമാണ് നഷ്ടം നേരിട്ടത്. ബ്രിട്ടിഷ് പൗണ്ടിന് ഒരു വർഷം മുൻപ് 102 രൂപയ്ക്കു മുകളിലായിരുന്നത് നിലവിൽ 95 രൂപ നിലവാരത്തിലാണ്. യൂറോ 88 രൂപയായിരുന്നത് ഇപ്പോൾ 81.50 രൂപയിലെത്തി. സ്വിസ് ഫ്രാങ്കിന്റെ കാര്യത്തിൽ വലിയ വ്യത്യാസം വന്നിട്ടില്ല.

പണപ്പെരുപ്പത്തിന്റെ കാര്യമെടുത്താലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥിതി എത്രയോ ഭേദമാണെന്നാണ് അനന്തനാഗേശ്വരൻ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 70 വർഷത്തെ ഇന്ത്യയിലെ ശരാശരി പണപ്പെരുപ്പം 7 ശതമാനമാണ്. മാസങ്ങൾ‌ക്കു മുൻപ് എട്ടു ശതമാനത്തിനടുത്തെത്തിയ പണപ്പെരുപ്പം ഇപ്പോൾ തിരികെ ഏഴു ശതമാനത്തിലെത്തിയിരിക്കുന്നു. ആഗോള സാമ്പത്തികമേഖലയിൽ ഇത്രയേറെ പ്രതിസന്ധികളുള്ള സാഹചര്യത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പം 7 ശതമാനത്തിൽ ഒതുക്കിനിർത്തിയാൽ പോലും നേട്ടമാണെന്നാണ് അദ്ദേഹം പറയുന്നത്.

ടെക്നിക്കൽ നിലവാരങ്ങൾ

മുൻപത്തെ ആഴ്ചകളിൽ നിഫ്റ്റി 16,200നു മുകളിൽ ഒന്നിലേറെ ദിനങ്ങളിൽ ക്ലോസ് ചെയ്താൽ 16,500നു മുകളിലേക്കു കയറുമെന്നായിരുന്നു ടെക്നിക്കൽ അനലിസ്റ്റുകളുടെ വിലയിരുത്തൽ. നിലവിൽ 16,700നു മുകളിൽ എത്തിനിൽക്കുന്ന നിഫ്റ്റി 16,800ലും തുടർന്ന് 17,000ത്തിലും കനത്ത സമ്മർദം നേരിടാമെന്നും 16,520ലെ സപ്പോർട്ട് പ്രധാനമാണെന്നുമാണ് പൊതുവെയുള്ള പുതിയ വിലയിരുത്തൽ. 16,800 ശക്തമായ നിലയിൽ ഭേദിച്ചുകയറുകയും 17,000ത്തിനു മുകളിൽ വ്യാപാരം നിലനിർത്താനുമാവുകയുമാണെങ്കിൽ നിഫ്റ്റി 17,400 ലെവലിലേക്കു പോകാമെന്നും വിദഗ്ധർ പറയുന്നു. 

കമ്പനികളുടെ പ്രവർത്തനഫലങ്ങളോടുള്ള വ്യക്തിഗതമായ പ്രതികരണങ്ങൾ ഉണ്ടാവാമെന്നതിനാലും ജൂലൈയിലെ ഫ്യൂച്ചർ– ഓപ്ഷൻ കരാറുകൾ അവസാനിക്കുന്ന ആഴ്ചയായതിനാലും കനത്ത ചാഞ്ചാട്ടം വിപണിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ആഗോളതലത്തിൽ വാർത്താ സംഭവങ്ങളും ഏറെ വരാനുണ്ട്. അതുകൊണ്ടുതന്നെ ട്രേഡിങ് നടത്തുന്നവർ അതതു ദിവസത്തെ പൊസിഷനുകൾ അടുത്ത ദിവസത്തേക്കു നീട്ടിയാൽ അതിന്റെ നേട്ടത്തെപ്പോലെ തന്നെ നഷ്ടസാധ്യതകളും ഓർത്തിരിക്കുന്നതു നന്നാവും.

ഈയാഴ്ച സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ:

തിങ്കൾ (25-07)

∙ ഇന്ത്യൻ വിപണി ആരംഭിക്കുന്നതിനു മുൻപേ വ്യാപാരം തുടങ്ങുന്ന എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ചയിലെ നഷ്ടം നികത്തുന്നുണ്ടോ എന്നത് സൂചകമായി എടുക്കാം. കമ്പനികളുടെ പ്രവർത്തന ഫലങ്ങളല്ലാതെ മറ്റു കാര്യമായ പ്രഖ്യാപനങ്ങൾ വരാനില്ല.

∙ പ്രവർത്തന ഫലങ്ങൾ: ടാറ്റാ സ്റ്റീൽ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക്, സെഞ്ചുറി ടെക്സ്റ്റൈൽസ്, ചെന്നൈ പെട്രോ, ഗ്ലാക്സോ ഫാർമ, ഐഇഎക്സ്, ജിൻഡാൽ ഡ്രില്ലിങ്, ജ്യോതി ലാബ്സ്, ജിൻഡാൽ സ്റ്റെയ്ൻലെസ്, കെപിഐടി ടെക്നോളജീസ്, ഓറിയന്റ് ഇലക്ട്രിക്, സംഗം ഇന്ത്യ, സൊണാറ്റാ സോഫ്റ്റ്‌വെയർ, സുപ്രീം ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, വിമ്ത ലാബ്സ്, വിഎസ്എസ്എൽ.

ചൊവ്വ (26-07)

∙ബാങ്ക് ഓഫ് ജപ്പാൻ ഈ മാസം നടത്തിയ യോഗത്തിന്റെ മിനുട്സ് പുറത്തുവിടും. പലിശനിരക്കിൽ മാറ്റം വരുത്താതിരുന്ന യോഗം പക്ഷേ, രാജ്യത്തിന്റെ ജിഡിപി വളർച്ച 2.9 ശതമാനത്തിൽ നിന്ന് 2.4 ആയി കുറയാമെന്നു പ്രസ്താവിച്ചിരുന്നു. യോഗത്തിന്റെ വിശദാംശങ്ങൾ മിനുട്സിൽ വ്യക്തമാകും.

∙ യുഎസിൽ മേയിലെ ഭവനവില സൂചികയും ജൂണിലെ ഭവനവിൽപനക്കണക്കുകളും പുറത്തുവരും.

∙ പ്രവർത്തന ഫലങ്ങൾ: ഏഷ്യൻ പെയ്ന്റ്സ്, ബജാജ് ഓട്ടോ, എൽ ആൻഡ് ടി, അപ്പോളോ പൈപ്സ്, ഇഐഎച്ച് ഹോട്ടൽസ്, ഇപിഎൽ, കെഇഐ ഇൻഡസ്ട്രീസ്, മഹീന്ദ്ര ഇപിസി, ഓപ്റ്റോ സർക്യൂട്ട്സ്, പിഎൻബി ഗിൽറ്റ്സ്, രാംകോ സിസ്റ്റംസ്, റാണെ ബ്രേക് ലൈനിങ്സ്, സനോഫി, സൗത്ത് ഇന്ത്യൻ ബാങ്ക്, സുവേൻ ലൈഫ് സയൻസസ്, സിംഫണി, ടാറ്റ ഇ്‍വെസ്റ്റ്മെന്റ്, ടാറ്റ പവർ, ടിടികെ ഹെൽത്ത്, യൂണിയൻ ബാങ്ക്, യുടിഐ എഎംസി.

ബുധൻ (27-07)

∙ ചൊവ്വാഴ്ച തുടങ്ങുന്ന രണ്ടു ദിവസത്തെ യുഎസ് ഫെഡറൽ റിസർവ് യോഗം പുതിയ പണനയം പ്രഖ്യാപിക്കും. പലിശ നിരക്കിൽ അര ശതമാനം മുതൽ മുക്കാൽ ശതമാനം വരെ വർധന വരുത്തിയേക്കുമെന്നാണ് പൊതുവെ കരുതുന്നത്. നിരക്കുവർധന ഉറപ്പാണെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ വിപണി നേരത്തേതന്നെ ഇതിനോട് പൊരുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും അപ്രതീക്ഷിതമായി ഒരു ശതമാനം വർധന വരുത്തുകയോ കൂടുതൽ രൂക്ഷമായ പ്രസ്താവനകൾ നടത്തുകയോ ചെയ്താൽ അത് ആഗോള വിപണികളെ ഉലയ്ക്കും. പലിശനിരക്കു പ്രതീക്ഷിച്ചതുപോലെയെങ്കിൽ വിപണികൾ പോസിറ്റിവായും പ്രതികരിച്ചേക്കാം. നിരക്കു വർധന പ്രഖ്യാപിച്ച ശേഷം യുഎസ് സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള കാഴ്ചപ്പാടു സംബന്ധിച്ച വിലയിരുത്തലുകളും വളരെ പ്രധാനമാണ്. 

∙ ചൈനയുടെ ജൂണിലെ വ്യവസായ മേഖലയുടെ ലാഭക്കണക്കു പ്രഖ്യാപനം

∙ പ്രവർത്തന ഫലങ്ങൾ: മാരുതി, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബയോകോൺ, ആരതി ഡ്രഗ്സ്, ബ്ലൂഡാർട്, സിജി പവർ, കോൾഗേറ്റ്, കോറോമൻഡൽ, ദാംപുർ ഷുഗർ, ഡിക്സൺ, ഐഐഎഫ്എൽ‌ ഫിനാ‍ൻസ്, ജെകെ ലക്ഷ്മി സിമന്റ്, ജെഎസ്ഡബ്ല്യൂ ഹോൾഡിങ്സ്, ലോറസ് ലാബ്സ്, എൽകെപി സെക്യൂരിറ്റീസ്, നൊവാർടിസ്, ശ്രീറാം സിറ്റി, എസ്കെഎഫ് ഇന്ത്യ, തങ്കമയിൽ ജ്വല്ലറി, ത്രിവേണി എൻജിനീയറിങ്, യുണൈറ്റഡ് ബ്രൂവറീസ്, വി ഗാർഡ്, വെൽസ്പൺ ഇന്ത്യ, 

വ്യാഴം (28-07)

∙ യുഎസിലെ രണ്ടാം പാദ ജിഡിപി വളർച്ചയുടെ അഡ്വാൻസ് എസ്റ്റിമേറ്റ്

∙ ജൂലൈ 23ന് അവസാനിച്ച ആഴ്ചയിലെ യുഎസിലെ തൊഴിലില്ലായ്മ കണക്കുകൾ പുറത്തുവിടും. തൊട്ടു മുൻപത്തെ ആഴ്ചയിൽ തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി പുതുതായി അപേക്ഷിച്ചവരുടെ എണ്ണം 9,000 വർധിച്ച് 2,51,000ത്തിൽ എത്തിയിരുന്നു. ഇതു 2.4 ലക്ഷത്തിൽ നിൽക്കുമെന്ന വിപണിയുടെ പ്രതീക്ഷ തകർത്തു. പുതിയ ആഴ്ചയിലെ കണക്കുകൾ വരുമ്പോൾ സ്ഥിതിഗതികൾ എങ്ങോട്ടുപോകുന്നു എന്നതിന്റെ സൂചന ലഭിക്കും.

∙ പ്രവർത്തന ഫലങ്ങൾ: ബജാജ് ഫിൻസെർവ്, ടിടികെ പ്രസ്റ്റീജ്, പിഎൻബി, പിഎൻബി ഹൗസിങ്, എസ്ബിഐ കാർഡ്, എസ്ബിഐ ലൈഫ്, ഡോ. റെഡ്ഡീസ്, ടിവിഎസ് മോട്ടോഴ്സ,് എഡിഎസ്എൽ, അജന്ത ഫാർമ, ബജാജ് ഹോൾഡിങ്സ്, ബിബിഎൽ, ഡിബി കോർപ്, ഇക്വിറ്റാസ് ബാങ്ക്, ജിഎച്ച്സിഎൽ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ഇന്റലക്റ്റ് ഡിസൈൻ, ജൂബിലന്റ് ഫൂഡ്, ജംന ഓട്ടോ, കെപിആർ മിൽ, എംആൻഡ്എം ഫിനാൻസ്, മോട്ടിലാൽ ഓസ്‌വാൾ ഫിനാൻസ്, എംആർപിഎൽ, നെസ്‌ലെ, നോസിൽ, രാംകോ ഇൻഡസ്ട്രീസ്, ശ്രീ സിമന്റ്, ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ്, വേദാന്ത, 

വെള്ളി 29–07

∙ ഇന്ത്യയുടെ വരവു ചെലവു കണക്കിലെ വിടവു വ്യക്തമാക്കുന്ന ധനക്കമ്മിയുടെ പ്രഖ്യാപനം.

∙ ജൂണിലെ ഇൻഫ്രാസ്ട്രക്ചർ മേഖലയുടെ വളർച്ചയുടെയും ജൂലൈ 15ന് അവസാനിച്ച ദ്വൈവാരത്തിലെ ബാങ്ക് വായ്പ–നിക്ഷേപ വളർച്ചയുടെയും ജൂലൈ 22ന് അവസാനിച്ച വിദേശനാണ്യ ശേഖരത്തിന്റെയും കണക്കുകൾ പ്രഖ്യാപിക്കും.

∙ യൂറോ മേഖലയിലെ ജിഡിപി വളർച്ച നിരക്ക് പ്രാഥമിക കണക്കുകൾ

∙ ജപ്പാനിൽ ജൂണിലെ തൊഴിലില്ലായ്മ നിരക്ക്

∙ പ്രവർത്തനഫലങ്ങൾ: എച്ച്ഡിഎഫ്സി, ഡിഎൽഎഫ്, സിപ്ല, ഐഒസി, എൻടിപിസി, അശോക് ലെയ്‌ലാൻഡ്, 3ഐ ഇൻഫോടെക്, ദീപക് ഫെർട്ടിലൈസേഴ്സ്, ഡാൽമിയ ഷുഗർ, ദ്വാരകേശ് ഷുഗർ, എക്സൈഡ്, ജിഇ ഷിപ്പിങ്, ജിഎംആർ ഇൻഫ്ര, ജെകെ പേപ്പർ, നീൽകമൽ, റെയ്ൻ ഇൻഡസ്ട്രീസ്, സൺഫാർമ, ടൊറന്റ് ഫാർമ, സീ മീഡിയ.

ശനി 30–07

പ്രവർത്തനഫലങ്ങൾ: ബാങ്ക് ഓഫ് ബറോഡ, ഡിസിബി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, എംസിഎക്സ്

ലേഖകന്റെ ഇ മെയിൽ : sunilkumark@mm.co.in

English Summary : Stock Market This Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക