ഇന്ത്യയുൾപ്പെടെ ലോകമാകെയുള്ള ഓഹരിവിപണികളുടെ ഈയാഴ്ചത്തെ ചുവടുകൾക്കു താളമിടുന്നത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാകും. ആ താളത്തിനൊത്താകും വിദേശ നിക്ഷേപകരുടെ ചലനങ്ങളും. ഡോളർ ഇൻഡക്സിന്റെ ഗതിയും ക്രൂഡ് ഓയിലിന്റെയും മറ്റ്

ഇന്ത്യയുൾപ്പെടെ ലോകമാകെയുള്ള ഓഹരിവിപണികളുടെ ഈയാഴ്ചത്തെ ചുവടുകൾക്കു താളമിടുന്നത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാകും. ആ താളത്തിനൊത്താകും വിദേശ നിക്ഷേപകരുടെ ചലനങ്ങളും. ഡോളർ ഇൻഡക്സിന്റെ ഗതിയും ക്രൂഡ് ഓയിലിന്റെയും മറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുൾപ്പെടെ ലോകമാകെയുള്ള ഓഹരിവിപണികളുടെ ഈയാഴ്ചത്തെ ചുവടുകൾക്കു താളമിടുന്നത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാകും. ആ താളത്തിനൊത്താകും വിദേശ നിക്ഷേപകരുടെ ചലനങ്ങളും. ഡോളർ ഇൻഡക്സിന്റെ ഗതിയും ക്രൂഡ് ഓയിലിന്റെയും മറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുൾപ്പെടെ ലോകമാകെയുള്ള ഓഹരിവിപണികളുടെ ഈയാഴ്ചത്തെ ചുവടുകൾക്കു താളമിടുന്നത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാകും. ആ താളത്തിനൊത്താകും വിദേശ നിക്ഷേപകരുടെ ചലനങ്ങളും. ഡോളർ ഇൻഡക്സിന്റെ ഗതിയും ക്രൂഡ് ഓയിലിന്റെയും മറ്റ് ഉൽപന്നങ്ങളുടെയും വിലയുമടക്കം അതേ താളത്തോടു സമരസപ്പെടാൻ ശ്രമിക്കും. ബുധനാഴ്ച (ഇന്ത്യൻ സമയം രാത്രി) വരാനിരിക്കുന്ന ആ മെഗാ റിലീസിന്റെ ടീസർ ആണ് കഴിഞ്ഞയാഴ്ച ആഗോള വിപണികളിൽ കണ്ടത്. ബ്രിട്ടനിലെയും ജപ്പാനിലെയും പണനയ പ്രഖ്യാപനം, ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി സംബന്ധിച്ച പുതിയ കണക്കുകൾ, യുഎസ് തൊഴിൽ മേഖലയിൽനിന്നുള്ള വിവരങ്ങൾ എന്നിവയാണ് ഈയാഴ്ചയെ കാത്തിരിക്കുന്ന മറ്റു പ്രധാന സംഭവങ്ങൾ. ഇന്ത്യയിൽനിന്ന് കാര്യമായ കണക്കുകളും പ്രഖ്യാപനങ്ങളുമൊന്നും നിലവിൽ പ്രതീക്ഷിക്കുന്നില്ല എന്നതിനാൽ ആഗോള ഓഹരിവിപണികളിലെ ചലനങ്ങൾതന്നെ ഇവിടെയും പ്രതിഫലിക്കാം. അവയുടെ സാധ്യതകൾ വിശദമായി പരിശോധിക്കുകയാണിവിടെ.

ഭയം അംഗീകരിക്കും, പക്ഷേ പ്രതീക്ഷ തെറ്റരുത്

ADVERTISEMENT

ഓഹരിവിലയെ എന്നും നയിക്കുന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും ഭീതിയുമാണ്. നേരത്തേ ഭയപ്പെട്ടിരുന്ന കാര്യം അതേപടി സംഭവിച്ചാലും വിപണി കുറെയൊക്കെ അതിനോടു പൊരുത്തപ്പെടും. എന്നാൽ ഒരു നല്ല കാര്യം പ്രതീക്ഷിച്ചിരുന്നതു നടന്നെങ്കിലും, പ്രതീക്ഷിച്ചത്ര നന്നായില്ല എന്നാണെങ്കി‍ൽ വിപണി മോശമായി പ്രതികരിക്കും. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് കഴിഞ്ഞയാഴ്ച കണ്ടത്.

യുഎസിൽ പണപ്പെരുപ്പം കൂടുകയല്ല ചെയ്തത്. 8.5% ആയിരുന്നത് 8.3 ആയി കുറയുകയാണ്. പക്ഷേ വിപണി അത് 8.1 ശതമാനത്തിലേക്കു കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ തെറ്റിയതോടെ താഴേക്കു പതിച്ച യുഎസ് വിപണികൾ തുടർച്ചയായി നഷ്ടത്തിലാണ്. കണക്കുകൾ പുറത്തുവന്ന ദിവസം ഡൗജോൺസ് സൂചിക 1278 പോയിന്റാണ് (3.9%) ഇടിഞ്ഞത്. എസ്ആൻഡ്പി, നാസ്ഡാക് സൂചികകളും കനത്ത നഷ്ടം രേഖപ്പെടുത്തി. ഇതിന്റെ ചുവടുപിടിച്ച് ആഗോള വിപണികളെല്ലാം നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിൽ കുറയാത്തതിനാൽ യുഎസ് കേന്ദ്രബാങ്ക് ഒരു മയവുമില്ലാതെ പലിശനിരക്കുയർത്തും എന്ന ആശങ്കയാണ് വിപണികളെ മുഴുവൻ തകർത്തത്.

 

അതേസമയം, ഇന്ത്യയിൽ പണപ്പെരുപ്പം കൂടുകയാണ് ചെയ്തത്. 6.71% ഉണ്ടായിരുന്നത് 7 ശതമാനത്തിലേക്കു കയറി. എന്നാൽ ഇന്ത്യൻ വിപണികൾ ഇടിഞ്ഞില്ല എന്നു മാത്രമല്ല, ഉയരത്തിലേക്കു പോകുകയും ചെയ്തു. 7 ശതമാനത്തിനിരികിലേക്ക് പണപ്പെരുപ്പം ഉയരുമെന്നു നേരത്തേ വിദഗ്ധരുടെ കണക്കുകൂട്ടലുകൾ വന്നിരുന്നു. സംഭവിച്ചതും അതു തന്നെയാണെന്നതാണ് വിപണി അതു കാര്യമാക്കാതിരിക്കാനുള്ള മുഖ്യകാരണം. മാത്രമല്ല, സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു പല കണക്കുകളും അനുകൂലമാണെന്നതും തുണയായി. ഫലത്തിൽ, ഇന്ത്യയിലെ പണപ്പെരുപ്പം ഉയർന്ന വാർത്തയ്ക്കു ശേഷം നിഫ്റ്റി 8 മാസത്തിനിടയിലെ ഏറ്റവും ഉയരത്തിലാണ്(18,070) ക്ലോസ് ചെയ്തത്.

ADVERTISEMENT

 

എന്നാൽ യുഎസിലെ തകർച്ചയുടെ അലകൾ പിന്നീടുള്ള മൂന്നു വ്യാപാരദിനങ്ങളിലായി ഇന്ത്യൻ വിപണികളെയും തളർത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ചയുടെ ആദ്യ രണ്ടു ദിനങ്ങളിലായി സെൻസെക്സ് 778 പോയിന്റും നിഫ്റ്റി 236 പോയിന്റും നേട്ടമുണ്ടാക്കിയിട്ടും പിന്നീടുള്ള മൂന്നു ദിനങ്ങളിലായി യഥാക്രമം 1730 പോയിന്റും 539 പോയിന്റും ഇടിഞ്ഞ​താണ് കഴിഞ്ഞ വാരത്തെ നഷ്ടത്തിലേക്കു തള്ളിയിട്ടത്.

 

ഡീ കപ്ലിങ് വീണ്ടും ചർച്ചയിലേക്ക്

ADVERTISEMENT

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ യുഎസ് വിപണികളിലെയും മറ്റും തകർച്ചയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ ഇടിയേണ്ടതുണ്ടോ എന്നും മറ്റു വിപണികളിൽനിന്നും വേറിട്ടുകൊണ്ട് (ഡീ കപ്ലിങ്) ഇന്ത്യൻ വിപണിക്ക് സ്വതന്ത്രമായ അസ്തിത്വമില്ലേ എന്നുമുള്ള ചോദ്യമുയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സമീപകാലത്ത് കോവിഡ് പ്രതിസന്ധിയിൽനിന്നും മറ്റും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങിയതോടെ ഡീ കപ്ലിങ് ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. യുഎസിലെ പണപ്പെരുപ്പ വാർത്തയെത്തുടർന്ന് ലോകം മുഴുവൻ ഓഹരിവിപണികൾ തകർന്നടിഞ്ഞതിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ബുധനാഴ്ച സെൻസെക്സ് 1232 പോയിന്റും നിഫ്റ്റി 298 പോയിന്റും നഷ്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും അതിവേഗം തിരിച്ചുകയറുകയും സെൻസെക്സ് 224 പോയിന്റും നിഫ്റ്റി 66 പോയിന്റും മാത്രം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തതോടെ ഇതു ഡീ കപ്ലിങ്ങിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ ഇത് അത്ര എളുപ്പമല്ല എന്നു വ്യക്തമാക്കിക്കൊണ്ട് തുടർന്നുള്ള മൂന്നു ദിനങ്ങളിലും ഇന്ത്യൻ വിപണികളും യുഎസിന്റെ ചുവടുപിടിച്ച് തകർച്ചയിലേക്കു പോയി.

 

ഡീ കപ്ലിങ് ഉടൻ യാഥാർഥ്യമായാലും ഇല്ലെങ്കിലും ചില കണക്കുകൾ കാണാതെ പോകരുത്. ഈ വർഷം ഇതുവരെയുള്ള വ്യാപാരത്തിൽ ഇന്ത്യൻ വിപണികളെ മറ്റു വിപണികളുമായി താരതമ്യപ്പെടുത്തിയാൽ എവിടെ നിൽക്കുന്നുവെന്നു നോക്കാം.

 

2022ലെ ആദ്യ ട്രേഡിങ് ദിനമായ ജനുവരി 3ന് യുഎസിലെ ഡൗജോൺസ് സൂചിക 36,585 പോയിന്റിലും നാസ്ഡാക് 15,832 പോയിന്റിലും എസ്ആൻഡ്പി 4796 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇത് യഥാക്രമം 30,822, 11,448, 3,873 പോയിന്റുകളിൽ എത്തി നിൽക്കുന്നു. അതായത് 2022ൽ ഇതു വരെ യുഎസിലെ ഈ മൂന്നു സൂചികകളും രേഖപ്പെടുത്തിയ നഷ്ടം യഥാക്രമം 5,763 പോയിന്റ് (15.75%), 4,384 പോയിന്റ് (27.7%), 923 പോയിന്റ് (19.25%) എന്നിങ്ങനെയാണ്. ജർമനിയിലെ ഡാക്സ് സൂചിക ഇതേസമയം 3279 പോയിന്റും(20.46%), ബ്രിട്ടനിലെ ഫുട്സി 268 പോയിന്റും(3.58%) ജപ്പാനിലെ നിക്കെയ് 1734 പോയിന്റും(5.91%) ചൈനയിലെ ഹാങ്സെങ് 4513 പോയിന്റും (19.39%) ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേക്കു വന്നാൽ സെൻസെക്സ് 59,183പോയിന്റിൽനിന്ന് 58,840 പോയിന്റിലേക്കും നിഫ്റ്റി 17625ൽ നിന്ന് 17530ലേക്കും മാത്രമാണ് ഇടിഞ്ഞത്. ഈ വർഷം ഇതുവരെയുള്ള നഷ്ടം യഥാക്രമം 343 പോയിന്റും (0.58%), 94 പോയിന്റും (0.53%) മാത്രമാണ്. നിഫ്റ്റി ഐടി സൂചികയിൽ ഈ കാലയളവിൽ 32 ശതമാനത്തോളം ഇടിവുണ്ടായിട്ടുപോലും സെൻസെക്സും നിഫ്റ്റിയും ഇതേ നിലവാരത്തിൽ തുടരുന്നു എന്നത് ഇന്ത്യൻ വിപണികൾ ആഗോള വിപണികളേക്കാൾ എത്രത്തോളം കരുത്തുറ്റതാണ് എന്നതിനു തെളിവാണ്. ഒരർഥത്തിൽ ഇതു ഡീകപ്ലിങ് തന്നെയല്ലേ എന്നു സംശയം ഉയരാം.

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Indranil MUKHERJEE / AFP

 

ഇന്ത്യൻ വിപണികളിൽ ആവശ്യമായ തിരുത്തൽ വന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ മറ്റു വിപണികളെ അപേക്ഷിച്ച് വില കൂടുതലാണെന്നും മറുവാദമുണ്ടാകാം. ഇതു കനത്ത തിരുത്തലുകളിലേക്കു നയിച്ചുകൂടായ്കയുമില്ല. ഇതു വരാതിരിക്കാൻ ഇന്ത്യൻ ഓഹരികളുടെ പ്രീമിയം വിലയെ ന്യായീകരിക്കുന്ന രീതിയിൽ സമ്പദ് വ്യവസ്ഥ തുടർന്നും പെരുമാറേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഡീ കപ്ലിങ് സ്വപ്നം മാത്രമാകും.

എവിടെനിന്നു വന്നു പണപ്പെരുപ്പം

കോവിഡ് കാലത്ത് ജനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റാനായി ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളും പലിശനിരക്കുകൾ കുറച്ചും മറ്റും പണലഭ്യത ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. സ്വന്തമായി കറൻസികൾ അടിച്ചിറക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്കും മറ്റും എളുപ്പത്തിൽ വായ്പ ലഭിക്കുമെന്ന അവസ്ഥയിൽ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കൂടും. അതേസമയം, കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ട് കമ്പനികളിൽ ഉൽപാദനം കുറവുമായിരുന്നു. ലളിതമായ ഇക്കണോമിക്സ് പറഞ്ഞാൽ ആവശ്യക്കാർ (ഡിമാൻഡ്) കൂടി, ഉൽപന്നങ്ങളുടെ ലഭ്യത (സപ്ലൈ) കുറഞ്ഞു. അപ്പോൾ സ്വാഭാവികമായും ഉൽപന്നങ്ങളുടെ വില കൂടും. കോവിഡ് കാലത്ത് കുട്ടികളുടെ പഠനാവശ്യത്തിന് മൊബൈലും ലാപ്ടോപ്പും വാങ്ങാൻ ഓടിനടന്നവർക്ക് ഈ ഇക്കണോമിക്സ് പെട്ടെന്നു മനസ്സിലാകും. ഇതുതന്നെയാണ് ലളിതമായി പറഞ്ഞാൽ പണപ്പെരുപ്പം. ഇതു നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾക്കും സർക്കാരുകൾക്കും നേരത്തേ ചെയ്തതിന്റെ വിപരീത ദിശയിൽ നടപടികളെടുത്തേ പറ്റൂ. എക്കാലത്തും സമ്പദ്‌വ്യവസ്ഥയിൽ ഈയൊരു ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. കോവിഡും യുദ്ധവും പോലുള്ള അസാധാരണ സാഹചര്യങ്ങൾ വന്നതോടെ സ്ഥിതി പതിവിലും രൂക്ഷമായെന്നു മാത്രം.

 

കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞുവന്നതോടെ ഉൽപാദനം കൂടി. എളുപ്പത്തിൽ പണം കൈയിൽ വരുന്നത് തടഞ്ഞാൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യക്കാർ കുറയുകയും അതോടെ വിലകൾ കുറയുകയും ചെയ്യും. ഇതിനുള്ള വഴികളാണ് ലോകം മുഴുവൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് രാജ്യങ്ങൾ തിരികെ കയറുന്നതിനു മുൻപുതന്നെ റഷ്യ – യുക്രെയ്ൻ യുദ്ധം വന്നതാണ് പണപ്പെരുപ്പം പതിവു സാമ്പത്തിക നടപടിക്രമങ്ങളിലൂടെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നത്. യുദ്ധം എന്നു തീരുമെന്ന കാര്യത്തിൽ ഒരു സൂചനയുമില്ല. റഷ്യയിൽ നിന്നുള്ള ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിതരണ ശൃംഖല താറുമാറായതോടെ ഏറ്റവും പ്രതിസന്ധിയിലായത് യൂറോ മേഖലതന്നെയാണ്. അവിടുത്തെ പണപ്പെരുപ്പം സമീപഭാവിയിൽ മെരുക്കാനാകുമെന്നു പ്രതീക്ഷിക്കാനാവില്ല.

ആർബിഐ പരാജയപ്പെട്ടോ

ഇന്ത്യയിലെ പണപ്പെരുപ്പത്തിന് ആർബിഐ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും അനുകൂലമായ നിരക്ക് 4% ആണ്. ഇത് പരമാവധി 2% കൂടുകയോ കുറയുകയോ ചെയ്യാമെന്ന ഒരു സഹനപരിധിയും(Tolerance level) നിശ്ചയിച്ചിട്ടുണ്ട്. അതായത് പണപ്പെരുപ്പം 2 ശതമാനത്തിൽ കുറഞ്ഞാലും 6 ശതമാനത്തിൽ കൂടിയാലും സമ്പദ്‌വ്യവസ്ഥയ്ക്കു ദോഷകരമാണെന്നർഥം. വർഷത്തിന്റെ തുടർച്ചയായ മൂന്നു പാദങ്ങളിൽ(ത്രൈമാസം) ഈ സഹനപരിധിക്കുള്ളിൽ പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്താനായില്ലെങ്കിൽ ആർബിഐ പരാജയപ്പെട്ടെന്നു സാങ്കേതികമായി പറയാം. തുടർച്ചയായി എട്ടാം മാസമാണ് ഇന്ത്യയിൽ പണപ്പെരുപ്പം 6 ശതമാനത്തിനു മുകളിൽ നിൽക്കുന്നത്. അടുത്ത മാസവും സ്ഥിതിയിൽ വൻ മാറ്റം പ്രതീക്ഷിക്കുന്നുമില്ല. അതായത് ആർബിഐ പരാജയപ്പെട്ടെന്നുതന്നെ സാങ്കേതികമായി പറയാം.

 

എന്നാൽ ഈ പരാജയത്തെ വലിയ സംഭവമായി കണക്കാക്കേണ്ടതില്ല എന്നതാണ് യാഥാർഥ്യം. യുഎസും യുകെയും പോലുള്ള രാജ്യങ്ങളിലെ പണപ്പെരുപ്പ ലക്ഷ്യങ്ങൾ 2 ശതമാനത്തിനടുത്താണ്. അതാണ് നിലവിൽ 8 ശതമാനത്തിനും 9 ശതമാനത്തിനും മുകളിൽ നിൽക്കുന്നത്. കുറഞ്ഞ പണപ്പെരുപ്പവും കുറഞ്ഞ പലിശനിരക്കുകളും ശീലിച്ചിട്ടുള്ള അവിടങ്ങളിൽ അതു തിരികെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നത് എളുപ്പമല്ല. അതേസമയം, കഴിഞ്ഞ 70 വർഷത്തെ ഇന്ത്യയിലെ ശരാശരി പണപ്പെരുപ്പം 7 ശതമാനമാണ്. മാസങ്ങൾ‌ക്കു മുൻപ് എട്ടു ശതമാനത്തിനടുത്തെത്തിയ പണപ്പെരുപ്പം ഇപ്പോൾ തിരികെ ഏഴു ശതമാനത്തിലെത്തിയിരിക്കുന്നു. ആഗോള സാമ്പത്തികമേഖലയിൽ ഇത്രയേറെ പ്രതിസന്ധികളുള്ള സാഹചര്യത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പം 7 ശതമാനത്തിൽ ഒതുക്കിനിർത്തിയാൽ പോലും നേട്ടമാണെന്ന് രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ വി.അനന്തനാഗേശ്വരൻ 2 മാസം മുൻപു വ്യക്തമാക്കിയിരുന്നു.

 

യുഎസിലും യൂറോപ്പിലും യുകെയിലുമെല്ലാം മാന്ദ്യത്തിന്റെ സൂചനകളുള്ളതിനാൽ ഡിമാൻഡ് കുറയുമെന്നതുകൊണ്ട് ക്രൂഡ് ഓയിൽ വില തൽക്കാലം ഏറെ മുകളിലേക്കു പോകില്ലെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഇന്ത്യയ്ക്ക് അനുകൂലമായതിനാൽ രാജ്യത്തെ പണപ്പെരുപ്പം ഇനിയും പിടിവിട്ടുപോകില്ലെന്നും വരുംദിനങ്ങളിൽ താഴേക്കു വന്നുതുടങ്ങുമെന്നും പ്രതീക്ഷിക്കാം. ആർബിഐ നൽകുന്ന സൂചനകളും അതുതന്നെയാണ്. ഇതിനുള്ള അടുത്ത നടപടിയായി,ഈ മാസം ഒടുവിൽ നടക്കുന്ന അടുത്ത പണനയ സമിതി യോഗം വീണ്ടും അര ശതമാനം പലിശ ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

മറ്റ് ശുഭസൂചനകൾ

 

∙ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12.41% എന്ന 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതാണ് കഴിഞ്ഞയാഴ്ചത്തെ ഒരു ശുഭവാർത്ത. എങ്കിലും തുടർച്ചയായി 17 മാസമായി ഇത് രണ്ടക്കത്തിനു മുകളിൽ തുടരുകയാണ്.

 

∙ പ്രത്യക്ഷ നികുതി വരവ് 30% വർധിച്ച് 8.36 ലക്ഷം കോടി രൂപയിലെത്തിയതായി ധനകാര്യ മന്ത്രാലയം പറയുന്നു. സെപ്റ്റംബർ 17 വരെയുള്ള കണക്കാണിത്.

 

∙ ഓഗസ്റ്റിൽ കയറ്റുമതി1.62% ഉയർന്ന് 3,392 കോടി ഡോളറിലെത്തി. ഇതോടെ ജൂലൈയിൽ 3,000 കോടി ഡോളറെന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നിരുന്ന ഇന്ത്യയുടെ വ്യാപാരക്കമ്മി 2,798 ഡോളറിലേക്കു കുറഞ്ഞു.

 

∙ റഷ്യയുമായുള്ള വ്യാപാര ഇടപാടുകൾക്ക് ഡോളറിനു പകരം ഇന്ത്യൻ രൂപ ഉപയോഗിക്കാൻ എസ്ബിഐ തയാറായിരിക്കുന്നുവെന്നതാണ് മറ്റൊരു ശുഭവാർത്ത. മറ്റു ചില ബാങ്കുകളും ഇതിനു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇടപാടു നടത്തുന്നതിനുള്ള റഷ്യൻ ബാങ്കിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് അവർ അറിയിച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ തലവൻ എ.ശക്തിവേൽ പറയുന്നു. ജൂലൈയിൽ ആർബിഐ മുന്നോട്ടുവച്ച നിർദേശത്തിന്റെ ചുവടുപിടിച്ചാണിത്. ഇറാനുമായി നിലവിൽ ഇന്ത്യ രൂപയിൽ ഇടപാടു നടത്തുന്നുണ്ട്. യുഎസ് ഡോളറിനു പകരം ഇന്ത്യൻ രൂപയിൽ ഇടപാട് അനുവദിക്കാൻ മോസ്കോ സ്റ്റോക് എക്സ്ചേ‍ഞ്ച് നടപടി തുടങ്ങിയതായും വാർത്തയുണ്ട്.

 

വിദേശ നിക്ഷേപകർ ചുവടു മാറ്റുമോ?

 

ഓഗസ്റ്റിലെ കനത്ത വാങ്ങലിനു ശേഷം സെപ്റ്റംബറിലും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണികളിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് തുടർന്നെങ്കിലും കഴിഞ്ഞ വാരം അവസാനത്തെ 2 ദിനങ്ങളിൽ വിൽപനയിലേക്കു ചുവടുമാറ്റിയത് നേരിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ആദ്യ മൂന്നു ദിനങ്ങളിൽ കനത്ത വാങ്ങൽ നടത്തിയിരുന്നതിനാൽ കഴിഞ്ഞയാഴ്ചത്തെ ആകെ കണക്കിൽ 6,490.8 കോടി രൂപയുടെ വാങ്ങൽ തന്നെയാണുള്ളത്. അമേരിക്കയിൽ പലിശനിരക്കു വർധന അപ്രതീക്ഷിതമായി ഒരു ശതമാനത്തിലേക്ക് ഉയരുന്ന സ്ഥിതി വന്നാൽ ഡോളർ ഇൻഡെക്സ് വീണ്ടും 110നു മുകളലേക്കു പോകാനും വിദേശനിക്ഷേപകർ വിൽപനയിലേക്കു ചുവടുമാറ്റാനും ഇടവരുത്തും.

 

ടെക്നിക്കൽ നിലവാരങ്ങൾ

 

കഴിഞ്ഞയാഴ്ച സെൻസെക്സ് 952.35 പോയിന്റും(1.59%) നിഫ്റ്റി 302.50 പോയിന്റും(1.7%) ഇടിവു രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി ബാങ്ക് സൂചിക മാത്രം 0.89% നേട്ടം കൈവരിച്ചു. ആഴ്ചയുടെ ആദ്യ രണ്ടു ദിനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയിരുന്നതിനാലാണ് അവസാന മൂന്നു ദിവസത്തെ തകർച്ചയ്ക്കു ശേഷവും ആഴ്ചക്കണക്കിൽ ഇന്ത്യൻ വിപണികൾ മാത്രം വലിയ നഷ്ടമില്ലാതെ പിടിച്ചുനിന്നത്. ഊർന്നുവീണുകൊണ്ടിരിക്കുന്ന യുഎസ് വിപണികളിൽ ഡൗജോൺസ് 4.13 ശതമാനവും എസ്ആൻഡ്പി 4.77 ശതമാനവും തകർച്ച നേരിട്ടപ്പോൾ ടെക്നോളജി കമ്പനികളുടെ സൂചികയായ നാസ്ഡാക് 5.48 ശതമാനം കൂപ്പുകുത്തി. ജർമനിയിലെ ഡാക്സ് (2.65%), ബ്രിട്ടനിലെ ഫുട്സി(1.55%) സൂചികകളും നഷ്ടത്തിൽതന്നെ അവസാനിച്ചു. സിംഗപ്പൂർ നിഫ്റ്റി ആഴ്ചക്കണക്കിൽ 1.48% ഇടിഞ്ഞെങ്കിലും വെള്ളിയാഴ്ച 43 പോയിന്റ് ലാഭത്തിലാണ് ക്ലോസ് ചെയ്തത്.

 

നിഫ്റ്റി 17,497.25നും 18,096.15നും ഇടയിൽ വൻ ചാഞ്ചാട്ടമാണു കഴിഞ്ഞയാഴ്ച നടത്തിയത്. നിലവിൽ 17,530 നിലവാരത്തിലുള്ള നിഫ്റ്റിക്ക് 17,500നു മുകളിൽ തുടരാനായാൽ മാത്രം തുടർന്നുള്ള കയറ്റം പ്രതീക്ഷിക്കാം. അതേസമയം 17,380നു താഴേക്കു പോയാൽ 17,160 നിലവാരത്തിലേക്കു വരെ വീഴാം. 17,700 നിലവാരം ശക്തമായ സമ്മർദമേഖലയായി തുടരും. 17,800നു മുകളിലേക്കു വ്യാപാരം തിരികെ കയറുന്ന സ്ഥിതി വന്നാൽ 18,000 ലെവൽ ഭേദിക്കാനും പുതിയ ഉയരങ്ങൾ തേടാനും വഴി തുറക്കും. എന്തായാലും വൻതോതിലുള്ള കയറ്റിറങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു മാത്രമേ ഈയാഴ്ച വ്യാപാരത്തിനിറങ്ങാൻ കഴിയൂ.

 

10 മാസത്തിനു ശേഷം 40,000ത്തിനു മുകളിലേക്ക് തൊട്ടുമുൻപത്തെ ആഴ്ച തിരിച്ചുകയറിയിരുന്ന നിഫ്റ്റി ബാങ്ക് സൂചിക കഴിഞ്ഞയാഴ്ചയും കരുത്തു തുടരുകയാണ്. വെള്ളിയാഴ്ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞെങ്കിലും ആഴ്ചയിലെ കണക്കെടുത്താൽ ബാങ്ക് സൂചിക 0.89% കയറിയിരിക്കുകയാണ്. മാത്രമല്ല കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി ബാങ്ക് എക്കാലത്തെയും ഉയരം (41,840.15പോയിന്റ്) തൊട്ട് റെക്കോർഡ് കുറിക്കുകയും ചെയ്തു. ഇന്ത്യൻ ഓഹരിവിപണിക്ക് ഏറ്റവും അനുകൂലമായ ഘടകം സമ്പദ്‌വ്യവസ്ഥയുടെ കരുത്തായതിനാലാകാം ബാങ്കിങ് സൂചിക ഉയരങ്ങൾ താണ്ടുന്നത്. വിപണി മൊത്തത്തിൽ വൻ തിരുത്തലുകളിലേക്കു പോകുന്നില്ലെങ്കിൽ നിഫ്റ്റി ബാങ്ക് വീണ്ടും പുതിയ ഉയരങ്ങൾ തേടിയേക്കാം.

 

 

 

സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ

തിങ്കൾ (19–09)

 

 

 

∙ ചൈനയിൽ ഓഗസ്റ്റിലെ നേരിട്ടുള്ള വിദേശ നിക്ഷപത്തിന്റെയും കയറ്റുമതിയുടെയും കണക്കുകൾ പ്രസിദ്ധീകരിക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നത് നല്ല സൂചനയല്.

 

ചൊവ്വ (20-09)

 

∙യുഎസിലെ ഭവന മേഖലയിൽനിന്നുള്ള ഓഗസ്റ്റിലെ കണക്കുകൾ ലഭ്യമാകും. ജൂലൈയിൽ പുതിയ വീടുകളുടെ നിർമാണത്തിൽ 9.6% ഇടിവു നേരിട്ടിരുന്നു. വിലക്കയറ്റവും പലിശനിരക്കുകൾ കുതിച്ചുയരുന്നതും മൂലം യുഎസിലെ ഭവന മേഖല തളർച്ച നേരിടുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും മോശം മാസമായിരുന്നു ജൂലൈ.

 

∙ യുഎസിൽ പണനയം നിശ്ചയിക്കുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ 2 ദിവസത്തെ യോഗത്തിനു തുടക്കം.

 

∙ ജപ്പാനിൽ ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്കു പ്രഖ്യാപിക്കും.

 

ബുധൻ (21-09)

 

∙ യുഎസ് കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് പുതിയ പലിശനിരക്കുകൾ പ്രഖ്യാപിക്കും. പണപ്പെരുപ്പത്തിൽ പ്രതീക്ഷിച്ചതുപോലുള്ള കുറവു വരാത്തതിനാൽ വീണ്ടും ചുരുങ്ങിയത് 0.75% പലിശ വർധിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വർധന ഒരു ശതമാനത്തിലേക്ക് ഉയരുമോ എന്നാണ് അറിയാനുള്ളത്. മുക്കാൽ ശതമാനം വർധന പ്രതീക്ഷിച്ചുള്ള ഇടിവ് വിപണിയിൽ വന്നുകഴിഞ്ഞതിനാൽ അങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ വിപണി അനുകൂലമായി പ്രതികരിക്കാനും സാധ്യതയുണ്ട്. പലിശ നിരക്കു പ്രഖ്യാപനത്തിനു ശേഷം ഫെഡ് ചെയർമാൻ ജെറോം പവൽ നടത്തുന്ന പത്രസമ്മേളനം മുന്നോട്ടുള്ള കാഴ്ചപ്പാടുകളെന്തൊക്കെയെന്ന് വിശദമാക്കുമെന്നതിനാൽ പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

 

∙ യൂറോപ്യൻ സെൻട്രൽ ബാങ്ക് യോഗം ചേരും. ഇതു പക്ഷേ പണനയം സംബന്ധിച്ച ചർച്ചയ്ക്കല്ല.

 

വ്യാഴം (22-09)

 

∙ ബ്രിട്ടനിൽ കേന്ദ്ര ബാങ്ക് പണനയം പ്രഖ്യാപിക്കും. പണപ്പെരുപ്പം നേരിടുന്നതിന്റെ ഭാഗമായി തുടർച്ചയായി ആറുതവണ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തിക്കഴിഞ്ഞു. ഓഗസ്റ്റിൽ അര ശതമാനം വർധന വരുത്തിയതോടെ നിലവിൽ പലിശ 1.75% ആണ്. ഇത് ബ്രിട്ടനിൽ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കാണ്. തുടർച്ചയായി 5 തവണ കാൽ ശതമാനം പലിശ ഉയർത്തിയ ശേഷമാണ് കഴിഞ്ഞ മാസം അര ശതമാനം വർധന വരുത്തിയത്. ഇതാവട്ടെ 1995നു ശേഷമുള്ള ഏറ്റവും വലിയ വർധനയുമാണ്. മാന്ദ്യത്തിന്റെ വക്കിൽ നിൽക്കുന്ന ബ്രിട്ടനിൽ ഇത്തവണത്തെ പലിശ എത്ര ഉയരുമെന്ന് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നു. അര ശതമാനം വർധനയുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

 

∙ ജപ്പാനിലെ കേന്ദ്ര ബാങ്ക് പണനയം പ്രഖ്യാപിക്കും. ഉപഭോക്തൃ വില സൂചിക വിലക്കയറ്റം മൂലം 8 വർഷത്തിനിടയിലെ ഉയർന്ന നിലയിലാണെങ്കിലും(2.4%) ജപ്പാൻ ഇതുവരെ പലിശനിരക്ക് ഉയർത്തിയിട്ടില്ല. ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തില്ലെന്നാണ് സൂചന. 2% ആണ് ജപ്പാൻ ലക്ഷ്യം വയ്ക്കുന്ന പരമാവധി പണപ്പെരുപ്പ നിരക്ക്. പലിശ നിരക്കിൽ വർധന വരുത്താത്തതു മൂലം ജാപ്പനീസ് കറൻസിയായ യെൻ ഡോളറുമായുള്ള വിനിമയത്തിൽ റെക്കോർഡ് തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. 24 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് നിലവിൽ യെൻ ഉള്ളത്.

 

∙ യുഎസിൽ സെപ്റ്റംബർ 17ന് അവസാനിച്ച ആഴ്ചയിലെ തൊഴിൽ മേഖലയിൽനിന്നുള്ള കണക്കുകൾ പുറത്തുവരും. തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം മാസങ്ങൾക്കു മുൻപ് രണ്ടര ലക്ഷത്തിനു മുകളിലായിരുന്നത് സെപ്റ്റംബർ 10ന് അവസാനിച്ച ആഴ്ചയിൽ 2.26 ലക്ഷമായി ചുരുങ്ങിയിരുന്നു. തൊഴിൽ മേഖല ശക്തമാകുന്നത് പലിശനിരക്കുയർത്തുന്നതിന് യുഎസ് കേന്ദ്രബാങ്കിന് കൂടുതൽ ആത്മവിശ്വാസം പകരുമെന്നതിനാൽ‌ ഓഹരിവിപണിക്ക് നെഗറ്റീവ് സൂചനയാണ്.

 

വെള്ളി (23-09)

 

∙ ഇന്ത്യയിൽ സെപ്റ്റംബർ 9ന് അവസാനിച്ച വാരത്തിലെ ബാങ്ക് വായ്പ, നിക്ഷേപ വർധനയുടെ കണക്കുകൾ പ്രസിദ്ധീകരിക്കും. തൊട്ടുമുൻപത്തെ ആഴ്ചയിൽ വായ്പകളിൽ 15.5% വർധനയാണുണ്ടായത്.

 

∙ ഇന്ത്യയിൽ സെപ്റ്റംബർ‌ 16ന് അവസാനിച്ച വാരത്തിലെ വിദേശനാണ്യ ശേഖരത്തിന്റെ കണക്കുകൾ പുറത്തുവിടും. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 63,153 കോടി ഡോളർ ഉണ്ടായിരുന്നത് രൂപയുടെ മൂല്യത്തകർച്ച പിടിച്ചു നിർത്താനായി ആർബിഐ ഡോളർ വിറ്റിഴിച്ചതിലൂടെ പടിപടിയായി കുറഞ്ഞ് സെപ്റ്റംബർ 9ന് അവസാനിച്ച വാരത്തിൽ 55,311 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ശേഖരത്തിലുള്ള മറ്റു കറൻസികൾക്ക് ഡോളറുമായുള്ള വിനിമയത്തിൽ വന്ന ഇടിവും വിദേശനാണ്യ ശേഖരത്തിന്റെ മൂല്യമിടിയാൻ കാരണമാണ്.

 

ലേഖകന്റെ ഇ മെയ്ൽ: sunilkumark@mm.co.in

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക