Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ∙ പരമ്പര വിജയം സമ്മാനിച്ച ആത്മവിശ്വാസത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ അഞ്ച് പുതുമുഖങ്ങളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തോൽവി. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മഴനിയമ പ്രകാരം മൂന്ന് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി. 227 റൺസിന്റെ പുതുക്കിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 48 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അവസാന നിമിഷങ്ങളിൽ വിക്കറ്റുകൾ കണ്ടെത്തി ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കിയെങ്കിലും, അവരെ വിജയത്തിൽനിന്ന് തടയാൻ ഇന്ത്യൻ യുവനിരയ്ക്ക് സാധിച്ചില്ല. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

അർധസെഞ്ചുറിയുമായി ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ച ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയാണ് കളിയിലെ കേമൻ. ഈ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവ് കന്നി പരമ്പരയിൽതന്നെ മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നേടി. 31*, 53, 40 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിലായി സൂര്യകുമാർ യാദവിന്റെ പ്രകടനം. ഒരു മത്സരത്തിൽ പോലും മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടാതെയാണ് സൂര്യകുമാർ പരമ്പരയുടെ താരമായത്.

ADVERTISEMENT

അർധസെഞ്ചുറി നേടിയ ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്കോററും. 98 പന്തുകൾ നേരിട്ട ഫെർണാണ്ടോ നാലു ഫോറും ഒരു സിക്സും സഹിതം 76 റൺസെടുത്തു. ഇന്ത്യയ്ക്കായി അരങ്ങറ്റ മത്സരം കളിച്ച രാഹുൽ ചാഹർ 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മറ്റൊരു അരങ്ങേറ്റ താരം ചേതൻ സാകരിയ എട്ട് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ ഫീൽഡർമാർ ക്യാച്ചുകൾ യഥേഷ്ടം നഷ്ടമാക്കിയതും ക്യാപ്റ്റൻ ശിഖർ ധവാൻ സ്പിന്നർ രാഹുൽ ചാഹറിനെ ശ്രീലങ്കൻ ഇന്നിങ്സിന്റെ തുടക്കത്തിൽ അധികം ഉപയോഗിക്കാതെ പോയതും മത്സരഫലം ഇന്ത്യയ്ക്ക് പ്രതികൂലമാക്കി.

ശ്രീലങ്കയ്ക്കായി കരിയറിലെ മൂന്നാം മത്സരം കളിക്കുന്ന ഭാനുക രജപക്ഷയും അർധസെഞ്ചുറി നേടി. 56 പന്തുകൾ നേരിട്ട രജപക്ഷ 12 ഫോറുകൾ സഹിതം 65 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഫെർണാണ്ടോ – രജപക്ഷ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ലങ്കയ്ക്ക് കരുത്തായത്. 105 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 109 റൺസ്.

28 പന്തിൽ മൂന്നു ഫോറുകളോടെ 24 റൺസെടുത്ത ചരിത് അസലങ്കയുടെ ഇന്നിങ്സും നിർണായകമായി. മിനോദ് ഭാനുക (17 പന്തിൽ ഏഴ്), ധനഞ്ജയ ഡിസിൽവ (ഒൻപത് പന്തിൽ രണ്ട്), ക്യാപ്റ്റൻ ദസൂൺ ഷാനക (0), ചാമിക കരുണരത്‌നെ എന്നിവർ നിരാശപ്പെടുത്തി. 18 പന്തിൽ ഒരു ഫോർ സഹിതം 15 റൺസെടുത്ത് പുറത്താകാതെ നിന്ന രമേഷ് മെൻഡിസ്, രണ്ടു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി പുറത്താകാതെ നിന്ന അഖില ധനഞ്ജയ എന്നിവർ ചേർന്ന് ശ്രീലങ്കയെ വിജയത്തിലെത്തിച്ചു.

ഇന്ത്യൻ നിരയിൽ തിളങ്ങിയത് 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത രാഹുൽ ചാഹർ തന്നെ. ചേതൻ സാകരിയ രണ്ടു വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിച്ച കൃഷ്ണപ്പ ഗൗതം എട്ട് ഓവറിൽ 49 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ അഞ്ച് ഓവറിൽ 43 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ADVERTISEMENT

∙ എറിഞ്ഞിട്ട് ലങ്ക

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ അഞ്ച് അരങ്ങേറ്റക്കാരുമായി ഇറങ്ങിയ ഇന്ത്യയെ 225 റൺസിന് എറിഞ്ഞിട്ട് ശ്രീലങ്കൻ ബോളർമാർ. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, 43.1 ഓവറിലാണ് 225 റൺസിന് എല്ലാവരും പുറത്തായത്.

ഒരു അർധ സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്ത്യൻ ഇന്നിങ്സിൽ 49 പന്തിൽ എട്ടു ഫോറുകൾ സഹിതം 49 റൺസെടുത്ത ഓപ്പണർ പൃഥ്വി ഷായാണ് ടോപ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 46 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – സഞ്ജു സാംസൺ സഖ്യം 80 പന്തിൽനിന്ന് കൂട്ടിച്ചേർത്ത 74 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്. 37 പന്തിൽ ഏഴു ഫോറുകൾ സഹിതം 40 റൺസെടുത്ത സൂര്യകുമാർ യാദവും തിളങ്ങി.

ക്യാപ്റ്റൻ ശിഖർ ധവാൻ (11 പന്തിൽ 13), മനീഷ് പാണ്ഡെ (19 പന്തിൽ 11), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 19), നിതീഷ് റാണ (14 പന്തിൽ ഏഴ്), കൃഷ്ണപ്പ ഗൗതം (മൂന്നു പന്തിൽ രണ്ട്), രാഹുൽ ചാഹർ (25 പന്തിൽ 13), നവ്ദീപ് സെയ്നി (37 പന്തിൽ 15) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ശ്രീലങ്കയ്ക്കായി അഖില ധനഞ്ജയ 10 ഓവറിൽ 44 റൺസ് വഴങ്ങിയും പ്രവീൺ ജയവിക്രമ 10 ഓവറിൽ 59 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ദുഷ്മന്ത ചമീര 8.1 ഓവറിൽ 55 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ക്യാപ്റ്റൻ ദസൂൺ ഷാനക, ചാമിക കരുണരത്‌നെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ADVERTISEMENT

മഴമൂലം മത്സരം തടസ്സപ്പെടുമ്പോൾ 23 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. മഴയ്ക്കുശേഷം ബാറ്റിങ് തകർച്ചയെ അഭിമുഖീകരിച്ച ഇന്ത്യയ്ക്ക് 78 റണ്‍സിനിടെയാണ് ശേഷിച്ച ഏഴു വിക്കറ്റുകൾ നഷ്ടമായത്.

∙ ടോസ്, ബാറ്റിങ്, തകർച്ച

ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സ്കോർ ബോർഡിൽ 28 റൺസ് ഉള്ളപ്പോൾ 11 പന്തിൽ മൂന്നു ഫോറുകൾ സഹിതം 13 റൺസെടുത്ത ധവാനെ ദുഷ്മന്ത ചമീരയാണ് പുറത്താക്കിയത്. അഖില ധനഞ്ജയ്‌ക്കെതിരെ തുടർച്ചയായി മൂന്നു ഫോറുകൾ നേടി കരുത്തുകാട്ടിയതിനു പിന്നാലെയാണ് ധവാന്റെ മടക്കം. ചമീരയുടെ പന്തിൽ വിക്കറ്റ് കീപ്പർ മിനോദ് ഭാനക ക്യാച്ചെടുത്തു.

രണ്ടാം വിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് പൃഥ്വി ഷാ ഇന്ത്യയെ കരകയറ്റിയതാണ്. 80 പന്തിൽ 74 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത്. എന്നാൽ, അർധസെഞ്ചുറിയുടെ വക്കിൽ സ്കോറിങ് പതുക്കെയാക്കിയ ഷായെ, ശ്രീലങ്കൻ നായകൻ ഷാനക എൽബിയിൽ കുരുക്കി. ഷാ റിവ്യൂ ആവശ്യപ്പെട്ടെങ്കിലും രക്ഷയുണ്ടായില്ല. 49 പന്തിൽ എട്ടു ഫോറുകൾ സഹിതം 49 റൺസെടുത്ത് ഷായ്ക്ക് മടക്കം. അർധസെഞ്ചുറിക്ക് അരികെ സഞ്ജുവിനെയും ശ്രീലങ്ക വീഴ്ത്തി. 46 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത സഞ്ജു, പ്രവീൺ ജയവിക്രമയുടെ പന്തിൽ ആവിഷ്ക ഫെർണാണ്ടോയ്ക്ക് ക്യാച്ച് സമ്മാനിച്ചു.

മഴയ്ക്കുശേഷം മത്സരം പുനരാരംഭിച്ച് അധികം വൈകാതെ മനീഷ് പാണ്ഡെ മടങ്ങി. 19 പന്തിൽ 11 റൺസെടുത്ത പാണ്ഡെയെ ജയവിക്രമയുടെ പന്തിൽ മിനോദ് ഭാനുക ക്യാച്ചെടുത്ത് പുറത്താക്കി. 17 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെയും എൽബിയിൽ കുരുക്കി ജയവിക്രമ തന്നെ പുറത്താക്കി. പിന്നാലെ 37 പന്തിൽ ഏഴു ഫോറുകൾ സഹിതം 40 റൺസെടുത്ത സൂര്യകുമാർ യാദവിനെ ധനഞ്ജയ ഡിസിൽവ കൂടി പുറത്താക്കിയതോടെ ഇന്ത്യ ആറിന് 190 റൺസെന്ന നിലയിലായി. നിതീഷ് റാണ (14 പന്തിൽ ഏഴ്), കൃഷ്ണപ്പ ഗൗതം (മൂന്നു പന്തിൽ രണ്ട്) എന്നിവരും ധനഞ്ജയ ഡിസിൽവയ്ക്കു മുന്നിൽ കീഴടങ്ങിയതോടെ എട്ടിന് 195 റൺസെന്ന നിലയിൽ ഇന്ത്യ തകർന്നു.

∙ അഞ്ച് പുതുമുഖങ്ങളുമായി ഇന്ത്യ

നേരത്തെ, പരമ്പര വിജയം സമ്മാനിച്ച ആത്മവിശ്വാസത്തിൽ അഞ്ച് പുതുമുഖങ്ങളുമായാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ, നിതീഷ് റാണ, ചേതൻ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ എന്നിവരാണ് ഇന്ന് ഏകദിന അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. ശ്രീലങ്കൻ നിരയിലും മൂന്നു മാറ്റങ്ങളുണ്ട്. പ്രവീൺ ജയവിക്രമ, അഖില ധനഞ്ജയ, രമേഷ് മെൻഡിസ് എന്നിവർ കളത്തിലിറങ്ങി.

English Summary: Sri Lanka vs India, 3rd ODI - Live Cricket Score