മലപ്പുറം ∙ കേട്ടറിഞ്ഞ കഥയാണ്, കോട്ടപ്പടിയിൽ ബസിറങ്ങിയൊരു വയോധിക ഫോട്ടോ എടുക്കുന്ന കടയേതാണെന്ന് അന്വേഷിക്കുന്നു. സൂപ്പർ സ്റ്റുഡിയോയിലേക്കു വിരൽചൂണ്ടി നാട്ടുകാരൻ വഴികാണിച്ചു. പോയ ആൾ നിമിഷങ്ങൾക്കകം തിരിച്ചു വരുന്നതു കണ്ടപ്പോൾ വഴികാട്ടി ചോദിച്ചു. ‘എന്തുപറ്റി, ഫോട്ടോ എടുത്തില്ലേ’. വയോധികയുടെ

മലപ്പുറം ∙ കേട്ടറിഞ്ഞ കഥയാണ്, കോട്ടപ്പടിയിൽ ബസിറങ്ങിയൊരു വയോധിക ഫോട്ടോ എടുക്കുന്ന കടയേതാണെന്ന് അന്വേഷിക്കുന്നു. സൂപ്പർ സ്റ്റുഡിയോയിലേക്കു വിരൽചൂണ്ടി നാട്ടുകാരൻ വഴികാണിച്ചു. പോയ ആൾ നിമിഷങ്ങൾക്കകം തിരിച്ചു വരുന്നതു കണ്ടപ്പോൾ വഴികാട്ടി ചോദിച്ചു. ‘എന്തുപറ്റി, ഫോട്ടോ എടുത്തില്ലേ’. വയോധികയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കേട്ടറിഞ്ഞ കഥയാണ്, കോട്ടപ്പടിയിൽ ബസിറങ്ങിയൊരു വയോധിക ഫോട്ടോ എടുക്കുന്ന കടയേതാണെന്ന് അന്വേഷിക്കുന്നു. സൂപ്പർ സ്റ്റുഡിയോയിലേക്കു വിരൽചൂണ്ടി നാട്ടുകാരൻ വഴികാണിച്ചു. പോയ ആൾ നിമിഷങ്ങൾക്കകം തിരിച്ചു വരുന്നതു കണ്ടപ്പോൾ വഴികാട്ടി ചോദിച്ചു. ‘എന്തുപറ്റി, ഫോട്ടോ എടുത്തില്ലേ’. വയോധികയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കേട്ടറിഞ്ഞ കഥയാണ്, കോട്ടപ്പടിയിൽ ബസിറങ്ങിയൊരു വയോധിക ഫോട്ടോ എടുക്കുന്ന കടയേതാണെന്ന് അന്വേഷിക്കുന്നു. സൂപ്പർ സ്റ്റുഡിയോയിലേക്കു വിരൽചൂണ്ടി നാട്ടുകാരൻ വഴികാണിച്ചു. പോയ ആൾ നിമിഷങ്ങൾക്കകം തിരിച്ചു വരുന്നതു കണ്ടപ്പോൾ വഴികാട്ടി ചോദിച്ചു. ‘എന്തുപറ്റി, ഫോട്ടോ എടുത്തില്ലേ’. വയോധികയുടെ മറുപടിയിങ്ങനെ ‘മോനേ.. അതു ഫോട്ടോ എടുക്കുന്ന കടയല്ല, പിച്ചള, ചെമ്പു പാത്രങ്ങൾ വിൽക്കുന്ന കടയാണ്’. റാക്കിൽ നിരത്തിയ ട്രോഫികൾ കണ്ട് വയോധികയ്ക്കു തെറ്റു പറ്റിയതാണ്. അതു സ്റ്റുഡിയോ തന്നെയായിരുന്നു. പക്ഷേ, ക്ലിക്കായത് ഫുട്ബോളിലാണെന്നു മാത്രം.

കല്യാണഫോട്ടോയെടുത്തും സ്മൈൽ പ്ലീസ് പറഞ്ഞുമല്ല, സെവൻസ് ഫുട്ബോൾ മൈതാനങ്ങളിൽ വെടിക്കെട്ടു പ്രകടനങ്ങൾ നടത്തി സൂപ്പറായതാണ് മലപ്പുറം സൂപ്പർ സ്റ്റുഡിയോയും അതിന്റെ അമരക്കാരൻ സൂപ്പർ അഷ്റഫ് എന്ന ബാവാക്കയും. സ്റ്റുഡിയോയിലെ ട്രോഫികളെല്ലാം ഇപ്പോൾ മലപ്പുറം ചെമ്മങ്കടവിലുള്ള ബാവാക്കയുടെ വീട്ടിലാണു സൂക്ഷിച്ചിരിക്കുന്നത്. വീടിന്റെ പേര് ‘സൂപ്പർ ഹൗസ്’. 

ADVERTISEMENT

സെവൻസിന്റെ കട്ടപ്പ

സെവൻസ് ഫുട്ബോൾ, മലബാറിലെ മഹിഷ്മതി സാമ്രാജ്യമാണെങ്കിൽ അതിലെ തൊപ്പിവച്ച കട്ടപ്പയെന്നാണ് സൂപ്പർ അഷ്റഫിനെ കൂട്ടുകാർ വിശേഷിപ്പിക്കുന്നത്. ബാഹുബലിമാർ പലർ വന്നുപോയെങ്കിലും സെവൻസിനു വേണ്ടി ഇപ്പോഴും കട്ടയ്ക്കു നിൽക്കുന്ന മലപ്പുറത്തിന്റെ സ്വന്തം കട്ടപ്പ. പതിനൊന്നുപേരുടെ പരന്ന ഫുട്ബോളിനെ ഏഴിന്റെ കതിനക്കുഴിയിലേക്കു ചുരുക്കി വെടിക്കെട്ടാക്കിയതിലും അതിനൊരു ഭരണസംവിധാനം കൊണ്ടുവന്നതിലും അഷ്റഫിന്റെ പങ്ക് വളരെ വലുതാണ്.

കേരള സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ അഷ്റഫ് ബാവ കാൻസറിനെയും അതിജീവിച്ച് തന്റെ അറുപത്തഞ്ചാം വയസ്സിലും ഫുട്ബോളിനായി സജീവം. ആദ്യം കളിക്കാരനായി, ഇപ്പോൾ സംഘാടകനും ഫുട്ബോൾ ചരിത്രകാരനുമായി. ഒരു സെവൻസ് ഫുട്ബോൾ മത്സരം എങ്ങനെയാണോ അതുപോലെത്തന്നെ ആവേശകരമാണ് അഷ്റഫിന്റെ ജീവിതവും. അതിലേക്കൊരു ത്രൂ പാസിട്ട് നമുക്കു തുടങ്ങാം.

കിക്കോഫ്

ADVERTISEMENT

കോട്ടപ്പടി ഹൈസ്കൂളിൽ സയൻസ് അധ്യാപകനായ പെരുവൻകുഴി മുഹമ്മദ് അബ്ദുൽ കരീമിന്റെ അഞ്ചുമക്കളിൽ മൂന്നാമൻ അഷ്റഫ് ബാവയ്ക്ക് വളരെ ചെറുപ്പത്തിലേ പന്തുകളി പ്രാന്ത് കലശലായിരുന്നു. പകലന്തി കളിച്ചശേഷം ഉറങ്ങാൻ കിടക്കുമ്പോഴും തലയുടെ ഒരു കോർണറിൽ പന്തുണ്ടാകുന്നത്ര പ്രാന്ത്. വഴിയിൽ ചുരുണ്ടുകിടക്കുന്ന എന്തിലും ഫ്രീക്കിക്കെടുത്ത് സ്കൂളിൽപ്പോകുന്നതുതന്നെ പി.ടി പിരീഡിലെ കളി ഓർത്തിട്ടാണ്. സ്കൂൾ വിട്ടു വന്നാലും കടലുണ്ടിപ്പുഴയുടെ മണൽപ്പരപ്പിൽ വീണ്ടും കളി തന്നെ.

പിതാവിന്റെ കുപ്പായക്കൈ വെട്ടി സോക്സുണ്ടാക്കി കളിക്കാനിറങ്ങുന്നവൻ വീട്ടിലെ സ്ഥിരം ക്രമസമാധാനപ്രശ്നമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. കളിയും അതിനുശേഷം പിതാവിന്റെ തല്ലുകൊള്ളലും പതിവ് എപ്പിസോഡാവുകയും ചെയ്തു. മുതിരുമ്പോൾ നന്നാവുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. പക്ഷേ, ഫുട്ബോൾ കളിക്കാൻ വേണ്ടി ‘എന്തിനും മുതിർന്ന’ ആളായാണ് അഷ്റഫ് വളർന്നത്. വീട്ടുകാർ ഇതു മനസ്സിലാക്കിയതാകട്ടെ പത്താം ക്ലാസ് ഫലം വന്നപ്പോഴും.

പ്രഖ്യാപനം വരുന്നൂ...

ലോകകപ്പ് ജയിച്ചയുടൻ വിരമിക്കൽ പ്രഖ്യാപിക്കും പോലെയായിരുന്നു അത്. പത്താം ക്ലാസ് പാസായ അഷ്റഫ് വീട്ടിലെത്തി ഉറക്കെപ്പറഞ്ഞു. ‘ഞാൻ ഇനി പഠിക്കാൻ പോകുന്നില്ല’. എൺപത്തൊൻപതാം മിനിറ്റിൽ ഗോൾ വീണ ടീമിന്റെ അവസ്ഥയിലായി വീട്ടുകാർ. കുടുംബ പാരമ്പര്യമനുസരിച്ച് അധ്യാപകൻ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ എന്നിങ്ങനെ പല പൊസിഷനുകളിൽ മകനെ മനസ്സിൽക്കണ്ട പിതാവിന് ഇതൊട്ടും സഹിക്കാൻ പറ്റുമായിരുന്നില്ല. ചുവപ്പുകാർഡ് അപ്പോൾത്തന്നെ ഉയർന്നു. അഷ്റഫ് വീടിനു പുറത്ത്. പഠിക്കുന്നില്ലെങ്കിൽ പിന്നെന്ത് എന്ന ചോദ്യത്തിന് ‘പന്ത്’ എന്ന ഉത്തരമല്ലാതെ മറ്റൊന്നും അഷ്റഫിന്റെയും കയ്യിലുണ്ടായിരുന്നില്ല. എല്ലാദിവസവും ഫുട്ബോൾ കളിക്കാൻ പറ്റിയാൽത്തന്നെ ജീവിതവിജയമായി, പിന്നെന്തിനു കോളജിൽപ്പോകണം, അഷ്റഫിന്റെ ചിന്ത ഇങ്ങനെയായിരുന്നു. 

മലപ്പുറം കോട്ടപ്പടിയിലെ സൂപ്പർ സ്റ്റുഡിയോ
ADVERTISEMENT

ശരീരത്തിന്റെ സ്വാഭാവിക ചൂടായ 36 ഡിഗ്രിയും കളിയിൽ വാശിമൂക്കുമ്പോൾ ഉയരുന്ന ഡിഗ്രിയുമല്ലാതെ മറ്റൊരു സർവകലാശാലാ ഡിഗ്രിയും ബാവാക്ക പിന്നീട് നേടിയിട്ടില്ല. പക്ഷേ, പണ്ടേ കണ്ണടവച്ച പിതാവിന്റെ ദീർഘദൃഷ്ടി, കണ്ണട വയ്ക്കാൻ പ്രായമായപ്പോൾ അഷ്റഫിനും ബോധ്യപ്പെട്ടു. കോളജ് വിദ്യാഭ്യാസവും ഫുട്ബോളും ഒരുമിച്ചു കൊണ്ടുപോയിരുന്നെങ്കിൽ ഇപ്പോ‌ൾ വേറെ ലെവലായേനെ. കോളജ് ഡിഗ്രിയൊന്നുമില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്, സെവൻസ് ഫുട്ബോളിന് ഒരു സർവകലാശാലയുണ്ടായിരുന്നെങ്കിൽ സൂപ്പർ അഷ്റഫ് അതിന്റെ ആജീവനാന്ത വൈസ് ചാൻസലറായേനെ

സൂപ്പർ സ്റ്റുഡിയോ ക്ലിക്ക്

വീട്ടിൽനിന്നു പുറത്തായതോടെ ജീവിക്കാൻ വേറെ വഴിനോക്കേണ്ട അവസ്ഥയായി. ചെറുപ്പക്കാർക്ക് സ്വയം തൊഴിൽ പദ്ധതിയുമായി മലപ്പുറം നഗരസഭ കടന്നുവരുന്നത് അപ്പോഴാണ്. തൊഴിലേതെന്ന് അഷ്റഫ് പണ്ടേ കണ്ടുവച്ചിട്ടുണ്ട് ‘പന്തുകളി.’ അതിനു പക്ഷേ, നഗരസഭയുടെ ധനസഹായം കിട്ടൂല്ല. പിന്നെ കിട്ടാൻ സാധ്യതയുള്ള സംരംഭം സ്റ്റുഡിയോയാണ്. ചിത്രംവരയും ഫൊട്ടോഗ്രഫിയും അറിയാവുന്നതുകൊണ്ട് അഷ്റഫും സുഹൃത്തുക്കളായ മൈക്രോ അസീസും നാണത്ത് കരീമും ചേർന്ന് നഗരസഭയുടെ 30,000 രൂപ സഹായധനം കൊണ്ട് കോട്ടപ്പടിയിൽ ഒരു സ്റ്റുഡിയോ തുറന്നു. നാലു പതിറ്റാണ്ടിലേറെയായി സെവൻസ് ഫുട്ബോളിൽ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വാഴുന്ന ‘സൂപ്പർ സ്റ്റുഡിയോ’യുടെ പിറവി അങ്ങനെയാണ്. ‘കായ്’ ഉണ്ടാക്കാൻ വേണ്ടിയല്ല കളിക്കാനുള്ള ‘കായു’ണ്ടാക്കാൻ തുടങ്ങിയ സംരംഭം എന്നു വേണമെങ്കിൽ പറയാം. ‌

കളിക്കളത്തിൽ ക്ലിക്കാവാനും ട്രോഫികളുടെ ഒഴുക്കു തുടങ്ങാനും ഏറെ സമയമൊന്നും വേണ്ടിവന്നില്ല. പ്രമുഖ സെവൻസ് ടൂർണമെന്റുകളായ വളപട്ടണം കുഞ്ഞിമായിൻ ഹാജി, മഞ്ചേരി റോവേഴ്സ്, പെരിന്തൽമണ്ണ കാദറലി എന്നിങ്ങനെയുള്ളവയിലെല്ലാം കപ്പടിച്ച് സൂപ്പർ സ്റ്റുഡിയോ ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ കളറാക്കി. ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ, സി.ജാബിർ, കുരികേശ് മാത്യു എന്നിങ്ങനെയുള്ള പ്രതിഭകൾക്കൊപ്പവും അവർക്കെതിരെയും പന്തുതട്ടിയ പതിറ്റാണ്ടുകൾ. പതിനാറാം വയസ്സിൽ തുടങ്ങി, നാൽപത്തിരണ്ടാം വയസ്സിൽ ബൂട്ടഴിക്കും വരെ സൂപ്പർ സ്റ്റുഡിയോയുടെ നട്ടെല്ലും പ്രതിരോധത്തിലെ സ്റ്റോപ്പർ ബാക്കും അഷ്റഫ് തന്നെ.

പ്രതിരോധത്തിലെ വെട്ടുകത്തി

‘ആളും പന്തും ഒരുമിച്ചു പോവൂല്ല, ഒന്നുകിൽ ആളെന്റെ കാലുമ്മലുണ്ടാവും അല്ലെങ്കിൽ പന്ത്’. സ്റ്റോപ്പർ ബാക്ക് അഷ്റഫിന്റെ ആദർശവാക്യം ഇതായിരുന്നു. വാക്കിലും അർഥത്തിലും ശരിക്കും ‘സ്റ്റോപ്പർ’. കളരിയഭ്യാസിയാണ് കൂടെ കരാട്ടെ ബ്ലാക്ക് ബെൽറ്റും. സുന്ദരമായ കളിക്കു പുറമേ ‘മർമാണി’ വിദ്യയിലും മിടുക്കൻ.  വെട്ടുകത്തി എന്നാണ് വിളിപ്പേരുതന്നെ. പ്രതിരോധത്തിൽ അഷ്റഫ് ആണെന്നറിഞ്ഞാൽ മിക്കവാറും സ്ട്രൈക്കർമാർ വിയറ്റ്നാംകോളനിയിൽ റാവുത്തരെക്കണ്ട ഇന്നസെന്റിന്റെ അവസ്ഥയിലായിട്ടുണ്ടാകും. എന്നാൽ ഇതൊന്നും വകവയ്ക്കാതെ കോർത്തു കയറുന്നവരുമുണ്ട്. അത്തരം ഘട്ടങ്ങളിൽ രണ്ടുപേർക്കും പരുക്ക് ഉറപ്പ്. 

വാശിപ്പുറത്തെ കളികളായിരുന്നു അന്നത്തെ കാലത്തിന്റെ പ്രത്യേകത. അതിനെ ആളിക്കത്തിക്കാനായി ചില കാണികളും മുന്നോട്ടു വരും. അതിലൊരു സംഭവം ബാവാക്ക വിവരിച്ചതിങ്ങനെ. ‘പെരിന്തൽമണ്ണയിലെ മത്സരത്തിന് ബൂട്ട് കെട്ടുന്ന എന്റെ അരികിലേക്ക് രണ്ടു ചെറുപ്പക്കാർ വന്ന് ഒരു ചാവിയെടുത്തു നീട്ടി. ഇതെന്റെ സ്കൂട്ടറിന്റെയാണ്, അന്റെ ടീം ജയിച്ചാൽ നീയിത് ഇവനു കൊടുത്തോ, എതിർടീമാണ് ജയിക്കുന്നതെങ്കിൽ എനിക്കു തന്നെ തരണം.’ ഒപ്പം നിൽക്കുന്നയാളെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം അതോടെ നമ്മുടെ തലയിലായി. പിന്നീടങ്ങോട്ട് മരിച്ചുള്ള കളിയാണ്. വിജയം സൂപ്പറിനൊപ്പം നിന്നു. ചാവി തന്ന ചങ്ങാതിക്ക് സ്കൂട്ടർ നഷ്ടമായി.

എന്തു ചെയ്യുന്നു? പന്തുകളിക്കുന്നു!

പെണ്ണു കാണാൻ പോകും. വീട്ടുകാർ ചോദിക്കും ‘എന്തു ചെയ്യുന്നു?’ ബാവ ഉത്തരം പറയും ‘പന്തുകളിക്കുന്നു’. അങ്ങനെ അൻപതോളം വീടുകളിൽനിന്ന് ചായയും ബ്രിട്ടാനിയ ബിസ്കറ്റും കഴിച്ചു പുറത്തിറങ്ങി. പെണ്ണുമാത്രം കിട്ടിയില്ല! പ്രഫഷനൽ ഫുട്ബോളർ എന്ന വാക്കൊന്നും അന്ന് ഉദയം ചെയ്തിട്ടില്ലെന്ന് ഓർക്കണം. മാത്രമല്ല, ഫുട്ബോളർമാർക്ക് കീരിക്കാടൻ ജോസിനെക്കാൾ മോശം ഇമേജുള്ള കാലവും. പേരിനൊരു സ്റ്റുഡിയോ ഉണ്ടെങ്കിലും അതിന്റെ പ്രധാന ഉദ്ദേശ്യം പന്തുകളിയാണെന്നു നാട്ടുകാർക്കെല്ലാം അറിയുകയും ചെയ്യാം. 

അങ്ങനെ ലോങ്ങായും ഷോർട്ടായും പലനാടുകളിൽ പെണ്ണന്വേഷിച്ചു വലയുന്ന കാലത്താണ് മലപ്പുറം സോക്കർ ക്ലബ്ബിന്റെ സ്ഥാപകരിലൊരാളും ഫുട്ബോൾ പ്രേമിയുമായ തോരപ്പ ബാപ്പു സൂപ്പർ അഷ്റഫിനു മുൻപിൽ ഒരു ഓഫർ വയ്ക്കുന്നത്. ‘ഇയ്യ് ന്റെ മോൾ ജാസ്മിനോടൊന്നു ചോയിച്ചോക്ക്, ഓൾക്കിഷ്ടായാൽ നിക്കാഹ് ഞാൻ നടത്തിത്തരാം’ വര പോലെ മെലിഞ്ഞൊരു രൂപവും ഊശാൻതാടിയും, ഇഷ്ടമാവില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് പെണ്ണു കണ്ടത്. പക്ഷേ, ഭാഗ്യത്തിന് പെൺകുട്ടി സമ്മതിച്ചു. ആ ദാമ്പത്യം ഇപ്പോൾ മുപ്പത്താറാം വാർഷികത്തിലെത്തിനിൽക്കുന്നു.  മക്കൾ മൂന്നുപേർ: ജുമാന, ജുലൈന, ആസിഫ്. സൂപ്പർ സ്റ്റുഡിയോയുടെ നടത്തിപ്പ് ഇപ്പോൾ ആസിഫിന്റെ ചുമതലയാണ്. സൂപ്പർ സ്റ്റുഡിയോ ഫുട്ബോൾ ടീമിന്റെ ചുമതല ബാവാക്കയ്ക്കും. 

അസോസിയേഷൻ റെഡി

മത്സരത്തിനിറങ്ങുന്ന ടീമുകൾക്ക് ടൂർണമെന്റ് കമ്മിറ്റിക്കാർക്ക് തോന്നുംപോലെയാണ് പണം കൊടുക്കുക. ‘ചെലോൽക്ക് കിട്ടും, ചെലോൽക്ക് കിട്ടില്ല’ എന്നതായിരുന്നു അവസ്ഥ. ആളെക്കൂട്ടി വണ്ടിപിടിച്ച് അന്യനാട്ടിൽ ചെല്ലുന്ന പല ടീമുകൾക്കും വെറും കയ്യോടെ മടങ്ങേണ്ടി വരുന്നതു പതിവായിരുന്നു അന്ന്. ഇതിനു പരിഹാരമായാണ് ടീം മാനേജർമാരെ ഉൾപ്പെടുത്തി ഒരു അസോസിയേഷൻ രൂപീകരിക്കുന്നത്. കാശ് കൊടുത്തില്ലെങ്കിൽ ചോദിക്കാൻ ആളുണ്ടെന്ന് കമ്മിറ്റിക്കാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിന്റെ ആർ.വിനയനും സൂപ്പർ അഷ്റഫുമായിരുന്നു അസോസിയേഷന്റെ മുൻനിരയിൽ. 

ടീം മാനേജർമാരുടെ കൂട്ടായ്മ രൂപപ്പെട്ടപ്പോൾ ‘കായ്’ കൃത്യമായി കിട്ടിത്തുടങ്ങി. അപ്പോഴും മറ്റൊരു പ്രശ്നം ബാക്കിനിന്നു. ടൂർണമെന്റുകളുടെ മത്സര ഫിക്സ്ചറിന്റെ ഏകീകൃത രൂപമില്ലായ്മയായിരുന്നു ആ പ്രശ്നം. ഒരേ സമയത്ത്, പല സ്ഥലത്ത്, പല ടൂർണമെന്റുകൾ വരുമ്പോൾ ടീമുകൾക്ക് ഓടിയെത്തൽ അസാധ്യമാകും. പ്രധാന ടൂർണമെന്റ് കമ്മിറ്റിക്കാരെയെല്ലാം വിളിച്ചു ചേർത്തു വ്യത്യസ്ത സമയങ്ങളിലായി മത്സര ഫിക്സ്ചർ തയാറാക്കിയാണ് ഇതിനു പരിഹാരം കണ്ടത്. ആദ്യം രൂപീകരിച്ച മാനേജേഴ്സ് അസോസിയേഷനെയും ടൂർണമെന്റ് കമ്മിറ്റിക്കാരുടെ കൂട്ടായ്മയെയും ഒന്നിച്ചു ചേർത്താണ് കേരളത്തിൽ ആദ്യമായി സെവൻസ് ഫുട്ബോൾ അസോസിയേഷൻ രൂപീകരിക്കപ്പെടുന്നത്–1998ൽ. തുടക്കം മുതൽ ഇതിനായി ഓടിനടന്ന ബാവാക്ക തന്നെയാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയും. 

വോട്ടുകളിയിൽ തോറ്റു

ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്റെ ധർണയിലും കോട്ടപ്പടി സ്റ്റേഡിയത്തിനു വേണ്ടിയുള്ള ഒരു സമരത്തിലും പങ്കെടുത്തതാണ് അഷ്റഫിന്റെ ജീവിതത്തിലുണ്ടായ രണ്ടേ രണ്ടു രാഷ്ട്രീയ പ്രവർത്തനങ്ങൾ. എന്നിട്ടും ഒരു പ്രത്യേക സാഹചര്യത്തിൽ മലപ്പുറം നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി നിൽക്കേണ്ടി വന്നു. ഒഴിവാക്കാൻ പറ്റാത്ത ചിലരിൽനിന്നുള്ള സമ്മർദമായിരുന്നു കാരണം.

സൂപ്പർ അഷ്‌റഫിന്റെ പഴയകാല ഫുട്ബോൾ ചിത്രങ്ങളിലൊന്ന്. ചുവന്ന വൃത്തത്തിലുള്ളതാണ് അഷ്‌റഫ്.

ജീവിതം മുഴുവൻ കരയിൽ ഫുട്ബോൾ കളിച്ചു നടന്നവന് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച ചിഹ്നം ‘തോണി’. തുഴയാനറിയാത്ത അഷ്റഫാകട്ടെ രാഷ്ട്രീയത്തിന്റെ നടുക്കടലിലും. കവലയോഗങ്ങളിൽ എങ്ങനെ ശ്രദ്ധിച്ചു പ്രസംഗിച്ചാലും വിഷയം അവസാനം ഫുട്ബോളിലേക്കെത്തും. രാഷ്ട്രീയം കേൾക്കാനെത്തിയവർക്ക് ഫുട്ബോൾ കമന്ററിയായി ബാവാക്കയുടെ പ്രസംഗം തോന്നിയതിൽ തെറ്റൊന്നും പറയാൻ പറ്റില്ല. ഫലം പ്രതീക്ഷിച്ചതുതന്നെ. തോറ്റു, നല്ല ഗംഭീരമായി തോറ്റു. അതോടെ രാഷ്ട്രീയക്കളം ബാവാക്ക വിട്ടു. 

ഇഷ്ടം ഇലവൻസിനോട്

കളം പിടിച്ചത് സെവൻസിലാണെങ്കിലും ഇഷ്ടം ഇപ്പോഴും ഇലവൻസ് ഫുട്ബോളിനോടുതന്നെയാണ്. ജില്ലാ ജൂനിയർ, സീനിയർ സ്കൂൾ ടീമുകളിൽ അംഗമായിരുന്ന അഷ്റഫ് പിന്നീട് മലപ്പുറം സോക്കർ ക്ലബ്ബിന്റെ ബി ടീം ആയ സാന്റോസിലൂടെയാണ് ഇലവൻസ് മൈതാനങ്ങളിൽ പരിചിതനായത്. ഇന്റർനാഷനൽ മൊയ്തീൻകുട്ടിയുടെ കീഴിൽ സോക്കർ ക്ലബ്ബിന്റെ സ്റ്റോപ്പർ‌ ബാക്ക് പൊസിഷനിൽ 12 വർഷത്തോളം കളിച്ചു. സേഠ് നാഗ്ജി, സിസേഴ്സ് ട്രോഫി എന്നിങ്ങനെ കേരളത്തിലും പുറത്തും ഒട്ടേറെ ഇലവൻസ് ടൂർണമെന്റുകളിലും സജീവ സാന്നിധ്യമായിരുന്നു ബാവാക്ക. 

ദുബായിലെ ഫുട്ബോളിക്ക

ഫുട്ബോളിനെ ഇത്രമാത്രം ഇഷ്ടമായിരിന്നിട്ടും ഇതുവരെ ഒരു ലോകകപ്പ് അഷ്റഫ് നേരിട്ടു കണ്ടിട്ടില്ല. പക്ഷേ, 2018 റഷ്യൻ ലോകകപ്പിന് കമന്ററി നടത്തിയിട്ടുണ്ട്. ദുബായിലെ ഒരു എഫ്എം റേഡിയോയുടെ ‘ഫുട്ബോളിക്ക’ എന്ന പരിപാടിയായിരുന്നു ബാവാക്ക അവതരിപ്പിച്ചത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ദുബായിലുള്ള നാട്ടുകാർ വാട്സാപ്പിലൂടെ വിളിച്ചു ചോദിക്കും ‘ഇങ്ങള് ഇവിടണ്ടോ, എവിടെയാന്ന് പറയീൻ, ഞാൻ അങ്ങ്ട്ട് വരാ’. മലപ്പുറം ചെമ്മങ്കടവിലെ വീട്ടിലിരുന്നാണ് ദുബായിലേക്കുള്ള സംപ്രേഷണമെന്ന് അവർക്കറിയില്ലല്ലോ. മലപ്പുറത്തിരുന്ന് കമന്ററി നടത്തി അതിന്റെ വോയിസ് ക്ലിപ്പുകൾ അയച്ചുകൊടുത്തായിരുന്നു ഫുട്ബോളിക്ക ദുബായിൽ വൈറലായത്.

ഇൻജുറി ടൈം

2019ൽ നടുവേദനയ്ക്കു ചികിത്സ തേടിയപ്പോൾ ഡോക്ടർമാർ ആദ്യം പറഞ്ഞത് നട്ടെല്ലിലെ കശേരുക്കൾ സ്ഥാനം തെറ്റിയതാണെന്നാണ്. കളത്തിലും ജീവിതത്തിലും നട്ടെല്ലു വളയ്ക്കാതെ നിന്നതുകൊണ്ട് പരുക്കു സ്വാഭാവികമാണെന്ന് ബാവാക്കയും വിചാരിച്ചു. ചെറിയൊരു ശസ്ത്രക്രിയയും നടത്തി. ഓപ്പറേഷനു ശേഷം ഡോക്ടർമാർക്ക് സംശയം തോന്നിയതിനാൽ സാംപിൾ ബയോപ്സിക്ക് അയയ്ക്കുകയായിരുന്നു. ഫലം വന്നപ്പോൾ അതുവരെ കണ്ണിൽനിന്നു മറഞ്ഞുനിന്നൊരു സ്ട്രൈക്കർ അവിചാരിതമായി ബാവാക്കയുടെ പോസ്റ്റിൽ ഗോളിട്ടു. കാൻസർ ! ഡോക്ടർമാരും ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലായി.  ‘നിങ്ങളെക്കൊണ്ടു പറ്റണതൊക്കെ ചെയ്യിൻ, ബാക്കി ഞാൻ നോക്കിക്കോണ്ട്’ എന്നായിരുന്നു ഡോക്ടർമാരോട് അഷ്റഫിന്റെ മറുപടി. പണ്ടത്തെ സ്റ്റോപ്പർ ബാക്ക് പ്രതിരോധനിരയിലെ സഹകളിക്കാരോടു പറയാറുള്ള അതേ വാക്യം. 

ഒരുവർഷത്തോളം ചികിത്സയ്ക്കല്ലാതെ വീട്ടിൽനിന്നു പുറത്തിറങ്ങിയതേയില്ല. ‘മരുന്നുപണിയുടെ’ ആദ്യഘട്ടം കഴിഞ്ഞപ്പോൾത്തന്നെ കാൻസർ സുല്ലിട്ടു. പൊതുപരിപാടികളും ഫുട്ബോൾ ടൂർണമെന്റുകളും ഒഴിവാക്കേണ്ടി വന്ന ഈ ചികിത്സാസമയത്താണ് തന്റെ പഴയ ഇഷ്ടമായ ചിത്രംവരയോട് ബാവാക്ക വീണ്ടും കൂട്ടുകൂടുന്നത്. ഹിഗ്വിറ്റ, ഐഎംവിജയന്റെ സിസർക്കട്ട് എന്നിങ്ങനെ വരയ്ക്കുന്നതിലധികവും ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങൾതന്നെ. 

യുട്യൂബിലെ താരം

കോവിഡ് കളിക്കാനിറങ്ങിയപ്പോൾ മുതൽ മലബാറിലെ സെവൻസ് ടൂർണമെന്റുകൾ നിശ്ചലമായി. പാഞ്ഞുനടന്നു കളി നടത്തേണ്ട കാലം ബാവാക്കയ്ക്കും നഷ്ടമായി. പക്ഷേ, വെറുതെയിരിക്കാൻ അപ്പോഴും തയാറല്ലായിരുന്നു. പന്തുമായി ബാവാക്ക നേരെ നടന്നു കയറിയത് പിന്നീട് യുട്യൂബിലേക്ക്. മലബാർ ഫുട്ബോളിന്റെ ചരിത്രവും വർത്തമാനവുമൊക്കെ വിശദമാക്കുന്ന യുട്യൂബ് ചാനലിന്റെ പ്രൊഡ്യൂസറും സംവിധായകനും അവതാരകനുമൊക്കയാണ് ഇപ്പോൾ അഷ്റഫ്. കെട്ടുപന്തുണ്ടാക്കുന്ന രീതി മുതൽ സെവൻസ് ഫുട്ബോളിന്റെ രൂപപരിണാമങ്ങൾ വരെ ഈ ചാനലിലൂടെ അവതരിപ്പിക്കുന്നു. 

കളരിയാശാൻ, കരാട്ടെ ബ്ലാക്ക് ബെൽറ്റ്, ചിത്രകാരൻ, ഫോട്ടോഗ്രഫർ, പന്തുകളിക്കാരൻ, അഭിനേതാവ്, സംഘാടകൻ, വ്ലോഗർ എന്നിങ്ങനെ ബാവാക്കയുടെ പല റോളുകൾ കാണുമ്പോൾ റിലേ പോയ ഫുട്ബോൾ ടീം പോലെയല്ലേയെന്ന് ആദ്യം തോന്നും പക്ഷേ, പെരുത്തിഷ്ടം ഒന്നിനോടേയുള്ളു. ഫുട്ബോൾ!. ബാക്കിയെല്ലാം അതിലേക്കുള്ള ചില ഫോർമേഷനുകൾ മാത്രം.

ബാവാക്കയോടു ചില ചോദ്യങ്ങൾ, ഉത്തരങ്ങൾ...

പന്തിനു പിന്നാലെ പാഞ്ഞ പതിറ്റാണ്ടുകൾ, എന്തു നേടി? 

മുറിവുണങ്ങിയ കാലം എന്നൊന്ന് എനിക്കുണ്ടായിട്ടില്ല. മുറിവിൽ ഒട്ടിപ്പിടിക്കുന്ന ട്രൗസർ ഇടയ്ക്കിടെ പൊന്തിച്ചുമാറ്റി വീണ്ടും കളി തുടരും. ആ മുറിപ്പാടുകളാണ് ഫുട്ബോൾ ജീവിതം കൊണ്ട് ഞാനിട്ട ഫിക്‌സഡ് ഡിപ്പോസിറ്റ്. ഒപ്പം ഞാൻ കണ്ട, കളിച്ച മനോഹര ഫുട്ബോൾ നിമിഷങ്ങളും. 

ഫുട്ബോൾ ജീവിതത്തിൽ ഏറ്റവും സങ്കടപ്പെടുത്തിയത്? 

സംഘടിപ്പിച്ച ഒരു ഫുട്ബോൾ ടൂർണമെന്റ് എന്റേതല്ലാത്ത കാരണംകൊണ്ട് പൊട്ടിപ്പാളീസായി. എല്ലാവരും കയ്യൊഴിഞ്ഞു. കടം കൊടുക്കാനുള്ള ബാധ്യത എന്റേതു മാത്രമാവുകയും ചെയ്തു. സ്വന്തം സ്റ്റുഡിയോ ഉണ്ടായിരുന്നിട്ടും കടം കൊടുത്തു തീർക്കാൻ മറ്റൊരു സ്റ്റുഡിയോയിൽ ഏറെക്കാലം ജോലി ചെയ്യേണ്ടി വന്നു.

കോഴിക്കോട് മാവൂരിൽ 1984 ൽ നടന്ന ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയ പി.ടി. ഉഷ മലപ്പുറം സൂപ്പർ സ്റ്റുഡിയോ ടീമിനെ പരിചയപ്പെടുന്നു.

കേരളത്തിലെ സെവൻസ് ഫുട്ബോളിലുണ്ടായ ഏറ്റവും ഗുണപരമായ മാറ്റം ? 

പരുക്കു പറ്റാൻ ഏറെ സാധ്യതയുള്ള കളിയാണ് ഫുട്ബോൾ. അതു ഗുരുതരമാണെങ്കിൽ കരിയർ അവസാനിച്ചുവെന്നും പറയാം. പിന്നീട് ചികിത്സയ്ക്കു പോലും വഴിയില്ലാതെ കളിക്കാർ വലഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ സെവൻസ് ഫുട്ബോളർമാരെ ഇൻഷുറൻസ് പരിരക്ഷയ്ക്കു കീഴിൽ കൊണ്ടുവരാൻ അസോസിയേഷനായിട്ടുണ്ട്. ഇതാണ് അടുത്തകാലത്തു കണ്ട ഏറ്റവും ഗുണപരമായ മാറ്റം. 

സെവൻസ് ഫുട്ബോളിലുണ്ടായ ഏറ്റവും ദോഷകരമായ മാറ്റം? 

സ്വന്തം നാടിനു വേണ്ടി കളിക്കുന്നതിന്റെ ഒരു ആവേശമുണ്ടായിരുന്നു പണ്ടെല്ലാം. വളരെക്കാലം ഒപ്പം കളിച്ച കൂട്ടുകാർ ചേർന്നാണ് ആ പ്രദേശത്തിന്റെ പേരിൽ ഒരു ടീമുണ്ടാക്കുക. ഒത്തിണക്കമുള്ള അവരുടെ കളി കാണുന്നതു തന്നെ ഒരു ചന്തമാണ്. ഇപ്പോൾ പ്രഫഷനലിസം വന്നപ്പോൾ പലരെ പല ടീമിൽ നിന്നെടുത്ത് ഒരുമിച്ചു കളിപ്പിക്കുകയാണു പതിവ്. അതുകൊണ്ടുതന്നെ കളിയഴകിൽ എന്തോ ഒരു കുറവ് വരുന്നുണ്ടെന്നു തോന്നാറുണ്ട്.  

ഏറ്റവും ഇഷ്ടപ്പെട്ട മലയാളി ഫുട്ബോൾ താരം? 

സംശയമന്താ, ഐ.എം.വിജയൻ. ഇത്രയും ഭംഗിയോടെ കളിക്കുന്ന മറ്റൊരു ഫുട്ബോളറെ ഞാൻ കണ്ടിട്ടില്ല. ഫുട്ബോൾ മൈതാനത്ത് ഒഴിഞ്ഞ സ്പേസ് കണ്ടെത്തുകയാണ് ഒരു സ്ട്രൈക്കറുടെ വിജയം. പൊതുവേ സ്ട്രൈക്കർമാർ അവരെ മാർക്ക് ചെയ്യുന്ന ഡിഫൻഡറുടെ അടുത്തേക്കു തന്നെ അറിയാതെ ചേർന്നു നിൽക്കും. വിജയനെ അതിനു കിട്ടില്ല. പന്തു കിട്ടാൻ സാധ്യതയുള്ള ഒഴിഞ്ഞ സ്ഥലത്ത് ഡിഫൻഡറുടെ കണ്ണുവെട്ടിച്ച് വിജയനുണ്ടാകും. കാലിൽ പന്തുള്ള വിജയനെക്കാൾ കാലിൽ പന്തില്ലാത്ത വിജയനാണ് ഏറ്റവും അപകടകാരി. മലപ്പുറത്തു നിന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ വരെയായ യു.ഷറഫലിയാണ് എന്റെ മനസ്സിനോടു ചേർന്നു നിൽക്കുന്ന മറ്റൊരു പ്രിയതാരം. അപാരമായ നേതൃഗുണമായിരുന്നു ഷറഫലിക്ക് ഉണ്ടായിരുന്നത്. 

സിനിമാ അഭിനയത്തെക്കുറിച്ച് ? 

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ സംവിധായകൻ സക്കരിയ്യ പറഞ്ഞത് ‘ഇങ്ങള് ഇങ്ങളായിത്തന്നെ അഭിനയിച്ചാൽ മതീന്നാണ്’.  പ്രത്യേകിച്ചൊരു കോസ്റ്റ്യൂമും എനിക്കുണ്ടായിരുന്നില്ല.ഞാൻ സാധാരണയിടാറുള്ള ഷർട്ടും പാന്റും തൊപ്പിയും തന്നെയിട്ട് ബാവാക്കയായിത്തന്നെയാണ് അഭിനയിച്ചത്. സിനിമ കണ്ട പലരും നന്നായെന്നു പറഞ്ഞു. സന്തോഷം.

സൂപ്പർ അഷ്റഫ് ഫോൺ– 9447716665

English Summary: Life Story of Malappuram Sevens Football Star 'Super Ashraf'