ഇറ്റലിയിൽ നാപ്പൊളിയും സ്പെയിനിൽ റയൽ സോസീഡാഡുമാണ് വമ്പൻമാരായ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തു തുടരുന്നത്. ഇംഗ്ലണ്ടിൽ ചെൽസിയും ജർമനിയിൽ ബയൺ മ്യൂനിക്കും ഫ്രാൻസിൽ പിഎസ്ജിയും കരുത്തിനൊത്ത പ്രകടനവുമായി പട്ടികയിൽ മുന്നിലുണ്ട്...EPL, La Liga

ഇറ്റലിയിൽ നാപ്പൊളിയും സ്പെയിനിൽ റയൽ സോസീഡാഡുമാണ് വമ്പൻമാരായ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തു തുടരുന്നത്. ഇംഗ്ലണ്ടിൽ ചെൽസിയും ജർമനിയിൽ ബയൺ മ്യൂനിക്കും ഫ്രാൻസിൽ പിഎസ്ജിയും കരുത്തിനൊത്ത പ്രകടനവുമായി പട്ടികയിൽ മുന്നിലുണ്ട്...EPL, La Liga

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റലിയിൽ നാപ്പൊളിയും സ്പെയിനിൽ റയൽ സോസീഡാഡുമാണ് വമ്പൻമാരായ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തു തുടരുന്നത്. ഇംഗ്ലണ്ടിൽ ചെൽസിയും ജർമനിയിൽ ബയൺ മ്യൂനിക്കും ഫ്രാൻസിൽ പിഎസ്ജിയും കരുത്തിനൊത്ത പ്രകടനവുമായി പട്ടികയിൽ മുന്നിലുണ്ട്...EPL, La Liga

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ ശൈത്യകാല ഇടവേളയ്ക്ക് ഒരു മാസം ശേഷിക്കേ ആവേശച്ചൂടേറുകയാണ്. ഇറ്റലിയിൽ നാപ്പൊളിയും സ്പെയിനിൽ റയൽ സോസീഡാഡുമാണ് വമ്പൻമാരായ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തു തുടരുന്നത്. ഇംഗ്ലണ്ടിൽ ചെൽസിയും ജർമനിയിൽ ബയൺ മ്യൂനിക്കും ഫ്രാൻസിൽ പിഎസ്ജിയും കരുത്തിനൊത്ത പ്രകടനവുമായി പട്ടികയിൽ മുന്നിലുണ്ട്. എല്ലാ ലീഗുകളിലും അപ്രതീക്ഷിത പ്രകടവുമായി ഇടത്തരം ടീമുകൾ ആദ്യ പത്തിൽ ഇടം നേടിയെന്നതാണ് ഈ സീസണിലെ പ്രത്യേകത. സീസൺ രണ്ടാം പാദത്തിൽ പോയിന്റ് പട്ടിക മാറിമറിയാമെങ്കിലും ഇതുവരെയും ആകർഷകമായ ആവേശകരമായ ഫുട്ബോൾ പുറത്തെടുത്താണ് ഈ ടീമുകൾ മുന്നോട്ടുകയറിയെത്തിയത്. 

∙ ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ ‘ഡിവൈഡഡ്’ 

ADVERTISEMENT

തീയറ്റർ ഓഫ് ഡ്രീംസിലെ വിജയസ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞ ഞെട്ടലിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവർപൂളിനോടേറ്റ ദയനീയ തോൽവി പരിശീകൻ ഒലേ ഗൂണാർ സോൾഷെറിന്റെ ഭാവി അപകടത്തിലാക്കിയെങ്കിലും അറ്റലാന്റയ്ക്കെതിരെ നേടിയ സമനിലയും പിന്നാലെ ടോട്ടനമിനെതിരെ നേടിയ വിജയവും ഒലേയ്ക്ക് സമയം നീട്ടി നൽകുകയായിരുന്നു. പക്ഷേ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കഴിഞ്ഞ കളിയിലേറ്റ തോൽവി നോർവെ പരിശീകന്റെ സ്ഥിതി വീണ്ടും അപകടത്തിലാക്കിയിരിക്കുകയാണ്. ഫുട്ബോൾ വിദഗ്ധർ ഒന്നടങ്കവും യുണൈറ്റഡ് ആരാധകരും ഒലേയെ പുറത്താക്കണമെന്നാവശ്യപ്പെടുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന യുണൈറ്റഡ് ഉമടകളായ ഗ്ലേസർ സഹോദരൻമാരുടെ നിലപാടാണ് ക്ലബിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. 

ലിവർപൂളിനെതിരെ വഴങ്ങിയ അഞ്ചു ഗോളിന്റെ നാണക്കേടിനെക്കാൾ ഭേദമായിരുന്നു സിറ്റിക്കെതിരെ വഴങ്ങിയ തോൽവിയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും സ്കോർ ലൈനിൽ മാത്രമാണ് ആശ്വാസമുള്ളത്. പ്രകടനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റ‍് സിറ്റിയുടെ ഏഴയലത്തുപോലും വന്നിട്ടില്ല. ഗോൾകീപ്പർ ഡേവിഡ് ഡിഹിയയുടെ അസാധാരണ പ്രകടനമില്ലായിരുന്നെങ്കിൽ ലിവർപൂളിനെതിരെ പിണഞ്ഞതോൽവിയെക്കാൾ ദയനീയമായേനെ സ്ഥിതി. കളിയുടെ സമസ്ത

മേഖലയിലും യുണൈറ്റഡിനെ നിഷ്പ്രഭമാക്കിയ, കാഴ്ച്ചക്കാരാക്കിയ പ്രകടനമായിരുന്നു സിറ്റിയുടേത്. അനായാസമായിരുന്നു അവരുടെ കളി. 753 പാസുകളാണ് അവർ പൂർത്തിയാക്കിയത്. 2003–04നു ശേഷം ഓൾഡ് ട്രാഫോർഡിൽ കളിക്കാനെത്തിയ ടീമുകളിൽ പാസുകളുടെ എണ്ണത്തിൽ റെക്കോർഡാണിത്. പ്രതിരോധ നിരയിൽ റഫേൽ വരാന്റെ അസാന്നിധ്യം പ്രകടനമായിരുന്നെങ്കിലും ഇരു ടീമുകളും തമ്മിലുള്ള മികവിന്റെ അന്തരം ഏറെ വലുതായിരുന്നു. 

11 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒന്നാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ 9 പോയിന്റ് പിന്നിലാണ് യുണൈറ്റഡ്. സീസണിൽ പോരുതിക്കയറാൻ കഴിയാത്ത അകലമൊന്നുമല്ല അത്.  പക്ഷേ അതിന് ഈ യുണൈറ്റഡ് ടീമിന് എത്രത്തോളം കഴിയും എന്നതാണ് ചോദ്യം. ലിവർപൂളിനെതിരെയുള്ള തോൽവി പക്ഷേ ഈ സീസണിൽ മാഞ്ചസ്റ്ററിന്റെ കളി വിശകനം ചെയ്യുന്ന ആർക്കു അപ്രതീക്ഷിതമാവില്ല. അത് ഏതു ദിവസവും സംഭവിക്കേണ്ട ഒരു ദുരന്തമായിരുന്നു. സീസണിൽ ഇതുവരെയും ഒരു മത്സരത്തിൽപ്പോലും പെരുമയ്ക്കൊത്ത പ്രകടനം അവർക്ക് പുറത്തെടുക്കാനായിട്ടില്ലായിരുന്നു. ഈ കളിക്കാരുടെ സംഘം പ്രീമിയർ ലീഗ് കിരീടം നേടുമെന്ന് തോന്നിക്കുന്ന, അല്ലെങ്കിൽ മുൻനിര ടീമുകൾക്കൊപ്പം നിൽക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ഒരു പ്രകടനം പോലും ഇതുവരെ കണ്ടിട്ടില്ല. പോയിന്റ് പട്ടികയിൽ മധ്യത്തിലും, ഏറെ താഴെയും നിൽക്കുന്ന ടീമുകൾക്കെതിരെ പോലും വിജയത്തിനായി കഷ്ടപ്പെട്ടു. ലോകോത്തര താരങ്ങളുടെ ഒരു കൂട്ടം മാത്രമായി അവർ.

ADVERTISEMENT

ഒറ്റയ്ക്കൊറ്റക്കെടുത്താൽ ഏതു ടീമിനൊപ്പവും നിൽക്കുന്നവർ. പക്ഷേ ടീമെന്ന നിലയിൽ ഒത്തിണക്കവും പോരാട്ടവീര്യവും നഷ്ടപ്പെട്ടവർ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാധാരണമായ വ്യക്തിഗത ഗോളടി മികവിൽ മാത്രമാണ് അവർ കൂടുതൽ കളികളിലും രക്ഷപെട്ടത്. ദുർബലരായ ടീമുകൾക്കെതിരെ വിജയത്തിനായി കഷ്ടപ്പെടുമ്പോഴെല്ലാം മറുഭാഗത്ത് ഉയരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗതി എന്താകുമെന്ന്. അതിനുള്ള ഉത്തരമാണ് ലിവർപൂളും മാൻ. സിറ്റിയും നൽകിയത്. ആ ഉത്തരം യുണൈറ്റഡിൽ സീസൺ തുടക്കം മുതൽ ഉയരുന്ന കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്കു വഴി തുറക്കേണ്ടതുമാണ്. 

ക്രിസ്റ്റ്യാനോ റൊണാൾഡോ, റഫേൽ വറാനെ, ഡെയ്ജൻ സാഞ്ചോ എന്നിവരെ ടീമിലെത്തിച്ചിട്ടും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനാവുന്നില്ലെങ്കിൽ ടീമിൽ കാര്യമായ കുഴപ്പമുണ്ടെന്നു തന്നെയാണ് സൂചന. ഒലേ ഗുണാർ സോൾഷേർ എന്ന പരിശീലകന്റെ മികവിനെതിരെ ചോദ്യമുയരുന്നത് അപ്പോഴാണ്. തന്ത്രപരമായ മികവില്ലാതെ, പ്ലാൻ ബി ഇല്ലാതെ, കളിക്കാരിൽ നിന്ന് പരമാവധി പ്രകടനം പുറത്തെടുക്കാനാവാതെ കുഴയുകയാണ് ഒലേ. നല്ല കളിക്കാരൻ നല്ല പരിശീലകൻ ആകണമെന്നില്ലെന്ന ഫുട്ബോളിലെ ആപ്തവാക്യമാണ് ഈ നോർവെക്കാരൻ ഓർമിപ്പിക്കുന്നത്. റൊണാൾഡോ, കവാനി തുടങ്ങിയ പരിചയസമ്പന്നരെപ്പോലും റിസർവ് ബഞ്ചിൽ ഇരുത്തി തനിക്കു താൽപര്യമുള്ള, ടീമിന് ബാധ്യതയാകുന്ന കളിക്കാരെ ആദ്യ ഇലവനിൽ തുടർച്ചയായി ഇറക്കുന്ന ഒലേ തകർത്തു കളയുന്നത് യുണൈറ്റഡിന്റെ കെട്ടുറപ്പിനെത്തന്നെയാണ്. മികവിൽ ആരുടെയും പിന്നിലല്ലാത്ത, അവസരം കിട്ടാത്ത കളിക്കാർ പരിശീലകന്റെ തന്ത്രങ്ങളെ വിമർശിച്ചു രംഗത്തുവരാൻ തുടങ്ങിക്കഴിഞ്ഞു. 

ക്രിസ്റ്റ്യാനോ റൊണാൾഡോ.

ടീം പ്രതിസന്ധിയിൽ നിന്നു പ്രതിസന്ധിയിലേക്കു പോകുമ്പോൾ വിദഗ്ധരും മുൻ താരങ്ങളും പക്ഷം ചേർന്ന് അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയിട്ടുണ്ട്. പല ഫുട്ബോൾ ചർച്ചകളിലും അത് വാഗ്വാദങ്ങൾക്ക് വഴിയൊരുക്കുന്നുമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന് ബാധ്യതയാകുന്നു എന്ന വിമർശവും ഉയരുന്നുണ്ട്. എന്നാൽ തന്റെ പ്രായത്തിനൊത്തവിധം കളിരീതിയിലും മാറ്റം വരുത്തിയ പോർച്ചുഗൽ താരം ഗോളടിമികവിൽ ആരെക്കാളും മുന്നിലാണെന്നത് വിസ്മരിച്ചുകൊണ്ടാണ് ഇത്തരം വിമർശനം. അറ്റലാന്റയ്ക്കെതിരെയുള്ള കളിയിൽ അവസാന നിമിഷം തകർപ്പൻ ഹെഡറിലൂടെ റൊണാൾഡോ നേടിയ ഗോൾ യുണൈറ്റഡിന് അവിസ്മരണീയ ജയം നൽകുക മാത്രമല്ല, പരിശീലകൻ സോൾഷേറിന്റെ സ്ഥാനം തൽക്കാലത്തേയ്ക്കെങ്കിലും ഭദ്രമാക്കുകയും ചെയ്തു. ഇക്കാര്യത്തിൽ റൊണാൾഡോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത് ആർസനലിന്റെ മുൻ പരിശീലൻ ആർസൻ വെഗറാണ്. 

‘ക്രിസ്റ്റ്യാനോ അല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം. കുറച്ചു ദിവസങ്ങൾക്കു മുൻപ് അയാ‍ൾ നേടിയ വിജയഗോൾ ലോകോത്തര ഹെഡറിലൂടെയായിരുന്നു. റൊണാൾഡോയുടെ ഗോളടിമികവ് പരമാവധി പ്രയോജനപ്പെടും വിധം അയാളെ മുൻനിർത്തി സന്തുലിതമായ ഒരു ടീമിനെ ഒരുക്കുകയാണ് വേണ്ടത്’ – വെംഗർ പറയുന്നു. 

ADVERTISEMENT

പടയൊരുക്കവുമായി ടോട്ടനവും കോണ്ടെയും

മാഞ്ചസ്റ്ററിൽ ആശങ്കയുടെ ഇരുട്ടു നിറയുമ്പോൾ കുറച്ചകലെ ടോട്ടനം ഹോട്സ്പറിൽ പുതിയ പ്രതീക്ഷയുടെ വെളിച്ചം തെളിയുകയാണ്. ഒലേയ്ക്കു പകരക്കാരനായി മാഞ്ചസ്റ്റർ പരിഗണിച്ചിരുന്ന ഇറ്റലിക്കാരൻ പരിശീലകൻ അന്റോണിയോ കോണ്ടെയെ ടീമിലെത്തിച്ച ടോട്ടനം ആത്മവിശ്വാസം തിരികെപിടിച്ചിരിക്കുകയാണ്. ചുമതലയേറ്റ ഏതാനും മാസങ്ങൾക്കം തന്നെ നുനോ എസ്പിരിറ്റോ സാഞ്ചോയെ പുറത്താക്കിയ ടോട്ടനം ഉടമ ഡേവിഡ് ലെവി വൈകിയാണെങ്കിലും നല്ലൊരു നീക്കം നടത്തിയാണ് കോണ്ടെയെ സ്വന്തമാക്കിയത്. സീസണിൽ തുടങ്ങും മുൻപേ ടോട്ടനത്തിന്റെ ഓഫർ തള്ളിയ കോണ്ടെയെ കരാറിന് സമ്മതിപ്പിച്ചത് ടോട്ടനത്തിന്റെ ഇറ്റലിക്കാരനായ ഫുട്ബോൾ ഡയറക്ടർ ഫാബിയോ പരാറ്റിച്ചിയുടെ ഇടപെടലായിരുന്നു. കോണ്ടെയുടെ അടുത്ത സുഹൃത്താണ് പരാറ്റിച്ചി. യുവെന്റസിൽ കോണ്ടെയുടെ കാലത്ത് അദ്ദേഹം ഫുട്ബോൾ ഡയറക്ടർ ആയിരുന്നു. യുവെയുടെ കിരീടവിജയങ്ങൾക്കെല്ലാം പിന്നിൽ ഇരുവരുടെ മികച്ച കൂട്ടുകെട്ടിന്റെ കരുത്തുണ്ടായിരുന്നു. ടോട്ടനമിലും ഈ സഖ്യം വിജയം കാണുമെന്നുതന്നെയാണ് ഫുട്ബോൾ വിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്. 

യുവേഫ കോൺഫെറൻസ് ലീഗ് മത്സരത്തിൽ വിജയത്തോടെയായിരുന്നു കോണ്ടെയുടെ ടോട്ടനം യുഗത്തിനു തുടക്കമായത്. പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ഗോളില്ലാ സമനില വഴങ്ങേണ്ടിവന്നെങ്കിലും ടീമിനെ പഠിക്കാൻ കോണ്ടെയ്ക്ക് സമയം കിട്ടിയിട്ടില്ല. എങ്കിലും എവർട്ടണെതിരെ കാഴ്ചവച്ച പ്രതിരോധ മികവ് ഇറ്റാലിയൻ പരിശീലകന്റെ വരവിലുണ്ടായ മാറ്റമായിട്ടു കാണണം. മികവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത, കണിശക്കാരനായ, കളിക്കാരുടെ ഫിറ്റ്നെസിന് ഏറെ പ്രധാന്യം നൽകുന്ന കോണ്ടെയുടെ കീഴിൽ ഈ സീസണിൽ ഏറ്റവും കുറഞ്ഞത് ആദ്യ അഞ്ചിലെങ്കിലും എത്തുകയെന്നതാണ് ടോട്ടനം ലക്ഷ്യമിടുന്നത്. പരിശീലകൻ എന്ന നിലയിൽ കോണ്ടെയുടെ ട്രാക്ക് റെക്കോർഡ് നോക്കിയാൽ അതിൽ അതിശയവുമില്ല. ചെൽസിയിലും ഇന്റർ മിലാനിലുമൊക്കം ചുരുങ്ങിയ കാലം കൊണ്ട് ടീമിനെ കിരീടനേട്ടത്തിലെത്തിച്ചയാളാണ് കോണ്ടെ. ലോകഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച പരിശീകരുടെ പട്ടികയിൽ മുൻനിരയിലുള്ള കോണ്ടെയുടെ കീഴിൽ കിരീടവിജയങ്ങളുടെ ആരവം വൈറ്റ്ഹാർട്ട് ലെയ്ൻ സ്റ്റേഡിയത്തിലേക്കു തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ടോട്ടനം കളിക്കാരും ആരാധകരും. 

ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലെ കവർ ചിത്രം.

കുതിപ്പുമായി വെസ്റ്റ്ഹാം, ബ്രൈട്ടൺ, വോൾവ്സ്

ലീഗ് പട്ടികയിൽ വമ്പൻമാർക്കിടയിലേക്ക് പൊരുതിക്കയറിയെത്തിയ വെസ്റ്റ്ഹാം യുണൈറ്റഡാണ് ഈ ആഴ്ച ശ്രദ്ധ നേടിയത്. തോൽവി അറിയാത്ത തുടർച്ചയായ 25 മത്സരങ്ങൾ എന്ന ലിവർപൂളിന്റെ കുതിപ്പിന് അവസാനമിട്ടാണ് (3–2) വെസ്റ്റ്ഹാം യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്തേയ്ക്ക് കയറിയത്. പരിശീലകൻ ഡേവിഡ് മോയെസിന്റെ കീഴിൽ അസാധാരണ മികവു കണ്ടെത്തിയ ടീം ഈ പ്രീമിയർ ലീഗിലെ വമ്പൻമാർക്കെതിരെയെല്ലാം വിജയം നേടിയാണ് കുതിപ്പ് തുടരുന്നത്. ഏഴാം സ്ഥാനത്തുള്ള ബ്രൈട്ടണും എട്ടാമതുള്ള വോൾവർഹാംപ്റ്റൺ വാൻഡറേഴ്സും സീസന്റെ ആദ്യ പകുതിയിൽ ഇതുവരെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിന്റെ തുടക്കത്തിൽ തുടർച്ചയായി പതറിപ്പോയ മുൻ ചാംപ്യൻമാരായ ആർസനൽ ആദ്യ അഞ്ചിലേക്ക് പൊരുതിക്കയറിയത് ആരാധകർക്ക് ആവേശമായിട്ടുണ്ട്. നന്നായി തുടങ്ങിയ മുൻ ചാംപ്യൻമാരായ ലെസ്റ്റർസിറ്റിക്ക് പിന്നീട് താളം നഷ്ടപ്പെടുന്നതാണ് കണ്ടത്. ഏറ്റവും അവസാനം ലീഡ്സിനെതിരെ വഴങ്ങിയ സമനിലയോടെ അവർ പോയിന്റ് നിലയിൽ വീണ്ടും പിന്നിലേക്കു പോയി. 

∙ സ്പെയിനിൽ ചാവിയുമായി ബാർസ

സ്പാനിഷ് ലാ ലീഗയിൽ ഈ ആഴ്ച എല്ലാ കണ്ണുകളിലും ബാർസിലോനയുടെ നൂ കാംപ് സ്റ്റേഡിയത്തിലേക്കായിരുന്നു. തുടർച്ചയായ തിരിച്ചടികൾക്കൊടുവിൽ ക്ലബിന് പ്രതീക്ഷ നൽകി അവരുടെ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ചാവി ഹെർണാണ്ടെസ് പരിശീലക സ്ഥാനമേറ്റെടുത്തു. നൂ കാംപിൽ നിറഞ്ഞ ആരാധകർക്കിടയിലേക്ക് പുതിയ റോളിലുള്ള തിരിച്ചുവരവ് ചാവിക്ക് വികാരഭരിതമായിരുന്നു. 

‘എല്ലാവർക്കും നന്ദി. ലോക ഫുട്ബോളിലെ ഏറ്റവും വലിയ ക്ലബിലേക്കുള്ള എന്റെ തിരിച്ചുവരവാണിത്. ക്ലബിന്റെ പ്രതീക്ഷകൾക്കൊത്തുയരാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. സമനിലയും തോൽവിയും ബാർസിലോനയ്ക്ക് സ്വീകാര്യമായ കാര്യമല്ല. എല്ലാ കളികളിലും ജയിച്ചേ തീരൂ. തയാറെടുപ്പോടെയാണ് ഞാൻ വരുന്നത്. എന്നിലുള്ള ബാർസിലോന ബ്രാൻഡ് ഫുട്ബോളിന് മാറ്റമൊന്നുമില്ല. കളിയിൽ മേധാവിത്വം പുലർത്തണം., പന്തു കൈവശം വയ്ക്കണം, അവസരങ്ങളൊരുക്കണം, വിജയദാഹത്തോടെ പൊരുതണം. നഷ്ടപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ട് തിരിച്ചുപിടിക്കാൻ’  – ചാവി പറഞ്ഞു. 

ബാർസിലോനയ്ക്ക് ഇത് ചരിത്രനിമിഷമാണെന്നും ചാവിക്ക് ബാർസിലോനയൊന്നാകെ സ്വാഗതമൊതുന്നുവെന്നും നൂ കാംപിലേക്ക് മുൻതാരത്തെ സ്വാഗതം ചെയ്ത ക്ലബ് പ്രസിഡന്റ് യോഹാൻ ലാപോർട്ടെ പറഞ്ഞു. ബാർസിലോനയുടെ പരിശീലക കുപ്പായമണിയുന്ന ചാവിക്ക് പക്ഷേ കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്. പതിവിനു വിപരീതമായി ലാ ലീഗയിൽ സീസൺ തുടക്കം മുതൽ ആവേശപ്പോരാട്ടങ്ങളാണ് കണ്ടത്. ഒൻപതാം സ്ഥാനത്താണിപ്പോൾ ബാർസ. ഒന്നാമതുള്ള റയൽ സോസീഡാഡിനെക്കാൾ 11 പോയിന്റ് പിന്നിൽ. ശൈത്യകാല ഇടവേളയ്ക്ക് മുൻപ് വീണ്ടും പോയിന്റ് നഷ്ടമില്ലാതെ ടീമിനെ പട്ടികയിൽ ഭേദപ്പെട്ട സ്ഥാനത്തെത്തിക്കുകയെന്നതാണ് ചാവിയുടെ ആദ്യ വെല്ലുവിളി. 

13 കളികളിൽ 8 വിജയവുമായി കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് റയൽ സോസീഡാഡിന്റെ കുതിപ്പ്. സീസണിൽ ഇതുവരെ തോൽവിയറിഞ്ഞത് ബാർസിലോനയ്ക്കെതിരെ മാത്രം. ഡിസംബർ ആദ്യ വാരം റയൽ മഡ്രിഡിനെതിരെയുള്ള അവരുടെ മത്സരം ഒരുപക്ഷേ ലീഗ് പട്ടികയിലെ സമവാക്യങ്ങൾ മാറ്റിമറിച്ചേക്കാം. ജയം നേടിയാൽ റയലിന് സോസീഡാഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് കയറിയെത്താനുള്ള സാധ്യതയുണ്ട്. ഇപ്പോൾ ഒരു പോയിന്റ് മാത്രം പിന്നിൽ രണ്ടാം സ്ഥാനത്താണവർ. സീസണിൽ ഇതുവരെ ഏറ്റവുമധികം ഗോളുകൾ നേടിയ (28) മുന്നേറ്റനിര തന്നെയാണ് അവരുടെ പ്രതീക്ഷ. പോയിന്റ് നിലയിൽ റയലിനൊപ്പമുള്ള സെവിയ്യയും ഒന്നാം സ്ഥാനം ലക്ഷ്യമിടുന്നുണ്ട്. നിലവിലുള്ള ചാംപ്യൻമാരായ അത്‌ലറ്റിക്കോ മഡ്രിഡ് ഇവരെക്കാൾ 4 പോയിന്റ് പിന്നിലാണ്. 

∙ ഇറ്റലിയിൽ യുവെ വിജയവഴിയിൽ

ഇറ്റാലിയൻ സീരി എയിൽ ഏവരും കാത്തിരുന്ന ഇന്റർ മിലാൻ - എസി മിലാൻ ഡാർബി മത്സരം ആവേശകരമായ സമനിലയിൽ (1-1) തീർന്നു. പോയിന്റ് നിലയിൽ നാപ്പോളിക്കൊപ്പമെത്തിയ എസി മിലാൻ ഗോൾകണക്കിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം നിലവിലുള്ള ജേതാക്കളായ ഇന്റർ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള 2 ടീമുകളെക്കാൾ ഏഴു പോയിന്റ് പിന്നിലാണ് അവരിപ്പോൾ. മികച്ച ഫോമിലുള്ള എസി മിലാനെതിരെ ഒരു പോയിന്റ് നേടാനായത് ടീമിന്റെ നേട്ടമാണെന്ന് ഇന്റർ കോച്ച് സിമോൺ ഇൻസാഗി പറഞ്ഞു. 

തുടർച്ചയായ മൂന്നു മത്സരങ്ങൾക്കുശേഷം മുൻ ചാംപ്യൻമാരായ ഇന്റർമിലാൻ വിജയവഴിയിൽ തിരിച്ചെത്തി. പക്ഷേ സീസൺ തുടക്കം മുതൽ മികവു കണ്ടെത്താൻ വിഷമിക്കുന്ന യുവെ, ഫിയൊറെന്റിനയ്ക്കെതിരെ കഷ്ടിച്ചാണ് ജയം നേടിയത്. വിജയം കോച്ച് മക്സിമിലാനോ അലഗ്രിക്ക് അൽപം ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും ഇതുവരെ നഷ്ടപ്പെടുത്തിയത് നിർണായകമായ പോയിന്റുകളാണെന്നും പട്ടികയിൽ മുന്നിലേക്ക് പൊരുതിയെത്താൻ ഈ കളി പോരെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. എസി മിലാനെക്കാളും നാപ്പോളിയെക്കാളും 14 പോയിന്റ് പിന്നിലാണ് യുവെ ഇപ്പോൾതന്നെ. ആ അകലം കുറയ്ക്കുകെയന്നത് നിലവിൽ യുവെയ്ക്ക് കടുത്ത വെല്ലുവിളിയാണ്. 

തിരിച്ചടിയേറ്റ് മൌറിഞ്ഞോ

സീസൺ പ്രതീക്ഷയോടെ തുടങ്ങിയ എഎസ് റോമ പിന്നീട് അടിതെറ്റിയതോടെ കിരീടപ്രതീക്ഷ മങ്ങുകയാണ് ഹോസെ മൌറിഞ്ഞോയ്ക്ക്. സീസണിൽ റോമയുടെ ആരാധകർക്ക് വലിയ പ്രതീക്ഷകളൊന്നും വേണ്ടെന്നാണ് പോർച്ചുഗൽ പരിശീലകൻ വെനെസിയയ്ക്കെതിരെ 2-3 ന്റെ തോൽവിക്കു ശേഷം പ്രതികരിച്ചത്. കഴിഞ്ഞ 7 കളികളിൽ ഒരു വിജയം മാത്രമാണ് റോമയ്ക്ക് നേടാനായത്. തുടർച്ചയായ രണ്ടാം തോൽവിയോടെ പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ നിന്നു പുറത്തായ അവർ ഇപ്പോൾ ആറാം സ്ഥാനത്താണ്. നാലാം സ്ഥാനം തിരികെപിടിച്ച് യുവേഫ ചാംപ്യൻസ് ലീഗിന് യോഗ്യത ഉറപ്പാക്കുകയാണ് മൌറിഞ്ഞോയുടെ ആദ്യ ലക്ഷ്യം. 

ജർമനിയിൽ ടീനേജ് ആവേശം

ജർമൻ ബുണ്ടെസ് ലീഗയിൽ 2 ടീനേജ് താരങ്ങളുടെ അരങ്ങേറ്റമായിരുന്നു കഴിഞ്ഞ മത്സരദിനത്തിൽ ശ്രദ്ധ നേടിയത്. ബയർ ലെവർകുസെന്റെ കുപ്പായത്തിലിറങ്ങിയ സിദാൻ സെർട്ദെമിർ (16 വയസ്സ്, 276 ദിവസം), ഇകെർ ബ്രാവോ (16 വയസ്സ്, 298 ദിവസം) എന്നിവരാണ് ലിഗയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനം നേടിയത്. ബോറുസിഡയ ഡോർട്ട്മുണ്ടിന്റെ യുസവുഫ മൌകോക്കോയ്ക്കു പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇരുവരും. 

പുതിയ തുടക്കവുമായി വോൾവ്സ്ബർഗ്

പുതിയ പരിശീലകൻ ഫ്ലോറിയൻ കോഫെൽറ്റിനു കീഴിൽ ആദ്യ മൂന്നു കളികളും ജയിച്ച് മികച്ച തുടക്കമിട്ടിരിക്കുകയാണ് വോൾവ്സ്ബർഗ്. ലീഗയിൽ ലെവർകുസെനെതിരെയായിരുന്നു കോഫെൽറ്റിന്റെ വിജയത്തുടക്കം. പിന്നാലെ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ സാൽസ്ബെർഗിനെതിരെയുള്ള ജയം. കഴിഞ്ഞ ദിവസം ലീഗയിൽ ഓഗ്സ്ബെർഗിനെ 1-0 ന് കീഴടക്കിയ അവർ പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്കു കയറിയെത്തി. 

ഹാലൻഡില്ലാതെ എന്ത് ഡോർട്ട്മുണ്ട്..

പരുക്കേറ്റ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡിന്റെ അഭാവത്തിൽ ഗോളടിക്കാൻ കഷ്ടപ്പെടുകയാണ് ബോറുസിയ ഡോർട്ട്മുണ്ട്. കഴിഞ്ഞ കളിയിൽ ആർബി ലൈപ്സിഗിനോട് തോൽവിയറിഞ്ഞതോടെ രണ്ടാം സ്ഥാനത്തുള്ള അവർ ഒന്നാമതുള്ള ബയണിനെക്കാൾ 4 പോയിന്റ് പിന്നിലായി. ഹാലൻഡ് മുന്നേറ്റനിരയിൽ തിളങ്ങിയ സമയത്ത് ഒരു കളിയിൽ

ഗോൾ ശരാശരി 3.3 വരെയെത്തിയിരുന്നെങ്കിൽ നോർവെ താരമില്ലാത്ത കളികളിൽ അത് 1.8 എന്ന കണക്കിലേക്ക് താഴുകയാണ്. ലീഗയിൽ ഇതുവരെ ഡോർട്ട്മുണ്ട് നേടിയ 28 ഗോളുകളിൽ 9 എണ്ണവും വന്നത് ഹാലൻഡിന്റെ ബൂട്ടിൽനിന്നായിരുന്നു. കൂടാതെ 3 ഗോളിനും വഴിയൊരുക്കുകയും ചെയ്തു. പിഎസ് വിയിൽ നിന്ന് ഈ സീസണിൽ എത്തിയ സ്ട്രൈക്കർ ഡോണിൽ മാലെൻ ഇതുവരെ ഗോൾ കണ്ടെത്താത്തതും അവർക്ക് തിരിച്ചടിയാണ്. 

ഫ്രാൻസിൽ പിഎസ്ജിതന്നെ

ഫ്രാൻസിൽ ലീഗ് വൺ 13 മത്സരദിനങ്ങൾ പിന്നിട്ടപ്പോൾ തന്നെ പാരിസ് സെന്റ് ജെർമെയ്ൻ 10 പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെയും (2), കിലിയൻ എംബപ്പെയുടെയും ഗോളുകളുടെ പിൻബലത്തിൽ അവർ 3–2 ന് ബോർദോയെ മറികടന്നു. നെയ്മറിന് 2 ഗോളുകൾക്കും വഴിയൊരുക്കിയത് എംബപ്പേയുടെ മികവായിരുന്നു. നെയ്മറും എംബപ്പെയും ഗോളുകളടിച്ചുകൂട്ടുമ്പോഴും സൂപ്പർതാരം ലിയണൽ മെസ്സിയുടെ ഗോൾവരൾച്ചയാണ് പിഎസ്ജിയെ അലട്ടുന്നത്. ലീഗ് വൺ മത്സരങ്ങളിൽ ഇതുവരെയും തന്റെ പതിവു മികവിലേക്കുയരാൻ മെസ്സിക്കായിട്ടില്ല. വിജയങ്ങളോടെ ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുരുമ്പോഴും മത്സരങ്ങളിൽ ആധിപത്യം പുലർത്താനാവാത്താത് കോച്ച് മൗറിസിയോ പോച്ചെറ്റിനോയ്ക്ക് സമർദമേറ്റുന്നുണ്ട്. 

English Summary: What is Happening in EPL, Serie A, French League and La Liga? A Detailed Review