കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കൊപ്പം സ്പാനിഷ് താരം വിക്ടർ മോംഗിൽ ഈ വരികളും കുറിച്ചിരുന്നു –“ഒടുവിൽ ഞാൻ ബ്ലാസ്റ്റേഴ്സിലെത്തിയിരിക്കുന്നു. ഇനിയുള്ള

കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കൊപ്പം സ്പാനിഷ് താരം വിക്ടർ മോംഗിൽ ഈ വരികളും കുറിച്ചിരുന്നു –“ഒടുവിൽ ഞാൻ ബ്ലാസ്റ്റേഴ്സിലെത്തിയിരിക്കുന്നു. ഇനിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കൊപ്പം സ്പാനിഷ് താരം വിക്ടർ മോംഗിൽ ഈ വരികളും കുറിച്ചിരുന്നു –“ഒടുവിൽ ഞാൻ ബ്ലാസ്റ്റേഴ്സിലെത്തിയിരിക്കുന്നു. ഇനിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കൊപ്പം സ്പാനിഷ് താരം വിക്ടർ മോംഗിൽ ഈ വരികളും കുറിച്ചിരുന്നു –“ഒടുവിൽ ഞാൻ ബ്ലാസ്റ്റേഴ്സിലെത്തിയിരിക്കുന്നു. ഇനിയുള്ള കാര്യങ്ങൾ നമ്മളൊരുമിച്ചാണ്. വൈകാതെ കാണാം ഗയ്സ്”. ഇന്ത്യൻ സൂപ്പർ ലീഗിന്റെ സ്പന്ദനം നന്നായി അറിയാവുന്ന മോംഗിൽ ആ സന്ദേശത്തിലൂടെ മഞ്ഞയെ നെഞ്ചോടു ചേർക്കുന്ന മലയാളികളെയാണു ലക്ഷ്യമിട്ടത്. എന്നാൽ ആരാധകർ ആവേശത്തോടെ സ്വീകരിച്ചു സുസ്വാഗതം കുറിച്ച ആ പോസ്റ്റിൽ വൈറൽ ആയി മാറിയതൊരു കമന്റായിരുന്നു. അതു കുറിച്ചതാകട്ടെ, വിക്ടറിന്റെ നാട്ടുകാരൻകൂടിയായ മുൻ ‘ബ്ലാസ്റ്റർ’ സ്ട്രൈക്കർ അൽവാരോ വാസ്കെസും. “വിക്ടർ, താങ്കളെ ആരാധകർ ഏറ്റെടുത്തോളും. അവർക്കു വേണ്ടി കഠിനാധ്വാനം ചെയ്യൂ, അവർ എക്കാലവും നിങ്ങളെ ഓർമിക്കും’’ – പോയ സീസണിൽ ഗോവൻ മൈതാനങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ തീപ്പൊരി സാന്നിധ്യമായി പടർന്നുകയറിയ വാസ്കെസിന്റെ സന്ദേശം സ്വന്തം അനുഭവത്തിൽ നിന്നുള്ളതാണ്.

കേരളത്തിൽ നിന്നു കിലോമീറ്ററുകൾ അകലെ, സ്വന്തം കാണിക്കൂട്ടങ്ങളുടെ കൺവെട്ടത്തല്ലാതെ ആ സ്പാനിഷ് താരം അർപ്പിച്ച ആത്മാർഥതയും ഒഴുക്കിയ വിയർപ്പും സമാനതകളില്ലാത്തതാണ്. ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ ഒൻപതാം അധ്യായത്തിലേക്കു താൾ മറിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ആവേശത്തിന്റെ പരകോടിയിലാണ്. പക്ഷേ, അവരിൽ നല്ലൊരു ഭാഗത്തിന്റെയും ഹൃദയത്തിന്റെയൊരു കോണിൽ ഒരു ദുഖസ്പന്ദനവും മിടിക്കുന്നുണ്ടാകും. അൽവാരോ വാസ്കെസിന്റെയും അർജന്റീനയിൽ നിന്നു വന്ന ഹോർഹെ പെരേര ഡയസിന്റെയും അസാന്നിധ്യമാണ് അതിനു കാരണം. ഇരുവരും ചേർന്നു എതിരാളികളുടെ വലയിൽ നിക്ഷേപിച്ച ഗോളുകളുടെ കനമല്ല അതിനു കാരണം. സ്പാനിഷ് ലാലിഗ എന്ന ക്ലബ് ഫുട്ബോളിന്റെ വലിയ വേദിയിൽ വർഷങ്ങളോളം ബൂട്ടുകെട്ടിയ വാസ്കെസും ലോക ഫുട്ബോളിന്റെ തീർഥാടക ഭൂമിയെന്നു വിശേഷിപ്പിക്കാവുന്ന അർജന്റീനയിൽ നിന്നു പറന്നിറങ്ങിയ ഹോർഹെയും ഈ കൊച്ചുക്ലബിനോടു കാട്ടിയ അർപ്പണമനോഭാവവും ആത്മാർഥതയും ഒരു ത്രാസിനും താങ്ങാവുന്ന ഒന്നായിരുന്നില്ല. ഒരു കൊച്ചിക്കാരനും കോഴിക്കോടുകാരനും മലപ്പുറംകാരനും കേരളത്തിന്റെയൊരു ടീമിനു വേണ്ടി എല്ലാം മറന്നു പൊരുതുന്ന മട്ടിലായിരുന്നു കരിയറിന്റെ പ്രൈം ടൈം പിന്നിടുന്ന ഈ വിദേശതാരങ്ങളുടെ കളത്തിലെ നിമിഷങ്ങൾ.

ഹോർഹെ പെരേര ഡയസും അൽവാരോ വാസ്‌ക്വസും, ഇവാൻ വുക്കൊമനോവിച്ച്
ADVERTISEMENT

∙ എല്ലാമെല്ലാം ആയിരുന്നു വാസ്കെസും പെരേരയും

‘തൊണ്ണൂറ്റിയൊന്നാം മിനിറ്റിൽ വിയർപ്പു കുമിഞ്ഞൊഴുകുന്ന മഞ്ഞക്കുപ്പായവും തളർന്നു തുടങ്ങിയ കാലുകളുമായി ഗ്രൗണ്ടിൽ നിന്നു കയറിപ്പോകുന്ന അൽവാരോ വാസ്കെസിനെ കണ്ടില്ലേ? സ്പാനിഷ് ലാലിഗയിലും ഇംഗ്ലിഷ് പ്രിമിയർ ലീഗിലുമെല്ലാം വർഷങ്ങളോളം ബൂട്ടുകെട്ടിയ മനുഷ്യനാണത്. എന്നിട്ടും നമ്മുടെ കൊച്ചുകേരളത്തിലെ ടീമിനു വേണ്ടി അയാൾ പുറത്തെടുത്ത അധ്വാനവും സമർപ്പണവും കണ്ടു നമിച്ചുപോകുന്നു " - മുൻ സീസണിൽ ബ്ലാസ്റ്റേഴ്സ് ഐഎസ്എലിന്റെ ഫൈനലിലേക്ക് ഇരമ്പിക്കയറിയതിനു പിന്നാലെ ഇന്ത്യയുടെ ഇതിഹാസതാരം ഐ.എം. വിജയൻ മലയാള മനോരമയുടെ സ്പോർട്സ് പേജിൽ കുറിച്ചിട്ട വരികളാണിത്. ഫുട്ബോളിൽ മലയാളത്തിന്റെ ഏറ്റവും വലിയ വിലാസമായ വിജയന്റെ വാക്കുകൾ കാൽപന്തിനെ ഹൃദയത്തിലേറ്റിയ സർവ മലയാളികളുടെയും മനസ്സിൽ തെളിഞ്ഞതിന്റെ പരിഛേദം തന്നെയാണ്.

സ്പാനിഷ്–അർജന്റീന ദ്വയമായിരുന്നു ഗോവയിൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിലെ തുറുപ്പുചീട്ട്. വാസ്കെസും ഹോർഹെ പെരേരയും മുന്നേറ്റത്തിലും യുറഗ്വായ് താരം അഡ്രിയൻ ലൂണ മധ്യത്തിലുമായി രൂപപ്പെട്ട ആക്രമണക്കൂട്ട് എതിരാളികളുട‌െ ഏതു പൂട്ടും പൊളിക്കുമെന്നു അടിവരയിടുന്നതായിരുന്നു ബ്ലാസ്റ്റേഴ്സ് കുറിച്ച വിജയങ്ങൾ. ഓർക്കുന്നില്ലേ? എന്തൊരു ഊർജമായിരുന്നു ഗോവൻ മൈതാനങ്ങളിൽ ഈ വിദേശ സംഘത്തിന്റെ നീക്കങ്ങൾക്കും ശരീരഭാഷയ്ക്കും? സത്യത്തിൽ, വിജയം പിടിച്ചുവാങ്ങുന്ന ടീമെന്ന നിലയിലേക്കു ബ്ലാസ്റ്റേഴ്സിന്റെ മുഖം മാറ്റിക്കളഞ്ഞതു ഈ കൂട്ടുകെട്ടാണ്.

ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഡയസ്

കാലുകളിൽ കൗശലം ഒളിപ്പിച്ച തന്ത്രശാലി ആയിരുന്നു വാസ്കെസ്. വാസ്കെസിന്റെ പക്കൽ പന്തു കിട്ടിയപ്പോഴെല്ലാം ഗോൾ വരുമെന്ന പ്രതീതിയാണു ബ്ലാസ്റ്റേഴ്സ് ആരാധകർക്ക്. മാർക്ക് ചെയ്യാൻ നിയോഗിക്കപ്പെട്ട എതിരാളിയെ മാത്രമല്ല, ടെലിവിഷനിൽ കളി കാണുന്നവരെപ്പോലും കബളിപ്പിക്കുന്നതായിരുന്നു സ്പാനിഷ് താരത്തിന്റെ പാദചലനങ്ങൾ. മുംബൈയ്ക്കെതിരായ ഹൈവോൾട്ടേജ് മത്സരത്തിൽ പരിചയസമ്പന്നനായ അവരുടെ നായകൻ മൗർത്താദ ഫാളിനെ ഭ്രമിപ്പിച്ചു വീഴ്ത്തിയ പെനൽറ്റി നിമിഷം ആരാധകർ ഒരുകാലത്തും മറക്കുന്ന ഒന്നാകില്ല.

ADVERTISEMENT

∙ ആറ്റാക്ക് കോംബോ

യുവതാരങ്ങൾക്കൊരു പാഠപുസ്തകം തന്നെയായിരുന്നു വുക്കൊമനോവിച്ച് ആക്രമണത്തിന്റെ കുന്തമുന ഏൽപ്പിച്ചുവിട്ട വാസ്കെസ്. ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ് ജയിച്ച ജംഷഡ്പുരിനെതിരായ കടുകട്ടി മത്സരത്തിലും ബ്ലാസ്റ്റേഴ്സിനു വിജയവെളിച്ചം പകർന്നതു വാസ്കെസിന്റെ സാന്നിധ്യമാണ്. ഒരു പെനൽറ്റി നിഷേധിക്കപ്പെട്ടതിനും ഒരു തകർപ്പൻ ഷോട്ട് ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയ നിർഭാഗ്യത്തിലും തരിച്ചു തകർന്നുവെന്നു തോന്നിപ്പിച്ച ബ്ലാസ്റ്റേഴ്സ് സ്പാനിഷ് താരത്തിന്റെ ‘പോസിറ്റിവിറ്റി’യിലാണു കളി തിരിച്ചുപിടിച്ചത്. സ്പാനിഷ് താരം കളത്തിൽ നിറഞ്ഞത്. എതിരാളികളുടെ ബോക്സിനു മുൻപിലായി അപകടത്തിന്റെയൊരു സൂചനകളും ഇല്ലാതെ വന്നൊരു പന്തു സ്വീകരിച്ച ശേഷം വാസ്കെസ് വലത്തോട്ടു വെട്ടിത്തിരിഞ്ഞു മിന്നൽ പാസ് തൊടുത്തൊരു ‘നിമിഷ’ത്തിലാണു ജംഷഡ്പുരിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിയത്.

വാസ്കെസിന്റെ മൂലധനം പരിചയസമ്പത്തും വീക്ഷണവുമായിരുന്നുവെങ്കിൽ കരുത്തു കൊണ്ടും വേഗം കൊണ്ടുമാണ് അർജന്റീന താരം ഹോർഹെ പെരേര ഡയസ് എതിരാളികളുടെ പ്രതിരോധം കീറിമുറിച്ചത്. പ്രതിഭയിൽ വാസ്കെസിനു പിന്നിൽ മാത്രം സ്ഥാനമുള്ള ഹോർഹെയുടെ ‘ഗെയിം റീഡിങ്’ മികവു ബ്ലാസ്റ്റേഴ്സ് ആക്രമണനിരയിൽ ഒരു ഗറില്ലാ പോരാട്ടത്തിന്റെ വകഭേദമാണു എതിരാളികൾക്കു സമ്മാനിച്ചത്. ഉയരവും തടിമിടുക്കും കൗശലവും ഒത്തുചേർന്ന അർജന്റീനക്കാരൻ ഒാടിക്കയറിയിടത്തെല്ലാം പ്രതിരോധതാരങ്ങൾക്ക് ആശങ്ക സമ്മാനിച്ചു. അതുവഴി ടീമിന്റെ പ്രതിരോധക്കണ്ണികൾ പലപ്പോഴും അകന്നുപോയി. ഈ അവസരം മുതലെടുത്തു വാസ്കെസും സഹലും ലൂണയുമെല്ലാം സ്കോർ ചെയ്തു മടങ്ങിയ എത്രയോ നിമിഷങ്ങൾക്കാണു പോയ സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ടെലിവിഷനിൽ മുന്നിൽ നിന്ന് എഴുന്നേറ്റു കയ്യടിച്ചത്?

∙ പൊസിഷനിങ് മാജിക്

ADVERTISEMENT

പന്തില്ലാത്ത സമയങ്ങളിൽ പോലും പെരേരയുടെ പൊസിഷനൽ റണ്ണിങ്ങിൽ എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റുന്നതു ബ്ലാസ്റ്റേഴ്സ് മത്സരങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. നിരാശയെന്നതു നിഘണ്ഡുവിലില്ലെന്ന സിദ്ധാന്തക്കാരനായിരുന്നു ഹോർഹെ പെരേര. ഹോർഹെയുടെ കാലുകളിൽ തുടരെ പന്തുകൾ വന്നിട്ടും നേരേചോവ്വേ ഗോളിലേക്കു പോകാത്ത അവസരങ്ങളും കഴിഞ്ഞ ലീഗിൽ പലവട്ടം ഉണ്ടായിട്ടുണ്ട്. ഐ.എം.വിജയന്റെതന്നെ വാക്കുകൾ കടമെടുത്താൽ, ‘പന്തുകളിയിൽ ചില ദിവസം അങ്ങനെയാണ്. നമ്മൾ എന്തുചെയ്താലും ഫലം കിട്ടാതെപോകും. പക്ഷേ, അതിൽ സങ്കടപ്പെട്ട് ആ നിരാശ മനസ്സിലേക്കു പകർന്നാൽ ആ മത്സരം പിന്നെ കളിച്ചിട്ടു കാര്യമില്ല. നിരാശയ്ക്കു നമ്മളെ വിട്ടുകൊടുക്കാതെ ആഞ്ഞു പിടിക്കുക, ശ്രമിച്ചുകൊണ്ടേയിരിക്കുക. നമുക്കു വേണ്ടിയും ഒരു നിമിഷം ആ കളിയിൽ കിട്ടും’.

ഹോർഹേ പെരേര ഡയസും ചെയ്തിരുന്നത് അതാണ്. പിഴവുകൾ വന്നിട്ടും അവസരങ്ങൾ മിസ് ആക്കിയിട്ടും അതൊന്നും തന്നെ ബാധിക്കാതെ ‘കൂൾ’ ആയി കക്ഷി ശ്രമം തുടർന്നുകൊണ്ടേയിരുന്നു. അതിന്റെ ഫലം ഹോർഹെയ്ക്കും ബ്ലാസ്റ്റേഴ്സിനും കിട്ടി. നിരാശപ്പെടുത്തിയ തുടക്കത്തിനു ശേഷം വിജയഗോളുകൾ കുറിച്ച അർജന്റീന ഫോർവേഡ് മടങ്ങിയ മത്സരങ്ങൾ ഐഎസ്എലിന്റെ ചരിത്രത്താളുകളിൽ നോക്കിയാൽ കിട്ടും.

വിക്ടർ മോംഗിലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ അൽവാരോ വാസ്കെസ് കുറിച്ചിട്ട വരികൾ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞനിറം അണിയാനെത്തുന്ന ഏതൊരു വിദേശതാരത്തിനുമുള്ള സന്ദേശം കൂടിയാണ്. ഫുട്ബോളിനു ഹൃദയത്തിൽ ഇടമുള്ള കേരളത്തിന്റെ മണ്ണിൽ വന്നു കറതീർന്ന ഫുട്ബോൾ പുറത്തെടുത്താൽ ആ നാട് ഒരുകാലത്തും മറവിയിലേക്കു നിങ്ങളെ വിട്ടുകൊടുക്കില്ലെന്ന സത്യവചനമാണ് ആ വരികൾ. കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെ ഇവാൻ വുക്കൊമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സ് പുതിയ അധ്യായത്തിന് വിജയാരംഭം കുറിക്കുകയാണ്. അൽവാരോ വാസ്കെസും ഹോർഹേ പെരേരയും ഇല്ലാതെയാണു ഈ വരവ്. ലീഗ് ഒരു തുടർച്ചയാണെന്നതുപോലെ താരാവതാരങ്ങളും ഒരു തുടർച്ചയാണ്. ഗോവയ്ക്കു പോയ വാസ്കെസും മുംബൈയ്ക്കു പോയ ഹോർഹെയും ഒഴിഞ്ഞിട്ട സിംഹാസനം ബ്ലാസ്റ്റേഴ്സിൽ ബാക്കിയാണ്. അതിന്റെ അടുത്ത അവകാശികളും റെഡിയാണ്.

∙ എന്താകും വുക്കൊമനോവിച്ചിന്റെ മനസ്സിൽ? 

ടീമിന്റെ മുഖമുദ്രയായിരുന്ന സൂപ്പർ താരങ്ങളുടെ അഭാവത്തെക്കുറിച്ചു ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിനും ചിലതു പറയാനുണ്ട്. അൽവാരോ വാസ്‌കെസിന്റെയും ഹോർഹെ പെരേരയുടെയും അസാന്നിധ്യം ടീമിന്റെ പ്രകടനത്തിൽ നിഴലിക്കുമെന്ന സംശയം നല്ലൊരു പങ്ക് ആരാധകർക്കുമുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് സെർബിയൻ പരിശീലകൻ. പുതിയ താരങ്ങളുടെ മികവിന്റെ കാര്യത്തിലും ഉത്തമവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെ അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടസംഘമാക്കിയ കോച്ചിങ് ജീനിയസ്.

കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിൽ.

‘ഇത് ക്ലബ് ഫുട്ബോൾ ആണ്. ഇവിടെ ക്ലബ്ബിനും ഫുട്ബോളിനും മാത്രമേ സ്ഥായിയായ ഇടമുള്ളൂ. എത്ര വലിയ താരങ്ങളാണെങ്കിലും അവരാരും സ്ഥിരമായ സാന്നിധ്യമാകുകയില്ല, കളിക്കാർ മാറിക്കൊണ്ടേയിരിക്കും. ആ മാറ്റം ആരാധകർക്ക് ഉൾക്കൊള്ളാൻ അൽപം സമയമെടുക്കും. പുതിയ താരങ്ങൾ വരും. കളത്തിലിറങ്ങി ഏതാനും മത്സരങ്ങൾ കൊണ്ടു മികവ് പുറത്തെടുക്കുന്നതോടെ അവരും ആരാധകരുടെ മനസ്സിൽ ഇടം നേടും. പുതിയതായി ബ്ലാസ്റ്റേഴ്സിൽ എത്തിയ വിദേശ താരങ്ങൾ ആരും തന്നെ മോശക്കാരല്ല. പോരാട്ടത്തിനും ആവേശത്തിനുമൊന്നും ഒരു കുറവും ഉണ്ടാകുന്നില്ല. ഇവാൻ കല്യൂഷ്നിയൊക്കെ കളത്തിലെത്തുന്നതു വരെ കാത്തിരിക്കൂ. വെയ്റ്റ് ആൻഡ് വാച്ച്’ - മഞ്ഞപ്പടയുടെ ആരാധകർക്ക് ആശ്വാസവും അതിലേറെ, ശുഭപ്രതീക്ഷകളുടെ ഒരു സീസണും സമ്മാനിക്കുന്നതാണു വുക്കൊമനോവിച്ചിന്റെ വാക്കുകൾ.

∙ പുതിയ നായകരാകാൻ ഇവർ

വാസ്കെസിന്റെ അഭാവം നികത്താനായി വുക്കൊമനോവിച്ച് മുന്നേറ്റത്തിലേക്കു കണ്ടെത്തിയിട്ടുള്ളതു ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിനെയാണ്. ക്രൊയേഷ്യയിലെ ടോപ് ഡിവിഷന്‍ ലീഗിൽ നിന്നാണു ആറടിക്കാരനായ ദിമിത്രിയോസ് ഐഎസ്എലിലെത്തുന്നത്.

ഗ്രീക്ക് സൂപ്പർ ടീം ഒളിംപിയാകോസിലൂടെ ക്ലബ് ഫുട്ബോളിൽ ശ്രദ്ധ നേടിയ താരമാണ് ഗ്രീസിന്റെ അണ്ടർ –17 തലം മുതൽ അണ്ടർ–21 വരെയുള്ള ജൂനിയർ ടീമുകളിലെല്ലാം സ്ഥിരക്കാരനായിരുന്ന ദിമിത്രിയോസ്. സൂപ്പർ കോച്ച് ക്ലോഡിയോ റാനിയേരിയുടെ ശിഷ്യൻ കൂടിയായ ദിമിത്രി ഗ്രീസിലും ജർ‍മനിയിലും ക്രൊയേഷ്യയിലും ഇസ്രയേലിലുമായി ഇരുനൂറിലേറെ മത്സരങ്ങൾ കളിച്ചാണു ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയിലെത്തുന്നത്.

ഇവാൻ എന്ന ആശാന്റെ അതേ പേരുമായി ഇവാൻ കല്യൂഷ്‌നി എന്ന യുക്രെയ്ൻ മിഡ്ഫീല്‍ഡറും പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയാണ്. കറതീർന്ന യൂട്ടിലിറ്റി പ്ലെയറും പോരാട്ടവീര്യത്തിന്റെ പര്യായമെന്നു വിശേഷണമുള്ള താരവുമായ കല്യൂഷ്നി ഹോർഹെ പെരേരയുടെ അഭാവം മറികടക്കുമെന്നു വിലയിരുത്തപ്പെടുന്ന വരവാണ്. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ശ്രദ്ധിക്കപ്പെടുന്ന ഡൈനാമോ കീവിലൂടെ കളത്തിലെത്തിയ ഇരുപത്തിനാലുകാരനായ കലിയൂഷ്നി ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലും സെന്റർ ബാക്ക് റോളിലും പ്രയോഗിക്കാവുന്ന ആയുധം കൂടിയാണ്.

ഓസ്ട്രേലിയയ്ക്കും ഗ്രീസിനും വേണ്ടി രാജ്യാന്തര ഫുട്ബോൾ കളിച്ചിട്ടുള്ള അപ്പോസ്തലസ് ജിയാനൂവാണു വുക്കൊമനോവിച്ചിന്റെ ഫോറിൻ ഫോഴ്സിലെ സെക്കൻഡ് സ്ട്രൈക്കർ. വീറുറ്റ പോരാട്ടവേദിയായ ഓസ്ട്രേലിയൻ എ ലീഗിൽ നിന്നു വരുന്ന ജിയാനൂ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ സൂപ്പർ താരമായിരുന്ന ഡ്വെയ്റ്റ് യോർക്ക് പരിശീലകനായ മക്കാർതർ എഫ്സിയിലാണു പോയ സീസണിൽ കളിച്ചത്. ഗ്രീസിലും ഓസ്ട്രേലിയയിലും ൈചനയിലുമായി 350 ലേറെ മത്സരങ്ങളിൽ ബൂട്ടു കെട്ടിയ ഫോർവേഡാണീ ഉയരക്കാരൻ.

വിക്ടർ മൊംഗിൽ. Photo: Twitter@OdishaFC

വാസ്കെസിന്റെ നാട്ടുകാരനായ വിക്ടർ മോംഗിൽ ഇതിനകംതന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ മികവു തെളിയിച്ച താരമാണ്. സൂപ്പർ ലീഗ് കിരീടം നേടിയ കൊൽക്കത്ത ക്ലബ് എടികെയിലും കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്‌സിയിലും തിളങ്ങിയ പ്രതിരോധക്കരുത്താണു ഇരുപത്തിയൊൻപതുകാരനായ മോംഗിൽ. ഡിഫൻസീവ് മിഡ്ഫീല്‍ഡറായും റൈറ്റ് ബാക്ക് ആയും കളത്തിൽ നിറയാൻ കെൽപ്പുള്ള വിക്ടർ ഒഡീഷയുടെ നായകറോളിലും തിളങ്ങിയ താരമമാണ്. സ്പെയിനിന്റെ അണ്ടര്‍-17 ടീമിലൂടെ വരവറിയിച്ച വിക്ടർ സ്പാനിഷ് ലാലിഗ ക്ലബ്ബായ റയൽ വയ്യാദോലിഡിലൂടെയാണു കരിയർ തുടങ്ങിയത്. അത്‌ലറ്റിക്കോ മഡ്രിഡിനും കളിച്ചിട്ടുള്ള മോംഗിൽ യൂറോപ്പ ലീഗിലടക്കം കളിച്ച പരിചയസമ്പത്തുമായാണ് കേരളത്തിലെത്തുന്നത്.

English Summary: Who will fill the Vacuum of Alvaro Vazquez and Jorge Pereyra Diaz for Kerala Blasters? Analysis