ലയണൽ മെസ്സിക്കു മാതൃരാജ്യത്തിന്റെ പേരിലൊരു കിരീടമില്ലെന്ന പരിഹാസങ്ങളുടെ മുനയൊടിഞ്ഞ ബ്രസീൽ മണ്ണിലെ കോപ്പ അമേരിക്ക ടൂർണമെന്റ്. ഒളിംപിക്കോ സാന്റോസ് സ്റ്റേഡിയത്തിൽ തളരാത്ത പോരാളികളായ ചിലെയ്ക്കെതിരെ അർജന്റീന മത്സരിക്കുകയാണ്. പത്തു താരങ്ങൾ ചേർന്നൊരുക്കിയ മതിലിന്റെയും വലയ്ക്കു കീഴിൽ ക്ലോഡിയോ ബ്രാവോയെന്ന

ലയണൽ മെസ്സിക്കു മാതൃരാജ്യത്തിന്റെ പേരിലൊരു കിരീടമില്ലെന്ന പരിഹാസങ്ങളുടെ മുനയൊടിഞ്ഞ ബ്രസീൽ മണ്ണിലെ കോപ്പ അമേരിക്ക ടൂർണമെന്റ്. ഒളിംപിക്കോ സാന്റോസ് സ്റ്റേഡിയത്തിൽ തളരാത്ത പോരാളികളായ ചിലെയ്ക്കെതിരെ അർജന്റീന മത്സരിക്കുകയാണ്. പത്തു താരങ്ങൾ ചേർന്നൊരുക്കിയ മതിലിന്റെയും വലയ്ക്കു കീഴിൽ ക്ലോഡിയോ ബ്രാവോയെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലയണൽ മെസ്സിക്കു മാതൃരാജ്യത്തിന്റെ പേരിലൊരു കിരീടമില്ലെന്ന പരിഹാസങ്ങളുടെ മുനയൊടിഞ്ഞ ബ്രസീൽ മണ്ണിലെ കോപ്പ അമേരിക്ക ടൂർണമെന്റ്. ഒളിംപിക്കോ സാന്റോസ് സ്റ്റേഡിയത്തിൽ തളരാത്ത പോരാളികളായ ചിലെയ്ക്കെതിരെ അർജന്റീന മത്സരിക്കുകയാണ്. പത്തു താരങ്ങൾ ചേർന്നൊരുക്കിയ മതിലിന്റെയും വലയ്ക്കു കീഴിൽ ക്ലോഡിയോ ബ്രാവോയെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലയണൽ മെസ്സിക്കു മാതൃരാജ്യത്തിന്റെ പേരിലൊരു കിരീടമില്ലെന്ന പരിഹാസങ്ങളുടെ മുനയൊടിഞ്ഞ ബ്രസീൽ മണ്ണിലെ കോപ്പ അമേരിക്ക ടൂർണമെന്റ്. ഒളിംപിക്കോ സാന്റോസ് സ്റ്റേഡിയത്തിൽ തളരാത്ത പോരാളികളായ ചിലെയ്ക്കെതിരെ അർജന്റീന മത്സരിക്കുകയാണ്. പത്തു താരങ്ങൾ ചേർന്നൊരുക്കിയ മതിലിന്റെയും വലയ്ക്കു കീഴിൽ ക്ലോഡിയോ ബ്രാവോയെന്ന വൻമതിലിന്റെയും സംരക്ഷണമുള്ള ചിലെ ഗോൾമുഖത്ത് അർജന്റീനയ്ക്ക് അനുകൂലമായൊരു ഡയറക്ട് ഫ്രീകിക്കിനു വിസിൽ മുഴങ്ങി. കിക്കെടുക്കാൻ അർജന്റീനയുടെ പത്താം നമ്പറിൽ ലയണൽ മെസ്സി. ഇരുപത്തഞ്ചു വാര അകലെ നിന്നുള്ള മെസ്സിയുടെ ആ ഷോട്ട് ചിലെയുടെ ഗോളിലേക്കു കരിയില പോലെ പറന്നിറങ്ങിയതിനായിരുന്നില്ല പക്ഷേ, അന്നു ലോകം കയ്യടിച്ചത്. ഇന്ദ്രജാലം തെളിഞ്ഞുനിന്നൊരു ഗോളും നേടി ലിയോ മെസ്സി പതിവില്ലാത്തൊരു ആഘോഷത്തിലേക്ക് ഓടിക്കയറുന്നതിനു പിന്നാലെയായിരുന്നു ലോകം.

വായുവിൽ ചാടിയുയർന്നു വലംകൈ കൊണ്ടൊരു പഞ്ച് തീർത്ത മെസ്സിയുടെ ആഘോഷത്തിന്റെ രഹസ്യം വൈകാതെ കാൽപന്തിന്റെ പഴമക്കാരായ ആരാധകർക്കു പിടികൊടുത്തു. അതു സാക്ഷാൽ ഡിയേഗോ അർമാൻഡോ മറഡോണയുടെ ആഘോഷമായിരുന്നു. കോപ്പ അമേരിക്കയുടെതന്നെ വേദിയിൽ ചിലെക്കെതിരെ ഇതുപോലൊരു മത്സരത്തിൽ പണ്ടു മറഡോണ ഒരുക്കിയ മഴവിൽ ഫ്രീകിക്ക് ഗോളിനു സമാനമായൊരു ഗോളും കുറിച്ച്, അതേ ആഘോഷം ആവർത്തിക്കുകയായിരുന്നു ലിയോ മെസ്സി. കാൽപന്തിന്റെ ലോകത്ത് അമരത്വം നേടി, ഭൂമുഖത്തെ വാസം അവസാനിപ്പിച്ചു മടങ്ങിയ ഡിയേഗോയ്ക്കുള്ള മെസ്സിയുടെ സ്നേഹാദരമായിരുന്നു ആ ഗോളും ആഘോഷവും. മറഡോണയില്ലാത്ത ലോകത്തെ ആദ്യ കോപ്പ അമേരിക്കയിൽ കിരീടം കൂടി സ്വന്തം മണ്ണിലെത്തിച്ചാണ് അന്നു മെസ്സിയുടെ അർജന്റീന ഇതിഹാസത്തിനുള്ള ആദരാഞ്ജലി പൂർത്തിയാക്കിയത്. ഇപ്പോഴിതാ, അതേ മെസ്സിയും സംഘവും മറ്റൊരു ഭൂഖണ്ഡത്തിൽ ഒരു ലോകകപ്പിന് ഇറങ്ങാനൊരുങ്ങുകയാണ്. മറഡോണയില്ലാത്ത ലോകത്തെ ആദ്യ ലോകകപ്പ്. കോപ്പയിൽ കണ്ടതിന്റെ തനിയാവർത്തനത്തിനാണു അർജന്റീനയും അവരുടെ ആഗോളാരാധകരും കാതോർക്കുന്നത്. ഖത്തറിൽ ലയണൽ ആന്ദ്രേസ് മെസ്സിയെന്ന മജീഷ്യനിൽ നിന്നു മെക്സിക്കോയിലെ മറഡോണ മാജിക്കിന്റെ പുനരാവിഷ്കാരത്തിനാണു അവർ കൊതിക്കുന്നത്.

ADVERTISEMENT

∙ രണ്ടു കിരീടങ്ങളുടെ ചരിത്രം

രണ്ട് അധ്യായങ്ങളിലായാണു ലോകകപ്പ് കിരീടപുസ്തകത്തിൽ അർജന്റീനയുടെ ‘ഹീറോയിസം’ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യ അധ്യായത്തിലെ നായകൻ മാരിയോ ആൽബർട്ടോ കെംപസ് ചിയോദി എന്ന മാരിയോ കെംപസാണ്. 1978 ൽ അർജന്റീനയുടെ മണ്ണിൽ നടന്ന ലോകകപ്പിലായിരുന്നു നീലയും വെള്ളയും ചേർന്ന ജഴ്സിയിൽ മാരിയോ കെംപസിന്റെ വിളയാട്ടം.

1974 ലെ ലോകകപ്പിലെ നിരാശയിൽ നിന്നുള്ള തിരിച്ചുവരവായിരുന്നു മെറ്റഡോർ (കൊലയാളി) എന്ന വിളിപ്പേരു സമ്പാദിച്ച സ്ട്രൈക്കറുടെ ബൂട്ടിലൂടെ അർജന്റീന രചിച്ചത്. മൂന്നു മത്സരങ്ങളിൽ ഇരട്ട ഗോൾ പ്രകടനങ്ങളുമായി 6 ഗോളുകളടിച്ചു കൂട്ടിയ കെംപസിന്റെ വിസ്മയ പ്രകടനങ്ങളെല്ലാം ടൂർണമെന്റിന്റെ നിർണായക മത്സരങ്ങളിലാണു പിറന്നത്. നാലു ഗോളുകൾ സെമിഫൈനൽ ഗ്രൂപ്പ് ഘട്ടത്തിലും (അന്നത്തെ ഫോർമാറ്റ്) രണ്ടു ഗോൾ ഹോളണ്ടിനെതിരായ ഫൈനലിലുമാണു കെംപസ് അടിച്ചത്. അർജന്റീനയ്ക്കു ചരിത്രത്തിലെ ആദ്യ ലോകകിരീടവും സമ്മാനിച്ചു ലോകകപ്പിന്റെ ഗോൾവേട്ടക്കാരിൽ ഒന്നാമനായാണു മാരിയോ കെംപസ് അന്നു മടങ്ങിയത്. വെറും എട്ടു വർഷങ്ങളുടെ കാത്തിരിപ്പിൽ കെംപസിനു പകരം വയ്ക്കാനൊരു അധ്യായവും നായകനും അർജന്റീനയ്ക്കു കിട്ടി. 1978 ലെ ലോകകപ്പിനു കോച്ച് സെസാർ മെനോട്ടി പരിഗണിക്കാതെപോയൊരു കൗമാരതാരമായിരുന്നു 1986 ലെ മെക്സിക്കോ ലോകകപ്പിൽ അർജന്റീനയെയും നയിച്ചെത്തിയത് – ഡിയേഗോ മറഡോണ.

മരിയോ കെംപസും പാസറെല്ലയും റാമോൺ ഡയസും അരങ്ങൊഴിഞ്ഞ, ഹോർഹെ വാൽദാനോ ഒഴികെ പേരെടുത്ത ഒരു കളിക്കാരനെപ്പോലും ചൂണ്ടിക്കാട്ടാനില്ലാത്ത സംഘമായിരുന്നു മറഡോണയുടെ അർജന്റീന. ടീമിന്റെ നായകൻ കളിയുടെ സംഘാടകൻ തന്നെയായി മാറുന്നതിനാണു മെക്സിക്കോയുടെ കളങ്ങൾ സാക്ഷിയായത്. ഗോളടിക്കുക എന്നതിനെക്കാളേറെ കളിയുടെ ഒഴുക്ക് നിയന്ത്രിക്കുന്ന നായകനായി ഡിയേഗോ മറഡോണ അർജന്റീനയെ ഒറ്റയ്ക്കു ചുമലിലേറ്റി. കളിമികവ് കൊണ്ടു എതിരാളികൾക്ക് പിടികിട്ടാപ്പുള്ളിയായി മാറിയ മറഡോണയെ പൂട്ടാൻ പരുക്കൻ അടവുകളെയാണ് അന്നു ടീമുകൾ ആശ്രയിച്ചത്. മെക്സിക്കോയിലെ ആ ടൂർണമെന്റിലുടനീളം 53 തവണയാണ് എതിരാളികൾ അർജന്റീന നായകനെ ഫൗൾ ചെയ്തു വീഴ്ത്തിയത്. ലോകകപ്പുകളുടെ ചരിത്രത്തിൽ ഇന്നും മാറിയിട്ടില്ല 'ഫൗൾ പ്ലേയുടെ' ആ റെക്കോർഡ്.

ADVERTISEMENT

ഫോക്‌ലൻഡ്സ് യുദ്ധത്തിൽ ബ്രിട്ടനും അർജന്റീനയും ഏറ്റുമുട്ടിയതിന്റെ മുറിവുകൾ മായുംമുൻപേയാണു മെക്സിക്കോയിലെ ക്വാർട്ടറിൽ ഇരുടീമുകളുടെയും പോരാട്ടത്തിനു കളമൊരുങ്ങിയത്. യുദ്ധത്തിൽ ജയിച്ച ഇംഗ്ലണ്ടിനും കീഴടങ്ങിയ അർജന്റീനയ്ക്കും ജയത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ലാതായതോടെ ആയുധമില്ലാത്തൊരു യുദ്ധമായി അതു മാറി. ഫുട്‌ബോൾ ഇന്നുവരെ കണ്ടതിൽ വച്ചേറ്റവും വലിയ വിവാദമായ ‘ദൈവത്തിന്റെ കൈ’ ഗോളും ഫുട്‌ബോൾ ഇന്നുവരെ കണ്ടതിൽ വച്ചേറ്റവും മനോഹര കാഴ്ചയായ ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്നു വീണത് എതിരാളികൾ അതിജാഗ്രതയോടെ കളിച്ച ആ മത്സരത്തിലാണ്! രണ്ടു വട്ടം ബെൽജിയം ഗോളിൽ പന്തെത്തിച്ചു സെമിഫൈനലിലും മറഡോണ അർജന്റീനയുടെ കൈപിടിച്ചു.

വിവാദമായ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോൾ

അസ്ടെക്ക് സ്റ്റേഡിയത്തിൽ 1.14 ലക്ഷം കാണികൾ സാക്ഷിയായ ഫൈനലിൽ എതിരാളികൾ ജർമനി. ലോതർ മത്തേയസിന്റെ പ്രതിരോധപ്പൂട്ടിന്റെ അകമ്പടിയോടെ കളിച്ച ഡിയേഗോ അതെല്ലാം തകർത്തു രണ്ടു ഗോളുകൾക്കു വഴിമരുന്നിട്ടെങ്കിലും ജർമനി തിരിച്ചടിച്ചു. ഒടുവിൽ, 84 ാം മിനിറ്റിൽ നാലു ജർമൻ താരങ്ങളുടെ മധ്യത്തിൽ നിന്നൊരു പാസ് സ്വീകരിച്ച മറഡോണയുടെ മാന്ത്രികത അർജന്റീനയുടെ വിജയഗോളിനും വഴിതുറന്നതോടെ ലോകകിരീടം വീണ്ടും ബ്യൂണസ് ഐറിസിലേക്ക്. 5 ഗോളുകളും 5 അസിസ്റ്റും സൃഷ്ടിച്ചാണു മറഡോണ മെക്സിക്കോയിൽ നിന്ന് ലോക ഫുട്ബോളിലെ ‘ദൈവമായി’ ഉയർന്നത്. അസ്ടെക്കിലെ കിരീടജയത്തിനു ശേഷം 8 ലോകകപ്പുകൾക്കു ലോകം കയ്യടിച്ചെങ്കിലും രണ്ടു ഫൈനൽ നേട്ടമെന്ന ഖ്യാതിക്കപ്പുറം കടക്കാൻ മറഡോണ സ്ഥാപിച്ച ‘അർജന്റീന വിശ്വാസ’ത്തിനു കഴിഞ്ഞിട്ടില്ല.

∙ ലയണൽ ഒന്നല്ല, രണ്ടാണ്

2006 ലോകകപ്പിലൂടെ അരങ്ങേറ്റം കുറിച്ച, ഡിയേഗോ മറഡോണയുടെ പിൻഗാമിയായി അർജന്റീനയും ലോകവും കാണുന്ന ലയണൽ മെസ്സി കരിയറിലെ അഞ്ചാം ലോകകപ്പിലേക്കാണ് ഖത്തറിൽ ഇറങ്ങുന്നത്. എട്ടു വർഷം മുൻപു ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലെ ഒരു ഫൈനലിലെ ഒറ്റ ഗോൾ തോൽവിയാണു ലോകവേദിയിൽ മെസ്സിയുടെ ഏറ്റവും ഉയർന്ന നേട്ടം. ലോക ഫുട്ബോളിലെ നേട്ടങ്ങളെല്ലാം ആ കാലിൽ വന്നു മുത്തമിട്ടിട്ടും ഇന്നും പിടിതരാതെ നടക്കുന്ന ഒന്നാണ് ലോകകപ്പ് കിരീടം. കരിയറിലെ അവസാന ലോകകപ്പിനു ബൂട്ടു കെട്ടുന്ന മെസ്സിക്ക് കിരീടത്തിലേക്ക് ഇനി ബാക്കിയുള്ളതു ഏഴേ ഏഴു മത്സരങ്ങളുടെ ദൂരം മാത്രം. അറേബ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ‘സി’ യിലാണ് അർജന്റീനയുടെ അങ്കം തുടങ്ങുന്നത്. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് ആദ്യ ഘട്ടത്തിലെ എതിരാളികൾ.

ADVERTISEMENT


ലയണൽ മെസ്സി നായകനായ അർജന്റീന ടീമിന്റെ ഊർജസ്രോതസായി ഇക്കുറി ഒരു ലയണൽ കൂടി സംഘത്തിലുണ്ട്. ലയണൽ സ്കലോണി, പരിശീലകൻ. 1986 ലെ മറഡോണയുടെ ടീമും 2022 ലെ മെസ്സിയുടെ ടീമും തമ്മിലുള്ള ‘അന്തരം’ എന്നു പറയാവുന്നതാണു ലയണൽ രണ്ടാമന്റെ സാന്നിധ്യം. അഞ്ചാം വരവിൽ മെസ്സി സ്കലോണിയുടെ ടീമിലെ ഒരംഗം മാത്രമാണെന്നു പറഞ്ഞാലും അർജന്റീന ആരാധകർ എതിർക്കാനിടയില്ല. ഹോർഗെ സാംപോളിയുടെ കീഴിലെ മോശം പ്രകടനത്തിൽ തല താഴ്ത്തിയ അർജന്റീനയെ ഉണർത്തിയെടുത്ത പരിശീലകനാണു സ്കലോണി. നാലു വർഷം മുൻപു ‘കെയർടേക്കർ’ റോളിലാണു സ്കലോണി ഒരു വർഷത്തേയ്ക്കു അർജന്റീനയുടെ പരിശീലകദൗത്യം ഏറ്റെടുത്തത്. ഒന്നിൽ നിന്നു തുടങ്ങേണ്ടിവന്ന ദൗത്യം ഫലം കണ്ടുതുടങ്ങിയതോടെ അർജന്റീന പിന്നെ വേറെയാളെ തേടിയില്ല.

28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കോപ്പ അമേരിക്കയിലൂടെ അർജന്റീനയിലേക്ക് ഒരു കിരീടം കൂടി വന്നതോടെ ‘ലയണൽ പ്ലസ് ലയണൽ’ കൂട്ടുകെട്ടിൽ ആരാധകർ സ്വപ്നം നെയ്തു തുടങ്ങി. പിന്നെ, സ്വപ്നത്തിനു പരിധിയില്ലെന്നു തെളിയിക്കുന്നതായി അർജന്റീന തോൽവിയറിയാതെ കുതിച്ച 36 മത്സരങ്ങളും പിറന്നു.അറ്റാക്കിൽ പന്തടക്കത്തിനും പാസ്സിങ്ങിനും ഡിഫെൻസിൽ അച്ചടക്കത്തിനും പ്രസ്സിങ്ങിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്കലോണിയുടെ തന്ത്രങ്ങൾ കൂടി ചേരുന്നിടത്താണു അർജന്റീന സൂക്ഷിക്കേണ്ട ടീമായി മാറുന്നത്. ഈ ലോകകപ്പിൽ ബ്രസീലുമായും ഫ്രാൻസുമായും താരത‌മ്യം പോലും സാധ്യമില്ലാത്ത നിലയിലാണു ടീമിന്റെ സ്ക്വാഡ് സ്ട്രെങ്ത് എന്നു ആരാധകർ പോലും സമ്മതിക്കും.പക്ഷേ, കളത്തിൽ ടീമെന്ന നിലയിൽ ലയണൽ മെസ്സി മുതൽ എമി മാർട്ടിനെസ് വരെ കാണിക്കുന്ന ഒത്തിണക്കവും പോരാട്ടവീര്യവും മേൽപ്പറഞ്ഞ ടീമുകൾക്കും മേലെയാണെന്നു എതിരാളികളും സമ്മതിക്കും.അതുതന്നെയാണ് അർജന്റീനയിൽ സ്കലോണി വരുത്തിയ മാറ്റവും.

∙ സ്കലോണിയുടെ സംഘബലം

കോപ്പയിൽ ഉയർന്ന ആത്മവിശ്വാസം ഒരുപടി താഴ്ന്ന നിലയിലാകും ഖത്തറിൽ സ്കലോണിയും സംഘത്തിന്റെയും വരവ്. പരുക്കിന്റെ ഭീഷണി തന്നെ കാരണം. സ്കലോണിയുടെ പ്ലാനുകളിൽ നിർണായക സ്വാധീനം ഉണ്ടായിരുന്ന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയുടെ പരുക്കാണ് അതിലേറ്റവും പ്രധാനം. സ്കലോണിയുടെ അർജന്റീനയിൽ കളി മെനയുന്നതിലും കളിയുടെ താളം നിലനിർത്തുന്നതിലും നിർണായക റോൾ വഹിച്ചിരുന്നയാളാണു മെസ്സിയുമായി ഇഴചേർന്നു കളിക്കാൻ മിടുക്കുള്ള ലോ സെൽസോ. താരത്തിന്റെ ശൈലിക്കും ദൗത്യങ്ങൾക്കും പകരം വയ്ക്കാൻ പോന്നൊരു താരം ഇല്ലായെന്നുള്ള പരിശീലകന്റെ തുറന്നുപറച്ചിൽ മാത്രം മതിയാകും ലോ സെൽസോയുടെ മൂല്യം അറിയാൻ. നാലു വർഷം കൊണ്ടു സ്കലോണി സൃഷ്ടിച്ച സിസ്റ്റം പിന്തുടരുന്നൊരു സംഘം എന്ന നിലയ്ക്ക് ഈ നഷ്ടം റഷ്യയിൽ മാനുവൽ ലാൻസീനിയെന്ന മിഡ്ഫീൽഡറുടെ അഭാവം സമ്മാനിച്ചതു പോലൊരു വിടവ് ടീമിൽ സൃഷ്ടിക്കില്ലെന്ന വിശ്വാസത്തിലാണ് ആരാധകർ. 4-3-3 ഫോർമേഷന്റെയും അതിന്റെ വേരിയേഷനെന്നു പറയാവുന്ന 4-3-2-1, 4-3-1-2 എന്ന തന്ത്രത്തിന്റെയും വക്താവാണു സ്കലോണി. യുവതാരങ്ങളായ അലക്സിസ് മക്കലിസ്റ്റർ അല്ലെങ്കിൽ എൻസോ ഫെർണാണ്ടസിനാകും ലോ സെൽസോയുടെ പകരക്കാരനായി ഇലവനിലെത്താൻ വിളിയെത്തുക. സ്ഥിര സാന്നിധ്യമായ റോഡ്രിഗോ ഡി പോളിനും ലിയാൻഡ്രോ പരേഡെസിനും പുറമേ ഗ്വിഡൊ റോഡ്രിഗസ്, എസക്കിയേൽ പലാസിയോസ്, പാപ്പു ഗോമസ് എന്നിവർ കൂടി ഉൾപ്പെടുന്ന മധ്യനിരയിൽ ആരൊക്കെ തിളങ്ങും എന്നതാകും അർജന്റീനയുടെ വിജയവഴി നിർണയിക്കുക.

പ്രതിരോധത്തിലാണു 'സ്കലോണി കാലത്തിന്റെ' കെട്ടുറപ്പ് അർജന്റീന ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്. ഡിഫൻസിന്റെ മധ്യത്തിൽ കോപ്പ അമേരിക്കയിൽ സ്കലോണിയുടെ വിശ്വസ്തരായിരുന്ന ക്രിസ്റ്റ്യൻ റൊമേറോയും നിക്കോളാസ് ഒട്ടമെൻഡിയുമാകും ആദ്യ പരിഗണന. റൊമേറോ പരുക്കിൽ നിന്നു മോചിതനായെത്തുന്നുവെന്നത് ആരാധർക്ക് ഒരേസമയം ആശയും ആശങ്കയും തീർക്കുന്ന ഘടകമാണ്. നിക്കൊളാസ് ടാഗ്ലിയാഫിക്കോ, നഹുവെൽ മോളിന, മാർക്കസ് അക്യുന, യുവാൻ ഫോയ്ത്, ലിസാൻഡ്രോ മാർട്ടിനെസ്, ഗോൺസാലോ മോണ്ടിയെൽ, ജർമൻ പെസ്സെല്ല എന്നിവരാണു പ്രതിരോധ വിഭാഗത്തിൽ സ്കലോണിക്കു മുന്നിലുള്ള സാധ്യതകൾ.

അർജന്റീന ജഴ്സിയിൽ അസാമാന്യ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ആസ്റ്റൺ വില്ല താരം എമിലിയാനോ മാർട്ടിനെസാണു ടീമിന്റെ ഒന്നാം നമ്പർ ഗോളി.പകരക്കാരുടെ നിരയിൽ ജെറോനിമോ റുള്ളിയും ഫ്രാങ്കോ അർമാനിയും.

26 അംഗ ടീമിൽ പരുക്കുമൂലം മാറ്റങ്ങൾ വേണ്ടിവന്ന ഇടമാണ് അറ്റാക്കിങ് സംഘം.ലയണൽ മെസ്സിയും ഏയ്ഞ്ചൽ ഡി മരിയയും ലൗറ്റാരോ മാർട്ടിനെസും ഇലവനിലേക്കുള്ള ഓട്ടമാറ്റിക് ചോയ്സ് ആയി ടീമിലുള്ളപ്പോൾ പരുക്കിൽ നിന്നെത്തുന്ന പൗലോ ഡിബാലയും മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ജൂലിയൻ അൽവാരസും സൈഡ് ബഞ്ചിൽ നിന്ന് അവസരം തേടും. നിക്കൊളാസ് ഗോൺസാൽവസും ജൊവാക്വിം കൊറേയയും പരുക്കിനെ തുടർന്നു ഖത്തർ വിട്ടതോടെ അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഏയ്ഞ്ചൽ കൊറേയയും യുവതാരം തിയാഗോ അൽമേഡയുമാണു പകരക്കാരായി ടീമിൽ ഇടംനേടിയത്.

∙ ഒരേയൊരു മെസ്സി

കോപ്പ അമേരിക്കയിലൂടെ കിരീടമില്ലായ്മയ്ക്കു മാത്രമല്ല, ക്ലബിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും രണ്ടു ‘മെസ്സി’യെന്ന ആരോപണ കാലത്തിനും കൂടെയാണു ലയണൽ മെസ്സി വിടപറഞ്ഞത്. ഈ വരവിൽ എഫ്സി ബാർസിലോനയുടെ മെസ്സിയുമല്ല, ലയണൽ. പിഎസ്ജിയുടെ താരമായാണു മെസ്സി അഞ്ചാം ലോകകപ്പിനെത്തുക. അതും തീപാറുന്നൊരു സീസണിന്റെ അകമ്പടിയോടെ.ഫ്രഞ്ച് ലീഗിലും ചാംപ്യൻസ് ലീഗിലുമായി 18 മത്സരങ്ങളിൽ നിന്നു 11 ഗോളും 14 അസിസ്റ്റുകളും ഒരുക്കിയ മിന്നും ഫോമിലാണു ലോകകപ്പ് വർഷത്തിൽ മെസ്സി. 2022 ൽ അർജന്റീനയ്ക്കു വേണ്ടി നായകൻ കളിച്ചത് 7 മത്സരം. 11 ഗോളും 3 അസിസ്റ്റുമാണു സമ്പാദ്യം.

അർജന്റീന പഴയ അർജന്റീന അല്ലെന്നു പറയുന്ന പോലെ ധൈര്യമായി പറയാം, മെസ്സി പുതിയ മെസ്സിയാണ്. ബാർസയിൽ കളിച്ചതുപോലെ, മെസ്സിയിൽ കേന്ദ്രീകൃതമായ, എല്ലാ പന്തുകളും മെസ്സിയെ തേടിച്ചെല്ലുന്ന ഗെയിം പ്ലാനിന്റെ ആനുകൂല്യമില്ലാതെയാണു പിഎസ്ജിയിലെ മെസ്സിയുടെ കളി. അതും കനപ്പെട്ട ഫിസിക്കൽ ഗെയിമിന്റെ വെല്ലുവിളി അതിജീവിച്ച്. നെയ്മാറെന്നും എംബപ്പെയെന്നും മെസ്സിയെന്നും വിഭജിക്കപ്പെട്ട ഗോൾകണക്കുകളിൽ നിന്നാണ് ഈ സീസണിലെ ഗോൾ കോൺട്രിബ്യൂഷൻസിൽ 35 കാരനായ മെസ്സി യൂറോപ്പിന്റെതന്നെ മുൻനിരക്കാരനായി ഇരിക്കുന്നത്. ഗോളടിക്കുമെന്നും ഗോളടിപ്പിക്കുമെന്നും പണ്ടേതെളിയിച്ച താരം ഒരു പുതിയ ആയുധം കൂടി ഇത്തവണ തന്റെ ആവനാഴിയിൽ കരുതിയിട്ടുണ്ട് –പ്രതിരോധം നെടുകെപ്പിളർത്തുന്ന ലോങ് റേഞ്ചറുകൾ.

ഒരുപക്ഷേ, കഴിഞ്ഞ ലോകകപ്പിൽ ഐസ്‌ലൻഡ് ഒരുക്കിയ ‘ബസ് പാർക്കിങ്’ തന്ത്രത്തിനുള്ള മറുപടിയെന്നോണമാകണം ലിയോ മെസ്സി ബോക്സിനു പുറമേ നിന്നേ ഗോൾ ലക്ഷ്യമിട്ടു തുടങ്ങിയത്. റൊണാൾഡ് കൂമാന്റെ ബാർസയിൽ കണ്ടുതുടങ്ങിയ ആ ശീലം ഒരു പതിവായി മാറിയെന്നു തെളിയിക്കുന്നുണ്ട് പിഎസ്ജി കളങ്ങളിൽ വരുന്ന ‘വളഞ്ഞിറങ്ങുന്ന തൂക്കിയടികൾ’. കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ വാക്കു കടമെടുത്താൽ, ‘കരിയറിലെ അവസാനത്തേതെന്നു കരുതുന്ന ലോകകപ്പ് ഉജ്വലമാക്കുക എന്നതാകും ലയണൽ മെസ്സിയുടെ ലക്ഷ്യം’. മലയാളത്തിന്റെ പ്രിയതാരം ഐ.എം.വിജയന്റെ വാക്കുകൾ കൂടി ചേർത്തുവയ്ക്കുമ്പോൾ ഈ ലോകകപ്പിലെ അർജന്റീനയുടെ യഥാർഥകരുത്ത് അറിയാനാകും – ‘ ബ്രസീലിനെ മാറക്കാനയിൽ കീഴടക്കി കോപ്പ അമേരിക്ക കിരീടം പിടിച്ച ടീമാണിത്. മെസ്സിക്കു വേണ്ടി മരിച്ചു കളിക്കാൻ റെഡിയായാണു റോഡ്രിഗോയും പരേഡസും മാർട്ടിനെസും പോലുള്ള താരങ്ങൾ കളത്തിലിറങ്ങുന്നതുതന്നെ. മെസ്സി വെറും കയ്യോടെ ലോകകപ്പ് അവസാനിപ്പിക്കുന്നതു തടയാൻ അവർ ഏതറ്റം വരെയും പോകും. നൂറു ശതമാനം ഉറപ്പ്. അതിലേറെ എന്താണ് ഒരു ഫുട്ബോൾ ടീമിനു വേണ്ടത്?’.

അതേ, ഖത്തറിലെ ചൂടൻ പോരാട്ടങ്ങളിൽ അർജന്റീന സംഘം ഒരു ടീമല്ല, ഒരു വികാരമാണ്. കോപ്പയിൽ മാറക്കാനയിൽ ചെയ്തതു ലൂസെയ്‌ലിൽ ആവർത്തിക്കുക എന്നത് അവരുടെ സ്വപ്നമല്ല, ലക്ഷ്യമാണ്. സമ്മർദങ്ങളിൽ തലകുനിക്കുന്ന പഴയ അർജന്റീനയിൽ (മറഡോണയുടെ അർജന്റീനയല്ല!) നിന്ന് സ്കലോണിയുടെ അർജന്റീന മാറിയത് ഇങ്ങനെയാണ്. ലയണൽ മെസ്സിക്കു വേണ്ടിയൊരു വിജയഗാഥ ഒരുക്കാൻ അവർ എല്ലാം മറന്നുപൊരുതട്ടെ. ലോകം എല്ലാം മറന്ന് അതിനു കയ്യടിക്കട്ടേ. അനന്തവിഹായസ്സിൽ എവിടെയോ ഒരു കോണിൽ ഡിയേഗോ അതിനു സാക്ഷിയാകട്ടേ.

വാമോസ് അർജന്റീന !

English Summary: Fifa Qatar World Cup: Argentina Squad Analysis