സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരം സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിനുള്ള പോർച്ചുഗീസ് ടീമിൽ ഇടംപിടിച്ച യുവതാരം – ലുസെയ്ൽ സ്റ്റേഡിയത്തിൽ പോർച്ചുഗലും സ്വിറ്റ്സർലൻഡും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിന്റെ കിക്കോഫിനു മുൻപ് ഗോൺസാലോ റാമോസിനെ ആരാധകർ ശ്രദ്ധിച്ചത് ഇങ്ങനെയായിരുന്നു. 74–ാം മിനിറ്റിൽ ഇതേ റൊണാൾഡോ ഉൾപ്പെടെ മൂന്നു താരങ്ങളെ പകരമിറക്കുന്നതിനായി പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റസ് തിരികെ വിളിക്കുമ്പോഴേയ്ക്കും, പകരം വയ്ക്കാനില്ലാത്ത ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് റാമോസ് മടങ്ങിയത്. ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് എന്ന നേട്ടത്തിൽ തുടങ്ങി, ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമെന്ന നേട്ടം വരെ എത്രയെത്ര റെക്കോർഡുകൾ! ഈ റെക്കോർഡ് നേട്ടങ്ങൾക്കൊപ്പം തന്നെ, റാമോസിന്റെ ഹാട്രിക് പോർച്ചുഗൽ ഫുട്ബോളിൽ മാറ്റത്തിന്റെ ചില അലയൊലികളും മുഴക്കുന്നുണ്ട്. ഗോൾമുഖത്ത് പഴയ മൂർച്ചയില്ലെന്ന് പലകുറി തെളിയിച്ച മുപ്പത്തേഴുകാരനായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ പുത്തൻ താരോദയം എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ആകാംക്ഷ. പ്രത്യേകിച്ചും, റൊണാൾഡോയ്ക്കു പകരമെത്തിയാണ് യുവതാരം ഹാട്രിക് നേടിയതെന്ന വസ്തുത നിലനിൽക്കുമ്പോൾ. ക്ലബ് കരിയറിൽ മികവിന്റെ ഔന്നത്യത്തിൽനിന്ന് തിരിച്ചിറക്കത്തിന്റെ പാതയിലുള്ള ക്രിസ്റ്റ്യാനോ, ദേശീയ ടീമിലും അതേ ‘ഇറക്കത്തെ’ അഭിമുഖീകരിക്കുകയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ആരാണ് ഗോൺസാലോ റാമോസ്?

ADVERTISEMENT

ട്വിറ്ററിൽ ഇന്നലെ കൂടുതൽ ആളുകൾ തിരഞ്ഞ ചോദ്യങ്ങളിലൊന്ന് തീർച്ചയായും ഇതു തന്നെയായിരിക്കും. 'A STAR IS BORN' എന്ന ഫിഫയുടെ ലോകകപ്പ് പേജിലെ ട്വീറ്റിലുണ്ട്, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം. സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിലെ ഹാട്രിക് പ്രകടനമാണ് ഒറ്റ ദിവസം കൊണ്ട് ഗോൺസാലോ റാമോസിനെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയത്.

സ്വിറ്റ്സർലൻഡിനെതിരെ ഗോൾ നേടിയ റാമോസ് (AFP).

ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്ക് പന്തടിച്ചുകയറ്റിയ റാമോസിന്റെ മികവിൽ, ലുസെയ്ൽ സ്റ്റേഡിയത്തിൽ സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ നനച്ചാണ് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിലേക്കു മുന്നേറിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. 17, 51, 67 മിനിറ്റുകളിലായാണ് ഗോൺസാലോ റാമോസ് ഹാട്രിക് തികച്ചത്. ലോകകപ്പ് വേദിയിൽ ആദ്യ ഇലവനിൽ ആദ്യമായി ലഭിച്ച അവസരമാണ് റാമോസ് ഹാട്രിക്കുമായി ആഘോഷിച്ചത്.

∙ പകരക്കാരനായി ഖത്തറിൽ, പക്ഷേ...

സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരമാണ് പരിശീലകൻ റാമോസിന് അവസരം നൽകിയതെങ്കിൽ, ഖത്തർ ലോകകപ്പിനു തന്നെ പകരക്കാരനായി വന്ന ചരിത്രമാണ് റാമോസിന്റേത്! ലോകകപ്പ് യോഗ്യതാ റൗണ്ടിൽപ്പോലും കാര്യമായി അവസരം ലഭിക്കാതിരുന്ന റാമോസിന്, ലോകകപ്പ് ടീമിലേക്കു വഴിയൊരുക്കിയത് മറ്റൊരു താരത്തിന്റെ പരുക്കായിരുന്നു. ലിവർപൂൾ താരമായ ഡിയേഗോ ജോട്ട പരുക്കേറ്റ് പുറത്തായതോടെയാണ് പകരക്കാരനെന്ന നിലയിൽ ഈ ഇരുപത്തൊന്നുകാരനെ ഫെർണാണ്ടോ സാന്റോസ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്.

ADVERTISEMENT

പ്ലേമേക്കർമാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത പോർച്ചുഗൽ ടീമിൽ, ഫിനിഷിങ്ങിൽ പുലർത്തുന്ന അപാരമായ മികവാണ് റാമോസിനെ ശ്രദ്ധേയനാക്കുന്നത്. ലോകകപ്പ് ടീമിലേക്ക് താരത്തെ പരിഗണിക്കാനുള്ള കാരണവും മറ്റൊന്നല്ല. പരിശീലകൻ തന്നിൽ അർപ്പിച്ച വിശ്വാസം ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനത്തോടെയാണ് ലുസെയ്ൽ സ്റ്റേഡിയത്തിൽനിന്ന് റാമോസ് തിരികെ കയറിയത്. 2019ലെ അണ്ടർ 19 യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ടോപ് സ്കോററായി വരവറിയിച്ച താരം, ഖത്തറിൽ മിന്നുന്നത് പകരക്കാരനായി വന്ന് പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളിലൂടെയാണെന്നു ചുരുക്കം!

∙ 34 മിനിറ്റ് കളിച്ച് ലോകകപ്പ് ടീമിൽ

ഗോൾ നേട്ടം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫയൽ ചിത്രം).

സ്വിറ്റ്സർലൻഡിനെതിരെ കളത്തിലിറങ്ങും മുൻപ്, രാജ്യാന്തര വേദിയിൽ റാമോസിന്റെ മത്സരപരിചയം വെറും 34 മിനിറ്റ് മാത്രമായിരുന്നു! 2013ൽ വെറും 12 വയസ് മാത്രമുള്ളപ്പോൾ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുടെ യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായ താരമാണ് റാമോസ്. അന്നു മുതൽ ഇന്നോളം റാമോസിന്റെ ഫുട്ബോൾ കരിയർ ബെൻഫിക്കയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു.

ബെൻഫിക്കയുടെ ബി ടീമിനായി പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിന്റെ ബലത്തിൽ 2021–22 സീസണിന്റെ ആരംഭത്തിലാണ് റാമോസിന് സീനിയർ ടീമിലേക്ക് പ്രമോഷൻ ലഭിക്കുന്നത്. ചാംപ്യൻസ് ലീഗ് യോഗ്യതാ മത്സരത്തിൽ സ്പാർട്ടക് മോസ്കോയ്‌ക്കെതിരെയായിരുന്നു റാമോസിന്റെ സീനിയർ ടീമിലെ അരങ്ങറ്റം. പക്ഷേ, ഡാർവിൻ ന്യൂനസും റോമൻ യാരേംചുക്കും നിറഞ്ഞ സീനിയർ ടീമിൽ സ്ഥിരമായി ഇടംപിടിക്കാൻ താരത്തിനായില്ല.

ADVERTISEMENT

ഇതിനിടെ, ഡാർവിൻ ന്യൂനസ് ലിവർപൂളിലേക്കു കൂടിമാറിയതോടെയാണ് റാമോസിന്റെ തലവര തെളിഞ്ഞത്. സീനിയർ ടീമിൽ സ്ഥിരാംഗമായ റാമോസ്, ലോകകപ്പ് വരെ ക്ലബ്ബിനായി വിവിധ ടൂർണമെന്റുകളിൽ കളിച്ച 21 മത്സരങ്ങളിൽനിന്ന് നേടിയത് 14 ഗോളുകൾ. വഴിയൊരുക്കിയത് ആറു ഗോളുകൾക്ക്.

പോർച്ചുഗൽ ലീഗിൽ 11 മത്സരങ്ങളിൽനിന്ന് ഒൻപതു ഗോള്‍ നേടിയ താരം മൂന്നു ഗോളുകൾക്ക് വഴിയൊരുക്കി. യുവേഫ ചാംപ്യൻസ് ലീഗിൽ ആറു കളികളിൽനിന്ന് ഒരു ഗോളും ഒരു അസിസ്റ്റും. ചാംപ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിലാകട്ടെ, നാലു മത്സരങ്ങളിൽനിന്ന് നാലു ഗോളും രണ്ട് അസിസ്റ്റും – ഇതാണ് ലോകകപ്പ് വരെയുള്ള മത്സരങ്ങളിൽ ബെൻഫിക്കയ്‌ക്കായി റാമോസിന്റെ പ്രകടനം.

∙ ബെൻഫിക്ക വഴി ഖത്തറിലേക്ക്

ഡിയോഗോ ജോട്ട

ബെൻഫിക്കയ്ക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റസ് താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. പോർച്ചുഗൽ ജഴ്സിയിൽ വെറും ഒരു മത്സരത്തിൽ മാത്രം കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് റാമോസ് ഖത്തറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങളിൽ അവസാന ഘട്ടത്തിൽ പകരക്കാരനായി കളത്തിലെത്തി. ഇതുൾപ്പെടെ ആകെ 34 മിനിറ്റ് മാത്രം രാജ്യാന്തര വേദിയിൽ കളിച്ചതിന്റെ പരിചയസമ്പത്തുമായാണ് താരം സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിനുള്ള ടീമിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. അതും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി.

ലോകം ശ്രദ്ധിച്ച മാറ്റമെന്ന നിലയിൽ കനത്ത സമ്മർദ്ദം തോന്നേണ്ട മത്സരത്തെ പക്ഷേ, റാമോസ് കണ്ടത് ഒരു അവസരമായി. ഫലമോ, കളത്തിലുണ്ടായിരുന്ന 74 മിനിറ്റിനുള്ളിൽ സ്വിസ് പോസ്റ്റിലേക്ക് താരം അടിച്ചുകയറ്റിയത് മൂന്നു ഗോളുകൾ! ലോകകപ്പ് നോക്കൗട്ടിൽ ഇതുവരെ ഗോളടിക്കാനാകാത്ത താരമെന്ന ചീത്തപ്പേര് റൊണാൾഡോയ്ക്കൊപ്പം തുടരുമ്പോഴാണ്, വെറും 74 മിനിറ്റിനിടെ മൂന്നു ഗോളടിച്ച് റാമോസ് വരവറിയിച്ചിരിക്കുന്നത്!

∙ റാമോസിന്റെ ഹാട്രിക്ക് ഗോളുകൾ

റാമോസ് ആദ്യ ഗോൾ: സ്വിസ് ബോക്സിലേക്ക് പോർച്ചുഗൽ നടത്തിയ മികച്ചൊരു മുന്നേറ്റമാണ് ആദ്യ ഗോളിൽ കലാശിച്ചത്. സ്വിസ് പകുതിയിൽ പോർച്ചുഗലിന് ലഭിച്ച ത്രോയിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ത്രോയിൽനിന്ന് പന്തു ലഭിച്ച ജാവോ ഫെലിക്സ് ബോക്സിനുള്ളിൽ അത് ഗോൺസാലോ റാമോസിനു മറിച്ചു. പന്തു പിടിച്ചെടുത്ത് റാമോസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ സോമറിന് യാതൊരു അവസരവും നൽകാതെ പോസ്റ്റിന്റെ ഇടതുമൂലയിൽ തുളച്ചുകയറി. ഏറെക്കുറെ അസാധ്യമായ ആംഗിളിൽനിന്ന് അസാധ്യമായൊരു ഗോൾ. ഖത്തർ ലോകകപ്പിലെ മികച്ച ഗോളുകളുടെ ഗണത്തിൽപ്പെടുത്താവുന്നൊരു ഗോളെന്നും തീർച്ച!

പോർച്ചുഗൽ - യുറഗ്വായ് മത്സരത്തിൽ നിന്ന്.

റാമോസ് രണ്ടാം ഗോൾ: വെറ്ററൻ താരം പെപ്പെയിലൂടെ രണ്ടാം ഗോളും നേടി പോർച്ചുഗൽ സ്വന്തം നില സുരക്ഷിതമാക്കി ഇടവേളയ്ക്കു കയറിയതിനു പിന്നാലെയായിരുന്നു റാമോസിന്റെ രണ്ടാം ഗോളിന്റെയും പോർച്ചുഗലിന്റെ മൂന്നാം ഗോളിന്റെയും പിറവി. ഒന്നാം പകുതി അവസാനിപ്പിച്ചിടത്തുനിന്ന് രണ്ടാം പകുതി ആരംഭിച്ച പോർച്ചുഗൽ, 51–ാം മിനിറ്റിൽത്തന്നെ റാമോസിലൂടെ മൂന്നാം ഗോൾ നേടി. വലതുവിങ്ങിൽനിന്ന് ഡീഗോ ദാലത്ത് നൽകിയ നിലംപറ്റെയുള്ള ക്രോസിലേക്ക് കാൽനീട്ടിയ റാമോസ്, പന്തിന് ഗോളിലേക്ക് വഴികാട്ടി. സ്വിസ് ഗോൾകീപ്പർ സോമർ ഒരിക്കൽക്കൂടി കാഴ്ചക്കാരൻ മാത്രം.

റാമോസ് മൂന്നാം ഗോൾ: റാഫേൽ ഗുറെയ്റോയിലൂടെ നാലാം ഗോൾ നേടിയ പോർച്ചുഗലിന്, മാനുവൽ അകാൻജിയിലൂടെ സ്വിറ്റ്സർലൻഡ് മറുപടി നൽകുന്നു. ഒരു ഗോൾ തിരിച്ചടിച്ചതോടെ സ്വിറ്റ്സർലൻഡ് മത്സരത്തിലേക്കു തിരിച്ചുവരാനുള്ള എന്തെങ്കിലും സാധ്യത കൽപ്പിച്ചവർക്കുള്ള മറുപടിയായിരുന്നു റാമോസിന്റെ ഹാട്രിക് ഗോൾ. പോർച്ചുഗൽ പകുതിയിൽനിന്നെത്തിയ പന്ത് പിടിച്ചെടുത്ത് ജാവോ ഫെലിക്സ്, അതു നേരെ ഓടിക്കയറിയ റാമോസിനു മറിച്ചു. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ യാതൊരു സമ്മർദ്ദവുമില്ലാതെ റാമോസിന്റെ കൂൾ ഫിനിഷ്. ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന വിശേഷണവുമായി റാമോസിന് മൂന്നാം ഗോൾ!

∙ റെക്കോർഡ് ബുക്കിൽ ഈ ഹാട്രിക്

2002ൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കു ശേഷം ആദ്യ ലോകകപ്പിൽത്തന്നെ ഹാട്രിക് നേടുന്ന ആദ്യ താരമാണ് റാമോസ്. 2006നു ശേഷം ഇതാദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരുടെ ബെഞ്ചിലായ ലോകകപ്പ് മത്സരത്തിൽ, സൂപ്പർതാരത്തിനു പകരമിറങ്ങിയാണ് ഹാട്രിക്കെന്നത് റാമോസിന്റെ നേട്ടത്തിന് ഇരട്ടി മധുരം പകരുന്നു.

ഇതിഹാസ താരം പെലെയ്ക്കു ശേഷം ലോകകപ്പ് നോക്കൗട്ടിൽ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ താരം, ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ പോർച്ചുഗീസ് താരം തുടങ്ങിയ നേട്ടങ്ങളും റാമോസിനു സ്വന്തം. ഗോൾ നേടുമ്പോൾ താരത്തിന്റെ  പ്രായം 21 വർഷവും 169 ദിവസവും. ലോകകപ്പ് നോക്കൗട്ടിൽ കളിച്ച 17 മിനിറ്റിനിടെയാണ് റാമോസ് പോർച്ചുഗലിനായി ആദ്യ ഗോൾ നേടിയത്. അതേസമയം, നോക്കൗട്ടിൽ 530 മിനിറ്റ് കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല.

പോർച്ചുഗൽ- യുറഗ്വായ് മത്സരത്തിൽനിന്ന്.

റാമോസ് കുറിച്ച റെക്കോർഡുകൾ അവിടെയും അവസാനിക്കുന്നില്ല. 1990 ലോകകപ്പിൽ ഹാട്രിക് നേടിയ തോമസ് സകുറാവിക്കു ശേഷം, നോക്കൗട്ടിൽ ഹാട്രിക് തികയ്ക്കുന്ന ആദ്യ താരമാണ് റാമോസ്. ലോകകപ്പ് നോക്കൗട്ടിൽ യൂസേബിയോയ്ക്കു ശേഷം ഹാട്രിക് തികയ്ക്കുന്ന ആദ്യ പോർച്ചുഗീസ് താരമെന്ന റെക്കോർഡ് വേറെ!

∙ ആയുധമാക്കുമോ സാന്റോസ്?

ഖത്തർ ലോകകപ്പിൽ ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതു മുതൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസും തമ്മിൽ അത്ര സുഖകരമായ ബന്ധത്തിലല്ല എന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ‍ റിപ്പോർട്ടുകൾ. കളത്തിൽനിന്ന് പിൻവലിച്ച തീരുമാനത്തോട് സൂപ്പർതാരം പ്രതികരിച്ച രീതിയിലുള്ള വിയോജിപ്പ് സാന്റോസ് പരസ്യമാക്കിയിരുന്നതായും പറയുന്നു. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റിയ സാന്റോസിന്റെ തീരുമാനത്തിനു പിന്നിൽ, ആ വിയോജിപ്പിന്റെ അനുരണനങ്ങൾ കാണുന്നവരുമുണ്ട്.

ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, മുപ്പത്തിയേഴുകാരനായ ക്രിസ്റ്റ്യാനോയെ ഈ ലോകകപ്പിൽ ഇനി പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ കാണുമോ എന്നു സംശയിക്കേണ്ടി വരും. ഡിസംബർ 10ന് അൽ തുമാമ സ്റ്റേഡിയത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടുമ്പോൾ, ക്രിസ്റ്റ്യനോ റൊണാൾഡോ ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്ന് ഉറച്ച ആരാധകർ പോലും പ്രതീക്ഷിക്കുമെന്നു തോന്നുന്നില്ല. റാമോസിനു പുറമെ, സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ പോർച്ചുഗലിന്റെ ആറാം ഗോൾ നേടിയ പകരക്കാരൻ താരം എസി മിലാന്റെ റാഫേൽ ലിയോയും ആദ്യ ഇലവനിലേക്ക് അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ.

ലോകകപ്പ് നോക്കൗട്ടുകളിൽ ഇതിനകം 530 മിനിറ്റിലേറെ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാനായിട്ടില്ലെന്ന കുറവ് റൊണാൾഡോയ്ക്കൊപ്പമുണ്ട്. ലോകകപ്പ് നോക്കൗട്ടിൽ അസാധാരണമായ ഗോൾവരൾച്ച അനുഭവിക്കുന്ന സൂപ്പർതാരത്തെ സാക്ഷിയാക്കിയാണ് ലുസെയ്‌ൽ സ്റ്റേഡിയത്തിൽ ഗോൺസാലോ റാമോസിന്റെ ഹാട്രിക്കും റാഫേൽ ലിയോയുടെ ഗോളും പിറന്നത്.

പോർച്ചുഗൽ ടീമിന്റെ നായകൻ കൂടിയായ റൊണാൾഡോയുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് സ്വിറ്റ്സർലൻഡിനെതിരായ മത്സരശേഷവും സാന്റോസ് പ്രതികരിച്ചത്. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ തന്ത്രപരമായ മാറ്റമെന്ന നിലയിലാണ് സൂപ്പർതാരത്തെ പുറത്തിരുത്തി പുതിയ താരങ്ങളെ അവതരിപ്പിച്ചതെന്നും സാന്റോസ് വാദിക്കുന്നു. യുവതാരങ്ങൾ ഖത്തറിൽ മിന്നിത്തിളങ്ങുമ്പോൾ, ടീമിന്റെ സമവാക്യങ്ങളും അതിനൊത്ത് മാറുമോ? റൊണാൾഡോയെ ‘മെരുക്കാൻ’ സാന്റോസ് യുവതാരങ്ങളെ ആയുധമാക്കുമോ? അതോ എന്നത്തേയും പോലെ സൂപ്പർതാരം ഇരട്ടി കരുത്തോടെ തിരിച്ചുവരുമോ? ഖത്തറിൽ ആകാംക്ഷയേറുകയാണ്..!

English Summary: The rise of Gonzalo Ramos and the Downfall of Christiano Ronaldo