ബെംഗളൂരുവിനോടും തോറ്റു; ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി

ബെംഗളുരുവിനെതിരായ മൽസരത്തിൽ‌ സി.കെ. വിനീത്.ചിത്രം: ഐഎസ്എൽ‌

ആശ്വാസജയം വന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ അവസാനശ്വാസവും ബെംഗളൂരു എഫ്സി തല്ലിക്കെടുത്തി. അതും അവസാനനിമിഷങ്ങളിൽ തൊടുത്ത ഹൃദയം പിളർക്കുന്ന മിന്നൽ പ്രഹരങ്ങളിൽ. 2–0 തോൽവിയിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് പ്രതീക്ഷകളും താഴെ വീണു. ഉടഞ്ഞിട്ടുണ്ടോയെന്നറിയാൻ ഇനി മുംബൈയുടെ കളി വരെ കാത്തിരിക്കാം. ഇൻജുറി സമയത്തു വെനസ്വേലൻ താരം മിക്കുവും യുവതാരം ഉദാന്ത സിങ്ങും നേടിയ ഗോളുകളിലാണ് അവിശ്വസനീയ പോരാട്ടം കാഴ്ച വച്ച ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു മറികടന്നത്.

ക്ലൈമാക്സ് മാറി

ബെംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ.ചിത്രം– സമീർ. എ. ഹമീദ്

ക്ലൈമാക്സിൽ സ്കോർ ബോർഡിൽ തെളിഞ്ഞതായിരുന്നില്ല മൽസരത്തിന്റെ തിരക്കഥ. കൊച്ചിയിൽ കളിക്കാൻ മറന്ന കളി എതിരാളികളുടെ ഉരുക്കുകോട്ടയിൽ ചെന്നു കളിച്ചാണു ബ്ലാസ്റ്റേഴ്സിന്റെ കീഴടങ്ങൽ. കണ്ഠീരവയുടെ മൂന്നിൽ രണ്ടു ഭാഗവും കൈയടക്കിയ മലയാളി ആവേശത്തെ സാക്ഷിയാക്കി വിജയത്തേക്കാൾ മധുരമുള്ള സമനിലയുമായി മഞ്ഞപ്പട മടങ്ങു‌മെന്നു തോന്നിപ്പിച്ചിടത്തായിരുന്നു ആതിഥേയരുടെ ഇൻജുറി ബ്ലാസ്റ്റ്. പ്രതീക്ഷകൾക്കു വിരുദ്ധമായി പ്രമുഖർക്കു വിശ്രമം വേണ്ടെന്നുവച്ചു കളിക്കാനിറങ്ങിയതാണ് ബെംഗളൂരു. ബ്ലാസ്റ്റേഴ്സിനും ആ തീരുമാനം തന്നെയായിരുന്നു. ബെംഗളൂരു താരങ്ങളെ കളത്തിൽ ഒരു നിമിഷം വിശ്രമിക്കാൻ അവർ അനുവദിച്ചില്ല.

മൂന്നു വിദേശതാരങ്ങളെ മാത്രം ആശ്രയിച്ച ബ്ലാസ്റ്റേഴ്സിന്റെ സ്വദേശി ഊർജത്തെ മറികടക്കാൻ ആതിഥേയർ നന്നേ പണിപ്പെട്ടു. തുടക്കത്തിൽ തന്നെ പതിവില്ലാത്ത വേഗത്തിൽ കളിച്ചു ബ്ലാസ്റ്റേഴ്സാണ് കളം നിറഞ്ഞത്. പതിവ് ലോങ്ബോൾ തന്ത്രം തന്നെ പയറ്റിയ ബ്ലാസ്റ്റേഴ്സിനെതിരെ ജുവാനനും ജോൺസണും ഇല്ലാത്ത പ്രതിരോധവുമായി ബെംഗളൂരു വിയർത്തു. 

ഗോളില്ലാ അവസരങ്ങൾ

വേഗമേറിയ പാസുകളുമായി തിരിച്ചടിക്കു ബെംഗളൂരു ശ്രമിക്കുന്നതിനിടെ മൽസരത്തിലെ ആദ്യ സുവർണാവസരം ബ്ലാസ്റ്റേഴ്സിനു തുറന്നുകിട്ടി. പതിമൂന്നാം മിനിറ്റിൽ വലതു പാർശ്വത്തിൽ നിന്നു പറന്നുവന്നൊരു പന്തിനെ ജാക്കിചന്ദ് സിങ്ങിന്റെ വേഗം ബെംഗളൂരുവിന്റെ ബോക്സിനുള്ളിലെത്തിച്ചു. പക്ഷേ ജാക്കിയുടെ തകർപ്പൻ ക്രോസ് ഗോളിലേയ്ക്കു തിരിക്കാൻ വിനീത് പരാജയപ്പെട്ടു. ജാക്കിചന്ദ് പരുക്കേറ്റു പോയതോടെ ഇടതുതരംഗം മുറിഞ്ഞെങ്കിലും ദൗത്യം കൈവിടാൻ മഞ്ഞപ്പട തയാറായില്ല.

ബ്ലാസ്റ്റേഴ്സിന്റെ ഒറ്റപ്പെട്ട നീക്കങ്ങൾക്കിടെ മറുഭാഗത്തു ഛേത്രി–മിക്കു–ഡൊവാലെ ത്രയത്തിന്റെ നുഴഞ്ഞുകയറ്റം ബ്ലാസ്റ്റേഴ്സ് ബോക്സിൽ പലവട്ടം ഗോളിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. പ്രതിരോധത്തിന്റെ ഭദ്രത പക്ഷേ ഭീഷണി അകറ്റി. ബെംഗളൂരു ഗോളടിക്കുമെന്നു തോന്നിച്ച രണ്ടു നീക്കങ്ങളിലാണ് ഒന്നാം പകുതിയുടെ അവസാനം. ബോക്സും കടന്നെത്തിയ മിക്കുവിന്റെ മുന്നേറ്റം ജിങ്കാന്റെ മിടുക്കിൽ മുടങ്ങി. തൊട്ടുപിന്നാലെ നിഷുവിന്റെ ഭീഷണി. റച്ചൂക്കയുടേതായിരുന്നു രക്ഷകദൗത്യം.

രണ്ടാം പകുതിയിൽ സെഗോവിയയേയും ഉദാന്ത സിങ്ങിനെയും ഇറക്കിയതോടെ ബെംഗളൂരു ഉണർന്നെങ്കിലും ഇരട്ടച്ചങ്കുമായി ജിങ്കാൻ നയിച്ച പ്രതിരോധക്കൊളുത്തിൽ ആ നീക്കങ്ങൾ പലതും തോണ്ടിയെറിയപ്പെട്ടു. ഒടുവിൽ, കാൽലക്ഷത്തിലേറെ കാണികളുമായി ഇതാണ് ഫുട്ബോൾ എന്നു ക്രിക്കറ്റ് നഗരത്തെ ബോധ്യപ്പെടുത്തിയ ഏറ്റുമുട്ടലിനൊടുവിൽ ബ്ലാസ്റ്റേഴ്സ് തലകുനിച്ചു.