പക്ഷേ, ടീം സിലക്ഷനിൽ കോച്ച് സണ്ണി വാദിച്ചത് അഭിനവ് ബിന്ദ്രയ്ക്കു വേണ്ടിയായിരുന്നു. ‘രഘു എന്റെ അടുത്ത സുഹൃത്തായിരുന്നു. സർവോപരി കേരളതാരം. ഇഷ്ടം കാണിക്കേണ്ടിയിരുന്നത് അദ്ദേഹത്തോടായിരുന്നു. എന്നാൽ, ടീമിന്റെ മെഡൽ സാധ്യത അവഗണിക്കാൻ ഒരുക്കമായിരുന്നില്ല ഞാൻ.'

പക്ഷേ, ടീം സിലക്ഷനിൽ കോച്ച് സണ്ണി വാദിച്ചത് അഭിനവ് ബിന്ദ്രയ്ക്കു വേണ്ടിയായിരുന്നു. ‘രഘു എന്റെ അടുത്ത സുഹൃത്തായിരുന്നു. സർവോപരി കേരളതാരം. ഇഷ്ടം കാണിക്കേണ്ടിയിരുന്നത് അദ്ദേഹത്തോടായിരുന്നു. എന്നാൽ, ടീമിന്റെ മെഡൽ സാധ്യത അവഗണിക്കാൻ ഒരുക്കമായിരുന്നില്ല ഞാൻ.'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പക്ഷേ, ടീം സിലക്ഷനിൽ കോച്ച് സണ്ണി വാദിച്ചത് അഭിനവ് ബിന്ദ്രയ്ക്കു വേണ്ടിയായിരുന്നു. ‘രഘു എന്റെ അടുത്ത സുഹൃത്തായിരുന്നു. സർവോപരി കേരളതാരം. ഇഷ്ടം കാണിക്കേണ്ടിയിരുന്നത് അദ്ദേഹത്തോടായിരുന്നു. എന്നാൽ, ടീമിന്റെ മെഡൽ സാധ്യത അവഗണിക്കാൻ ഒരുക്കമായിരുന്നില്ല ഞാൻ.'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയങ്ങളുടെ കൂട്ടുകാരനാണു പ്രഫ.സണ്ണി തോമസ്. അച്ചടക്കരാഹിത്യത്തിന്റെ കൂടാരമായിരുന്ന ഇന്ത്യൻ ഷൂട്ടിങ് ടീമിനെ അച്ചടക്കത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും പര്യായമാക്കിയ പരിശീലകൻ. അർപ്പണം, കഠിനാദ്ധ്വാനം, ആത്മവിശ്വാസം, ലക്ഷ്യബോധം എന്നിവയ്ക്കൊപ്പം ദൈവാനുഗ്രഹവും കൂടിച്ചേർന്നാൽ വിജയത്തിലേക്കുള്ള വഴിയായെന്നു താരങ്ങൾക്കു പറഞ്ഞുകൊടുത്ത വഴികാട്ടി. കൈവിരലിൽ വെടികൊണ്ടിട്ടും  ചഞ്ചലമാകാത്ത മനസ്സോടെ മത്സരിച്ചു സംസ്ഥാന ജേതാവായ ആത്മവിശ്വാസം. 

ജസ്പാൽ റാണയുടെയും അഭിനവ് ബിന്ദ്രയുടെയും  രാജ്യവർധൻ സിങ് രാത്തോറിന്റെയും അഞ്ജലി ഭാഗവതിന്റെയും ഗഗൻ നാരങ്ങിന്റെയും  സുമ ശിരൂരിന്റെയുമെല്ലാം ലോക നേട്ടങ്ങൾക്കു പിന്നിലെ കരുത്ത്. 2001ൽ ദ്രോണാചാര്യ പുരസ്കാരം അന്നത്തെ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമിൽനിന്ന് ഏറ്റുവാങ്ങിയപ്പോൾ അതു രാജ്യം അദ്ദേഹത്തിനു നൽകിയ ആദരമായി. പ്രഫ. സണ്ണി തോമസിന് 26ന് 80 വയസ്സു തികയുകയാണ്. കോട്ടയം തിടനാട്ട് 1941 സെപ്റ്റംബർ 26നു ജനിച്ച്, കോട്ടയം പട്ടണത്തിൽ പഠിച്ചുവളർന്ന്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം ജീവിതവഴിയിലുടനീളം ദൈവാനുഗ്രഹത്തിന്റെ സാഫല്യം നേരിട്ടറിഞ്ഞയാളാണ്. ഒന്നല്ല, പലവട്ടം. വിജയങ്ങളിൽ തുണയായ ഈശ്വരസാന്നിധ്യം താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പറയുന്നു അദ്ദേഹം. 

ADVERTISEMENT

1993ൽ ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായി 2012ൽ വിരമിച്ചു. അതിനു മുൻപു കേരള സംസ്ഥാന ഷൂട്ടിങ് ചാംപ്യനും ദേശീയ ചാംപ്യനുമായി. ഈ ഘട്ടങ്ങളിലെല്ലാം നേടിയ വിജയങ്ങളിലേക്കു നയിച്ച കാണാപ്പുറക്കഥകൾ ‘മനോരമ ഓൺലൈനുമായി’ പങ്കിടുകയാണു പ്രഫ.സണ്ണി തോമസ്. പ്രാധാന്യമനുസരിച്ച് ആ സംഭവങ്ങളെ ഇങ്ങനെ ക്രമപ്പെടുത്താം. 

ഒന്ന്– ജസ്പാൽ റാണയുടെ വിജയം

ഈശ്വരനായെത്തിയ ഇറ്റാലിയൻ ഡോക്ടർ

വർഷം 1994. ഇറ്റലിയിലെ മിലനിലായിരുന്നു ലോക ഷൂട്ടിങ് ചാംപ്യൻഷിപ്പ്. അതിനു തൊട്ടു മുൻപത്തെ വർഷമാണു സണ്ണി തോമസ് ഇന്ത്യയുടെ ചീഫ് കോച്ചായത്. അച്ചടക്കം തെല്ലുമില്ലാത്ത ടീമിനെ മികവിലേക്കും വിജയത്തിലേക്കും എത്തിക്കാനുള്ള കാര്യങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യാമെന്നു നാഷനൽ റൈഫിൾ അസോസിയേഷൻ അധികൃതർക്ക് ഉറപ്പു നൽകിയാണു ചുമതലയേറ്റത്. ദേശീയ ടീം സിലക്ഷൻ എതിർപ്പുകളെയും ശുപാർശകളെയും അവഗണിച്ചാണു നടത്തിയത്. തോറ്റാൽ പഴി കേൾക്കുമെന്ന അധികഭാരവുമുണ്ട്. 

പ്രഫ.സണ്ണി തോമസ് 2001ൽ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമിൽനിന്നു ദ്രോണാചാര്യ ബഹുമതി സ്വീകരിക്കുന്നു (ഫയൽ ചിത്രം)
ADVERTISEMENT

മിലനിലെത്തി. ജസ്പാൽ റാണ അന്നു ജൂനിയർ താരമാണ്. പ്രായം വെറും 18. 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റളിലും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിലും മത്സരിക്കുന്നുണ്ടു റാണ. മിലനിൽ ലോക ചാംപ്യൻഷിപ്പിന് ഇറങ്ങുന്നതിനു രണ്ടു ദിവസം ശേഷിക്കുമ്പോൾ റാണയുടെ കാൽമുട്ടിൽ നീരുവന്നു വീർത്തു. കടുത്ത വേദന. നടക്കാനാകാത്ത അവസ്ഥ. പിറ്റേന്നു രാവിലെ ഡോക്ടറെ കാണിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചേ ഒക്കൂ എന്നു ഡോക്ടർ. ശസ്ത്രക്രിയയും വേണം. പിറ്റേന്നു മത്സരമുണ്ടെന്നു പറഞ്ഞപ്പോൾ മത്സരമാണോ ജീവനാണോ വലുതെന്നു മറുചോദ്യം. ടീമംഗങ്ങളുടെ രക്ഷിതാവായി കൂടെയുള്ളതു പരിശീലകൻ മാത്രം. അങ്ങനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയായതോടെ ജസ്പാൽ കരച്ചിലോടു കരച്ചിൽ. മത്സരിക്കാനാകില്ലെന്നതിലെ വേദന. മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരെയും പറഞ്ഞറിയിക്കാനാകാത്ത സ്ഥിതി. ഇംഗ്ലിഷ് അറിയുന്നവർ ആരുമില്ല ആശുപത്രിയിൽ. 

ഒടുവിൽ ‘ദൈവത്തിന്റെ ഇടപെടലുണ്ടായി.’ രാത്രി 11 മണിക്കുള്ള ഷിഫ്റ്റിൽ പുതിയ ഡോക്ടറെത്തി. അദ്ദേഹം 2 വർഷം ഇന്ത്യയിൽ ജോലി ചെയ്തിട്ടുണ്ട്. ഇംഗ്ലിഷ് കുറച്ചൊക്കെ അറിയാം. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഇന്ത്യയുടെ താരമാണിതെന്നും നാളെ രാവിലെ മത്സരമുണ്ടെന്നും പറഞ്ഞതോടെ ഡിസ്ചാർജ് തരാമെന്നായി. മത്സരം കഴിഞ്ഞു തിരികെ എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം സണ്ണി തോമസിന്. ഒരു മരുന്നും കുറിച്ചു. ആ മരുന്നിനായി രാത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പ് തേടി അലഞ്ഞു. നടക്കാൻ വയ്യാത്ത ജസ്പാലും കൂടെ നടന്നു. പുലർച്ചെ മൂന്നരയായിരുന്നു അപ്പോൾ. നടത്തംമൂലമാകാം,  ജസ്പാലിന്റെ കാലിലെ പഴുപ്പ് പൊട്ടിയൊലിച്ചു. പഴുപ്പു മുഴുവൻ പോയി. നീരുവന്നു വീർത്ത കാലിൽനിന്നു ജീൻസ് ഊരാനാകാത്ത സ്ഥിതി. മുട്ടിനു മുകളിൽവച്ചു ജീൻസ് മുറിച്ചാണ് ഊരിയെടുത്തത്. 

രാത്രിയിലെ ഈ അലച്ചിലിനു ശേഷം രാവിലെയെത്തി മത്സരിച്ചു. വിശ്വസിക്കാനാകാത്ത പ്രകടനമികവിലായിരുന്നു ജസ്പാൽ. ലോക ചാംപ്യനായി അദ്ദേഹം. അതും ലോകറെക്കോർഡിനൊപ്പമെത്തിയ പ്രകടനത്തോടെ. ആദ്യമായാണ് ഒരാൾ ഇന്ത്യയിൽനിന്നു ഷൂട്ടിങ്ങിൽ ലോകചാംപ്യനായത്. മത്സരശേഷം ആശുപത്രിയിൽ തിരിച്ചെത്തി. എന്തായെന്നു ഡോക്ടറുടെ ചോദ്യം. വിജയത്തെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹത്തിനും സന്തോഷം. ആ ജയത്തോടെ ജസ്പാൽ പ്രശസ്തിയിലേക്കുയർന്നു. 

 രണ്ട് –മന്ത്രിയെ വകവയ്ക്കാത്ത മനോധൈര്യം

ADVERTISEMENT

ജസ്പാൽ റാണയ്ക്ക് സ്വർണമെത്തിച്ച തീരുമാനം

വർഷം 1994തന്നെ. മിലനിൽനിന്നു കാനഡയിലെ വിക്ടോറിയയിലേക്ക്. അവിടെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നു. അന്നത്തെ സ്പോർട്സ്–യുവജനക്ഷേമ സഹമന്ത്രി മുകുൾ വാസ്നിക്കും വിക്ടോറിയയിൽ എത്തിയിരുന്നു. സണ്ണി തോമസിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ‘എല്ലാവരുടെയും  പ്രതീക്ഷ ജസ്പാൽ റാണയിലാണ്. ഉറപ്പായും മെഡൽ നേടണം. നാളെ മത്സരം കാണാൻ ഷൂട്ടിങ് റേഞ്ചിലേക്കു ഞാനും വരുന്നുണ്ട്’. ഇതു കേട്ടതോടെ താൻ അങ്കലാപ്പിലായെന്നു സണ്ണി പറയുന്നു. പിന്നെ ഒന്നുമോർത്തില്ല, തെറ്റിദ്ധരിക്കരുതെന്ന മുഖവുരയോടെ മന്ത്രിയോടു സധൈര്യം പറഞ്ഞു. അങ്ങു ദൈവത്തെയോർത്തു ഷൂട്ടിങ് റേഞ്ചിലേക്കു വരരുതെന്ന്. വാസ്നിക്കിനെ ആദ്യമായി കാണുകയായിരുന്നു സണ്ണി.  

‘സർ, ജസ്പാലിനു മേൽ ഇപ്പോൾ തന്നെ ആവശ്യത്തിലേറെ സമ്മർദമുണ്ട്. ലോക ചാംപ്യനെന്നതു സമ്മർദം വർധിപ്പിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ ഒട്ടാകെ പ്രതീക്ഷ ജസ്പാലിലാണ്. മാധ്യമങ്ങളും ആവശ്യത്തിലേറെ സമ്മർദം ഉണ്ടാക്കുന്നു. മത്സരത്തിന്റെ സ്വാഭാവിക സമ്മർദം വേറെ. ഈ ഘട്ടത്തിൽ മന്ത്രി നേരിട്ടു മത്സരം കാണാനെത്തുന്നുവെന്നുകൂടി കേട്ടാൽ അതു ജസ്പാലിൽ സമ്മർദം ഇരട്ടിയാക്കും.’ മന്ത്രി ഒരു നിമിഷം ആലോചിച്ചു. അദ്ദേഹത്തോടു സണ്ണി ഒരു നിർദേശം വച്ചു, ആദ്യ 30 ഷോട്ടുകളുടെ സമയം കഴിഞ്ഞശേഷം എത്തിക്കോളൂ. പിന്നിൽ വന്ന് ഇരുന്നാൽ മതി. വാസ്നിക് പിറ്റേന്ന് അപ്രകാരം ചെയ്തു. സണ്ണി അദ്ദേഹത്തിനു തന്റെ ബൈനോക്കുലർ നൽകി മത്സരത്തിലെ ഓരോ കാര്യങ്ങളും വിശദീകരിച്ചു. അന്നു ജസ്പാലിന്റെ മത്സരം ടൈ ആയി.  ടൈഷൂട്ടിൽ ജസ്പാൽ സ്വർണം നേടി. 

പിന്നീടു, കോമൺവെൽത്ത് ഗെയിംസ് വിജയികളെ ഡൽഹിയിൽ ആദരിക്കുന്ന ചടങ്ങിൽ സണ്ണിക്കു ക്യാഷ് അവാർഡ് നൽകുമ്പോൾ മന്ത്രി ഈ സംഭവം പരസ്യമായി പറഞ്ഞു. മന്ത്രിയോടു വരരുതെന്നു പറഞ്ഞ ധൈര്യത്തെ പ്രകീർത്തിച്ചു. അതു വിജയത്തിലേക്കു നയിക്കാനുള്ള ഒരു കാരണമായെന്നും  മന്ത്രി പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിനുശേഷം ഹിരോഷിമയിൽ ഏഷ്യൻ ഗെയിംസിലേക്കാണു ടീം പോയത്. ഒരു സ്വർണവും ഒരു വെങ്കലവും അവിടെ ടീമിനു ലഭിച്ചു. കോമൺവെൽത്ത് ഗെയിംസിൽ 3 സ്വർണവും 2 വെള്ളിയും 2 വെങ്കലവുമാണു ടീം നേടിയത്.

മൂന്ന്– ജീവൻ നഷ്ടമാകാതെ കാത്ത ദൈവം

വെടിയേറ്റ കൈവിരലുകളുമായി നേടിയ ജയം

എഴുപതുകളുടെ മധ്യം. തുടർച്ചയായി സംസ്ഥാന ചാംപ്യനും ദേശീയ ചാംപ്യനുമായപ്പോൾ ഇനി സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലെന്നു  സണ്ണി തോമസ് തീരുമാനിച്ചു. 76ലാണ് ആദ്യമായി അദ്ദേഹം ദേശീയ ചാംപ്യനായത്. 

പക്ഷേ, 78ൽ സ്വദേശമായ കോട്ടയത്തായിരുന്നു  സംസ്ഥാന ചാംപ്യൻഷിപ്പ്. സംഘാടക സമിതി ചെയർമാൻകൂടിയായ  അന്നത്തെ കലക്ടർ ലളിതാംബിക വിളിച്ചുപറഞ്ഞു, തീർച്ചയായും മത്സരിക്കണമെന്ന്.  കോട്ടയത്തു മത്സരം നടക്കുമ്പോൾ ചാംപ്യൻപട്ടം നേടേണ്ടത് അഭിമാനപ്രശ്നമാണെന്നായിരുന്നു കലക്ടറുടെ പക്ഷം. അങ്ങനെ നിർബന്ധത്തിനു വഴങ്ങി മത്സരിക്കാൻ തീരുമാനിച്ചു. 

പക്ഷേ, 1978 ഡിസംബർ 27ന് അവസാനവട്ട പരിശീലനം നടത്തിക്കൊണ്ടിരിക്കെ നിർണായകമായ ആ സംഭവമുണ്ടായി. അപ്രതീക്ഷിത അപകടം. മുട്ടുകുത്തിയുള്ള പൊസിഷനിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു സണ്ണി തോമസ്. ആ സമയം, റിവോൾവറിൽ പ്രാക്ടീസ് കഴിഞ്ഞ് ഒരാൾ മാറിനിന്നിരുന്നു. കക്ഷത്തിൽ വച്ച റിവോൾവറിൽ ഒരു കാട്രിജ് ബാക്കിയുണ്ടായിരുന്നു. സണ്ണി പരിശീലിക്കുന്നതിനിടെ ആറേഴടി അകലെനിന്നു പാഞ്ഞുവന്ന ബുള്ളറ്റുകൾ കൈവിരലുകളിൽ നാലു ദ്വാരങ്ങളുണ്ടാക്കി കടന്നുപോയി. രക്തം ചീറ്റി. എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ല. അയാൾ ഓടിയെത്തി ക്ഷമിക്കണമെന്നു പറഞ്ഞപ്പോഴാണു വെടി അവിടെനിന്നുവന്നതാണെന്നു വ്യക്തമായത്. അൽപം തല മുന്നോട്ടാക്കിയാണു പരിശീലിച്ചിരുന്നതെങ്കിൽ ഇന്ന് 80–ാം പിറന്നാൾ ആഘോഷിക്കാൻ താനുണ്ടാകില്ലായിരുന്നെന്നു സണ്ണി പറയുന്നു. 

പ്രഫ.സണ്ണി തോമസ് 2004ലെ ഏതൻസ് ഒളിംപിക്സ് വെള്ളിമെഡൽ ജേതാവ് രാജ്യവർധൻസിങ് രാത്തോറിനൊപ്പം (ഫയൽ ചിത്രം).

വിവരം ടീം അധികൃതരെ വിളിച്ചു പറഞ്ഞു. മത്സരിക്കാനൊക്കില്ല. കലക്ടർ നിർബന്ധിച്ചു. 2 വിരലുകളിലായി ബാൻഡേജിട്ടിട്ടുണ്ട്. തോക്ക് പിടിക്കാനാകില്ല. വേദനസംഹാരി കഴിച്ചു മത്സരിക്കാനായി നിർബന്ധം. പക്ഷേ, 3 പൊസിഷനുകളിലായുള്ള മത്സരത്തിൽ നിന്നുകൊണ്ടു റൈഫിൾ പിടിക്കാൻ എനിക്കാകുമായിരുന്നില്ല. ഒരു പൊസിഷനിൽ മത്സരിച്ചില്ലെങ്കിൽ പരമാവധി 230 പോയിന്റേ ആകൂ. വിജയമുറപ്പിക്കാനാകില്ല.  ഒടുവിൽ നിർബന്ധത്തിനു വഴങ്ങി മത്സരിച്ചു വിജയം കൂടെനിന്നെന്നു മാത്രമല്ല, അന്നത്തെ നേട്ടം വർഷങ്ങളോളം ദക്ഷിണേന്ത്യൻ റെക്കോർഡുമായിരുന്നു. പ്രോൽസാഹനവുമായി എത്തിയ കലക്ടർ ലളിതാംബികയെ മറക്കാനാകില്ലെന്നു സണ്ണി പറയുന്നു. 

നാല്–‘ബിന്ദ്രജാല’ത്തിന്റെ കഥ

സിലക്ഷനിൽ കേരളത്തിനു നേരെ കണ്ണടച്ചത്

2008ലെ ബെയ്ജിങ് ഒളിംപിക്സ്. ഇന്ത്യൻ ടീമിലെടുക്കേണ്ടത് അഭിനവ് ബിന്ദ്രയെയോ മലയാളിയും കേരള താരവുമായ രഘുനാഥിനെയോ? ആത്മസംഘർഷത്തിന്റെ നാളുകളായിരുന്നു സണ്ണി തോമസിനത്. എയർ റൈഫിളിൽ ഇന്ത്യക്ക് അന്നു ക്വോട്ട ലഭിച്ചു. മത്സരിക്കാൻ അവസരമുറപ്പ്. ക്വോട്ട കിട്ടുന്നതു രാജ്യത്തിനാണ്, താരങ്ങൾക്കല്ല. മത്സരം അടുക്കുമ്പോൾ ഏതു താരത്തെയും മത്സരിപ്പിക്കാൻ ടീമിനു സാധിക്കും. 2007ലെ മത്സരങ്ങളിൽ അഭിനവ് ബിന്ദ്രയെക്കാളും ഗഗൻ നാരങ്ങിനെക്കാളുമെല്ലാം മികച്ച പ്രകടനം കേരളതാരമായ രഘുനാഥിന്റേതായിരുന്നു. അവസാനവട്ടം ഏഷ്യൻ ചാംപ്യൻഷിപ്പിൽ 600ൽ 598 എന്ന ആകർഷക സ്കോർ നേടി രഘുനാഥ്. അന്നു ന്യായമായും ടീമിലെത്തേണ്ടിയിരുന്നതു രഘുവായിരുന്നു. 

പക്ഷേ, ടീം സിലക്ഷനിൽ കോച്ച് സണ്ണി വാദിച്ചത് അഭിനവ് ബിന്ദ്രയ്ക്കു വേണ്ടിയായിരുന്നു. മെഡൽ സാധ്യത അഭിനവിനാണെന്ന് ഉറപ്പായിരുന്നു അദ്ദേഹത്തിന്. ജൂനിയർ ലോക ചാംപ്യനും സീനിയർ ലോക ചാംപ്യനുമായ താരമാണന്ന് അഭിനവ്. മാത്രമല്ല 2000ത്തിൽ സിഡ്നി ഒളിംപിക്സിൽ മത്സരിച്ച പരിചയവുമുണ്ട്. ആ പരിചയങ്ങൾ അഭിനവിന് ബെയ്ജിങ് ഒളിംപിക്സ് വേദിയിൽ മുൻതൂക്കം നൽകുമെന്നുറപ്പുണ്ടായിരുന്നു.  ‘രഘു എന്റെ അടുത്ത സുഹൃത്തായിരുന്നു. സർവോപരി കേരളതാരം. ഇഷ്ടം കാണിക്കേണ്ടിയിരുന്നത് അദ്ദേഹത്തോടായിരുന്നു. എന്നാൽ, ടീമിന്റെ മെഡൽ സാധ്യത അവഗണിക്കാൻ ഒരുക്കമായിരുന്നില്ല ഞാൻ. മാനസിക സംഘർഷം ഏറെയുണ്ടായ ദിവസങ്ങളായിരുന്നു അത്’–സണ്ണി ഓർക്കുന്നു. 

പ്രഫ.സണ്ണി തോമസ് 2008ലെ ബെയ്ജിങ് ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കൊപ്പം (ഫയൽ ചിത്രം)

അഭിനവിന്റെ കഴിവിലുള്ള വിശ്വാസമാണു പ്രകടിപ്പിച്ചത്. അതു ഗുണം ചെയ്തു. അഭിനവ് ബെയ്ജിങ്ങിൽ സ്വർണമെഡൽ നേടി. എന്റെ തീരുമാനം ന്യായീകരിക്കപ്പെട്ടു. അന്നു അഭിനവ് തോറ്റിരുന്നെങ്കിൽ മാധ്യമങ്ങൾ എന്നെ കൊന്നുകുഴിച്ചുമൂടിയേനേ. നാട്ടുകാരനെ തഴഞ്ഞെന്ന വിമർശനവും വരും. ദൈവാനുഗ്രഹത്താൽ, എന്റെ തീരുമാനം ശരിയെന്നുവന്നു. അതിനാൽതന്നെ എനിക്കിന്നും അക്കാര്യത്തിൽ മനസ്സാക്ഷിക്കുത്തില്ല. 

പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യക്കു ധാരാളം മെഡൽ ഷൂട്ടിങ്ങിൽ കിട്ടിയിട്ടുണ്ട്.  ആ നിമിഷമെല്ലാം േദശീയ ഗാനം മുഴങ്ങിയിട്ടുമുണ്ട്. പക്ഷേ,  ചൈനയിൽ ബെയ്ജിങ് ഒളിംപിക്സിൽ പതാക ഉയർത്തുമ്പോൾ മുഴങ്ങിയ ദേശീയ ഗാനം എന്റെ മനസ്സിൽ ഒരിക്കലും മറക്കാത്ത സ്മരണയായി നിലനിൽക്കും. കാരണം ഇന്ത്യൻ ദേശീയഗാനം മുഴങ്ങിയതു ചൈനയിലാണെന്നതുതന്നെ–സണ്ണി പറയുന്നു.

ഓർമകൾ ഇനിയും ഏറെയുണ്ടു സണ്ണി തോമസിന്. പറഞ്ഞാൽ തീരാത്തത്ര ഓർമകൾ. ഷാർപ് ഷൂട്ടറെന്നപോലെ ഓർമയുടെ കാര്യത്തിലും ഷാർപ്പാണ് അദ്ദേഹം. കോളജ് പ്രഫസർ, മികച്ച അധ്യാപകൻ, ഷൂട്ടിങ് താരം, സംഘാടകൻ, മാറ്റു തെളിയിച്ച പരിശീലകൻ. പരിശീലന മികവിനു രാജ്യം 2001ൽ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ച പ്രതിഭ. അച്ചടക്കവും അടുക്കും ചിട്ടയുമില്ലാതെ കിടന്ന ഇന്ത്യന്‍ ഷൂട്ടിങ് ടീമിനെ അച്ചടക്കത്തിന്റെ പാതയിലേക്കു നയിച്ച ഗുരുനാഥൻ. അദ്ദേഹത്തിന്റെ അശീതിയിൽ ശിഷ്യഗണത്തിന്റെ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണിപ്പോൾ. ഓൺ‍ലൈനായി.

പിതാവിന്റെ 80ാം പിറന്നാൾ ആഘോഷമാക്കുന്നതു  മക്കളായ മനോജ് സണ്ണിയും സനിൽ സണ്ണിയും സോണിയ സണ്ണിയും ചേർന്നാണ്. ഇതിനായി അവരൊരു വെബ് സൈറ്റും യുട്യൂബ് ചാനലുംതന്നെ ഒരുക്കി. ഇതിലേക്കു ജസ്പാൽ റാണയും രാജ്യവർധൻ സിങ്  രാത്തോറും അഭിനവ് ബിന്ദ്രയും ഗഗൻ നാരങ്ങും അഞ്ജലി ഭാഗവതും സുമ ശിരൂരുമെല്ലാം  ആശംസകളറിയിച്ചുകഴിഞ്ഞു..

മനോജും സനിലും കേരള ഷൂട്ടിങ് ജേതാക്കളായിരുന്നു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ ബോട്ടണി വിഭാഗം മേധാവിയായിരുന്ന പ്രഫ.കെ.ജെ.ജോസമ്മയാണ് അദ്ദേഹത്തിന്റെ ജീവിതസഖി.

English Summary: Dronacharya Winning Shooting Coach, Prof Sunny Thomas Celebrates 80th Birthday