ജാർഖണ്ഡിലെ ഗിരിഡിഹ് ജില്ലയിലെ പാരസ്നാഥ് മലനിരകൾ– മാരംഗ് ബുരു എന്നു സന്താൾ ആദിവാസി ഗോത്ര വിഭാഗവും സമ്മേദ് ശിഖർജി എന്നു ജൈനമത വിശ്വാസികളും വിളിക്കുന്ന, ഇരുകൂട്ടർക്കും വിശ്വാസപരമായി ഏറെ പ്രധാനപ്പെട്ട ഈ ശാന്തസുന്ദര മലനിര അടുത്ത കാലത്ത് കലുഷിതമായ തർക്കങ്ങൾക്കു കാരണമായിരുന്നു. പ്രദേശം പരിസ്ഥിതിലോല ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പരസ്യമാക്കിയതോടെ രാജ്യമെങ്ങും ജൈനമത വിശ്വാസികൾ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. തങ്ങളുടെ ഏറ്റവും വിശുദ്ധമായ തീർഥാടന കേന്ദ്രത്തിന്റെ പവിത്രതയെ ഹനിക്കുന്നതാണ് തീരുമാനം എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചത്. തീരുമാനം പിൻവലിക്കും വരെ നിരാഹാര സമരം പ്രഖ്യാപിച്ച ജൈന സന്യാസിമാരിൽ രണ്ടുപേർ രാജസ്ഥാനിൽ മരണത്തിനു കീഴടങ്ങി. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം കത്തയച്ചു. പ്രതിഷേധം കനത്തതിനെ തുടർന്നു കേന്ദ്രസർക്കാർ ഇടപെട്ടു തീരുമാനം മരവിപ്പിച്ചതോടെയാണ് ഇവർ സമരം പിൻവലിക്കാൻ തയാറായത്. അതേസമയം പരിസ്ഥിതി ലോല ടൂറിസ്റ്റ് കേന്ദ്രം പദവി മരവിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നതോടെ, കാലാകാലങ്ങളായി തങ്ങൾക്കു ദേവഭൂമിയായ മലനിരകളുടെ അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്ന ആവശ്യവുമായി സമരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സന്താൾ ജനത. കേന്ദ്രസർക്കാർ തീരുമാനം തങ്ങളുടെ പാരമ്പര്യങ്ങളെയും അവകാശങ്ങൾ ഹനിക്കുന്നതാണെന്നു സന്താൾ ഗോത്രവർഗ ജനത പറയുന്നു. എന്താണ് പാരസ്‌നാഥിന്റെ പ്രത്യേകത? പാരസ്നാഥ് മലനിരകളുമായി ബന്ധപ്പെട്ട നിലവിലെ സംഭവവികാസങ്ങളിൽ എന്തുകൊണ്ടാണ് ജാർഖണ്ഡിലെ ഏറ്റവും വലിയ ഗോത്രവിഭാഗമായ സന്താളുകൾ ആശങ്കപ്പെടുന്നത്? വരും ദിവസങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ എന്തു ചെയ്യുന്നുവെന്നത് ശ്രദ്ധാപൂർവം ഉറ്റുനോക്കപ്പെടുമ്പോൾ ജൈന മതക്കാരുടെയും സന്താൾ വിഭാഗക്കാരുടെയും ഏറ്റവും വിശുദ്ധമായ ഈ നാടിന്റെയും അതിന്മേലുള്ള തർക്കത്തിന്റെയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം...

ജാർഖണ്ഡിലെ ഗിരിഡിഹ് ജില്ലയിലെ പാരസ്നാഥ് മലനിരകൾ– മാരംഗ് ബുരു എന്നു സന്താൾ ആദിവാസി ഗോത്ര വിഭാഗവും സമ്മേദ് ശിഖർജി എന്നു ജൈനമത വിശ്വാസികളും വിളിക്കുന്ന, ഇരുകൂട്ടർക്കും വിശ്വാസപരമായി ഏറെ പ്രധാനപ്പെട്ട ഈ ശാന്തസുന്ദര മലനിര അടുത്ത കാലത്ത് കലുഷിതമായ തർക്കങ്ങൾക്കു കാരണമായിരുന്നു. പ്രദേശം പരിസ്ഥിതിലോല ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പരസ്യമാക്കിയതോടെ രാജ്യമെങ്ങും ജൈനമത വിശ്വാസികൾ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. തങ്ങളുടെ ഏറ്റവും വിശുദ്ധമായ തീർഥാടന കേന്ദ്രത്തിന്റെ പവിത്രതയെ ഹനിക്കുന്നതാണ് തീരുമാനം എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചത്. തീരുമാനം പിൻവലിക്കും വരെ നിരാഹാര സമരം പ്രഖ്യാപിച്ച ജൈന സന്യാസിമാരിൽ രണ്ടുപേർ രാജസ്ഥാനിൽ മരണത്തിനു കീഴടങ്ങി. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം കത്തയച്ചു. പ്രതിഷേധം കനത്തതിനെ തുടർന്നു കേന്ദ്രസർക്കാർ ഇടപെട്ടു തീരുമാനം മരവിപ്പിച്ചതോടെയാണ് ഇവർ സമരം പിൻവലിക്കാൻ തയാറായത്. അതേസമയം പരിസ്ഥിതി ലോല ടൂറിസ്റ്റ് കേന്ദ്രം പദവി മരവിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നതോടെ, കാലാകാലങ്ങളായി തങ്ങൾക്കു ദേവഭൂമിയായ മലനിരകളുടെ അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്ന ആവശ്യവുമായി സമരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സന്താൾ ജനത. കേന്ദ്രസർക്കാർ തീരുമാനം തങ്ങളുടെ പാരമ്പര്യങ്ങളെയും അവകാശങ്ങൾ ഹനിക്കുന്നതാണെന്നു സന്താൾ ഗോത്രവർഗ ജനത പറയുന്നു. എന്താണ് പാരസ്‌നാഥിന്റെ പ്രത്യേകത? പാരസ്നാഥ് മലനിരകളുമായി ബന്ധപ്പെട്ട നിലവിലെ സംഭവവികാസങ്ങളിൽ എന്തുകൊണ്ടാണ് ജാർഖണ്ഡിലെ ഏറ്റവും വലിയ ഗോത്രവിഭാഗമായ സന്താളുകൾ ആശങ്കപ്പെടുന്നത്? വരും ദിവസങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ എന്തു ചെയ്യുന്നുവെന്നത് ശ്രദ്ധാപൂർവം ഉറ്റുനോക്കപ്പെടുമ്പോൾ ജൈന മതക്കാരുടെയും സന്താൾ വിഭാഗക്കാരുടെയും ഏറ്റവും വിശുദ്ധമായ ഈ നാടിന്റെയും അതിന്മേലുള്ള തർക്കത്തിന്റെയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാർഖണ്ഡിലെ ഗിരിഡിഹ് ജില്ലയിലെ പാരസ്നാഥ് മലനിരകൾ– മാരംഗ് ബുരു എന്നു സന്താൾ ആദിവാസി ഗോത്ര വിഭാഗവും സമ്മേദ് ശിഖർജി എന്നു ജൈനമത വിശ്വാസികളും വിളിക്കുന്ന, ഇരുകൂട്ടർക്കും വിശ്വാസപരമായി ഏറെ പ്രധാനപ്പെട്ട ഈ ശാന്തസുന്ദര മലനിര അടുത്ത കാലത്ത് കലുഷിതമായ തർക്കങ്ങൾക്കു കാരണമായിരുന്നു. പ്രദേശം പരിസ്ഥിതിലോല ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പരസ്യമാക്കിയതോടെ രാജ്യമെങ്ങും ജൈനമത വിശ്വാസികൾ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. തങ്ങളുടെ ഏറ്റവും വിശുദ്ധമായ തീർഥാടന കേന്ദ്രത്തിന്റെ പവിത്രതയെ ഹനിക്കുന്നതാണ് തീരുമാനം എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചത്. തീരുമാനം പിൻവലിക്കും വരെ നിരാഹാര സമരം പ്രഖ്യാപിച്ച ജൈന സന്യാസിമാരിൽ രണ്ടുപേർ രാജസ്ഥാനിൽ മരണത്തിനു കീഴടങ്ങി. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം കത്തയച്ചു. പ്രതിഷേധം കനത്തതിനെ തുടർന്നു കേന്ദ്രസർക്കാർ ഇടപെട്ടു തീരുമാനം മരവിപ്പിച്ചതോടെയാണ് ഇവർ സമരം പിൻവലിക്കാൻ തയാറായത്. അതേസമയം പരിസ്ഥിതി ലോല ടൂറിസ്റ്റ് കേന്ദ്രം പദവി മരവിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നതോടെ, കാലാകാലങ്ങളായി തങ്ങൾക്കു ദേവഭൂമിയായ മലനിരകളുടെ അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്ന ആവശ്യവുമായി സമരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സന്താൾ ജനത. കേന്ദ്രസർക്കാർ തീരുമാനം തങ്ങളുടെ പാരമ്പര്യങ്ങളെയും അവകാശങ്ങൾ ഹനിക്കുന്നതാണെന്നു സന്താൾ ഗോത്രവർഗ ജനത പറയുന്നു. എന്താണ് പാരസ്‌നാഥിന്റെ പ്രത്യേകത? പാരസ്നാഥ് മലനിരകളുമായി ബന്ധപ്പെട്ട നിലവിലെ സംഭവവികാസങ്ങളിൽ എന്തുകൊണ്ടാണ് ജാർഖണ്ഡിലെ ഏറ്റവും വലിയ ഗോത്രവിഭാഗമായ സന്താളുകൾ ആശങ്കപ്പെടുന്നത്? വരും ദിവസങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ എന്തു ചെയ്യുന്നുവെന്നത് ശ്രദ്ധാപൂർവം ഉറ്റുനോക്കപ്പെടുമ്പോൾ ജൈന മതക്കാരുടെയും സന്താൾ വിഭാഗക്കാരുടെയും ഏറ്റവും വിശുദ്ധമായ ഈ നാടിന്റെയും അതിന്മേലുള്ള തർക്കത്തിന്റെയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാർഖണ്ഡിലെ ഗിരിഡിഹ് ജില്ലയിലെ പാരസ്നാഥ് മലനിരകൾ– മാരംഗ് ബുരു എന്നു സന്താൾ ആദിവാസി ഗോത്ര വിഭാഗവും സമ്മേദ് ശിഖർജി എന്നു ജൈനമത വിശ്വാസികളും വിളിക്കുന്ന, ഇരുകൂട്ടർക്കും വിശ്വാസപരമായി ഏറെ പ്രധാനപ്പെട്ട ഈ ശാന്തസുന്ദര മലനിര അടുത്ത കാലത്ത് കലുഷിതമായ തർക്കങ്ങൾക്കു കാരണമായിരുന്നു. പ്രദേശം പരിസ്ഥിതിലോല ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പരസ്യമാക്കിയതോടെ രാജ്യമെങ്ങും ജൈനമത വിശ്വാസികൾ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. തങ്ങളുടെ ഏറ്റവും വിശുദ്ധമായ തീർഥാടന കേന്ദ്രത്തിന്റെ പവിത്രതയെ ഹനിക്കുന്നതാണ് തീരുമാനം എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചത്. തീരുമാനം പിൻവലിക്കും വരെ നിരാഹാര സമരം പ്രഖ്യാപിച്ച ജൈന സന്യാസിമാരിൽ രണ്ടുപേർ രാജസ്ഥാനിൽ മരണത്തിനു കീഴടങ്ങി. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം കത്തയച്ചു. പ്രതിഷേധം കനത്തതിനെ തുടർന്നു കേന്ദ്രസർക്കാർ ഇടപെട്ടു തീരുമാനം മരവിപ്പിച്ചതോടെയാണ് ഇവർ സമരം പിൻവലിക്കാൻ തയാറായത്. അതേസമയം പരിസ്ഥിതി ലോല ടൂറിസ്റ്റ് കേന്ദ്രം പദവി മരവിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നതോടെ, കാലാകാലങ്ങളായി തങ്ങൾക്കു ദേവഭൂമിയായ മലനിരകളുടെ അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്ന ആവശ്യവുമായി സമരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സന്താൾ ജനത. കേന്ദ്രസർക്കാർ തീരുമാനം തങ്ങളുടെ പാരമ്പര്യങ്ങളെയും അവകാശങ്ങൾ ഹനിക്കുന്നതാണെന്നു സന്താൾ ഗോത്രവർഗ ജനത പറയുന്നു. എന്താണ് പാരസ്‌നാഥിന്റെ പ്രത്യേകത? പാരസ്നാഥ് മലനിരകളുമായി ബന്ധപ്പെട്ട നിലവിലെ സംഭവവികാസങ്ങളിൽ എന്തുകൊണ്ടാണ് ജാർഖണ്ഡിലെ ഏറ്റവും വലിയ ഗോത്രവിഭാഗമായ സന്താളുകൾ ആശങ്കപ്പെടുന്നത്? വരും ദിവസങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ എന്തു ചെയ്യുന്നുവെന്നത് ശ്രദ്ധാപൂർവം ഉറ്റുനോക്കപ്പെടുമ്പോൾ ജൈന മതക്കാരുടെയും സന്താൾ വിഭാഗക്കാരുടെയും ഏറ്റവും വിശുദ്ധമായ ഈ നാടിന്റെയും അതിന്മേലുള്ള തർക്കത്തിന്റെയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം. 

പാരസ്‌നാഥ് മലനിരകൾ. ചിത്രത്തിനു കടപ്പാട്: Wikimedia Commons/Wikipedia

 

ADVERTISEMENT

∙ എവറസ്റ്റ് കാണാം, ഇതു പാരസ്നാഥിന്റെ തലപ്പൊക്കം

പാരസ്‌നാഥിലെ ജൈനക്ഷേത്രങ്ങൾ.

 

ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 160 കിലോമീറ്റർ മാറി പഴയ ഗ്രാൻഡ് ട്രങ്ക് റോഡിന്റെ, ഇപ്പോഴത്തെ ദേശീയ പാത രണ്ടിന്റെ, ഓരം ചേർന്നാണ് പാരസ്നാഥ് മലനിരകൾ സ്ഥിതി ചെയ്യുന്നത്. 4480 അടിയിൽ (1365 മീറ്റർ) സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ മലകളുമാണ് ഇവ. അന്തരീക്ഷം തെളിഞ്ഞ ദിവസങ്ങളിൽ പാരസ്നാഥ് മലമുകളിൽ നിന്നാൽ 450 കിലോമീറ്റർ ആകാശ ദൂരത്തിലുള്ള എവറസ്റ്റ് കൊടുമുടിയടക്കം ഹിമാലയ സാനുക്കളുടെ സുന്ദര ദൃശ്യവും കാണാൻ കഴിയും. ഇരുപത്തിമൂന്നാമത് തീർഥങ്കരനായിരുന്ന പാർശ്വാനന്ദയുടെ പേരിൽ നിന്നാണ് മലനിരകൾക്ക് ഈ പേരു വന്നതെന്നാണ് കരുതപ്പെടുന്നത്. കുന്നിൻ മുകളിൽ ശിഖർജി ജൈനക്ഷേത്രങ്ങളും ഓരോ തീർഥങ്കരന്മാർക്കുമുള്ള ശവകുടീരങ്ങളുമുണ്ട്. മഗധയിലെ രാജാവായിരുന്ന ബിംബിസാരനാണ് ഇവിടെ ആദ്യ ക്ഷേത്രം നിർമിച്ചതെന്നാണ് വിശ്വാസം. 19–ാം നൂറ്റാണ്ടിന്റെ ഒടുവിലായി സർ അലക്സാണ്ടർ കണ്ണിങ്ങാം നടത്തിയ ആർക്കിയോളജിക്കൽ സർവേയിൽ രണ്ടാം നൂറ്റാണ്ടിൽനിന്നുള്ള ബൗദ്ധ പാരമ്പര്യം പേറുന്ന സ്തൂപങ്ങളുടെ അവശേഷിപ്പുകൾ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷേ മുൻപ് ബുദ്ധ കേന്ദ്രമായിരുന്ന ഇവിടം പിന്നീട് ജൈനമത വിശ്വാസികളുടേതായി മാറിയതാകാം എന്നതിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. എന്നാൽ പിന്നീട് ഇതേവരെ ഇക്കാര്യത്തിൽ കാര്യമായ ചരിത്ര പര്യവേഷണങ്ങളൊന്നും ഇവിടെ നടത്തിയിട്ടില്ല. 

പാരസ്‌നാഥ് മലനിരകളിലെ ജൈനക്ഷേത്രങ്ങള്‍‌. ചിത്രത്തിനു കടപ്പാട്: Wikimedia Commons/Wikipedia

 

ADVERTISEMENT

∙ സമ്മേദ് ശിഖർജി– ജൈനവിശ്വാസത്തിന്റെ ആണിക്കല്ല് 

പാരസ്‌നാഥിലെ ജൈനക്ഷേത്രങ്ങൾ.

 

ജൈനമതത്തിലെ ദിഗംബര, ശ്വേതാംബര എന്നീ രണ്ടു വിഭാഗങ്ങൾക്കും ഒരുപോലെ പരിപാവനവും ആയിരക്കണക്കിനു വിശ്വാസികളുടെ തീർഥാടന കേന്ദ്രവുമാണ് സമ്മേദ് ശിഖർജി എന്ന് അവർ വിളിക്കുന്ന ഈ മലനിര. ജൈനമതത്തിലെ സർവജ്ഞാനികളും വിശ്വാസ ജീവിതത്തിന്റെ പൂർത്തീകരണം നേടിയവരുമായ 24 തീർഥങ്കരന്മാരിൽ 20 പേരും മോക്ഷപ്രാപ്തി നേടിയത് ഈ മലനിരകളിലാണ്. ജൈനമത വിശ്വാസ പ്രകാരം എല്ലാ ലൗകിക വികാര വിചാരങ്ങളെയും കീഴടക്കി ഇനിയുമൊരു പുനർജന്മം ഇല്ലാതെ ഇഹലോക ജീവിതത്തിന്റേതായ എല്ലാത്തിനേയും മറികടന്നു മാർഗദർശികളായവരാണ് തീർഥങ്കരന്മാർ. എല്ലാ യുഗങ്ങളിലും കാലചക്രത്തിന്റെ ആരക്കാലുകൾപോലെ തീർഥങ്കരന്മാർ ജനിക്കുകയും തങ്ങളുടെ ജനതയ്ക്ക് നിർവാണത്തിലേക്കു മാർഗം കാണിച്ചു കൊടുക്കുകയും ചെയ്യും. മിക്ക തീർഥങ്കരന്മാരുടെയും പുനർജന്മങ്ങളുടെ ഒടുവിലത്തെ വരവിൽ അവർ രാജാക്കന്മാർ ആയിരുന്നു. ആദിയോ അന്ത്യമോ ഇല്ലാത്ത കാലത്തിന്റെ ഇപ്പോഴത്തെ പ്രപഞ്ച യുഗത്തിലെ 24 തീർഥങ്കരന്മാരും വന്നു മടങ്ങിക്കഴിഞ്ഞു. അവരിൽ ആദ്യ തീർഥങ്കരനായ ഋഷഭനാഥൻ ഇക്ഷാകു രാജവംശ സ്ഥാപകനായിരുന്നു. ഈ രാജവംശത്തിൽത്തന്നെയാണ് പിന്നീട് 21 തീർഥങ്കരന്മാരും ഉണ്ടായത്. 

 

ADVERTISEMENT

∙ പവിത്രം, പാവനം, തീർഥങ്കരന്മാരുടെ മോക്ഷസ്ഥലം 

ഇരുപത്തിമൂന്നാമത് തീർഥങ്കരനായിരുന്ന പാർശ്വാനന്ദയുടെ വിഗ്രഹം. ചിത്രം: Twitter/humchapadmavati

 

20–ാം തീർഥങ്കരനായ മുനിസുവ്രതനും 22–ാം തീർഥങ്കരനായ നേമിനാഥനും ഹരിവംശ രാജപരമ്പരയിൽപെട്ടവരാണ്. ഋഷഭനാഥൻ തുടങ്ങി മഹാവീരൻ വരെയുള്ള ഈ 24 പേരിൽ 20 പേരുടെയും മോക്ഷപ്രാപ്തി സമ്മേദ് ശിഖർജിയിലായിരുന്നു എന്നത് ജൈനമത വിശ്വാസികൾക്ക് ഇത് എത്രമേൽ പവിത്ര ഭൂമിയാണെന്നു വ്യക്തമാക്കുന്നതാണ്. ഋഷഭനാഥൻ കൈലാസ പർവതത്തിലും (അഷ്ടപദ പർവതം) നേമിനാഥൻ ഗുജറാത്തിലെ ഗിർനാർ പർവതത്തിലും അവസാന തീർഥങ്കരനായ മഹാവീരൻ പട്നയ്ക്കടുത്തുള്ള പാവപുരിയിലും വച്ച് മോക്ഷപ്രാപ്തി നേടിയതായാണ് വിശ്വാസം. ജൈനമത വിശ്വാസികളുടെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളായ ഗുജറാത്തിൽ ജൂനഗാഡ് ജില്ലയിലെ ഗിർനാർ, ഭാവ്നഗർ ജില്ലയിലെ പാലിത്താന, രാജസ്ഥാനിൽ മൗണ്ട് അബുവിലെ ദിൽവാഡ, ഉത്തരാഖണ്ഡിൽ ബദരീനാഥിലെ അഷ്ടപദ് കൈലാസ്, സമ്മേദ് ശിഖർജി എന്നിവയിൽ പ്രാമുഖ്യവും സമ്മേദ് ശിഖർജിക്കാകുന്നതും ഇതേ കാരണത്താൽത്തന്നെ. ടൂറിസം കേന്ദ്രമായി പ്രദേശം മാറുന്നതോടെ തീർഥാടന കേന്ദ്രത്തിന്റെ പരിപാവനത ഇല്ലാതാകുമെന്നതാണ് ജൈനമത വിശ്വാസികൾ തീരുമാനത്തെ എതിർക്കാനുള്ള മുഖ്യകാരണമായി പറയുന്നത്. പുതുവത്സരത്തിന് പ്രദേശത്ത് എത്തിയവർ കോഴിയിറച്ചി കഴിക്കുകയും അതിന്റെ അവശിഷ്ടം അവിടെ ഉപേക്ഷിച്ചു പോകുകയും ചെയ്തിരുന്നതായും പരാതിയുണ്ട്. ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതോടെ പ്രദേശത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കുക അപ്രായോഗികമാകുമെന്നാണ് സന്യാസിമാർ പറയുന്നത്. 

 

പാരസ്‌നാഥിലെ ജൈനക്ഷേത്രങ്ങളിലൊന്നിലെ കാഴ്ച. ചിത്രം: twitter/KumarAn72297081

∙ അഹിംസവാദികൾ, പക്ഷേ വിശ്വാസത്തിൽ വിട്ടുവീഴ്ചയില്ല

 

മതപരമായ ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ ഉള്ളതാണ് ജെയിൻ ഭക്ഷണക്രമം. സസ്യാഹാരികളാണ് ജൈനമതക്കാർ. സസ്യാഹാരികൾ എന്നു പറയുമ്പോഴും മറ്റു വെജിറ്റേറിയന്മാരിൽനിന്നു വളരെ വ്യത്യസ്തമാണ് ഇവരുടെ ആഹാരരീതി. ജൈനമതക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ വെജിറ്റേറിയൻ ഹോട്ടലുകൾക്കു പുറമേ ജെയിൻ റസ്റ്ററന്റുകളോ വെജിറ്റേറിയൻ ഹോട്ടലുകളിൽത്തന്നെ ജെയിൻ ഭക്ഷണം എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെയോ ഉണ്ടായിരിക്കും. സാധാരണ വെജിറ്റേറിയൻ ഭക്ഷണത്തിൽനിന്നു വിഭിന്നമായി ജെയിൻ ഭക്ഷണത്തിൽ ഭൂമിക്കടിയിൽ വളരുന്ന കിഴങ്ങുകളോ, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ഇനങ്ങളോ ഒന്നും ഉൾപ്പെടില്ല. 

 

അഹിംസ എന്നതാണ് ജൈനിസത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ജൈനമതത്തിലെ ആചാരങ്ങൾ എന്നതുപോലെ ആഹാരക്രമവും ഇതിൽ അധിഷ്ഠിതമാണ്. അതായത് കഴിക്കുന്ന ഭക്ഷണം പോലും ഏറ്റവും കുറഞ്ഞ വേദന സമ്മാനിച്ചവയെ ആകാവൂ എന്ന ശാഠ്യം അവർ സ്വീകരിക്കുന്നു. കുടിക്കാനെടുക്കുന്ന വെള്ളം തുണിയിൽ അരിച്ചെടുക്കുകയും ആ തുണി തിരിച്ചുപിടിച്ച് വീണ്ടും ജലമൊഴുക്കി അതിൽ ബാക്കിയായ സൂക്ഷ്മ ജീവികളെ വരെ ജലത്തിലേക്കു തിരികെ വിടണമെന്നുമാണ് മതം നിഷ്കർഷിക്കുന്നത്. അതുകൊണ്ടുതന്നെ ജൈനമത വിശ്വാസികൾ മാംസം, മത്സ്യം, മുട്ട എന്നിവ വർജിക്കുന്നതിനു പ്രത്യേകിച്ചു കാരണം പറയേണ്ടതില്ല. 

പാരസ്‌നാഥ് മലനിരകളിൽ അവകാശവാദമുന്നയിച്ച് സന്താൾ വിഭാഗക്കാർ നടത്തിയ പ്രകടനം. ചിത്രം: twitter/theindntribal

 

തേനും നെയ്യുമൊക്കെ ഒഴിവാക്കപ്പെട്ട ഭക്ഷണ സാധനങ്ങളാണ്. സസ്യാഹാരത്തിന്റെ കാര്യത്തിൽ കിഴങ്ങുകളും ഉള്ളി മുതലായവയും വേരോടെ പിഴുതെടുക്കപ്പെടുമ്പോൾ അവയെ പൂർണമായി ഇല്ലാതാക്കുയാണെന്നതാണ് ഹിംസാത്മക പ്രവൃത്തിയായി അതിനെ മാറ്റുന്നതും വർജിതമാക്കുന്നതും. ഈ നിഷ്ഠകൾ അത്രയും പാലിച്ചില്ലെങ്കിലും രാജ്യത്തെ 92% ജൈനമത വിശ്വാസികളും ഏതെങ്കിലും അളവുവരെ സസ്യാഹാരം മാത്രം കഴിക്കുന്നവരാണ്. 67% പേരും കിഴങ്ങു വർഗങ്ങൾ ഉപേക്ഷിച്ചവരും. അങ്ങനെയുള്ള വിശ്വാസികൾ ഏറ്റവും പരിപാവനമായി കരുതുന്ന ആരാധനാലയം ഇരിക്കുന്ന സ്ഥലത്തോട് ചേർന്നാണ് കോഴിയിറച്ചി കഴിച്ചതിന്റെ അവശിഷ്ടം കാണപ്പെട്ടത് എന്നതും പ്രദേശം ടൂറിസം മേഖലയാക്കുന്നതിനോടുള്ള എതിർപ്പു കൂട്ടാൻ കാരണമാക്കി. 

 

∙ മാരംഗ് ബുരു: സന്താളുകളുടെ ദേവാധിദേവൻ 

 

പാരസ്നാഥ് പരിസ്ഥിതിലോല ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തീരുമാനത്തിനെതിരെ ചെന്നൈയിൽ ജൈനമത വിശ്വാസികൾ നടത്തിയ പ്രതിഷേധം. ചിത്രം: PTI

ജാർഖണ്ഡിലെ ഏറ്റവും വലിയ ഗോത്രവർഗ വിഭാഗമാണ് സന്താൾ ജനത. സന്താളി (മുണ്ട) ഭാഷ സംസാരിക്കുന്ന ഇവർ സമീപ സംസ്ഥാനങ്ങളായ ബംഗാൾ, ഒഡീഷ, ബിഹാർ, അസം എന്നിവിടങ്ങളിലെയും പ്രബല ഗോത്രവിഭാഗമാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവും ഇപ്പോഴത്തെ മുഖ്യമന്ത്രി ഹേമന്ത് സോറനും അടക്കം പ്രമുഖരായ വളരെ പേർ ഈ ഗോത്രത്തിൽനിന്നുണ്ട്. പ്രകൃതിയെ ആരാധിക്കുന്നവരാണ് സന്താൾ ജനത. ചെറുതും വലുതുമായ അവരുടെ എല്ലാ കാര്യങ്ങൾക്കും പ്രത്യേകം ദൈവങ്ങളുമുണ്ട്. എന്നാൽ ഈ ദൈവങ്ങളുടെ എല്ലാം ദേവാധിദേവനാണ് മാരംഗ് ബുരു. ഗ്രീക്കുകാർക്ക് ഒളിംപസ് മലനിരകൾപോലെ, ദേവനും ദേവന്റെ ഇരിപ്പിടവുമെല്ലാം പ്രകൃതിയാണ്. പാരസ്നാഥ് മലനിരകൾ അങ്ങനെ ദേവാധിദേവനായ മാരംഗ് ബുരുവും ആ ദേവചൈതന്യത്തിൽനിന്നു വേർതിരിക്കപ്പെടാൻ പറ്റാത്ത ദേവസ്ഥാനവുമാണ്. പല ദേവതമാരെ ആരാധിക്കുമ്പോഴും പരമശക്തനായ ദൈവം മാരംഗ് ബുരുവാണെന്ന് എല്ലാ വിഭാഗം സന്താൾ ജനതയും വിശ്വസിക്കുന്നു.

 

ബിസി 4000 മുതൽ 3500 വരെയുള്ള കാലഘട്ടത്തിൽ ഇവിടെ എത്തിപ്പെട്ടവരാണ് സന്താളുകൾ എന്നാണ് കണക്കാക്കപ്പെടുന്നത്. തങ്ങളുടെ എല്ലാ സാംസ്കാരിക പാരമ്പര്യങ്ങളുടെയും നിലനിൽപ്പിന്റെതന്നെയും അടിസ്ഥാനമാണ് സന്താളുകൾക്ക് മാരംഗ് ബുരു. ഈ മലനിരകളിന്മേലുള്ള അവകാശം ജൈനമതക്കാരുടേതു മാത്രമായി വ്യാഖ്യാനിക്കപ്പെടുന്നതും പ്രദേശമാകെ അവരുടേതു മാത്രമായി വ്യവസ്ഥ ചെയ്യപ്പെടാനുള്ള നീക്കങ്ങളും തങ്ങളുടെ ദേവഭൂമിയിന്മേലുള്ള അവകാശങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതാകുമെന്നു സന്താൾ ഗോത്രവർഗം ഒന്നാകെ ഭയക്കുന്നു. സാമ്പത്തികമായും സാമൂഹികമായും മറ്റെല്ലാ പ്രകാരത്തിലും തങ്ങളേക്കാൾ സ്വാധീന ശക്തിയുള്ള ജൈനമത വിശ്വാസികൾ ക്രമേണ മാരംഗ് ബുരുവിൽനിന്നു തങ്ങളെ നിഷ്കാസിതരാക്കുമോ എന്നുപോലും അവർ ഭയക്കുന്നു. പാരസ്നാഥ് മലനിരകളുമായി ബന്ധപ്പെട്ട നിലവിലെ സംഭവവികാസങ്ങളിൽ സന്താൾ ആദിവാസി വിഭാഗത്തിന്റെ സംശയങ്ങളും ആശങ്കകളും എത്രമേൽ പ്രസക്തമാണെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

 

∙ പരിസ്ഥിതി ലോലം, പാരസ്നാഥിൽ വിനോദ സഞ്ചാരം 

പാരസ്‌നാഥിലെ ജൈനക്ഷേത്രങ്ങളിലൊന്ന്. ചിത്രം: twitter/KumarAn72297081

 

2019 ഫെബ്രുവരി 22നാണ് സംസ്ഥാന ടൂറിസം വകുപ്പ് പാരസ്നാഥ് അടക്കം ചരിത്രപരവും മതപരവുമായി പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങൾ വികസിപ്പിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നത്. അതേ വർഷം ഓഗസ്റ്റ് രണ്ടിന് സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മേഖലയെ ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിക്കുകയും ഇക്കോ ടൂറിസം വികസനത്തിനായുള്ള ചട്ടങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. 2022 ജൂലൈ 24ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ സംസ്ഥാന ടൂറിസം നയരേഖ പുറത്തിറക്കിയപ്പോൾ പാരസ്നാഥും മറ്റു തീർഥാടന കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. പാരസ്നാഥിനെ ടൂറിസം കേന്ദ്രമാക്കുന്നതിൽ ജൈനമത വിശ്വാസികൾ തങ്ങളുടെ വിയോജിപ്പ് സർക്കാരിനെ അറിയിക്കുകയും ചെറിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. അതിനിടെ 2022 ഒക്ടോബറിൽ, പാരസ്നാഥിന്റെ പരിപാവനത കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി ടൂറിസം വകുപ്പിനെ പ്രത്യേകം ഓർമിപ്പിച്ചു നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജൈനമത വിശ്വാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും പറഞ്ഞിരുന്നു. ഇങ്ങനെയിരിക്കെയാണ് ഡിസംബറിൽ പാരസ്നാഥിലെ ജൈനക്ഷേത്ര സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്ന മലയിൽ മാംസാഹാരത്തിന്റെ അവശിഷ്ടം കാണുന്നതും സന്യാസിമാർ അടക്കം തുറന്ന പ്രതിഷേധത്തിലേക്ക് ഇറങ്ങിയതും. 

 

∙ പാരസ്നാഥ് ഇന്ന് സമര ഭൂമി 

 

സമരത്തെ പിന്തുണച്ചു സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തിയതോടെ സംഭവത്തിനു രാഷ്ട്രീയ നിറവും കലർന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സമരം രാജ്യമൊട്ടാകെ അതിശക്തമായ രീതിയിൽ പടർന്നു. ജൈനമതക്കാർ വലിയ സംഖ്യയിലുള്ള രാജസ്ഥാനിൽ രണ്ടു സന്യാസിമാർ പ്രതിഷേധ സമരത്തിനിടെ മരിക്കുന്നതിലേക്കു വരെ കാര്യങ്ങൾ നീങ്ങി. കർണാടക, ഗുജറാത്ത്, ബംഗാൾ, ഒഡീഷ തുടങ്ങി രാജ്യത്തെ മറ്റു ജൈനമത കേന്ദ്രങ്ങളിലും സമരം കൊടുമ്പിരിക്കൊണ്ടു. കുറ്റം സംസ്ഥാന സർക്കാരിന്റെ തലയിലാകുന്നുവെന്നു കണ്ടതോടെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വിഷയത്തിൽ കൈ കഴുകി. രഘുബർ ദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് 2019ൽ ഇതിനായി കേന്ദ്രസർക്കാരിനെ സമീപിച്ചതെന്നും ആ വർഷം ഓഗസ്റ്റിലുണ്ടായ തീരുമാനപ്രകാരമുള്ള നയപരിപാടികളാണ് ഇപ്പോൾ പുറത്തിറക്കിയതെന്നും മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കി. 

 

ഇതോടെ പ്രശ്നത്തിൽ ഇടപെട്ട കേന്ദ്രസർക്കാർ പാരസ്നാഥ് മലനിരകളിൽ ടൂറിസം വികസനത്തിനു നൽകിയ അനുമതി പിൻവലിച്ചു. ടൂറിസം വികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും നിർത്തിവയ്ക്കാനും അതിനുള്ള കർശന നടപടികൾക്കും സംസ്ഥാന സർക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടൊപ്പം കേന്ദ്രസർക്കാർ മറ്റൊന്നുകൂടി ചെയ്തു; പ്രതിഷേധിച്ച ജൈനമത വിശ്വാസികളുടെ ആവശ്യപ്രകാരം മലനിരകളെ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിക്കുകയും ചുറ്റുമുള്ള 10 കിലോമീറ്റർ പ്രദേശത്തും മാംസാഹാരമോ മദ്യമോ ഉപയോഗിക്കുന്നതടക്കം കർശന വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തു. മലനിരകളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുക, ഉറക്കെ പാട്ട് പാടുക എന്നു തുടങ്ങി തടാകങ്ങൾ, പാറകൾ, ഗുഹകൾ എന്നിവയിൽ എന്തെങ്കിലും ചെയ്യുന്നതും ഒരു കമ്പ് ഒടിക്കുന്നതുവരെ കുറ്റകരമാക്കുകയും ചെയ്തു. ഇതോടെയാണ് ജൈനമതക്കാർ മലനിര വിട്ടുപോകണമെന്നും തങ്ങളുടെ ദേവസ്ഥാനങ്ങൾ മടക്കി കിട്ടണമെന്നുമുള്ള ആവശ്യവുമായി സന്താൾ ഗോത്രവിഭാഗം സമരത്തിനിറങ്ങിയത്.

 

∙ സന്താളും ജൈനരും നേർക്കു നേർ 

 

വൈശാഖ മാസത്തിലെ (മേടമാസം) പൗർണമി നാളിനോട് അനുബന്ധിച്ചുള്ള മൂന്നു ദിവസങ്ങളിൽ സന്താളുകൾ മാരംഗ് ബുരുവിൽ ഒത്തു ചേരും. അന്നവർ മതം അനുശാസിക്കും പ്രകാരം വേട്ടയാടുകയും കാനന മധ്യത്തിലെ പല ഇടങ്ങളിലായുള്ള ദേവീ, ദേവസ്ഥാനങ്ങളിൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മൃഗബലി അർപ്പിക്കുകയും ദേവതകൾക്ക് മദ്യമടക്കം ഇഷ്ട പാനീയങ്ങൾ സമർപ്പിക്കുകയും ചെയ്യും. ആഘോഷ രാവിൽ ഭക്ഷണമായി മാംസവും മദ്യവുമൊക്കെ ഉപയോഗിക്കുകയും ചെയ്യും. താഴ്‌വാരയിലെങ്ങും മുഴങ്ങുന്ന പാട്ടും ഡാൻസും മേളവുമായി ആ രാത്രി പിന്നെയും നീളുകയും ചെയ്യും. അന്നു മാത്രമല്ല, മൃഗബലി. അത് സന്താളുകളുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഒരു ഘടകം തന്നെയാണ്. പ്രയാസങ്ങൾ നേരിടുമ്പോഴൊക്കെയും ഈ അതിപുരാതന ആദിവാസി ജനത തങ്ങളുടെ ദൈവങ്ങളുടെ അടുത്തേക്ക് എത്തുകയും അവരുടെ അനുഷ്ഠാനങ്ങളിലൂടെ ദേവപ്രീതിക്കായി ശ്രമിക്കുകയും ചെയ്യും. ഇതിനെല്ലാമാണ് ഇപ്പോൾ വിലക്കു വീണിരിക്കുന്നത്. 

 

ഇതോടെയാണ് ആദിവാസി ഗോത്ര വിഭാഗങ്ങൾ ഭൂമിയിന്മേൽ തങ്ങളുടെ അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്നും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ തടയുന്ന ഒന്നും ചെയ്യരുതെന്നും ‘അധിനിവേശക്കാരായ’ ജൈനമതക്കാരെ പുറത്താക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുമായി സമര പാതയിലേക്കു നീങ്ങിയത്. ഇതോടെ രംഗം തണുപ്പിക്കാൻ‌ സന്താൾ വിഭാഗത്തിൽ നിന്നുതന്നെയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തെത്തി. ആദിവാസി ജനവിഭാഗങ്ങളുടെ ആശങ്കകൾ വിവരിച്ച് കേന്ദ്രത്തിനു കത്തെഴുതിയ അദ്ദേഹം പാരസ്നാഥ് മലനിരകൾ ജൈനമതക്കാരുടേതു മാത്രമായി പുറത്തിറക്കിയ നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. മാത്രവുമല്ല മലനിരകൾ തീർഥാടന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്നും അദ്ദേഹം സന്താൾ വിഭാഗക്കാർക്ക് ഉറപ്പു നൽകി. 

 

∙ ആരാണ് പാരസ്നാഥിന്റെ ഉടമകൾ?

 

മുൻപു സൂചിപ്പിച്ചതുപോലെ ചരിത്രാതീത കാലത്തെങ്ങോ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ എത്തി താമസമാക്കിയവരാണ് സന്താൾ ജനത. വടക്കൻ കംപോഡിയയിൽ നിന്ന് ബിസി 3500നും 4000ത്തിനും ഇടയിൽ ഇവർ ഇവിടെ എത്തിയിരിക്കാമെന്നാണ് അനുമാനിക്കപ്പെടുന്നത്. അന്നു വടക്കേ ഇന്ത്യയിലുണ്ടായിരുന്ന ദ്രാവിഡ ജനവിഭാഗങ്ങളുമായി ഇടകലർന്നുണ്ടായ ജനതയാണ് ഇപ്പോഴത്തെ സന്താൾ വിഭാഗമെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. കൃഷി ആയിരുന്നു ഇവരുടെ മുഖ്യ ഉപജീവന മാർഗം. നാടോടികളായി ജീവിക്കുകയും എത്തിപ്പെടുന്ന സ്ഥലങ്ങളിലെ കാടു വെട്ടിത്തെളിച്ചു കൃഷി ചെയ്യുന്നതുമായിരുന്നു രീതി. എങ്കിലും ഈ ജനതയുടെ വലിയ പങ്കിന്റെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണ് സന്താൾ പർഗാനാസ് എന്ന് അറിയപ്പെട്ടിരുന്ന തെക്കൻ ബിഹാർ; ഇപ്പോഴത്തെ ജാർഖണ്ഡ് സംസ്ഥാനം. 18–ാം നൂറ്റാണ്ടോടെ ഇവർ ഇവിടെ സ്ഥിര താമസമാക്കുകയും ഒഡീഷയിലേക്കും ബംഗാളിലേക്കും അസമിലേക്കും മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുമൊക്കെ വ്യാപിക്കുകയുമായിരുന്നു. 

 

ഇതുമായി താരതമ്യം ചെയ്യുമ്പോൾ ജൈനരുടെ ഇവിടേക്കുള്ള വരവ് പുതിയകാല സംഭവ വികാസമാണ്. ബിസി ഏഴാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് ജൈനമതം ഉദ്ഭവിച്ചതും പ്രാമുഖ്യം നേടിയതും. അതിനും എത്രയോ കഴിഞ്ഞായിരിക്കണം തീർഥങ്കരന്മാരുടെ കാലഘട്ടമെന്നാണ് കരുതപ്പെടുന്നത്. മാത്രവുമല്ല ബിസി രണ്ടാം നൂറ്റാണ്ടിൽപ്പോലും പാരസ്നാഥ് മലനിരകളിൽ ബുദ്ധ വിഹാരങ്ങൾ ഉണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിസി 1500 മുതൽ ജൈനമത കേന്ദ്രമായി ഇതു മാറിയെന്നാണു മറ്റു ചില പഠനങ്ങൾ പറയുന്നത്. അതായത് ഈ മലനിരകൾ ജൈനമത വിശ്വാസികൾക്കും ഏറ്റവും വിശേഷപ്പെട്ട ആരാധനാ കേന്ദ്രമായിട്ടു നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു എന്നു ചുരുക്കം. 

 

∙ അവകാശത്തർക്കം, കോടതി 

 

1911ലെ ബിഹാർ ജില്ലാ ഗസറ്റിലാണ് പാരസ്നാഥ് മലനിരകളെ സംബന്ധിച്ച അവകാശത്തർക്കങ്ങളുടെ വിവരങ്ങൾ ഉള്ളത്. ബ്രിട്ടിഷ് സർക്കാരിൽ സ്പെഷൽ ഓഫിസർ ആയിരുന്ന പി.സി.റോയ് ചൗധരി തയാറാക്കിയ റിപ്പോർട്ടിൽ പാരസ്നാഥ് സന്താളുകളുടെ മാരംഗ് ബുരു ആണെന്നും വൈശാഖ മാസത്തിലെ പൗർണമി ദിനത്തോട് അനുബന്ധിച്ചു മൂന്നു ദിവസങ്ങളിൽ മതപരമായ വേട്ടയാടൽ അടക്കം അവർ ഇവിടെ നടത്തുന്നുവെന്നും വ്യക്തമാക്കി. ജൈനമതക്കാർ, ഈ ആചാരങ്ങൾ നിലവിലില്ലെന്നും അതുകൊണ്ടുതന്നെ മൃഗബലി അടക്കമുള്ളവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതായും ഗസറ്റിൽ പറയുന്നു. ജുഡീഷ്യൽ കമ്മിഷണറുടെ വിധി പ്രതികൂലമായതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയാണുണ്ടായത്. ഇതോടെ വിഷയം ലണ്ടനിൽ പ്രിവി കൗൺസിലിൽ എത്തി. സന്താൾ ജനവിഭാഗത്തിനു പാരസ്നാഥ് മലനിരകളിൽ വേട്ടയാടുന്നതിനുള്ള അവകാശമുണ്ടെന്നു പ്രിവി കൗൺസിലും വിധിയെഴുതി. 

 

∙ സാന്താളും ജൈനരും ഒരുമിച്ച് പാരസ്നാഥിൽ 

 

പ്രകൃതിയെ ദേവതയായി കാണുന്ന സന്താളുകളും അഹിംസ ഏറ്റവും വലിയ മതാനുഷ്ഠാനമായി കരുതുന്ന ജൈനമതക്കാരും പാരസ്നാഥ് മലനിരകളിൽ സഹവർത്തിത്വത്തോടെയാണോ കഴിഞ്ഞതെന്നു ചോദിച്ചാൽ വലിയ ഏറ്റുമുട്ടലുകളിലേക്കൊന്നും പോയിട്ടില്ല എന്നു പറയാം. എന്നാൽ പൊതുവേ സമ്പന്നരായ ജൈനരും ആദിവാസി വിഭാഗങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നതും യാഥാർഥ്യമാണ്. അടുത്ത കാലം വരെ ഈ മലനിരകളിൽ മാവോയിസ്റ്റ് സ്വാധീനത്തിന്റെ പേരിൽ കേന്ദ്ര സേനകളെ വരെ വിന്യസിച്ചിരുന്നു. ഇതു ജൈനരെ സഹായിക്കാനായിരുന്നുവെന്നും തങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്നതായിരുന്നുവെന്നും സന്താളുകൾക്കു പരാതിയുണ്ട്. ജൈനമതക്കാരുടെ ഇപ്പോഴത്തെ സമരവും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് ആസൂത്രിതമായി നടത്തിയതാണെന്നും സന്താൾ നേതാക്കൾ പറയുന്നു. കുർമികളെയും മുസ്‌ലിംകളെയും ഈ പ്രദേശത്തിന്റെ 10 കിലോമീറ്ററിനുള്ളിൽ പ്രവേശിപ്പിക്കാറില്ലെന്നും ആദിവാസി സ്ത്രീകൾ കാട്ടിൽനിന്നു വിറകു ശേഖരിക്കുന്നതുവരെ ജൈനർ തടയാറുണ്ടെന്നും സന്താൾ നേതാക്കൾ കുറ്റപ്പെടുത്തുന്നു. 

 

∙ പാരസ്നാഥിൽ ശാന്തി പുലരുമോ?

 

ഈ മലനിരകളിൽ ഒരു മലയിലാണ് ജൈനമത ആരാധനാലയങ്ങളും വിശുദ്ധ കുടീരങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്നതും കാലങ്ങളായി ജൈനമതക്കാരുടേതായി കരുതപ്പെട്ടിരുന്നതും. ബാക്കി കുന്നുകളെല്ലാം സന്താൾ വിഭാഗത്തിന്റേതായും അംഗീകരിക്കപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവോടെ ഈ മലനിരകൾ ഒന്നാകെ ജെയിൻ തീർഥാടന കേന്ദ്രമായും സന്താളുകൾക്ക് നിരോധിത മേഖലയുമായി മാറുന്ന സ്ഥിതിയാണ്. നാമമാത്രമായ ജൈനമത വിശ്വാസികളാണ് പാരസ്നാഥ് മേഖലയിൽ സ്ഥിരതാമസക്കാരായുള്ളത്. തീർഥാടകരായെത്തുന്നവരാണ് കൂടുതലും. അതേസമയം ഗോത്രവിഭാഗ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം തന്നെയാണ് ഈ മേഖല. മലനിരകളിലെ എല്ലാ കുന്നുകളിലും തങ്ങളുടെ ദേവസ്ഥാനങ്ങളുണ്ടെന്നും ജൈനമതക്കാരുടെ ക്ഷേത്രങ്ങൾ നിൽക്കുന്ന മലയിലൊഴികെ നിയന്ത്രണങ്ങൾ കൊണ്ടുവരരുത് എന്നുമാണ് സന്താൾ സംഘടനകളുടെ ആവശ്യം. ഇരു കൂട്ടരെയും വിശ്വാസത്തിലെടുത്ത് ചർച്ചകളിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങളേ ഇപ്പോഴുള്ളൂ. എന്നാൽ പ്രശ്നം എല്ലാവർക്കും സ്വീകാര്യമായി തീർക്കുന്നതിനു പകരം രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്ന പക്ഷം പുതിയൊരു സംഘർഷ മേഖലകൂടിയായിരിക്കും രാജ്യത്തുണ്ടാകുക.

 

English Summary: What is Parasnath Hills Issue? Why Santhals and Jains Fight Over it?