തിരിച്ചുവരുന്ന മാലദ്വീപ്

ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന അബ്ദുല്ല യമീന്റെ ഭരണത്തിനു തിരശ്ശീല വീഴുന്നതോടെ ഇന്ത്യയുടെ ഒരു വലിയ തലവേദന അവസാനിക്കുന്നു. ഇന്ത്യയുമായുളള സൗഹൃദത്തിനും സഹകരണത്തിനും അർഹമായ വിലകൽപ്പിക്കുന്നവരിൽ ഒരാളാണ് പുതിയ മാലദ്വീപ് പ്രസിഡന്റ്.

അശാന്തമായ അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം മാലദ്വീപ് ജനാധിപത്യ പാതയിൽ തിരിച്ചെത്തുകയാണ്. ഏകാധിപത്യ രീതികൾ അവലംബിക്കുകയും അഴിമതിയാരോപണങ്ങളിൽ മുങ്ങിത്താഴുകയും ചെയ്തു കൊണ്ടിരുന്ന പ്രസിഡന്റ് അബ്ദുല്ല യമീനെ ജനം പുറത്താക്കുകയും ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയൽരാജ്യത്തെ  സ്ഥിതിഗതികൾ നേരെയാവുന്നുവെന്നതുതന്നെ ആശ്വാസപ്രദമാണ്. ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന യമീന്റെ ഭരണത്തിനു തിരശ്ശീല വീഴുന്നതോടെ ഇന്ത്യയുടെ ഒരു വലിയ തലവേദന അവസാനിക്കുകയും ചെയ്യുന്നു.  സോലിഹാണെങ്കിൽ ഇന്ത്യയുമായുളള സൗഹൃദത്തിനും സഹകരണത്തിനും അർഹമായ വിലകൽപ്പിക്കുന്നവരിൽ ഒരാളുമാണ്. 

യമീൻ തോൽക്കുമെന്നോ അതിവേഗം തോൽവി സമ്മതിക്കുമെന്നോ അധികമാരും കരുതിയിരുന്നില്ല. നീതിന്യായ സംവിധാനത്തെപ്പോലെ തിരഞ്ഞെടുപ്പ് കമ്മിഷനെയു സ്വന്തം വരുതിയിലാക്കിയിരുന്ന അദ്ദേഹം അഞ്ചു വർഷംകൂടി അധികാരത്തിൽ തുടരാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. അത്തരമൊരു തിരഞ്ഞെടുപ്പുമായി സഹകരിക്കാനുളള വൈമനസ്യം കാരണം പല രാജ്യങ്ങളും തിരഞ്ഞെടുപ്പ് നിരീക്ഷകരെ അയച്ചിരുന്നില്ല. മറ്റു ചില രാജ്യങ്ങളിലെ നിരീക്ഷകർക്കു യമീന്റെ ഗവൺമെന്റ് വീസ നിഷേധിക്കുകയുംചെയ്തു. 

ഒടുവിൽ ഇക്കഴിഞ്ഞ ഞായറാഴ്ച (സെപ്റ്റംബർ 23) തിരഞ്ഞെടുപ്പ് നടന്നപ്പോൾ തികച്ചൂം സംശയാതീതമായ വിധത്തിൽ യമീൻ തോറ്റു. 89 ശതമാനംവരെ വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തിയത്. യമീനു കിട്ടിയ 42 ശതമാനം വോട്ടുകൾക്കെതിരെ സോലിഹ് 58 ശതമാനം വോട്ടുകൾ നേടി. പതിനാറുശതമാനത്തിന്റെ വ്യത്യാസം. പരാജയം സമ്മതിക്കുകയല്ലാതെ യമീനു നിവൃത്തിയുണ്ടായിരുന്നില്ല.  നവംബർ 17നു സോലിഹ് സ്ഥാനമേൽക്കും.

മുഖ്യ പ്രതിപക്ഷ കക്ഷിയായ മാൽഡീവിയൻ ഡമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) നേതാവായ  സോലിഹ് മറ്റു മൂന്നു കക്ഷികളുടെയും പിന്തുണയുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായിട്ടാണ് മൽസരിച്ചത്്. യമീൻ 2013ൽ അധികാരത്തിലെത്തുന്നതിനു മുൻപ് പ്രസിഡന്റായിരുന്ന മുഹമ്മദ് നഷീദിനോടൊപ്പം എംഡിപിക്കു രൂപംനൽകിയവരിൽ ഒരാളുമാണ് ഇൗ അമ്പത്തിനാലുകാരൻ. വകയിൽ നഷീദിന്റെ അളിയനുമാണ്.  

അബ്ദുല്ല യമീൻ

യമീന്റെ ഭരണത്തിൽ നഷീദ് ജയിലിലാവുകയും പിന്നീടു നാടുവിടുകയും ചെയ്തു. അയൽരാജ്യമായ ശ്രീലങ്കയിലിരുന്നു പ്രതിപക്ഷ എെക്യത്തിനു ചുക്കാൻ പിടിച്ചത് നഷീദായിരുന്നു. അരനൂറ്റാണ്ടുമുൻപ് ബ്രിട്ടനിൽനിന്നു സ്വതന്ത്രമായ, ആയിരത്തിലേറെ ചെറിയ ദ്വീപുകളും പവിഴപ്പുറ്റുകളും അടങ്ങിയ മാലദ്വീപ് ഒരു ചെറിയ രാജ്യമാണ്. മൊത്തം വിസ്തീർണം 298 ചതുരശ്ര കിലോമീറ്റർ. ഇന്ത്യയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ഇന്ത്യാസമുദ്രത്തിൽ ചിതറിക്കിടക്കുന്നു. ജനസംഖ്യ നാലരലക്ഷം. പക്ഷേ, പ്രശ്നങ്ങൾ ചെറുതല്ല. രാഷ്ട്രീയ രംഗം പലപ്പോഴും ഇളകി മറിയുന്നു. 

കഴിഞ്ഞ ചില വർഷങ്ങളായി ഇത്തരം സംഭവങ്ങളുടെ പ്രഭവകേന്ദ്രമാണ് അൻപത്തൊൻപതുകാരനായ യമീൻ. അധികാരം നിലനിർത്താനായി ഏതറ്റംവരെയും പോകാൻ മടിയില്ലാത്ത ഒരു ഏകാധിപതിയുടെ ചിത്രമാണ് ആ സംഭവങ്ങൾ വരച്ചുകാട്ടിയത്. പ്രത്യേകിച്ചും ഇക്കഴിഞ്ഞ ്രെബഫുവരിയിലുണ്ടായത് അത്തരം സംഭവങ്ങളുടെ പെട്ടെന്നുള്ള കുത്തൊഴുക്കായിരുന്നു. 

പ്രതിപക്ഷത്തിന് അനുകൂലമായ ഒരു സുപ്രീം കോടതി വിധിയെ തുടർന്നായിരുന്നു തുടക്കം. അങ്ങനെ യമീന്റെ അപ്രീതി സമ്പാദിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസും മറ്റൊരു ജഡ്ജിയും അറസ്റ്റിലായി. പ്രസിഡന്റിന്റെ ഉത്തരവനുസരിച്ച് സുരക്ഷാസൈന്യം സുപ്രീം കോടതിയിൽ തള്ളിക്കയറി രണ്ടു ജഡ്ജിമാരെയും അതിനകത്ത് അടച്ചുപൂട്ടുകയായിരുന്നു. 

രാജ്യത്ത് യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൽ ഗയൂം ഉൾപ്പെടെ ഒട്ടേറെ പ്രതിപക്ഷ നേതാക്കളെ തടങ്കലിലാക്കുകയും ചെയ്തു. യമീന്റെ അർധസഹോദരൻ കൂടിയാണ് ഗയൂം. വാസ്തവത്തിൽ 2013ൽ യമീൻ അധികാരത്തിൽ എത്തിയതുതന്നെ ഗയൂമിന്റെശക്തമായ സഹായത്തോടെയായിരുന്നു. 

മുൻ പ്രസിഡന്റ് നഷീദ്, യമീന്റെ വൈസ് പ്രസിഡന്റായിരുന്ന അഹമദ് അദീബ് എന്നിവർ നേരത്തെത്തന്നെ ജയിലിലാവുകയുണ്ടായി. അദീബിനെ 2015ൽ അറസ്റ്റ് ചെയ്തതു ഭീകരക്കുറ്റം ചുമത്തിയാണ്. പ്രസിഡന്റും ഭാര്യയും ഹജ് തീർഥാടനം കഴിഞ്ഞു തിരിച്ചുവരുമ്പോൾ അവരെ വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. അവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ ബോംബ് പൊട്ടുകയും ഭാര്യക്കു പരുക്കേൽക്കുകയും ചെയ്തു. അദീബ് 33 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. 

തന്നെ അധികാരത്തിലെത്താൻ സഹായിച്ച അർദ്ധ സഹോദരൻ ഗയൂമിനോടുപോലും യമീൻ ഇടഞ്ഞതു തികച്ചും അപ്രതീക്ഷിതമായിരുന്നു. 1978 മുതൽ മുപ്പതു വർഷക്കാലം ഗയൂമിന്റെ ഏകാധിപത്യമായിരുന്നു. മാലദ്വീപിൽ. 2008ൽ ആദ്യമായി നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപ്പിച്ചാണ് നഷീദ് 41 ാം വയസ്സിൽ പ്രസിഡന്റായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം ജനാധിപത്യ മാർഗത്തിൽ പിച്ചവയ്ച്ചുകൊണ്ടിരിക്കേ ഗയൂമിന്റെ ആളുകൾ പട്ടാളത്തിന്റെയും പൊലീസിന്റെയും സഹായത്തോടെ അദ്ദേഹത്തെ അട്ടിമറിച്ചു. അതിനുശേഷം 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷന്റെയും  സുപ്രീംകോടതിയുടെയും ഒത്താശയോടെ യമീനെ ജയിപ്പിക്കുന്നതിലും ഗയൂം നിർണായക പങ്കു വഹിച്ചു. 

നഷീദിനെ യമീൻ ഒരു കേസിൽ കുടുക്കി. നഷീദ് 13 വർഷത്തേക്കു തടവിനു ശിക്ഷിക്കപ്പെട്ടു. രോഗബാധിതനായതിനെതുടർന്നു ചികിൽസയ്ക്കായി ലണ്ടനിലേക്കു പോയ  അദ്ദേഹം  പക്ഷേ നാട്ടിലേക്കു മടങ്ങിയില്ല. മാലദ്വീപിനു സമീപമുള്ള  ശ്രീലങ്കയിലെ കൊളംബോയിലെത്തുകയും പ്രതിപക്ഷ സഖ്യത്തിനു കളമൊരുക്കുകയും ചെയ്തു. 

രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായ ഗാസിം ഇബ്രാഹിം നയിക്കുന്ന ജംഹൂരി പാർട്ടി, ഷെയ്ക്ക് ഇമ്രാൻ അബ്ദുല്ല നയിക്കുന്ന ഇസ്ലാമിസ്റ്റ് കക്ഷിയായ അദാലത്ത് പാർട്ടി, ഭരണകക്ഷിയായ പ്രോഗ്രസീവ് പാർട്ടി ഒാഫ് മാൽഡീവ്സിന്റെ  (പിപിഎം) ഗയൂം വിഭാഗം എന്നിവയാണ് നിയുക്ത പ്രസിഡന്റിനോടൊപ്പമുള്ളത്. 

പ്രതിപക്ഷത്തെ മറ്റു മൂന്നു കക്ഷികളും 2013ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യമീനോടൊപ്പമായിരുന്നു. ഇവരും നിയുക്തപ്രസിഡന്റിന്റെ മാൽഡീവിയൻ ഡമോക്രാറ്റിക് പാർട്ടിയും തമ്മിൽ പലകാര്യങ്ങളിലും നയപരമായ അഭിപ്രായ ഭിന്നതകളുണ്ട്. എങ്കിലും യമീനോടുള്ള എതിർപ്പ് അവരെ ഒന്നിപ്പിക്കുകയായിരുന്നു. 

ഇൗ എെക്യം നിലനിർത്തുകയും ജനാധിപത്യം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതായിരിക്കും സോലിഹ് നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളി. യമീനെതിരെ ഉയർന്ന അമ്പരപ്പിക്കുന്ന അഴിമതിയാരോപണങ്ങളെ സോലിഹ് എങ്ങനെ കൈാര്യംചെയ്യുന്നുവെന്ന് അറിയാനും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും. അമ്പതോളം ദ്വീപുകൾ റിസോർട്ടുകൾ പണിയാനായി നിയമങ്ങൾ പാലിക്കാതെ വിദേശ ടൂറിസം കമ്പനികൾക്കു പാട്ടത്തിനു കൊടുത്ത വകയിൽ കോടികളുടെ അഴിമതി നടന്നുവെന്നും ആ തുകയുടെ വലിയൊരു ഭാഗം യമീനു തന്നെ കിട്ടിയെന്നുമാണ് ആരോപണം. 

ഇന്ത്യയോടും ചൈനയോടുമുള്ള മാലദ്വീപിന്റെ നയത്തിൽ മാറ്റമുണ്ടാകുമോയെന്നും ലോകം ഉറ്റുനോക്കുന്നു.  യമീന്റെ ഭരണകാലത്ത് ഒട്ടേറെ വൻ നിർമാണ പദ്ധതികൾ ഏറ്റെടുത്തുകൊണ്ട് മാലദ്വീപിൽ തന്ത്രപരമായ സ്വാധീനം ഉറപ്പിക്കാൻ ചൈന തീവ്രശ്രമം നടത്തിവരികയായിരുന്നു. ഹുലൂലെ ദ്വീപിലെ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം, തലസ്ഥാന ദ്വീപായ മാലെയുമായി ഹുലുലെയെ കൂട്ടിയിണക്കുന്ന രണ്ടു കിലോമീറ്റർ നീളമുള്ള പാലം എന്നിവ ഇൗ പദ്ധതികളിൽ ഉൾപ്പെടുന്നു. 

വിമാനത്താവള വികസനത്തിനു നേരത്തെ ഒരു ഇന്ത്യൻ കമ്പനിയുമായാണ് കരാറുണ്ടാക്കിയിരുന്നത്. പിന്നീടതു റദ്ദാക്കി. ലോകത്തിന്റെ പലഭാഗങ്ങളുമായി ചൈനയെ കൂട്ടിയിണക്കുന്ന ഒരു മേഖല, ഒരു റോഡ് എന്ന സ്വപ്നപദ്ധതിയിൽ പങ്കാളിയാകാൻ തയാറായ ആദ്യരാജ്യങ്ങളിൽ ഒന്നുമാണ് മാലദ്വീപ്. എല്ലാ പദ്ധതികളിലുമായി മൊത്തം നൂറു കോടി ഡോളറിനാണ്  ചൈനയ്ക്കു മാലദ്വീപ് കടപ്പെട്ടിരിക്കുന്നതെന്നു പറയപ്പെടുന്നു. രാജ്യാന്തര നാണയ നിധിയുടെ (എെഎംഎഫ്) 

കണക്കുപ്രകാരം ഇതു മൂന്നു വർഷത്തിനകം മാലദ്വീപിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) പകുതിയിലേറെയായി വർധിക്കാനിടിയുണ്ട്. ഇത്തരം അടിസ്ഥാന സൗകര്യ നിർമാണത്തിനുള്ള കരാറുകളിൽ ശ്രീലങ്ക, ബംഗ്ളദേശ്, മ്യാൻമർ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായും ചൈന ഒപ്പുവയ്ക്കുകയുണ്ടായി. ഇവയിലൂടെ ഇന്ത്യാസമുദ്രമേഖലയിൽ ഇന്ത്യയെ തന്ത്രപരമായി വളയുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ട്. 

അതിനു സഹായകമായ നിലപാട്  അനുവർത്തിച്ചുവന്ന  യമീൻ പലപ്പോഴും കർക്കശമായ ഇന്ത്യാവിരുദ്ധ നിലപാട് പ്രകടിപ്പിക്കാനും മടിച്ചിരുന്നില്ല.  ഇന്ത്യൻ ഉദ്യോഗാർഥികൾക്കു വീസ നിഷേധിച്ചതും മാലദ്വീപിലെ ദുരിത നിവാരണ പ്രവ്രർത്തനങ്ങൾക്കുവേണ്ടി ഇന്ത്യ നൽകിയിരുന്ന ഹെലികോപ്റ്ററുകൾ തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടതും സമീപകാല ഉദാഹരണങ്ങളാണ്.  

മുൻപ് പല സന്നിഗ്ദ്ധ ഘട്ടങ്ങളിലും ഇന്ത്യ മാലദ്വീപിന്റെ സഹായത്തിനെത്തിയ ചരിത്രം വിസ്മരിച്ചുകൊണ്ടായിരുന്നു യമീന്റെ നീക്കങ്ങൾ. പുതിയ പ്രസിഡന്റ് സോലിഹ് അതു തിരുത്തുമെന്നാണ് പരക്കേ പ്രതീക്ഷിക്കപ്പെടുന്നത്.