ശ്രമിച്ചാൽ നടക്കും, കടലിലും ചിറ കെട്ടൽ

ലങ്കാപുരിയിൽ ദുഃഖാകുലയായിരിക്കുന്ന സീതാദേവിയെ കണ്ട് ഹനുമാൻ ശ്രീരാമസന്നിധിയിൽ തിരിച്ചെത്തി വിവരമറിയിച്ചു. ഇനി കടൽ കടന്നു ലങ്കയിലെത്തണം. പൈങ്കിളി പാടുന്നു: 

“എന്തുപായം സമുദ്രം കടപ്പാനെന്നു 

ചിന്തിച്ചു കൽപിക്ക നിങ്ങളെല്ലാരുമായ്...” 

കടൽ കടക്കാൻ എന്താണു വഴി എന്ന ശ്രീരാമന്റെ ചോദ്യത്തിന്, കടലിന്റെ ദേവനായ വരുണനോടുതന്നെ ചോദിക്കാമെന്നായി മറ്റുള്ളവർ. ഒടുവിൽ വരുണദേവന്റെതന്നെ നിർദേശമനുസരിച്ചു വാനരപ്പട കടലിൽ ചിറ കെട്ടുകയാണ്. 

അതിവിശാലമാണു സമുദ്രം. അതിൽ ചിറ കെട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ വാനരപ്പടയുടെ നേതൃത്വത്തിൽ സേതുബന്ധനവും നടന്നു. 

“നേരേ ശതയോജനായതമായുട- 

നീരഞ്ചു യോജന വിസ്താരമാം വണ്ണം....” നൂറു യോജന നീളത്തിലും പത്തു യോജന വീതിയിലും ചിറ കെട്ടിയെന്നാണു പൈങ്കിളി പാടുന്നത്. 

അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും ശ്രമിച്ചാൽ നടക്കുമെന്ന തത്വമാണു സേതുബന്ധനത്തിലൂടെ രാമകഥ നമ്മോടു പറയുന്നത്. 

കഥയല്ല രാമസേതു 

ലങ്കയിലേക്കു കടക്കാൻ കടലിൽ ചിറ കെട്ടി എന്നതു കഥ മാത്രമല്ല. ഇന്ത്യയ്ക്കും ലങ്കയ്ക്കുമിടയിൽ കടലിനടിയിൽ  ഉണ്ടാക്കിയതെന്നു കരുതാവുന്ന ചിറയുണ്ടെന്ന് ആധുനികശാസ്ത്രലോകവും സമ്മതിക്കുന്നു. 

മാർക്കോപോളോ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഇക്കാര്യം മനസ്സിലാക്കിയിരുന്നു. കടലിനടിയിൽ ഉറച്ച ചുണ്ണാമ്പുകല്ലുകൊണ്ട് ഉണ്ടാക്കിയതെന്നു കരുതാവുന്ന വിധം 50 കിലോമീറ്ററിലേറെ നീളത്തിൽ ചിറയുണ്ടെന്നാണു ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.