1986 ജൂൺ ഏഴിന് രാവിലെ പാവാടയും ബ്ലൗസുമിട്ട് രജനി ജോലിക്കു പോവുകയാണ്. വഴിയിൽ ഗണേശൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്ന് കൂടെവന്നാൽ കല്യാണം കഴിക്കാം, അല്ലെങ്കിൽ നടക്കില്ല എന്ന് ഗണേശൻ‍ തറപ്പിച്ചു പറഞ്ഞു. അങ്ങനെ രജനി കല്യാണം കഴിക്കാൻ സമ്മതിച്ചു...

1986 ജൂൺ ഏഴിന് രാവിലെ പാവാടയും ബ്ലൗസുമിട്ട് രജനി ജോലിക്കു പോവുകയാണ്. വഴിയിൽ ഗണേശൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്ന് കൂടെവന്നാൽ കല്യാണം കഴിക്കാം, അല്ലെങ്കിൽ നടക്കില്ല എന്ന് ഗണേശൻ‍ തറപ്പിച്ചു പറഞ്ഞു. അങ്ങനെ രജനി കല്യാണം കഴിക്കാൻ സമ്മതിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1986 ജൂൺ ഏഴിന് രാവിലെ പാവാടയും ബ്ലൗസുമിട്ട് രജനി ജോലിക്കു പോവുകയാണ്. വഴിയിൽ ഗണേശൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്ന് കൂടെവന്നാൽ കല്യാണം കഴിക്കാം, അല്ലെങ്കിൽ നടക്കില്ല എന്ന് ഗണേശൻ‍ തറപ്പിച്ചു പറഞ്ഞു. അങ്ങനെ രജനി കല്യാണം കഴിക്കാൻ സമ്മതിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരച്ചുമങ്ങി കീറിപ്പറഞ്ഞുപോയ സിനിമാപോസ്റ്റർ പോലെയാണ് ലോക്ഡൗൺകാലത്തെ ജീവിതം. ഒരിക്കൽ പശ നിറച്ച ബക്കറ്റുമായി രാത്രികളിൽ സിനിമാ പോസ്റ്ററൊട്ടിക്കാൻ പോയിരുന്ന തൊഴിലാളി ഗണേശൻ തന്റെ ജീവിതം പറയുകയാണ്. ഇത് സ്ഥിരവരുമാനമില്ലാത്ത ഏതൊരു സാധാരണക്കാരന്റെയും കണ്ണീരുപ്പു കലർന്ന ജീവിത കഥയാണ്. 

‘‘ ഇന്ന് ഞങ്ങളുടെ മുപ്പത്തിയഞ്ചാം വിവാഹവാർഷികമാണ്. അടുത്ത വിവാഹവാർഷികത്തിന് ഞങ്ങൾ രണ്ടുപേരും ജീവനോടെ ഉണ്ടാവുമെന്ന് എന്താണ് ഉറപ്പ് ! അപ്പുറത്തെ വീട്ടിലെ കുട്ടിക്ക് ഒരു മിഠായി വാങ്ങിക്കൊടുക്കാൻപോലുമുള്ള കാശ് പോക്കറ്റിലില്ല. ഞങ്ങളുടെ മോൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയായിരിക്കില്ല.’’

ADVERTISEMENT

പഴയൊരു പ്ലാസ്റ്റിക് കസേരയിലിരുന്ന്, പുറത്തുപെയ്യുന്ന മഴയിലേക്ക് ജനലിലൂടെ നോക്കിയിരിക്കുകയാണ് ഗണേശൻ. കസേരച്ചുവട്ടിൽ ഒട്ടിക്കാതെമടക്കിവച്ച സിനിമാപോസ്റ്ററുകളുടെ കെട്ട് ഇരിപ്പുണ്ട്. കണ്ണ് നിറഞ്ഞൊഴുകുന്നു. തോർത്തുകൊണ്ട് കണ്ണുതുടച്ച ശേഷം ഗണേശൻ വീണ്ടുംപറഞ്ഞു.

‘‘ഉള്ളില് ഭയങ്കര സങ്കടമാണ് സാറേ. 

ചിരിച്ച് കളിച്ച് നടക്കുന്നതോണ്ട് ആർക്കുമറിയില്ല.’’

ആരാണ് ഗണേശൻ? ഈ സമൂഹത്തിനുമുന്നിൽ ഗണേശൻ ആരുമല്ല. അവധിക്കാലം പോലെ വീണുകിട്ടിയ ഈ ലോക്ഡൗൺ ആഘോഷിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളിലും ടെലഗ്രാമിലുമൊക്കെ സിനിമ കണ്ടും, ക്ലബ് ഹൗസിൽ വീരവാദം മുഴക്കിയും സമയം കളയുന്ന മലയാളിക്കുമുന്നിൽ ആരാണ് ഗണേശൻ ! സമൂഹത്തിൽ പുഴുവിനെപ്പോലെ നരകിച്ചു ജീവിതം തീർക്കുന്ന അനേകായിരം ഗണേശൻമാരിൽ ഒരാൾ മാത്രം !  

ADVERTISEMENT

∙ കീറിപ്പോയ പോസ്റ്റർ പോലെ ജീവിതം

കോഴിക്കോട് പുതിയപാലം ചുള്ളിയിൽ തെക്കേപ്പടന്നയിൽ കെ. ഗണേശനെന്ന 58 വയസുകാരൻ നഗരത്തിൽ സിനിമാപോസ്റ്ററുകൾ ഒട്ടിക്കുന്ന തൊഴിലാളിയാണ്. സിനിമാക്കാർക്കിടയിൽ ‘ഗണേശൻ പുതിയപാലം’ എന്നുപറഞ്ഞാലേ തന്നെ തിരിച്ചറിയൂ എന്നാണ് മൂപ്പരുടെ ഭാഷ്യം.

നഗരത്തിലെ സിനിമാപോസ്റ്ററുകൾ ഒട്ടിക്കുന്ന പത്തോളം തൊഴിലാളികളിൽ ഒരാൾ. ഈ തൊഴിലിലേക്ക് പുതുതലമുറക്കാർ കടന്നുവരാത്തതിനാൽ വംശനാശ ഭീഷണി നേരിടുകയാണെന്നു ഗണേശന്‍ തമാശയായി പറയാറുണ്ട്. രാത്രി എല്ലാവരും ഉറങ്ങുന്ന സമയത്ത് ഒരു ബക്കറ്റുനിറയെ പൂളപ്പൊടിയും (കപ്പപ്പൊടി) തുരിശും കലക്കിയതുമായി സൈക്കിളിൽ നഗരം മുഴുവൻ ചുറ്റി പോസ്റ്ററൊട്ടിക്കലാണ് ഗണേശന്റെ ജോലി. തമിഴ് പടങ്ങളും മസാലപ്പടങ്ങളും മാത്രം റിലീസ് ചെയ്യുന്ന ഗംഗ തീയറ്ററിലെ തൊഴിലാളിയാണ് ഗണേശൻ. 

കോവിഡ് കാരണം മലയാളികളുടെ ജീവിതം നിലച്ചുപോയ, കഴിഞ്ഞ 15 മാസത്തിനിടെ ആകെ 90 ദിവസമാണ് തീയറ്ററുകൾ തുറന്നത്. പകുതി സീറ്റിൽ മാത്രം കാണികളെ പ്രവേശിപ്പിച്ചായിരുന്നു പ്രദർശനങ്ങൾ. അടഞ്ഞുകിടക്കുന്ന തീയറ്ററുകൾ കാരണം ഉടമകൾ പോലും കോടികളുടെ കടക്കാരായി മാറുകയാണ്. അപ്പോള്‍ ഗണേശനെപ്പോലുള്ള പാവം തൊഴിലാളികളുടെ കാര്യം പറയാനില്ലല്ലോ. 

ADVERTISEMENT

ദലിത് പ്രശ്നങ്ങൾ പ്രമേയമാക്കി മാർച്ചിൽ പുറത്തിറങ്ങിയ ധനുഷ് ചിത്രം കർണന്റെ പോസ്റ്ററാണ് ഏറ്റവുമൊടുവിൽ ഗണേശൻ ചുമരിലൊട്ടിച്ചത്. ശരാശരി 1200 രൂപയാണ് ഒരു റിലീസ് ദിവസം പോസ്റ്ററൊട്ടിച്ചാൽ പ്രതിഫലം ലഭിക്കുക. ഇത്രയും ദിവസങ്ങൾ കടന്നുപോയി. റേഷൻകടയിൽനിന്ന് കിറ്റ് കിട്ടിയതുകൊണ്ട് കഞ്ഞികുടിച്ച് പോവുന്നുണ്ട്. പോക്കറ്റിൽ പത്തുരൂപ തികച്ചെടുക്കാനില്ല. കോവിഡ് പേടിച്ച് ആരും ഭാര്യയെ വീട്ടുജോലിക്ക് വിളിക്കുന്നുമില്ല. പക്ഷേ ഗണേശന് ഇതിലൊന്നും വലിയ വിഷമമില്ല. ഗണേശൻ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു:

‘‘12 കൊല്ലം മുൻപ് എന്റെ മോൻ മരിച്ചപ്പോൾ 

ഞാനും മരിച്ചതാ സാറേ..  ഇപ്പോ ഇങ്ങനെ ജീവിച്ച് പോവുന്നുവെന്നേയുള്ളൂ’’

 

∙ സിനിമയിലേക്കുള്ള വരവ്, അഥവാ വിശപ്പു മാറ്റാനുള്ള വഴികൾ

കോഴിക്കോട് പുഷ്പ തീയറ്ററിന് എതിർവശത്ത് രണ്ട് എരുമത്തൊഴുത്തുകളുണ്ടായിരുന്നു. പണ്ട് ഇതിനടുത്തായിരുന്നു ഗണേശന്റെ വീട്. പാലക്കാടുനിന്ന് കോഴിക്കോട്ടേക്ക് കുടിയേറിയതാണ് ഗണേശന്റെ കുടുംബം. എട്ടുവയസുള്ളപ്പോൾ ഗണേശൻ എരുമത്തൊഴുത്തിൽ ജോലി ചെയ്യാൻ തുടങ്ങിയതാണ്. അതിരാവിലെ എഴുന്നേറ്റ് എരുമച്ചാണകം വാരി കൊട്ടയിലാക്കി റെയിലിനപ്പുറത്ത് കൊണ്ടുപോയിട്ടാൽ ഒരു രൂപയാണ് കൂലി. വിശപ്പുള്ള പ്രായമല്ലേ. ഇടിയങ്ങരയിലെ ഹോട്ടലുടമയ്ക്ക് രാവിലെ എട്ടുമണിയോടെ ഒരു കെട്ട് പുല്ല് കൊണ്ടുപോയി കൊടുത്താൽ ഒരു കഷ്ണം പുട്ടും ചായയും കിട്ടും. ഉച്ചയ്ക്ക് പാല് കൊണ്ടുപോയി കൊടുത്താൽ ഒരു ചായയും കായപ്പവും കിട്ടും. വിശപ്പിനെ തോൽപ്പിച്ച് ജീവിക്കാനുള്ള വഴിയാണ് ജോലി ചെയ്യുകയെന്നതെന്ന് എട്ടുവയസുകാരനായ ഗണേശൻ അന്നേ പഠിച്ചതാണ്. 

റോഡിന് എതിർവശത്തുള്ള പുഷ്പ തീയറ്ററിൽ അക്കാലത്ത് നസീറിന്റെയും മറ്റും സിനിമകൾ വന്നിരുന്നു. സിനിമയുടെ ഇന്റർവെൽ സമയത്ത് കടല വിൽക്കാൻ പോയിത്തുടങ്ങി. അതായിരുന്നു ഗണേശന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. 

∙ മോഹൻലാലിനെയും മമ്മൂട്ടിയെയും വളർത്തിയ ഗണേശൻ

മോഹൻലാലും മമ്മൂട്ടിയുമൊക്കെ താരരാജാക്കൻമാരായി മാറിയ അനേകം സിനിമകളുടെ പോസ്റ്ററുകൾ അക്കാലത്ത് നഗരം മുഴുവനും ഒട്ടിച്ചത് ഗണേശനായിരുന്നു. അതിനിടെയാണ് ആദ്യത്തെ അപകടം പറ്റിയത്.

പ്രേംനസീർ അഭിനയിച്ച ‘ഹിമം’ സിനിമയുടെ പോസ്റ്ററൊട്ടിക്കാൻ പാളയം ജയന്തി ബിൽഡിങ്ങിന് എതിർവശത്തുള്ള മതിലിൽ ഏണിവച്ചു കയറി. ഒരു പോസ്റ്ററെന്നാൽ നാലു ഷീറ്റുകളാണ്. ഈ നാലുഷീറ്റുകൾ കൃത്യമായി ചേർത്തൊട്ടിക്കണം. മൂന്നു ഷീറ്റുകൾ പശ തേച്ച് ഒട്ടിച്ചു. നാലാമത്തെ ഷീറ്റെടുക്കാൻ ഗണേശൻ കൈനീട്ടിയപ്പോൾ കോണിയും ചെരിഞ്ഞു. ഗണേശൻ റോഡിൽ തലതല്ലിവീണു. 

കുറച്ചുകാലത്തെ വിശ്രമത്തിനുശേഷം ഗണേശൻ വീണ്ടും പല തീയറ്ററുകളിലും  പോസ്റ്ററൊട്ടിക്കാൻ തുടങ്ങി. പുഷ്പയിൽ റിലീസായ ചിന്നത്തമ്പിയുടെ പോസ്റ്ററൊട്ടിച്ചത് ഗണേശന്റെ മനസിൽ ഈസ്റ്റ്മാൻ കളറിൽ തെളിഞ്ഞുകിടപ്പുണ്ട്.

∙ സ്ഥിരംതൊഴിലുമായി ഗംഗയിലേക്ക്

കോർപറേഷൻ സ്റ്റേഡിയത്തിന്റെ ഒന്നാംനിലയിലായിരുന്നു ഗംഗ തീയറ്റർ ആരംഭിച്ചത്. തീയറ്റർ തുടങ്ങിയ കാലംതൊട്ട് ഗണേശനായിരുന്നു പോസ്റ്ററൊട്ടിച്ചത്. ആറു മാസം ഗണേശൻ, ആറുമാസം വേറൊരാൾ എന്നായിരുന്നു രീതി. കിന്നാരത്തുമ്പികളടക്കമുള്ള ഇക്കിളിപ്പടങ്ങളും രജനീകാന്തിന്റെ അരുണാചലവും പടയപ്പയുമൊക്കെ ഗംഗയിലാണ് വന്നത്. 

വിജയ് നായകനായ  പോക്കിരി സിനിമ വമ്പൻ ഹിറ്റായ കാലം. പോക്കിരിയോടെ ഗംഗ തീയറ്ററിലെ സ്ഥിരം പോസ്റ്ററൊട്ടിക്കലുകാരനായി ഗണേശൻ മാറി.

∙ പൈപ്പിൻചുവട്ടിലെ പ്രണയകഥ

36 കൊല്ലം മുൻപുള്ളൊരു കഥയുണ്ട്. പുതിയപാലം മൂരിയാട് റോഡിലെ ലൈൻമുറിയിലാണ് അന്ന് ഗണേശന്റെ താമസം. ഒരു ദിവസം വീട്ടിൽവന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ഗണേശൻ. കനോലിക്കനാലിന്റെ കരയിലാണ് പുതിയപാലം. അതിനടുത്തുള്ള പൈപ്പിൽനിന്നാണ് ലൈൻമുറികളിലെയും കോളനിയിലെയും ആളുകളെല്ലാം വെള്ളമെടുക്കുക.

ഭക്ഷണം കഴിക്കുകയായിരുന്ന ഗണേശൻ ഒരു പെൺകുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽകേട്ടാണ് പുറത്തേക്കോടിയത്.

‘‘അയ്യോ എന്റെ ചേച്ചി മുങ്ങിത്താഴുന്നേ’’ എന്ന് ഒരു പെൺകുട്ടി കരയുകയാണ്. കനോലികനാലിലെ ചതുപ്പിൽ ഒരു പെൺകുട്ടി മുങ്ങുകയാണ്. ഗണേശൻ ചാടിയിറങ്ങി പെൺകുട്ടിയെ വലിച്ച് പുറത്തെത്തിച്ചു.  ഗണേശന്റെ കൂട്ടുകാരന്റെ അനിയത്തി രജനിയായിരുന്നു അത്.

പത്തുപന്ത്രണ്ടു കൂട്ടുകാരടങ്ങുന്ന സംഘമായിരുന്നു ഗണേശന്റേത്. ഗണേശന്റെയയും രജനിയുടെയും പേരു ചേർത്തുപറഞ്ഞ് കൂട്ടുകാർ കളിയാക്കാൻ തുടങ്ങി. തമാശയായി പറഞ്ഞുപറഞ്ഞ് കളി കാര്യമായി. ഇരുവരും പ്രേമത്തിലായി.

ഗണേശനുവേണ്ടി പെണ്ണുചോദിച്ച് സഹോദരൻ രജനിയുടെ വീട്ടിൽപ്പോയി. സ്ഥിരവരുമാനമില്ലാത്ത ഒരുത്തന് ഈ വീട്ടിൽനിന്ന് പെണ്ണുകൊടുക്കില്ലെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞു. രജനിക്ക് നല്ല തല്ലുംചീത്തയും കിട്ടി. പലരെയും പറഞ്ഞുവിട്ടിട്ടും ആ വീട്ടുകാരുടെ നയം മാറിയില്ല.

∙ പാവാടയും ബ്ലൗസുമിട്ട കല്യാണപ്പെണ്ണ് !

1986 ജൂൺ ഏഴിന് രാവിലെ പാവാടയും ബ്ലൗസുമിട്ട് രജനി ജോലിക്കു പോവുകയാണ്. വഴിയിൽ ഗണേശൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്ന് കൂടെവന്നാൽ കല്യാണം കഴിക്കാം, അല്ലെങ്കിൽ നടക്കില്ല എന്ന് ഗണേശൻ‍ തറപ്പിച്ചു പറഞ്ഞു. അങ്ങനെ രജനി കല്യാണം കഴിക്കാൻ സമ്മതിച്ചു. സിനിമാപോസ്റ്റർ കൊണ്ടുപോവുന്ന സൈക്കിളിലാണ് ഗണേശൻ വന്നത്. അതേ സൈക്കിളിൽ രജനിയുമായി ഗണേശൻ മാനാഞ്ചിറ സബ് റജിസ്ട്രാർഓഫിസിലേക്ക് പോയി. കൂടെ കൂട്ടുകാരും വന്നു.

പാവാടയും ബ്ലൗസുമിട്ടുവന്ന പെൺകുട്ടിയുടെ വിവാഹം നടത്താനാവില്ലെന്ന് സബ് റജിസ്ട്രാർ തറപ്പിച്ചുപറഞ്ഞു. പ്രായപൂർത്തിയാവാത്ത കുട്ടിയാണെങ്കിൽ താൻ കേസിൽ കുടുങ്ങും. ഒടുവിൽ എവിടെനിന്നോ കൂട്ടുകാർ ഒരു ഷാളു കൊണ്ടുവന്ന് രജനിയെ ഉടുപ്പിച്ചു. സാരിയുടുത്ത രജനിയുടെയും ഗണേശന്റെയും കല്യാണം കഴിഞ്ഞു. ഒരു പാക്കറ്റ് ബ്രഡ്ഡും മധുരമില്ലാത്ത കട്ടൻകാപ്പിയും കുടിച്ച്  ഇരുവരും ജീവിതം തുടങ്ങി. 

ഇന്ന് ആ കല്യാണത്തിന് 35 വയസു തികയുകയാണ്.  

∙ പുത്രദുഃഖത്തേക്കാൾ വലുത് എന്താണ്?

രണ്ടുപേരെയും വീട്ടിൽനിന്ന് പുറത്താക്കിയതോടെ ലൈൻമുറികളിലും വാടകവീട്ടിലുമായി താമസം. കുറ്റിക്കാട്ടൂരിനടുത്ത് പെരുവയലിൽ വാടകവീട്ടിലായിരുന്നു കുറേക്കാലം താമസം. അനീഷും രേഷ്മയും ജനിച്ചതോടെ സ്വന്തം വീടെന്ന സ്വപ്നത്തിലായി.

നല്ല ആരോഗ്യമുള്ള യുവാവായിരുന്നു അനീഷ്. അച്ഛനൊപ്പം സിനിമാ പോസ്റ്ററൊട്ടിക്കാൻ പോവുമായിരുന്നു. അച്ഛനും മകനും സൈക്കിളിൽ രാത്രിമുഴുവൻ കഥ പറഞ്ഞ് നഗരം ചുറ്റി പോസ്റ്ററൊട്ടിക്കും. പകൽ കൂലിപ്പണിക്ക് പോവും. നാട്ടുകാർക്കും  അനീഷിനെ ഏറെ ഇഷ്ടമായിരുന്നു.

12 വർഷം മുൻപ് ഒരു വീടിന്റെ പണി നടക്കുമ്പോൾ‍ അതിനടുത്ത് കെട്ടിമറച്ച ഷെഡ്ഡിലായിരുന്നു അനീഷ് കാവലുകിടന്നത്. രാത്രി പാമ്പു കടിച്ചു. മൂന്നു ദിവസം ആശുപത്രിയിൽകിടന്ന അനീഷ് മരിച്ചു. മരിക്കുമ്പോൾ 21 വയസ്സായിരുന്നു അനീഷിന്റെ പ്രായം. 21 വയസുവരെ പോറ്റിവളർത്തിയ മകൻ മരിച്ചതോടെ ഗണേശനും രജനിയും തളർന്നുപോയി.

അനീഷിന് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞിരുന്ന അച്ഛനും മോനും വിവാഹാലോചനയുമായി പോവാനിരുന്നതുമാണ്. സഹോദരി രേഷ്മയുടെ വിവാഹം കഴിഞ്ഞ ശേഷം കല്യാണക്കാര്യം നടത്താമെന്നായിരുന്നു അനീഷ് പറഞ്ഞത്.

മകൻ മരിച്ചതോടെ ഗണേശ് ആകെതകർന്നു. ഗംഗ തീയറ്ററിന്റെ ഉടമകളാണ് അക്കാലത്ത് ഗണേശനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. മകൾ കല്യാണംകഴിച്ച് വീടിനുതൊട്ടടുത്ത് താമസിക്കുന്നുണ്ട്. എങ്കിലും ഗണേശനും രജനിയും ഇന്നും മകന്റെ കഥയോർത്ത് കണ്ണീരൊഴുക്കുകയാണ്.  

∙ കനിയാത്ത ഭാഗ്യങ്ങൾ

ഇതിനിടെ ജീവിക്കാനായി ഗണേശൻ ലോട്ടറിക്കച്ചവടം തുടങ്ങി. മൂന്നു വർഷം മുൻപ് ഗണേശനും രണ്ടുകൂട്ടുകാരും ചേർന്ന് ഒരു ലോട്ടറിയെടുത്തു. അതിന് 50 ലക്ഷം രൂപ സമ്മാനം ലഭിച്ചു. അങ്ങനെകിട്ടിയ പണമുപയോഗിച്ച് ഗണേശൻ പുതിയപാലത്ത് സ്വന്തമായൊരു കുഞ്ഞു വീടുണ്ടാക്കി. സ്വന്തം വീട്ടിൽനിന്ന് ഇരുമുടിക്കെട്ടുനിറച്ച് ഗണേശൻ ശബരിമലയ്ക്ക് പോകാനിറങ്ങിയപ്പോൾ ആകെ തളർന്നുപോയി. മകൻ അനീഷുമായി പല തവണ പോയപ്പോഴും കെട്ടു നിറച്ചിരുന്നത് വാടകവീടുകളിലെ ഇറയത്തുവച്ചായിരുന്നു.

∙ പ്രായമേറുന്നു, ഇനിയെത്ര കാലം?

അനേകം ശാരീരികപ്രശ്നങ്ങളുള്ളയാളാണ് ഗണേശൻ. രണ്ടു തവണ ശസ്ത്രക്രിയ കഴിഞ്ഞതാണ്. അതുകൊണ്ട് കാഠിന്യമുള്ള ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയായി. പ്രായമായതോടെ അമിതരക്തസമ്മർദമുണ്ട്. എങ്കിലും ജീവിക്കാനായി പോസ്റ്ററൊട്ടിക്കാൻ പോവുകയാണ്.

ഇതിനിടെയാണ് കോവിഡ് ലോകംമുഴുവൻ വ്യാപിച്ചത്. ലോക്ഡൗൺ കഴിഞ്ഞ് ജനുവരിയിൽ തീയറ്റർ തുറന്നപ്പോൾ  ഗണേശൻ അൽപം ആശ്വാസത്തിലായിരുന്നു. പ്രശ്നങ്ങൾ തീരുകയാണല്ലോ. 

∙ പോസ്റ്ററൊട്ടിക്കുന്നതിന്റെ രീതിശാസ്ത്രം

പോസ്റ്ററൊട്ടിക്കാൻ‍ പോവുന്നതിന് പ്രത്യേക രീതിയുണ്ടെന്ന് ഗണേശൻ പറഞ്ഞു. രാഷ്ട്രീയക്കാരുടെ പോസ്റ്ററാണ് മൈദമാവു കുഴച്ച് ഒട്ടിക്കാറുള്ളത്. സിനിമാ പോസ്റ്ററുകൾ കപ്പപ്പൊടിയും തുരിശും ചേർ‍ത്തുണ്ടാക്കുന്ന പശ കൊണ്ടാണ് ഒട്ടിക്കുക. അത്യാവശ്യസമയത്ത് ഉപയോഗിക്കാൻ വീട്ടിൽ തുരിശ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. 

രാത്രി തളി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് യാത്ര തുടങ്ങുന്നത്. പാളയം വഴി പുഷ്പ ജംക്ഷൻകടന്ന് കടപ്പുറംവരെപോവും. കോർപറേഷൻ ഓഫിസ് വഴി മാർക്കറ്റ് കടന്ന് രണ്ടാം ഗേറ്റിനടുത്തെത്തും. ബഷീർ റോഡ് വഴി മാനാഞ്ചിറ ചുറ്റി ടൗൺഹാളിനടുത്തെത്തും. മൂന്നാംഗേറ്റുകടന്ന് പിന്നെയും കടപ്പുറം ഭാഗത്തേക്ക്. അങ്ങനെ കറങ്ങിക്കറങ്ങി വെസ്റ്റ്ഹിൽ വരെയെത്തിയശേഷം തിരികെ മനോരമ ജംക്ഷനിലൂടെ നഗരത്തിലേക്ക് തിരികെ വരും. സിനിമകൾ റിലീസാവുന്ന വെള്ളിയാഴ്ചകളിൽ രാവിലെ ഏഴു മണിയാവുമ്പോഴേക്ക് ആൾത്തിരക്കുള്ള എല്ലാ ജംക്ഷനിലും സിനിമാപോസ്റ്റർ ഒട്ടിച്ചുകഴിഞ്ഞിരിക്കും. 

∙ കൈനിറയെ തെറിവിളി

പല പാർട്ടിക്കാരുടെയും ചുമരെഴുത്തിനുമുകളിൽ പോസ്റ്ററൊട്ടിച്ചതിനു തെറിവിളി കേട്ട കഥയും ഗണേശനു പറയാനുണ്ട്. രാത്രി അബദ്ധത്തിലാണ് ഇതു സംഭവിക്കാറുള്ളത്. ഒരിക്കൽ അർധരാത്രി ഒരു വീടിന്റെ ചുമരിൽ പോസ്റ്ററൊട്ടിച്ചു. നഗരത്തിലെ പ്രമുഖ അഭിഭാഷകന്റെ വീടിന്റെ ചുമരായിരുന്നു അത്. ‘അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും’ എന്നായിരുന്നു കോമഡി സിനിമയുടെ പരസ്യവാചകം. അഭിഭാഷകൻ തീയറ്ററിലേക്ക് വിളിച്ച് ദേഷ്യപ്പെട്ടു. പൊലീസിനെ അയയ്ക്കുമെന്നും കോടതി കയറ്റുമെന്നും ഭീഷണിയായി. സംഗതിയറിഞ്ഞ ഗണേശൻ ഓടിച്ചെന്ന് മാപ്പുപറഞ്ഞ് പോസ്റ്റർ കീറിക്കളയേണ്ടിവന്നു.

∙ ലോക്ഡൗൺ ബാക്കിവച്ചത്

ധനുഷിന്റെ ‘കർണൻ’ റിലീസായതിനുശേഷം ഗംഗ തീയറ്ററിൽ വിഷുവിന് പുതിയ സിനിമ റിലീസുകളൊന്നുമുണ്ടായിരുന്നില്ല. രണ്ടുദിവസത്തേക്ക് ഗ്യാപ്പ് കളിക്കാൻ തമിഴ് പ്രേതപ്പടത്തിന്റെ പോസ്റ്ററുകൾ കെട്ടുകെട്ടാക്കി വീട്ടിൽ കൊണ്ടുവന്നുവച്ചു. പക്ഷേ അന്ന് ഉച്ചയോടെയാണ് തീയറ്ററുകൾ അടയ്ക്കുകയാണെന്ന് മുതലാളി വിളിച്ചുപറഞ്ഞത്. ഒന്നര മാസമായി ഒരു ജോലിയുമില്ല. വരുമാനമില്ല. ഇടയ്ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ തരുന്ന നൂറോ ഇരുനൂറോ രൂപയാണ് ഏക വരുമാനം. 

റേഷനരിയും കിറ്റും  തീരുന്നതുവരെ പട്ടിണി കിടക്കാതെ കടന്നുപോവും. ലോക്ഡൗൺ ആഘോഷമാക്കുന്ന പലരുമുള്ള സമൂഹത്തിനുനേരെ ഗണേശൻമാരുടെ ജീവനില്ലാത്ത കണ്ണുകൾ തുറിച്ചുനിൽക്കുകയാണ്. 

രക്തസമ്മർദത്തിനുള്ള ഗുളിക വായിലേക്കിട്ട് ഒരൽപം വെള്ളം കുടിച്ചശേഷം  ഗണേശൻ പറഞ്ഞു:

‘‘മാസശമ്പളം കിട്ടുന്ന സർക്കാർജോലിക്കാർക്കും പണക്കാർക്കുമൊക്കെ ലോക്ഡൗൺ സന്തോഷത്തിന്റെ കാലമായിരിക്കാം. പക്ഷേ ഞങ്ങളെപ്പോലെ അന്നന്നു കൂലി കിട്ടുന്ന സാധാരണതൊഴിലാളിക്ക് എത്രകാലം ജീവിക്കാൻ കഴിയുമെന്നറിയില്ല. പട്ടിണി കിടന്നുമരിക്കാനാണ് സാധ്യത !’’