ഭാര്യയെ കൊല്ലാൻ പാമ്പിനു പാലൂട്ടാനും നമ്മളിലൊരാൾ മടികാണിച്ചില്ല. വയോധികരെ വയ്യാവേലികളെന്നു പറഞ്ഞ് വഴിയിലുപേക്ഷിക്കാനും പലരുണ്ട്. തൊട്ടടുത്തു താമസിക്കുന്നവൻ പട്ടിണികിടന്നു മരിച്ചിട്ട് ദിവസങ്ങളായാലും നമ്മളറിയാതായി.

ഭാര്യയെ കൊല്ലാൻ പാമ്പിനു പാലൂട്ടാനും നമ്മളിലൊരാൾ മടികാണിച്ചില്ല. വയോധികരെ വയ്യാവേലികളെന്നു പറഞ്ഞ് വഴിയിലുപേക്ഷിക്കാനും പലരുണ്ട്. തൊട്ടടുത്തു താമസിക്കുന്നവൻ പട്ടിണികിടന്നു മരിച്ചിട്ട് ദിവസങ്ങളായാലും നമ്മളറിയാതായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യയെ കൊല്ലാൻ പാമ്പിനു പാലൂട്ടാനും നമ്മളിലൊരാൾ മടികാണിച്ചില്ല. വയോധികരെ വയ്യാവേലികളെന്നു പറഞ്ഞ് വഴിയിലുപേക്ഷിക്കാനും പലരുണ്ട്. തൊട്ടടുത്തു താമസിക്കുന്നവൻ പട്ടിണികിടന്നു മരിച്ചിട്ട് ദിവസങ്ങളായാലും നമ്മളറിയാതായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎഎംസ് വിദ്യാർഥിനി ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഒരു വർഷം മുൻപു പ്രണയവിവാഹിതയായ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ, പ്രസവിച്ചയുടൻ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ, അപകടത്തിൽ പരുക്കേറ്റു മണിക്കൂറുകളോളം റോഡിൽക്കിടന്ന യുവാവ് ചോരവാർന്നു മരിച്ചനിലയിൽ, പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടി മുൻസഹപാഠിയുടെ കുത്തേറ്റു മരിച്ചു... അടുത്തിടെ തുടർച്ചയായി കേൾക്കുന്ന, വായിക്കുന്ന വാർത്തകളിൽ പലതും നമ്മെ ഞെട്ടിക്കുന്നത്. മുൻപു നമ്മുടെ കേരളത്തിന് അങ്ങനെ പരിചയമില്ലാത്തത്. 

 

ADVERTISEMENT

ഇങ്ങനെയായിരുന്നില്ലല്ലോ നമ്മൾ? ഉറുമ്പിനു പോലും ഭക്ഷണമൊരുക്കി വച്ചവർ. എവിടേക്കോ പറന്നു പോകുന്ന കിളികൾക്കും ദാഹജലം കരുതിവച്ചവർ. അങ്ങുദൂരെയെങ്ങോ നടന്ന ദുരന്തത്തിന്റെയോ ക്രൂരതയുടെയോ വാർത്ത കേട്ട് സ്വന്തക്കാർക്കു സംഭവിച്ചതെന്ന മട്ടിൽ കണ്ണു നിറച്ചവർ, ‘അയ്യോ കേൾക്കാൻ വയ്യേ’ എന്നു പറഞ്ഞു ചെവിയടച്ചവർ. കരുണയും സഹജീവിസ്നേഹവും മുഖമുദ്രയാക്കിയവർ. സ്വന്തം വീട്ടിലെ അടുപ്പുപുകയുമ്പോൾ അയൽപക്കത്തും അങ്ങനെതന്നെയല്ലേ എന്ന് അന്വേഷിച്ചിരുന്നവർ. നമ്മളിൽ ചിലരെങ്കിലും എന്തേ വല്ലാതെ ക്രൂരരാകുന്നു? കേരളത്തിന്റെ കനിവെന്തേ വറ്റിപ്പോകുന്നു? 

 

മറ്റൊരു സംസ്ഥാനത്ത്, ട്രെയിൻ നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ നീന്തി കരയിലെത്തിയവരെ കമ്പുകൊണ്ടുകുത്തി നദിയിലേക്കു തന്നെ വീണ്ടും തള്ളിയിട്ടെന്ന വാർത്തകേട്ടു നാം ചോദിച്ചില്ലേ; മനുഷ്യർ ഇങ്ങനെയൊക്ക ചെയ്യുമോയെന്ന്. ലോകം മുഴുവൻ നശിച്ചുപോയാലും നന്മയുടെ തുരുത്തായി നമ്മുടെ കൊച്ചുകേരളം കാണുമെന്നു മുൻപു നാം അഹങ്കരിച്ചിരുന്നില്ലേ? എവിടെപ്പോയി നമ്മുടെ നന്മ, മൂല്യബോധം, സഹജീവിസ്നേഹം? സന്തോഷവും സങ്കടവും പങ്കിടാൻ കൂടെകൂട്ടിയവളെ കിട്ടിയതൊന്നും പോരെന്നു പറഞ്ഞ് അടിച്ചു വീഴ്ത്താനും അവളുടെ മുഖത്തു കാലമർത്തിപ്പിടിക്കാനും ചത്തുപോയെങ്കിലങ്ങു പോട്ടെന്നു വയ്ക്കാനും മാത്രം ക്രൂരത നാമെവിടെക്കരുതിവച്ചു? 

ഇതുവരെക്കാണാത്ത കാമുകനൊപ്പം പോകാൻ തടസ്സമാകുമെന്നു കരുതി ചോരക്കുഞ്ഞിനെ കരിയിലക്കാട്ടിൽ കൊണ്ടുതള്ളാൻ മാത്രം ക്രൂരത നാമെവിടെക്കരുതിവച്ചു? അതുവരെ മനസ്സിൽ കൊണ്ടുനടന്നവളെ പ്രണയം നിഷേധിച്ചതിന്റെ പേരിൽ ഇരുപതിലേറെത്തവണ കുത്തിക്കീറാൻ മാത്രം ക്രൂരത നാമെവിടെക്കരുതിവച്ചു? പ്രണയിച്ചു വിവാഹം കഴിച്ചവൾക്ക് ആത്മഹത്യ ചെയ്യാൻ ഡീസലും മണ്ണെണ്ണയും മാറ്റും വാങ്ങിവച്ചു സൗകര്യമൊരുക്കിക്കൊടുക്കുന്ന ഭർത്താവ്. ഇഷ്ടകാമുകനൊപ്പം ജീവിക്കാൻ കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും വിഷം കൊടുത്തുകൊല്ലാൻ മടിയില്ലാത്ത വീട്ടമ്മ. ഏറ്റവും വന്യത കാട്ടുന്ന മൃഗം പോലും ചെയ്യാൻ അറയ്ക്കുംവിധം സ്വന്തം കുഞ്ഞിനെ പാറയിലെറിഞ്ഞു കൊല്ലാനും ഒരമ്മ(ആ പേരിട്ട് അവരെ വിളിക്കാനാകില്ലെങ്കിലും) ഇവിടെയുണ്ടായി. 

ADVERTISEMENT

 

ഭാര്യയെ കൊല്ലാൻ പാമ്പിനു പാലൂട്ടാനും നമ്മളിലൊരാൾ മടികാണിച്ചില്ല. വയോധികരെ വയ്യാവേലികളെന്നു പറഞ്ഞ് വഴിയിലുപേക്ഷിക്കാനും പലരുണ്ട്. തൊട്ടടുത്തു താമസിക്കുന്നവൻ പട്ടിണികിടന്നു മരിച്ചിട്ട് ദിവസങ്ങളായാലും നമ്മളറിയാതായി. ഒരു ദുർമരണം നടന്നെന്നു കേട്ടാൽ അതുവഴി പോകാൻ പേടിച്ചിരുന്ന തലമുറകളുണ്ടായിരുന്ന നാടാണ്. ഇപ്പോഴോ? അപകടത്തിൽ ചിന്നിച്ചിതറിയ ശരീരത്തിന്റെ, ട്രെയിൻ കയറി അറ്റ തലയുടെ പടം മൊബൈലിൽ പകർത്തി ആദ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ മത്സരിക്കുന്നവരായി നമ്മുടെ കുഞ്ഞുങ്ങളിൽ ചിലരെങ്കിലും. ജിവിച്ചിരിക്കുന്നവരെ വെറും രസത്തിന്റെ പേരിൽ ‘കൊന്ന്’ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരും ഇവിടെയുണ്ട്. എതിരാളികളെയോ ഒപ്പം നിൽക്കാത്തവരെയോ തകർക്കും വിധം സമൂഹമാധ്യമങ്ങളിൽ എന്തും എഴുതിവിടുന്നവരും ചെയ്യുന്നതു കൊലപാതകം തന്നെ. ആത്മഹത്യകളും പെരുകുന്നു. എന്തും ചെയ്യാൻ പേടിയില്ലാത്തവരായി നമ്മിൽ ചിലരെങ്കിലും മാറുന്നുണ്ടോ? എങ്കിൽ നാം പേടിക്കണം. 

 

മുൻപു നാട്ടിലാരെങ്കിലും അക്രമത്തിനോ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഒരുമ്പെട്ടിറങ്ങിയാൽ ചോദിക്കാൻ ആ നാട്ടിലെ തലമുതിർന്നവരും യുവാക്കളും അടങ്ങുന്ന സംഘം റെഡിയായിരുന്നു. ഇന്നോ, ചോദിക്കാൻ പോയവരുടെ പല അനുഭവങ്ങളും നമ്മളെ പിന്നോട്ടുവലിക്കുന്നു. എന്തെങ്കിലും നടക്കട്ടെയെന്നു സമാധാനിച്ച് എല്ലാവരും സ്വന്തം വീടുകളിലേക്കു വലിയുന്നു. കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടുന്നവർ കാട്ടിക്കൂട്ടുന്നത് എന്തായിരിക്കുമെന്നു ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥ. പൊലീസ് സംഘങ്ങൾക്കുപോലും നാട്ടിൽ രക്ഷയില്ലെന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. 

ADVERTISEMENT

 

യുവാക്കളിലും കുട്ടികളിലും വിഷാദരോഗികളും ആത്മഹത്യാപ്രവണതയുള്ളവരും അക്രമവാസനയുള്ളവരും ഏറിവരുന്നതായി മനശ്ശാസ്ത്രരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. രണ്ടു പ്രളയവും പിന്നാലെ പിടിവിടാതെ കൂടിയ കോവിഡും സൃഷ്ടിച്ച അരക്ഷിതാവസ്ഥ ചിലരിലെങ്കിലും ഉറങ്ങിക്കിടന്ന അക്രമിയെ, വിഷാദരോഗിയെ പുറത്തെത്തിച്ചിരിക്കാം. പക്ഷേ, അതുമാത്രമാണോ കാരണം. നമ്മുടെ ബന്ധങ്ങളിൽ, പ്രത്യേകിച്ചും കുടുംബബന്ധങ്ങളിൽ കാലങ്ങളായി വീഴുന്ന വിള്ളലുകൾക്കും ഇവയിൽ മുഖ്യപങ്കില്ലേ? 

മാതാപിതാക്കളോടുള്ള വെറുപ്പുമൂലം, അവരറിയാതെ ക്രെഡിറ്റ് കാർഡും മറ്റും തട്ടിയെടുത്ത് ഓൺലൈൻ ഗെയിമുകളിൽ ലക്ഷങ്ങൾ പൊടിക്കുന്ന മക്കളും ഇവിടെയുണ്ടെന്നറിയുക. സ്വന്തം അപ്പനെയും അമ്മയെയും അംഗീകരിക്കാൻ കഴിയാത്ത ഇവർ വിവാഹജീവിതത്തിലേക്കു കടക്കുമ്പോഴോ? 

 

ഇന്റർനെറ്റ് തുറക്കുന്ന വിശാലലോകത്തെ അക്രമങ്ങൾ കണ്ടും കേട്ടും നമ്മുടെ പുതുതലമുറകൾക്ക് അറപ്പുമാറിയതാണ് ഇപ്പോഴത്തെ പല സംഭവങ്ങൾക്കും പിന്നിലെന്നു പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ജി.സൈലേഷ്യ പറയുന്നു. ആളുകളുടെ തലയറക്കുന്നതിന്റെയും മറ്റും പല രീതിയിലുള്ള വിഡിയോകൾ ലഭ്യം. ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം ചിലർക്കെങ്കിലും നഷ്ടമായി. ചെറിയ തെറ്റൊക്കെ ചെയ്യാത്തവർ ആരാണുള്ളതെന്നാണു ചിലരുടെ ചോദ്യം. ചെറിയ തെറ്റുകൾ പതിയെപ്പതിയെ വലിയ തെറ്റുകളിലേക്കു നയിക്കുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട മറ്റു ചിലർ കഴിവുകൊണ്ടു ജയിക്കുന്നതിനു പകരം എതിരാളികളെ വീഴ്ത്തി ജയിക്കാൻ തയാറാകുന്നു. 

 

സിനിമകളും സീരിയലുകളും പലപ്പോഴും നൽകുന്നതു ബന്ധങ്ങളെ മോശമാക്കുന്ന കാഴ്ചകളാണ്. ഇന്നത്തെ കാർട്ടൂൺ കഥാപാത്രങ്ങൾപോലും ആക്രമണസ്വഭാവവും മത്സരബുദ്ധിയും പ്രകടിപ്പിക്കുന്നവരാണ്. ഇതുകണ്ടു വളരുന്നവർ അനുകൂലസാഹചര്യങ്ങൾ തങ്ങളുടെയുള്ളിലെ അക്രമിയെ പുറത്തെടുക്കാൻ വിനിയോഗിക്കും. സന്ധ്യകൾ നഷ്ടമായി, നമുക്കു രാത്രിയും പകലും മാത്രമായതു കുടുംബബന്ധങ്ങളിൽ വലിയ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ടെന്നു ഡോ.സൈലേഷ്യ അഭിപ്രായപ്പെടുന്നു. സന്ധ്യകളിലായിരുന്നു മുൻപു വീട്ടിലെ ചർച്ചകൾ നടന്നിരുന്നത്. പ്രാർഥനകൾ ചൊല്ലിയിരുന്നതും മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊക്കെ പക്കൽനിന്ന് കുഞ്ഞുമക്കൾ നല്ല അനുഭവകഥകൾ കേട്ടിരുന്നതുമെല്ലാം സന്ധ്യയ്ക്കായിരുന്നു. ഇന്നു മാതാപിതാക്കളും മക്കളും സമ്മർദത്തിലാണ്. ഇതിനിടയിൽ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകുന്നു. കുടുംബാംഗങ്ങൾക്കിടയിൽ ബന്ധങ്ങൾ നിലനിർത്തുകയും പ്രകൃതിയിലേക്ക്, കൃഷിയിലേക്ക് ഇറങ്ങുകയുമാണ് ഇതിനുള്ള നല്ല പരിഹാരം. മറ്റുള്ളവരെക്കൂടി കരുതിയാലേ നിലനിൽപുള്ളൂ എന്ന തിരിച്ചറിവും ഇനി വരുന്ന തലമുറകളെയെങ്കിലും അഭ്യസിപ്പിച്ചില്ലെങ്കിൽ നമ്മുടെപോക്ക് വലിയ അപകടത്തിലേക്കായിരിക്കുമെന്ന് അവർ പറയുന്നു. 

 

സമയം വളരെ വൈകി. എങ്കിലും കൈവിട്ടുപോയിട്ടില്ല. സാംസ്കാരികനായകരും സാമൂഹിക–സാമുദായിക സംഘടനകളുമെല്ലാം ഒത്തുപിടിച്ചു കേരളത്തെ പഴയ കേരളമാക്കാനുള്ള, നന്മയുടെ നാടാക്കാനുള്ള ഉദ്യമം ഇപ്പോഴേ തുടങ്ങണം. പുഴുക്കുത്തുകൾ ഇപ്പോൾ അങ്ങിങ്ങായേ ഉള്ളൂ. പക്ഷേ, ക്ഷതമേറ്റിരിക്കുന്നതു സമൂഹത്തിനു മൊത്തത്തിലാണ്. ബൗദ്ധികപഠനത്തിനു മാത്രം പ്രാധാന്യം നൽകുന്ന നില മാറണം. മനശ്ശാസ്ത്രം, നിയമം, സന്മാർഗം എന്നിവയിലുള്ള അടിസ്ഥാന അറിവുകൾകൂടി ഇതോടൊപ്പം കുട്ടികൾക്കു പകർന്നു നൽകണം. അതു കുടുംബത്തിൽ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ തുടരണം. കുട്ടികളുമായി, ഇനി അവരൽപം മുതിർന്നാലും സംസാരിക്കാൻ ദിവസത്തിന്റെ അൽപഭാഗമെങ്കിലും മാറ്റിവയ്ക്കാൻ മാതാപിതാക്കൾ തയാറാകണം. ഒരുമിച്ചിരിക്കുന്ന സന്ധ്യകൾ തിരികെവരട്ടെ. അതു പുതിയൊരു പുലരിക്കുള്ള വെളിച്ചമാകട്ടെ.