പ്രണയം കോളജിൽ പഠിക്കുമ്പോൾ അഭിമാന പ്രശ്നമാണല്ലോ? അങ്ങനെ ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. ലിവിങ് ടുഗെതർ ആയിരുന്നു...

പ്രണയം കോളജിൽ പഠിക്കുമ്പോൾ അഭിമാന പ്രശ്നമാണല്ലോ? അങ്ങനെ ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. ലിവിങ് ടുഗെതർ ആയിരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം കോളജിൽ പഠിക്കുമ്പോൾ അഭിമാന പ്രശ്നമാണല്ലോ? അങ്ങനെ ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. ലിവിങ് ടുഗെതർ ആയിരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാൻസ് വുമൺ റിയ ഇഷയുടെ ചുവടുവയ്പ് നിശ്ചയദാർഢ്യത്തിന്റെ പുതിയ റാംപിലാണ്. പെരിന്തൽമണ്ണയിൽ റിയയുടെ മോഡലിങ് പരിശീലന കേന്ദ്രത്തിന് അധികം വൈകാതെ തുടക്കമാവും. ട്രാൻസ്ജെൻഡർ ആരംഭിക്കുന്ന കേരളത്തിലെ ആദ്യ മോഡലിങ് പരിശീലന സ്ഥാപനവും ഒരു പക്ഷേ രാജ്യത്തെ ആദ്യ സ്ഥാപനവും ഇതാകും. ഈ ചുവടുവയ്പിലൂടെ തന്റെ ഐഡന്റിറ്റി എന്നന്നേക്കുമായി നിലനിൽക്കുമെന്ന പ്രതീക്ഷയിലാണ് റിയ. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ അദാലത്ത് ജഡ്ജി, ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ ആൻഡ് എൻവയോൺമെന്റ് മൂവ്മെന്റ് അംഗം, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജ്വല്ലറി മോഡൽ, സർവകലാശാലാ അത്‌ലറ്റിക് മീറ്റ് ചാംപ്യൻ, സർവകലാശാലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുത്ത ആദ്യത്തെ ട്രാൻസ്ജെൻഡർ, അഭിനേതാവ്... 27 വർഷത്തിനിടെ റിയ സ്വന്തമാക്കിയ മേൽവിലാസങ്ങൾ ഏറെയാണ്.

മലപ്പുറം ജില്ലയിലെ കാളികാവിൽ ജനിച്ചു. നിലവിൽ പെരിന്തൽമണ്ണയിൽ താമസം. ഒൻപതു മക്കളിൽ ഇളയവളാണ്. തന്റെ നാലാമത്തെ വയസ്സിൽ കുടുംബസമേതം കോഴിക്കോട് കൂരാച്ചുണ്ട് എന്ന സ്ഥലത്തേക്ക് താമസം മാറി. പ്ലസ്ടു വരെ കൂരാച്ചുണ്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചു. തുടർപഠനത്തിന് ബെംഗളൂരുവിലേക്ക് പോയി ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടി. 2015ൽ സ്വത്വം വെളിപ്പെടുത്തി വീട്ടിൽനിന്ന് ഇറങ്ങി. ട്രാൻസ്‍വുമണും സാമൂഹികപ്രവർത്തകയുമായ റിയ തന്റെ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നു.

ADVERTISEMENT

മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച്...?

കേരളത്തിൽ ആദ്യമായാണ് യൂണിവേഴ്സിറ്റി അംഗീകാരമുള്ള മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്സിറ്റിയാണ് കോഴ്സിന് അംഗീകാരം നൽകിയത്. മിസ് മലപ്പുറം, മിസ് കേരള മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അന്നുമുതൽ എന്റെ മനസ്സിലുള്ള ആഗ്രഹമാണ് മലബാറിൽനിന്നൊരു മിസ് കേരളയും മിസ് ഇന്ത്യയും ഉണ്ടാകണമെന്ന്. കഴിവുള്ള ഒരുപാട് കുട്ടികൾ ഉണ്ട്. എന്നാൽ അവർക്ക് കൃത്യമായ മാര്‍ഗനിർദേശം ലഭിക്കുന്നില്ല. കോളജിൽ ഒരുപാട് കുട്ടികൾ എന്നോട് മോഡലിങ്ങിനെക്കുറിച്ചു ചോദിക്കാറുണ്ട്. അവരെ ഗൈഡ് ചെയ്യാൻ പറ്റിയ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ഇല്ല. 

ഇനി ആർക്കെങ്കിലും എന്തെങ്കിലും ആവണമെങ്കിൽത്തന്നെ അവർ കൊച്ചി പോലെയുള്ള നഗരങ്ങളിൽ എത്തണം. ഇതു പല കുട്ടികൾക്കും സാധിക്കില്ല. അതുകൊണ്ടാണ് പെരിന്തൽമണ്ണയിൽത്തന്നെ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചത്. ഒരു മാസത്തെ കോഴ്സാണ് നൽക്കുന്നത്. ഇതിനായി മൊഡ്യൂൾ തയാറാക്കി യൂണിവേഴ്സിറ്റിയിൽ നൽകിയിരുന്നു. ശരീരം, തലമുടി എങ്ങനെ മെയിന്റെയിൻ ചെയ്യണം, എങ്ങനെ പോസ് ചെയ്യണം, പബ്ലിക്ക് സ്പീക്കിങ് തുടങ്ങിയ ട്രെയിനിങ്ങുകളാണ് നൽകുന്നത്. ദിവസവും യോഗ ഉണ്ടാവും. മോട്ടിവേഷനൽ ക്ലാസുകൾ ഉണ്ടാവും. പ്രശസ്തമായ കൊറിയോഗ്രാഫേഴ്സ് വന്ന് ക്ലാസുകൾ എടുക്കും. ഒരു ബാച്ചിൽ 20 കുട്ടികൾക്കാവും പ്രവേശനം. പ്രായപരിധി, ലിംഗപരിധി ഒന്നും ഉണ്ടാവില്ല. 

കോഴ്സിന്റെ സാധ്യതകൾ?

ADVERTISEMENT

മലബാറിൽ ഒരു പരസ്യം ഷൂട്ട് ചെയ്യുന്നതിനുള്ള സാഹചര്യം കുറവാണ്. പുറത്തുള്ള മോഡലുകളെ വച്ചിട്ടാണ് പരസ്യം എടുക്കുന്നത്. ഇതിനൊരു മാറ്റം ഉണ്ടാവും. എല്ലാവർക്കും സിനിമയിലേക്ക് അവസരം നൽകാനോ മിസ് ഇന്ത്യ ആക്കാനോ ഒന്നും കഴിയില്ല. കഴിവുള്ളവർക്ക് അതിനുള്ള പരിശീലനം നൽകും. അല്ലാത്തവർക്ക് വലിയ കമ്പനികളിൽ അവസരം ഉണ്ടാവും. നാട്ടിലെതന്നെ ഷോപ്പുകളിലെ ആഡ് മോഡൽ ആവാം. കഴിവ് ഉണ്ടെങ്കിൽ അവസരങ്ങൾ വന്നു ചേരും. നൂറു ശതമാനം പ്ലേസ്മെന്റ് വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ അതിനുള്ള ശ്രമങ്ങൾ ഉണ്ടാവും. ഹോസ്റ്റൽ സൗകര്യം നൽകുന്നുണ്ട്. കോഴ്സ് ഫീസ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനമായിട്ടില്ല.

റിയ ഇഷ എന്ന വ്യക്തിയിലേക്കുള്ള മാറ്റം

ചെറുപ്പും മുതലേ സ്ത്രൈണതയുണ്ട്. എന്നാൽ അതൊരു പ്രശ്നമായി ആരും കണ്ടില്ല. വലിയ ഒരു കുടുംബത്തിലാണ് ജനിച്ചത്. ഒരുപാട് സഹോദരങ്ങൾ ഉണ്ട്. നാട്ടിൻ പുറത്ത് കുണുങ്ങി നടക്കുന്നതൊന്നും പ്രശ്നമായിരുന്നില്ല. കോഴിക്കോട്നിന്നു സ്കൂൾ പഠനം അവസാനിച്ചപ്പോൾ ബെംഗളൂരുവിൽ എത്തി. ഫാഷൻ ഡിസൈനിങ്ങിനു ചേർന്നു. അവിടെ എത്തിയപ്പോൾ കുട്ടികൾ എന്നെ കളിയാക്കിത്തുടങ്ങി. പ്രണയം കോളജിൽ പഠിക്കുമ്പോൾ അഭിമാന പ്രശ്നമാണല്ലോ? അങ്ങനെ ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. 

ലിവിങ് ടുഗെതർ ആയിരുന്നു. എന്നാൽ എനിക്ക് ആ കുട്ടിയുമായി സെക്സ് ചെയ്യാനോ എന്തിന് ഒരു ഉമ്മ കൊടുക്കാൻ പോലും കഴിയുന്നില്ല. അങ്ങനെയാണ് ഞാൻ എന്നെ തിരിച്ചറിയാൻ തുടങ്ങിയത്. ആ പെൺകുട്ടിക്ക് നീ ഒരു പുരുഷൻ അല്ലേ എന്ന് ചോദിക്കേണ്ടി വന്നു. പഠനം കഴിഞ്ഞ് നാട്ടിൽ എത്തി. ആ സമയം മൂത്ത ജേഷ്ഠന് വൃക്ക സംബന്ധമായ അസുഖം ഉണ്ടായി. വൃക്ക നൽകാൻ ഞാൻ തയാറായെങ്കിലും എന്റേത് അദ്ദേഹത്തിന് ചേരില്ലായിരുന്നു. 

ADVERTISEMENT

വീട്ടുകാർ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങി. എനിക്ക് കല്യാണം കഴിക്കാനോ ഒരു പെൺകുട്ടിയെ തൃപ്തിപ്പെടുത്താനോ കഴിയില്ലെന്നു തിരിച്ചറിഞ്ഞ ഞാൻ ഒരുപാട് കള്ളങ്ങൾ പറഞ്ഞ് വീട്ടിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്റെ ലിംഗത്തിന് ക്ഷതമേറ്റിട്ടുണ്ട്, കല്യാണം കഴിക്കാൻ കഴിയില്ല എന്നൊക്കെ കള്ളം പറഞ്ഞു. അവസാനം വീട് വിട്ട് ഇറങ്ങേണ്ടിവന്നു. സ്വത്വത്തിനുള്ള പോരാട്ടമായിരുന്നു പിന്നീടുള്ള ജീവിതം. കൊച്ചിയിൽ പെണ്ണായി ജീവിതം തുടങ്ങിയപ്പോൾ പ്രതിസന്ധികൾ മാത്രമായിരുന്നു കൂട്ട്. താമസിക്കാൻ സ്ഥലം കിട്ടിയില്ല. മൂട്ട കടിയേറ്റ് പായയിൽ കിടന്നുറങ്ങിയിട്ടുണ്ട്. പൊതിച്ചോറ് പകുതി കഴിച്ച് ബാക്കി വെള്ളമൊഴിച്ചുവച്ച് അടുത്ത ദിവസത്തേക്ക് കരുതിവച്ചിട്ടുണ്ട്. പൊലീസിൽനിന്നു പോലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ജീവിതം പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ ആയിരുന്നു അത്. വീട്ടുകാർ വിവരം അറിഞ്ഞു. ഉമ്മയോടും താത്തയോടും ഞാൻ എന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു. കിട്ടിയ പണിയൊക്കെ ചെയ്ത് വയറു നിറച്ചു. മനസ്സു മാത്രം പോരാ ശരീരവും പെൺകുട്ടിയുടേത് ആവണമെന്നു കരുതി ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയമായി. ഒരു പുരുഷന് സ്ത്രീയായി മാറുക എളുപ്പമാണ്. പുരുഷ ഹോർമോണുകളുടെ എണ്ണം ക്രമീകരിച്ച് സ്ത്രീ ഹോർമോണുകൾ കുത്തിവെച്ചാൽ ഇത് സാധ്യമാകും. ഒരു വർഷമാണ് ഇതിനു വേണ്ട സമയം. ഈ കാലയളവിനുള്ളിൽ തിരിച്ച് പുരുഷൻ തന്നെയായി മാറാനും സാധിക്കും. സ്ത്രീക്ക് പുരുഷനാവുക എന്നതു കുറച്ചു സങ്കീർണ്ണമാണ്. 

അവനിൽ നിന്നു ഞാൻ അവളായി മാറി. എന്നോട് പേര് ചോദിച്ചവരോട് വെറുതെ റിയ എന്നു പറഞ്ഞു. ഉമ്മയുടെ പേര് ആയിഷ എന്നാണ്. പിന്നെ ഞാൻ റിയ ഇഷയായി.

പഠിക്കാൻ തീരുമാനിച്ചത്?

മലപ്പുറം ഗവ.കോളജിൽ ആയിരുന്നു ആദ്യം ചേർന്നത്. ട്രാൻസ്ജെൻഡറെ കോളജിൽ ചേർക്കാമോയെന്നു സംശയിച്ചവർക്കു മുന്നിൽ സർക്കാർ ഉത്തരവ് കാണിച്ചാണ് പ്രവേശനം നേടിയത്. എന്റെ പിന്നാലെ എത്തുന്ന ട്രാൻസ് ആളുകൾക്ക് ഒരു വഴി ഒരുക്കുകയായിരുന്നു ലക്ഷ്യം. അവിടെ ഞാൻ പെൺകുട്ടികളുടെ ശുചിമുറി ഉപയോഗിച്ചപ്പോൾ കൂടെയുള്ള കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി മനസ്സിലായി. ട്രാൻസ് ആളുകൾക്ക് പ്രത്യേക ശുചി വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. വർഷങ്ങളായി ട്രാൻസ് വിഭാഗം ഉന്നയിക്കുന്ന ആവശ്യമാണിത്.

കോളജിൽ കായികമേളയ്ക്കു ചെന്നപ്പോൾ ട്രാൻസ്ജെൻഡർ കാറ്റഗറി വേണമെന്ന എന്റെ ആവശ്യം ആദ്യം ആരും പരിഗണിച്ചില്ല. കലോത്സവത്തിലും ആദ്യം അതു തന്നെയായിരുന്നു അനുഭവം. പക്ഷേ, ഞാൻ നിലപാടിൽ ഉറച്ചുനിന്നതോടെ ട്രാൻസ്ജെൻഡർ വിഭാഗത്തിന് മത്സരങ്ങൾ അനുവദിച്ചു. കായിക മേളയിൽ 200 മീറ്റർ ഓട്ടത്തിലും ലോങ് ജംപിലും ഷോട്ട്പുട്ടിലുമാണ് ഞാൻ വിജയിയായത്. കലോത്സവത്തിൽ നാടോടി നൃത്തത്തിലാണ് പങ്കെടുത്തത്. പഠനത്തോടൊപ്പമുള്ള എന്റെ ജോലികളും മുന്നോട്ടു കൊണ്ടുപോവാനായി പാലക്കാട് കാലടി എംഇഎസ് കോളജിലേക്ക് മാറി. വീട് വാടകയ്ക്കെടുത്ത് അതിഥി തൊഴിലാളികൾ‌ക്കു വാടയ്ക്കു നൽകിയാണ് അന്നു മുതൽ ജീവിക്കുന്നത്.

സമൂഹത്തോട് പറയാനുള്ളത്...

ആദ്യം പലരും ചാന്ത്പൊട്ട് എന്നൊക്കെ വിളിച്ച് കളിയാക്കിയിരുന്നു. സമൂഹം ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോൾ എന്നെ കണ്ടാൽ റിയ എന്നുതന്നെയാണ് വിളിക്കുന്നത്. കുറേ ആളുകൾ ഞങ്ങളെ അംഗീകരിക്കാൻ പഠിച്ചു. സ്വന്തം സ്വത്വം വെളിപ്പെടുത്തുമ്പോൾ വീട്ടിൽനിന്നും വലിയ പീഡനമാണ് സഹിക്കേണ്ടി വരുന്നതെന്നു പറഞ്ഞ് പലരും വിളിക്കാറുണ്ട്. കഴിയുന്നവരെ ഒക്കെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സ്ഥിതി മാറണം. ട്രാൻസ്‌ജെൻഡേഴ്‌സ് എന്നാൽ ലൈംഗികത്തൊഴിൽ മാത്രം ചെയ്യുന്നവരാണ് എന്നൊരു പൊതുബോധം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് അങ്ങനെയല്ല. നിവൃത്തികേട് കൊണ്ടാണ് പലരും അങ്ങനെ ചെയ്യുന്നത്. ട്രാൻജെൻഡേഴ്‌സിനെ പുനരധിവസിപ്പിക്കാനുള്ള പാക്കേജുകൾ ഇനിയും വരേണ്ടതുണ്ട്.

സ്വപ്നം

ഒരുപാട് അവഗണനകൾ സഹിച്ചവരാണ് ഞങ്ങൾ. അന്തസ്സായി ജീവിക്കാനുള്ള അവസരം ഈ സമൂഹത്തിന് ഉണ്ടാവണം. ഈ അവസ്ഥ ഏത് കുടുംബത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അങ്ങനെ സംഭവിക്കുമ്പോൾ അവരെ ചേർത്തു നിർത്താൻ പഠിക്കണം. ഞാൻ മരിച്ചു പോയാലും എന്റെ സിഗ്നേച്ചർ ഭൂമിയിൽ ഉണ്ടാവണം. അതിനായി പ്രവർത്തിക്കും. സ്ഥാപനം കോളജ് ആക്കി ഭാവിയിൽ മാറ്റണമെന്നാണ് ആഗ്രഹം. സമൂഹത്തിന് എന്നെക്കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒക്കെ നന്മ ചെയ്യണം. ഒരുപാട് പേർ സപ്പോർട്ട് ചെയ്യുന്നുണ്ട്. കുറേപേർ കോഴ്സിന് ചേരുന്നതിന് താൽപര്യം അറിയിച്ചു വിളിക്കുന്നുമുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്കുമെന്നാണു പ്രതീക്ഷ, സ്വപ്നം–റിയ പറഞ്ഞു നിർത്തി.

English Summary: Success Story of Transgender Model, Social Activist, Actress Riya Isha